വികസനവാതകം

gail
SHARE

കടമ്പകളേറെ പിന്നിട്ട് കൊച്ചി – കൂറ്റനാട് – മംഗളൂരു പ്രകൃതിവാതക (എൽഎൻജി) പൈപ്‌ലൈൻ പദ്ധതി പൂർത്തിയാകുമ്പോൾ നാടിന്റെ വികസനസ്വപ്നങ്ങൾക്കു പുതുജീവൻ കൈവരികയാണ്. ഈ ചുവടുപിടിച്ച് സിറ്റി ഗ്യാസ് പദ്ധതി കൂടി ഫലപ്രദമായി നടപ്പാക്കിയാൽ കേരളത്തെ കാത്തിരിക്കുന്നത് വൻ നേട്ടം 

∙ആകെ ചെലവ്   5,700കോടി 

∙പദ്ധതി നടപ്പാക്കുന്നത് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്‌ൽ)

കൊച്ചി – കൂറ്റനാട് – ബെംഗളൂരു – മംഗളൂരു പ്രകൃതിവാതക പൈപ്‌ലൈൻ (കെകെബിഎംപിഎൽ) പദ്ധതിയിൽ ഇപ്പോൾ പൈപ്പിടൽ പൂർത്തിയായതു കൊച്ചി – കൂറ്റനാട് – മംഗളൂരു ലൈൻ. ഇതിൽ 450 കിലോമീറ്റർ പാതയിൽ 415 കിലോമീറ്ററും കേരളത്തിൽ. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണു ലൈൻ കടന്നു പോകുന്നത്. കൊച്ചി പുതുവൈപ്പിലെ എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകം ഈ മാസം അവസാനത്തോടെ മംഗളൂരുവിലെ വ്യവസായശാലകൾക്കു ലഭിച്ചു തുടങ്ങും. 

കൊച്ചി – കൂറ്റനാട് – മംഗളൂരു പാതയിൽ 23 എസ്‌വി (സെക്‌ഷനൈസിങ് വാൽവ്) സ്റ്റേഷനുകളും 5 ഐപി (ഇന്റർമീഡിയറ്റ് പിഗ്ഗിങ്) സ്റ്റേഷനുകളുമുണ്ട്. പൈപ്‌ലൈൻ സുരക്ഷാ പരിശോധനയ്ക്കുള്ള സംവിധാനമാണ് ഐപി സ്റ്റേഷനുകൾ. എല്ലാ സ്റ്റേഷനുകളിൽ നിന്നും സിഎൻജി – പിഎൻജി കണക്‌ഷനുകൾ നൽകുന്നതിനായി വാതകം ടാപ്പ് ചെയ്യാം. 

പൈപ്‌ലൈൻ നിർമാണത്തുടക്കം 2010ൽ. ആദ്യ ഘട്ടം കമ്മിഷനിങ് 2013 ഓഗസ്റ്റ് 25ന്. പുതുവൈപ്പ് എൽഎൻജി ടെർമിനലിൽനിന്നു കൊച്ചി വ്യവസായമേഖലയിലേക്കു 49 കിലോമീറ്റർ വാതകപ്പാത. ബിപിസിഎൽ കൊച്ചി റിഫൈനറി, ഫാക്ട് തുടങ്ങി 11 സ്ഥാപനങ്ങളിൽ ഇന്ധനമെത്തി. 

രണ്ടാം ഘട്ടമായ കൊച്ചി - മംഗളുരൂ 450 കിലോമീറ്റർ പൈപ്‌ലൈൻ, ബെംഗളൂരു പാതയുടെ ഭാഗമായ കൂറ്റനാട് - വാളയാർ പൈപ്‌ലൈൻ (94 കി.മീ) ജോലികൾ ആരംഭിച്ചതു 2012 ജനുവരിയിൽ. ചില മേഖലകളിൽ സ്ഥലമേറ്റെടുപ്പിനു തടസ്സം നേരിട്ടതോടെ 2013 നവംബറിൽ ജോലികൾ പൂർണമായും സ്തംഭിച്ചു. നിർമാണക്കരാറുകളും റദ്ദാക്കി.

പദ്ധതിക്കു വീണ്ടും ജീവൻ വച്ചത് 2016ൽ. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി സ്ഥലം ഏറ്റെടുപ്പു വേഗത്തിലാക്കി. പുതിയ കരാറുകൾ നൽകി പൈപ്പിടലും പുനരാരംഭിച്ചു. പദ്ധതിയുടെ നിരന്തര നിരീക്ഷണത്തിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മേൽനോട്ടം. ‌‌സംസ്ഥാന സർക്കാർ പ്രത്യേക പ്രോജക്ട് സെൽ ആരംഭിച്ചു നടപടികൾ വേഗത്തിലാക്കി. 

പ്രളയങ്ങളും കടന്ന്: 

2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കവും കോവിഡ് പ്രതിസന്ധിയും അതിജീവിച്ചു പദ്ധതി മുന്നോട്ട്. 2018ൽ കൂറ്റനാട് വരെയും 2019 ജൂണിൽ തൃശൂർ വരെയും ഈ വർഷം ഓഗസ്റ്റിൽ കണ്ണൂർ വരെയും വാതകമെത്തി. അവസാന കടമ്പ കാസർകോട് ചന്ദ്രഗിരിപ്പുഴയ്ക്കു കുറുകെ, പൈപ്പിടുന്ന കഠിനമായ ജോലിയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ആ കടമ്പയും ഗെയ്ൽ പിന്നിട്ടതോടെ കൊച്ചി – കൂറ്റനാട് – മംഗളൂരു പൈപ്‌ലൈൻ പദ്ധതി പൂർണം. അവശേഷിക്കുന്നതു ദിവസങ്ങൾ മാത്രം നീളുന്ന മിനുക്കുപണികൾ. 

നേട്ടങ്ങൾ എന്തെല്ലാം ? 

വ്യവസായ നേട്ടം: 

ചെലവുകുറഞ്ഞ ഇന്ധനം. രാസവ്യവസായശാലകളിൽ അസംസ്കൃത വസ്തുവായും ഉപയോഗിക്കാം. ഇന്ധന ആവശ്യത്തിന് എൽപിജിയിൽ (ദ്രവീകൃത പെട്രോളിയം വാതകം) നിന്നു പ്രകൃതിവാതകത്തിലേക്കു (എൽഎൻജി) മാറുമ്പോൾ കിലോഗ്രാമിന് ഏകദേശം 17 രൂപയുടെ ലാഭം. പ്രതിദിനം 1000 കിലോഗ്രാം എൽപിജി ഉപയോഗിക്കുന്ന വ്യവസായശാലയ്ക്കു പ്രതിദിന ലാഭം 1.7 ലക്ഷം രൂപ. നാഫ്ത ഇന്ധനമായി ഉപയോഗിച്ചു വൻ സാമ്പത്തിക പ്രതിസന്ധിയിലായ ഫാക്ടിനു കരകയറാൻ എൽഎൻജിയിലേക്കുള്ള മാറ്റവും തുണച്ചു. 

ഹരിത ഇന്ധനം:

വാഹന ഇന്ധനമായി സിഎൻജി ഉപയോഗിച്ചാൽ കിലോമീറ്ററിന് ചെലവു 2.50 രൂപ മതിയാകും. 25 – 30% മൈലേജും കൂടുതൽ. ഡീസൽ – പെട്രോൾ ചെലവു കിലോമീറ്ററിനു ശരാശരി 6 രൂപയിലേറെ. മലിനീകരണം തീർത്തും കുറവ്. വാഹനങ്ങളുടെ മെയ്ന്റനൻസ് ചെലവും ഗണ്യമായി കുറയും. 

ഉപയോഗിക്കാൻ എളുപ്പം, അപകടം കുറവ്: 

അടുക്കളകളിൽ 24 മണിക്കൂറും പൈപ്പിൽ ലഭ്യമാകുമെന്നതാണു നേട്ടം. എൽപിജിയെ അപേക്ഷിച്ചു 40% ചെലവു കുറവ്. അപകടസാധ്യത തീർത്തും കുറവ്. 

നേട്ടം ഖജനാവിന്: പ്രകൃതിവാതക ഉപയോഗം വർധിക്കുന്നതോടെ നികുതിയിനത്തിൽ സംസ്ഥാന സർക്കാരിനു ലഭിക്കുക ഏകദേശം 985 കോടിയോളം രൂപ. ഇപ്പോൾ ലഭിക്കുന്നതു ശരാശരി 300 – 350 കോടി. 

ലക്ഷ്യങ്ങൾ 

1. പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജി സംഭരണ ടെർമിനലിൽ ഇറക്കുമതി ചെയ്തു സംഭരിക്കുന്ന ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) കൊച്ചി, ബെംഗളൂരു, മംഗളൂരു വ്യവസായ മേഖലകളിൽ എത്തിക്കുക. 

2. പൈപ്പിലൂടെ അടുക്കളകളിൽ പാചകവാതകവും (പിഎൻജി -പൈപ്ഡ് നാച്വറൽ ഗ്യാസ്) വാഹന ഇന്ധനവും (സിഎൻജി) ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുക. 

സിറ്റി ഗ്യാസ് വൈകുന്നു

ആദ്യ കണക്‌ഷൻ 2016ൽ. ഇപ്പോഴും കളമശേരി, തൃക്കാക്കര നഗരസഭകളിലായി വെറും 2,500 അടുക്കളകളിൽ മാത്രം ലഭ്യത. 10 സിഎൻജി സ്റ്റേഷനുകളും കൊച്ചി നഗരമേഖലയിലുണ്ട്. ലൈസൻസ് നേടിയ ഏജൻസികളും തദ്ദേശസ്ഥാപനങ്ങളും സഹകരിച്ചാൽ അടുത്ത വർഷം മിക്ക ജില്ലകളിലും വാതകം എത്തിക്കാനാകും. അപേക്ഷ ലഭിച്ച് 21 ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങൾ സിറ്റി ഗ്യാസ് പദ്ധതിക്കുള്ള സാങ്കേതിക അനുമതികൾ ലഭ്യമാക്കണമെന്നാണു സർക്കാർ ഉത്തരവ്.

Content highlights: Kochi-Koottanad-Bangalore-Mangalore Pipeline Project

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA