ADVERTISEMENT

സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ കൂറുമാറ്റത്തിന്റെ പേരിൽ കഴിഞ്ഞ 6 വർഷത്തിനിടെ അയോഗ്യരായത് 115 അംഗങ്ങളാണെന്നതു ജനാധിപത്യത്തെ ആശങ്കപ്പെടുത്തുന്ന കണക്കുതന്നെയാണ്. 6 വർഷത്തേക്കു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ ഇവർക്കു മത്സരിക്കാനാവില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾ തങ്ങൾ ഏതു മുന്നണിയുടെ ഭാഗമെന്നു വ്യക്തമാക്കുന്ന പ്രസ്താവനകൂടി നൽകാനുള്ള സംവിധാനം തിരഞ്ഞെടുപ്പു കമ്മിഷൻ നടപ്പാക്കണമെന്നു ബുധനാഴ്ച ഹൈക്കോടതി പറഞ്ഞത് ഈ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാകുന്നു. ഭരണസ്ഥിരതയെക്കരുതി രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനു മുൻ‌പുണ്ടാക്കുന്ന ധാരണകൾ പാലിക്കാൻ ആ പാർട്ടികളുടെ മേൽവിലാസത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കു ബാധ്യതയുണ്ടെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കുകയും ചെയ്തു.

തദ്ദേശസ്ഥാപനങ്ങൾ മുതൽ ഉയർന്ന തലങ്ങളിൽവരെയുള്ള ജനപ്രതിനിധികളിൽ ചിലരെങ്കിലും പല കാരണങ്ങൾ കൊണ്ടും കൂറുമാറുന്നതു ജനാധിപത്യസംവിധാനത്തെ നോക്കുകുത്തിയാക്കുന്നുവെന്നു മാത്രമല്ല, രാഷ്ട്രീയത്തിന് ഉണ്ടാകണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുന്നുമുണ്ട്. ഈ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പലയിടത്തും പല കാരണങ്ങൾകൊണ്ടും ഉണ്ടാകാവുന്ന കൂറുമാറ്റങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകൾകൂടി തുടർച്ചയായ രണ്ടു ദിവസങ്ങളിലുണ്ടായ കോടതി ഇടപെടലുകളിൽനിന്നു വായിച്ചെടുക്കാം. തദ്ദേശസ്ഥാപനങ്ങൾക്കുള്ള 1999ലെ കൂറുമാറ്റ നിരോധന നിയമത്തിന്റെ ഗുണഫലങ്ങൾ വോട്ടർമാർക്കു ലഭ്യമാക്കാൻ കർശന നിലപാട് ആവശ്യമാണെന്ന് ഇന്നലെ ഹൈക്കോടതി പറഞ്ഞത് സമ്മതിദാനാവകാശത്തിന്റെ മൂല്യം സംരക്ഷിക്കാൻ വേണ്ടിയാണെന്നു വ്യക്തം. വോട്ടർമാരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ അംഗത്തിനു ബാധ്യതയുണ്ടെന്നു കോടതി ഓർമിപ്പിച്ചതു നമ്മുടെ രാഷ്ട്രീയകക്ഷികളെല്ലാം ഉൾക്കെ‍ാള്ളുകതന്നെ വേണം. 

പാർട്ടി സ്ഥാനാർഥിയെന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ടു തദ്ദേശസമിതികളിൽ എത്തുന്നവരുടെ അംഗത്വം ആ പാർട്ടിയോടുള്ള കൂറിനെക്കൂടി ആശ്രയിച്ചാണു നിലനിൽക്കുന്നതെന്നും കൂറുമാറ്റം ജനാധിപത്യ ധാർമികതയ്ക്കു നിരക്കുന്നതല്ലെന്നുമാണ് കോടതി ഇന്നലെ വ്യക്തമാക്കിയത്. പാർട്ടി നിർദേശം ലംഘിക്കുന്നവർ പാർട്ടിയിൽനിന്നു സ്വമേധയാ വിട്ടുപോയതായി കണക്കാക്കി അയോഗ്യരാക്കുന്ന കൂറുമാറ്റ നിരോധന നിയമത്തിലെ 3 (1) എ വകുപ്പിനു വ്യാഖ്യാനം നൽകിക്കൊണ്ടാണു ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. 

മുന്നണിബന്ധം സംബന്ധിച്ച് പാർട്ടി പ്രാദേശിക ഘടകങ്ങൾ ജില്ല, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടിൽനിന്നു വ്യത്യസ്ത നിലപാട് എടുക്കുന്നതു നിയമപ്രശ്നങ്ങൾക്കു കാരണമായേക്കാമെന്നു ഹൈക്കോടതി ബുധനാഴ്ച ചൂണ്ടിക്കാട്ടുകയുണ്ടായി. പ്രാദേശിക ഭരണസമിതികളിലെ മുന്നണി ക്രമീകരണം സംബന്ധിച്ച് നിയമത്തിൽ വ്യക്തതയില്ലാത്തതും കൂറുമാറ്റ പരാതികളിൽ മുന്നണിയുടെ അഭിപ്രായം തേടാനുള്ള വ്യവസ്ഥ നിയമത്തിൽ ഇല്ലാത്തതുമാണു പല പ്രശ്നങ്ങൾക്കും കാരണമെന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പിനു മുൻപ് മുന്നണിബന്ധം പ്രഖ്യാപിക്കാനുള്ള സംവിധാനം നിയമത്തിൽ ഇല്ലെന്നതിനാൽ, പത്രിക നൽകുമ്പോൾ മുന്നണിഭാരവാഹിയുടെ  പ്രസ്താവന നിഷ്കർഷിക്കുന്നതിനെക്കുറിച്ചുകൂടി ആലോചിക്കേണ്ടതുണ്ട്. 

തദ്ദേശസ്ഥാപനങ്ങളിലെ കൂറുമാറ്റത്തിന്റെ പേരിൽ, 2014 നവംബർ മുതലുള്ള കണക്കനുസരിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ 115 അംഗങ്ങളെ അയോഗ്യരാക്കിയത്. ഇതിൽ എഴുപത്തിയഞ്ചോളം പേർ 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചവരാണ്; ബാക്കിയുള്ളവർ അതിനു മുൻപുള്ള തിരഞ്ഞെടുപ്പിലും. 

അധാർമികതയുടെ അധികാരക്കളി മുൻപൊന്നും കേൾക്കാത്തവിധം രാഷ്ട്രീയത്തെ മലീമസമാക്കുന്നതാണു സമീപകാലത്തായി രാജ്യം കണ്ടുപോരുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ അംഗമെന്ന നിലയ്ക്കോ സ്വതന്ത്രനെന്ന നിലയ്ക്കോ ഉള്ള പരിഗണനയിലാണു ജനം വോട്ടു ചെയ്യുന്നതെന്നു ഹൈക്കോടതി പറഞ്ഞതു സ്ഥാനാർഥികൾക്കു കേൾക്കാനുള്ളതാണ്. കൂറുമാറ്റ നിരോധനത്തിൽ വെള്ളം ചേർക്കേണ്ടെന്നു നേരത്തേ സുപ്രീം കോടതിവരെ മുന്നറിയിപ്പു നൽകിയതിന്റെ തുടർച്ചയെന്നുതന്നെ കരുതാവുന്ന വിധത്തിൽ ഹൈക്കോടതി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ ഇടപെടലുകൾ ജനാധിപത്യത്തെ മാനിക്കുന്നവരെല്ലാം സ്വാഗതം ചെയ്യാതിരിക്കില്ല.

English Summary: High Court warning against switching party - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com