ഉറക്കം ചെറിയ കാര്യമല്ല

subhadinam
SHARE

സന്യാസിക്കു നീണ്ട താടിരോമങ്ങളുണ്ട്. ഒരുദിവസം കുറച്ചു കുട്ടികൾ അദ്ദേഹത്തോടു ചോദിച്ചു: അങ്ങ് രാത്രി ഉറങ്ങുമ്പോൾ താടി പുതപ്പിനകത്താണോ പുറത്താണോ ഇടുന്നത്? അദ്ദേഹം പറഞ്ഞു: ‘ഞാൻ ഇന്നുവരെ ആലോചിച്ചിട്ടില്ല; നാളെ പറയാം’. ജീവിതത്തിലാദ്യമായി, അന്നു രാത്രി അദ്ദേഹം അതെക്കുറിച്ചു ചിന്തിച്ചു. ആദ്യം താടി പുതപ്പിനകത്തിട്ടു നോക്കി, പിന്നെ പുറത്തിട്ടു. അങ്ങനെ താടി അകത്തും പുറത്തുമിട്ട് അദ്ദേഹത്തിന്റെ ഉറക്കം പോയി!

പലപ്പോഴും വലിയ കാര്യങ്ങളല്ല, ചെറിയ കാര്യങ്ങളാകും ഉറക്കം കെടുത്തുക; ഉറങ്ങാൻ കഴിയുക എന്നതു ചെറിയ കാര്യവുമല്ല. ഉറങ്ങാൻ കഴിയാതിരിക്കുക എന്നത് അപരിഹാര്യമായ നഷ്ടമാണ്. വെട്ടിപ്പിടിച്ച സ്വത്തോ സമ്പാദ്യമോ ആർക്കും ഉറക്കം സമ്മാനിക്കില്ല. സ്വസ്ഥമായ ശരീരത്തിലും സന്തുഷ്ടമായ മനസ്സിലും മാത്രമേ ഉറക്കം അനുഗ്രഹമായി എത്തൂ.

കർമങ്ങളുടെ മൂല്യനിർണയം നടത്താനുള്ള എളുപ്പമാർഗം ഇതാണ് – അവയെ ഉറക്കം നൽകുന്നവ, ഉറക്കം നൽകാത്തവ എന്നിങ്ങനെ രണ്ടായി തിരിക്കുക. ചെയ്ത പ്രവൃത്തികൾ എത്ര വിശിഷ്ടമെന്ന് അവകാശപ്പെട്ടാലും അവ മനസ്സമാധാനം നൽകുന്നില്ലെങ്കിൽ എന്തു പ്രയോജനം? ഓരോ ദിവസത്തിനുമൊടുവിൽ കിടക്കയിലെത്തുമ്പോൾ ആ ദിവസത്തെക്കുറിച്ചു ചാരിതാർഥ്യവും സംതൃപ്തിയുമാണ് ഉള്ളതെങ്കിൽ പിന്നെ ഉറക്കം കെടുത്താൻ ആർക്കുമാകില്ല.

‘ഉറങ്ങാതിരിക്കുന്നത്’ ല ക്ഷ്യാധിഷ്ഠിതമാണ്; ‘ഉറക്കം നഷ്ടപ്പെടുന്നത്’ പ്രയോജനരഹിതവും. ഉറങ്ങാതിരിക്കാൻ പ്രേരിപ്പിക്കുന്ന സ്വപ്നങ്ങളുമായി ജീവിക്കുന്നവരുണ്ട്. ആ ജീവിതത്തിനു ക്രിയാത്മകതയുടെയും കാര്യക്ഷമതയുടെയും മറുവശമുണ്ട്. 

എന്നാൽ, അർഥശൂന്യമായ കാര്യങ്ങളിലൂടെ ഉറക്കം നഷ്ടപ്പെടുത്തുന്നവർ അവർ ജീവിക്കുന്ന സമൂഹത്തിന്റെ ഉറക്കവും കെടുത്തിയേക്കാം. രാത്രികൾ ഉറങ്ങാൻ വേണ്ടിയുള്ളതാണ്. ഉറങ്ങുന്നില്ലെങ്കിൽ ആ ‘ഉറക്കം നഷ്ടപ്പെടുത്തൽ’ ഉറക്കത്തെക്കാൾ ശ്രേഷ്ഠമായ കർമങ്ങൾക്കു വേണ്ടിയാകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA