25 വർഷം കൊണ്ട് 3 ലക്ഷം കോടിയുടെ കടം: കേരളം ‘കട’പ്പെട്ടിരിക്കുന്നത് ഇങ്ങനെ

Cartoon-4
SHARE

പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2016 ജൂൺ 30ന് ധനമന്ത്രി ടി. എം. തോമസ് ഐസക്, കഴിഞ്ഞ യുഡിഎഫ് സർക്കാർ ഖജനാവ് കാലിയാക്കിയതു വിവരിക്കാൻ ധവളപത്രം പുറത്തിറക്കി. പിണറായി സർക്കാരിന്റെ കാലാവധി നാലര വർഷം പൂർത്തിയാകാൻ ഇനി ഒരാഴ്ച കൂടിയേ ബാക്കിയുള്ളൂ. അടുത്ത മാസം തദ്ദേശ തിരഞ്ഞെടുപ്പ്. അതു കഴിഞ്ഞാൽ മാർച്ചിലോ ഏപ്രിലിലോ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലത്തിൽ, സർക്കാരിന്റെ കാലാവധി ഏതാണ്ടു പൂർത്തിയായെന്നു തന്നെ പറയാവുന്ന ഘട്ടമാണിപ്പോൾ. അന്നത്തെ ആ ധവളപത്രമെടുത്ത് ഇപ്പോൾ വായിച്ചാൽ ചിരിക്കണോ കരയണോ എന്നറിയാതെ നാം കുഴങ്ങും. അന്നത്തെ അവസ്ഥയെക്കാൾ പരിതാപകരമായിരിക്കുന്നു കേരളത്തിന്റെ ധനസ്ഥിതി.

തുടർച്ചയായെത്തിയ 2 പ്രളയങ്ങളും ജിഎസ്ടി നടപ്പാക്കിയതും നോട്ടുനിരോധനവും കോവിഡ് വ്യാപനവുമൊക്കെ അതിനു കാരണമായി സർക്കാർ എടുത്തുകാണിക്കും. എന്നാൽ, ഒരുകാലത്തുമില്ലാത്ത വിധം 18,000 കോടിയുടെ അധിക വായ്പയും ധനകാര്യ കമ്മിഷൻ നിർദേശിച്ച 15,000 കോടിയുടെ ഗ്രാന്റും വാങ്ങിത്തുടങ്ങിയ കണക്കു മിണ്ടില്ല. 

kiifb-masala-bond1

ജനങ്ങൾക്കു കൊടുക്കുന്ന സൗകര്യങ്ങളുടെ പട്ടിക നിരത്തും. കരാറുകാർക്കും മറ്റും കൊടുക്കാൻ ബാക്കിയുള്ള പണത്തിന്റെ കാര്യത്തിൽ മൗനം തുടരും. അധികച്ചെലവിനെക്കുറിച്ചു വിലപിക്കുമെങ്കിലും ചെലവു ചുരുക്കാൻ മനസ്സുമില്ല.

ജനങ്ങളോടു യഥാർഥ സ്ഥിതി വിവരിക്കാനാണ് ഇങ്ങനെയൊരു ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചത്. പ്രതിസന്ധിയുടെ കാരണങ്ങൾ കണ്ടെത്തിയാലേ, ഇൗ തെറ്റുകൾ നാളെ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താനും പരിഹാര നടപടികൾ സ്വീകരിക്കാനും കഴിയൂ.

ധവളപത്രത്തിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്

കൈമാറിക്കൈമാറിക്കിട്ടിയത്

25 വർഷം കൊണ്ട് 3 ലക്ഷം കോടിയോളം രൂപയ്ക്കു കടക്കാരായി മാറി നമ്മൾ. മാറിമാറി വരുന്ന സർക്കാരുകൾ ചെലവിനു പണം കണ്ടെത്താനായി തോന്നിയ പോലെ കടമെടുത്തു. ചെലവിടാൻ കാട്ടിയ ഉത്സാഹം വരുമാനം വർധിപ്പിക്കാൻ കാട്ടിയുമില്ല. അങ്ങനെയാണ് കേരളത്തിന്റെ കടം മൂന്നേകാൽ ലക്ഷം കോടിയിൽ എത്തുന്നത്

എന്തിനാണ് കിഫ്ബി?

കിഫ്ബിയില്ലാത്ത കാലത്തും കേരളത്തിൽ റോഡും പാലങ്ങളും കെട്ടിടങ്ങളുമൊക്കെ സർക്കാർ പണിതില്ലേ? പിന്നെന്തിനാണ് ഇൗ കിഫ്ബി എന്നു ചോദിക്കുന്നവരുണ്ട്. ഒരു ചെറിയ കണക്കു പറയാം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റ് പ്രകാരം സർക്കാരിന്റെ ആകെ വരുമാനം ഒന്നേകാൽ ലക്ഷം കോടി രൂപയാണ്. ചെലവും ഒന്നേകാൽ ലക്ഷം കോടി തന്നെ. വരുമാനമായി കിട്ടുന്ന ഒന്നേകാൽ ലക്ഷം കോടിയിൽനിന്ന് ഒരു ലക്ഷം കോടിയിലേറെ രൂപയാണ് ശമ്പളവും പെൻഷനും വിതരണം ചെയ്യാനും മറ്റു ദൈനംദിന ആവശ്യങ്ങൾക്കുമായി സർക്കാർ ചെലവിടുന്നത്.

ബാക്കി 25,000 കോടി കൊണ്ടുവേണം ബജറ്റിൽ പ്രഖ്യാപിച്ച പാലങ്ങളും റോഡുകളുമൊക്കെ നിർമിക്കാൻ. എന്നാൽ, സാമ്പത്തികവർഷം പകുതി പിന്നിടുമ്പോഴേക്കും സർക്കാർ കടുത്ത ധനപ്രതിസന്ധി നേരിട്ടു തുടങ്ങും. എന്നുവച്ച് ദൈനംദിന ചെലവുകൾ ഒഴിവാക്കാൻ കഴിയില്ലല്ലോ. ഒടുവിൽ വികസനപദ്ധതികൾ പലതും വെട്ടിച്ചുരുക്കും. അങ്ങനെ 25,000 കോടിയുടെ വികസനമെന്ന സ്വപ്നം 15,000 കോടി വരെയായി കുറയാം. വൻകിട പദ്ധതികളൊന്നും നടപ്പാക്കാൻ ഇതുകാരണം കഴിയാതെ പോകും. പ്രകടനപത്രിക വെറും പ്രകടനമായി ശേഷിക്കും.

പിരിക്കുന്ന നികുതിക്കും ഫീസുകൾക്കും പുറമേ, പണം കണ്ടെത്താനുള്ള മുഖ്യ വഴിയാണ് കടമെടുപ്പ്. ഒരുവർഷം കടമെടുക്കാവുന്ന തുകയ്ക്കു കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ തോന്നുംപടി കടമെടുക്കാൻ കഴിയുകയുമില്ല. അങ്ങനെ വികസനപദ്ധതികൾ നടപ്പാക്കാൻ പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കിഫ്ബിയുമായി സർക്കാർ അവതരിച്ചത്. കിഫ്ബിക്കു കടമെടുക്കുന്നതിനു പരിധിയില്ല. ബോണ്ടുകളിറക്കിയും വായ്പയെടുത്തും കിഫ്ബി പണം സമാഹരിച്ചു സർക്കാർ പദ്ധതികൾ നടപ്പാക്കും. 5 വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുകയാണ് ഇൗ സർക്കാരിന്റെ ലക്ഷ്യം. പദ്ധതികൾ കൂടിയതോടെ ഇപ്പോൾ 60,000 കോടി രൂപയുടേതായി. 

പാളിയത് എവിടെ

പദ്ധതികൾ അതിവേഗം നീങ്ങുമെന്ന ധാരണയിൽ കിഫ്ബി കിട്ടാവുന്ന ഇടങ്ങളിൽ നിന്നൊക്കെ പണം കടമെടുക്കാൻ ശ്രമിച്ചു. 12,000 കോടിയോളം രൂപയാണ് പലയിടത്തു നിന്നായി സമാഹരിച്ചത്. എന്നാൽ, എന്തു പദ്ധതി കൊണ്ടുവന്നാലും നമ്മുടെ സർക്കാർ വകുപ്പുകൾ പഴയ വേഗത്തിലേ നീങ്ങൂവെന്ന കാര്യം ഓർത്തില്ല. ഗുണനിലവാരം പാലിക്കാത്തതിനാൽ ഒട്ടേറെ പദ്ധതികൾ കിഫ്ബിക്കു തടഞ്ഞുവയ്ക്കേണ്ടിയും വന്നു. അങ്ങനെ വലിയ പലിശ നൽകി കൊണ്ടുവന്ന പണം കിഫ്ബിയുടെ പക്കൽ ചെലവാകാതെയിരുന്നു. അതു ബാങ്കിൽ താൽക്കാലികമായി നിക്ഷേപിച്ചെങ്കിലും കടമെടുത്തതിനു കൊടുക്കേണ്ട അത്രയും പലിശ നിക്ഷേപത്തിൽനിന്നു കിട്ടില്ലല്ലോ.

debt-logo

ഏറ്റവുമൊടുവിലത്തെ ബാലൻസ് ഷീറ്റ് പ്രകാരം 8000 കോടി രൂപ കിഫ്ബിയുടെ പക്കലുണ്ട്. അപ്പോൾ 2150 കോടി രൂപ 9.72% പലിശയ്ക്ക് മസാല ബോണ്ട് വഴി സമാഹരിക്കേണ്ടതുണ്ടോ എന്നാണു ചോദ്യം. ആ ചോദ്യത്തിന്റെ പ്രസക്തിയെന്തെന്നറിയാൻ മന്ത്രി തോമസ് ഐസക് പലവട്ടം ഉന്നയിച്ച മറ്റൊരു ചോദ്യം ശ്രദ്ധിച്ചാൽ മതി. ‘‘ആവശ്യമുള്ളപ്പോൾ കടമെടുത്താൽ പോരേ? വെറുതേ കടമെടുത്തു സൂക്ഷിച്ച് എന്തിനു പലിശ നൽകണം?’’

ആരു തിരിച്ചടയ്ക്കും?

കിഫ്ബി എടുക്കുന്ന വായ്പകൾ തിരിച്ചടയ്ക്കേണ്ടത് കിഫ്ബി തന്നെയാണ്. അതിനു കിഫ്ബി പണം കണ്ടെത്തുന്നത് പ്രധാനമായും 2 സ്രോതസ്സിൽ നിന്നാണ്. ഒന്ന്, സംസ്ഥാന സർക്കാർ പിരിക്കുന്ന റോഡ് നികുതിയിൽനിന്ന്. ഇതിന്റെ പകുതി കിഫ്ബിക്കു ലഭിക്കും. രണ്ട്, പെട്രോൾ സെസ്. ഒരു ലീറ്റർ പെട്രോളിന് ഒരു രൂപ സെസ് ജനങ്ങളിൽനിന്നു പിരിക്കുന്നുണ്ട്. ഇതും കിഫ്ബിക്കാണ്. ഇൗ തുകകൊണ്ട് എല്ലാ വായ്പകളുടെയും മാസത്തവണകൾ അടച്ചുതീർക്കാൻ കഴിയുമെന്ന ഫോർമുലയാണ് കിഫ്ബി സർക്കാരിനു മുന്നിൽ വച്ചിട്ടുള്ളത്. അതിനു കിഫ്ബിക്കു കഴിഞ്ഞില്ലെങ്കിൽ സർക്കാർ തന്നെ തിരിച്ചടയ്ക്കേണ്ടി വരും.

സർക്കാർ - സിഎജി അടിക്കു കാരണം

കഴിഞ്ഞ കാൽനൂറ്റാണ്ടു കൊണ്ട് കേരളത്തിന്റെ കടബാധ്യത 12 മടങ്ങു വർധിച്ചു. നായനാർ സർക്കാർ അധികാരമൊഴിയുമ്പോൾ 25,754 കോടിയായിരുന്ന പൊതു കടം ഇപ്പോൾ 3 ലക്ഷം കോടിയിലേറെയായി. കിഫ്ബി ഇനി നടത്താനിരിക്കുന്ന കടമെടുപ്പു കൂടിയാകുമ്പോൾ ബാധ്യത വീണ്ടും ഉയരും. സിഎജിയുടെ വിലയിരുത്തൽ പ്രകാരം കിഫ്ബി നടത്തുന്ന കടമെടുപ്പും സംസ്ഥാന സർക്കാരിന്റെ വായ്പയായി വേണം കരുതാൻ. സംസ്ഥാന സർക്കാർ ജിഡിപിയുടെ 3 ശതമാനത്തിനു മേൽ കടമെടുക്കാൻ പാടില്ലെന്നാണു ചട്ടം. ഇതു മറികടന്നുള്ള കടമെടുപ്പാണു കിഫ്ബി വഴി സർക്കാർ നടത്തുന്നത്. ഇതു ഭരണഘടനാ ലംഘനമാണ്. രാജ്യത്തിനു പുറത്തു നിന്നുള്ള കടമെടുപ്പും ഭരണഘടനാ ലംഘനമാണെന്നു സിഎജി ചൂണ്ടിക്കാട്ടുന്നു. സിഎജിയുടെ ഇൗ വിലയിരുത്തലിനെയാണ് സർക്കാർ രൂക്ഷമായി എതിർക്കുന്നത്.

നാളെ: നിങ്ങളും അടിച്ചോ ചക്കക്കുരു ജ്യൂസ്!

English Summary: Debt of government of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA