നിസ്സാര പരിപാടികൾക്കും കൺസൽറ്റൻസി: സംസ്ഥാന സർക്കാർ ചെലവിട്ടത് 128 കോടി

corruption
SHARE

മൂന്നു മാസം മുൻപാണ് സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലേക്കും ഒരു വിവരാവകാശ അപേക്ഷ അയച്ചത്. സർക്കാർ വിവിധ പദ്ധതികൾക്കായി നിയോഗിച്ച കൺസൽറ്റൻസികളുടെയും അവർക്കായി ചെലവിട്ട തുകയുടെയും വിവരങ്ങൾ തേടിക്കൊണ്ടായിരുന്നു അത്. ആ വിവരങ്ങൾ കൈമാറാൻ വകുപ്പുകളിൽനിന്ന് അവർക്കു താഴെയുള്ള ഏജൻസികളിലേക്കും ഡയറക്ടറേറ്റുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുമൊക്കെ കത്തു കൈമാറി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി കുന്നുകൂടിക്കിടക്കുന്ന മറുപടികളിൽ മുക്കാൽ പങ്കും പറയുന്നു ‘ഞങ്ങൾ കൺസൽറ്റൻസികളെ നിയോഗിച്ചിട്ടുണ്ട്.’ നിസ്സാര പദ്ധതികൾക്കും പരിപാടികൾക്കും പോലും കൺസൽറ്റൻസികളെ വച്ച വകുപ്പുകളാണ് അധികവും. ഇതുവരെ കിട്ടിയ മറുപടികൾ പ്രകാരം ഇൗ സർക്കാരിന്റെ കാലത്ത് 128 കോടി രൂപയാണു കൺസൽറ്റൻസികൾക്കായി ചെലവിട്ടത്.

വീടില്ലാത്ത പാവങ്ങൾക്കു വീടുവച്ചു കൊടുക്കുന്ന ലൈഫ് മിഷൻ പദ്ധതിക്കു കീഴിൽ 3 കൺസൽറ്റൻസികളെയാണ് ഇൗ സർക്കാരിന്റെ കാലത്തു നിയമിച്ചത്. സർക്കാരിനു കീഴിൽ പൊതുമരാമത്ത് ഡിസൈൻ വിഭാഗവും തദ്ദേശ സ്ഥാപനങ്ങളിൽ എൻജിനീയർമാരുമുള്ളപ്പോൾ ലൈഫ് മിഷനു വീടിന്റെ ഡിസൈൻ തയാറാക്കാൻ വേറെ ആൾതന്നെ വേണം! 3 കൺസൽറ്റൻസികൾക്കുമായി ഫീസായി നൽകിയത് 1.29 കോടി രൂപ. ഇൗ പണവും വീടുവയ്ക്കാനായി മാറ്റിവച്ചിരുന്നെങ്കിൽ 32 ഭവനരഹിതർക്കു കൂടി വീടു കിട്ടുമായിരുന്നു.

നയപരമായ നീക്കം

വ്യാജ ബിരുദമുള്ള സ്വപ്ന സുരേഷിന്റെ നിയമനത്തോടെ വിവാദത്തിലായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) കെ ഫോൺ പദ്ധതിയിൽനിന്നു പുറത്താക്കുന്നതിനു പകരം കരാർ കാലാവധി കഴിയും വരെ കാത്തിരിക്കുകയെന്ന ‘നയ’പരമായ രീതിയാണു സർക്കാർ സ്വീകരിച്ചത്.

1200-pinarayi-vijayan-cm-kerala
മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് പ്രതിരോധത്തിൽ ഒരുതവണ പോലും ഉപയോഗിക്കാതിരുന്ന സ്പ്രിൻക്ലർ പ്ലാറ്റ്ഫോമിന്റെ കരാർ കാലാവധി അവസാനിച്ചതുപോലെ പിഡബ്ല്യുസിയുടെ കരാർ കാലാവധി ഈ 30ന് അവസാനിക്കും. ചുരുക്കത്തിൽ, പുറത്താക്കിയെന്ന പേരുദോഷവുമില്ല, കരാർ കാലാവധി തീർന്നതുകൊണ്ട് പണിനിർത്തി പോയതാണെന്ന് പിഡബ്ല്യുസിക്ക് അവകാശപ്പെടുകയും ചെയ്യാം.

പിഡബ്ല്യുസിയെ കെ ഫോൺ പദ്ധതിയിൽ നിന്നൊഴിവാക്കണമെന്ന് ഐടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സഞ്ജയ് എം.കൗളും ധന അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങും ഫയലിൽ എഴുതിയിട്ടും സർക്കാർ അനങ്ങിയില്ല. കെ ഫോൺ പദ്ധതിയിൽ 3.32 കോടി രൂപയും സ്പേസ് പാർക്ക് പദ്ധതിയിൽ 26.29 ലക്ഷം രൂപയുമാണ് പിഡബ്ല്യുസിക്കു സർക്കാർ നൽകിയത്.

പി‍‍ഡബ്ല്യുസിയെ ഐടി വകുപ്പിൽ‌നിന്നു വിലക്കണമെന്ന ചീഫ് സെക്രട്ടറിതല സമിതിയുടെ ശുപാർശ നിയമവകുപ്പാണു വെട്ടിയത്. സ്വപ്ന സുരേഷിനെ സ്പേസ് പാർക്ക് പദ്ധതിയിൽ കൺസൽറ്റന്റായി നിയോഗിച്ചതിലൂടെ കരാറുകാരായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് പ്രതിമാസ ലാഭം 1.3 ലക്ഷം രൂപയിലധികമായിരുന്നു. അതായത് സർക്കാർ സ്വപ്നയുടെ കൺസൽറ്റൻസിക്കായി ആകെ നൽകുന്ന 2.7 ലക്ഷം രൂപയുടെ പകുതിയോളം ലഭിക്കുക പിഡബ്ല്യുസിക്ക്.

നമ്മുടെ പണം; ഗുണം ആർക്ക് ? 

65,000 കോടിയോളം രൂപയാണ് നമ്മൾ സർക്കാരിന് ഒരു വർഷം നികുതിയായി നൽകുന്നത്. കേന്ദ്രത്തിൽനിന്നുള്ള നികുതിവിഹിതമായി ഒരുവർഷം 20,000 കോടി രൂപയും കിട്ടും. ഇത് ആദായനികുതി ഇനത്തിലും മറ്റും നമ്മൾ കേന്ദ്ര സർക്കാരിനു നൽകുന്ന പണമാണ്. ലോട്ടറി ടിക്കറ്റും മദ്യവുമൊക്കെ വാങ്ങുന്നതിലൂടെ 25,000 കോടി രൂപ പിന്നെയും നമ്മൾ സർക്കാരിനു നൽകുന്നു.

ആകെ 1.14 ലക്ഷം കോടി രൂപ ഒരുവർഷം ജനങ്ങൾ പല ഇനങ്ങളിലായി സർക്കാരിനു കൈമാറുന്നുവെന്നാണ് ഇൗ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിലെ കണക്ക്. ഇൗ പണം സർക്കാർ എങ്ങനെ ചെലവിടുന്നുവെന്നു കൂടി നമ്മൾ അറിയണം. സർക്കാർ നടപ്പാക്കുന്ന പല പദ്ധതികൾക്കും പിന്നിലെ കൺസൽറ്റൻസികൾക്ക് അധികാര കേന്ദ്രങ്ങളുമായും ഉദ്യോഗസ്ഥ പ്രമുഖന്മാരുമായും ബന്ധമുണ്ട്. സ്പേസ് പാർക്കിലെ നിയമനത്തിലൂടെ അതു പുറത്തുവന്നു.

ഓഖി പാക്കേജും കൺസൽറ്റൻസിയുടെ കയ്യിൽ

2018ൽ മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് വാഗ്ദാനമായിരുന്നു 2000 കോടി രൂപയുടെ ഓഖി പുനരധിവാസ പാക്കേജ്. 2 വർഷം കഴിഞ്ഞു. അടുത്ത ബജറ്റ് വരാൻ പോവുകയാണ്. ആ പഴയ പാക്കേജ് എവിടെയെന്ന് ആരാഞ്ഞപ്പോൾ ഫിഷറീസ് വകുപ്പിൽനിന്നു കിട്ടിയ മറുപടി ഇതാണ് – ‘കൺസൽറ്റൻസിയുടെ പക്കൽ’. സമീപകാലത്തു സർക്കാർ നടത്തിയ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്നിന്റെ പദ്ധതിരേഖയ്ക്കു മേൽ ഇപ്പോഴും അടയിരിക്കുകയാണ് ഒരു കൺസൽറ്റൻസി കമ്പനി. ഒന്നരക്കോടി രൂപയ്ക്കാണ് അവർക്കു കരാർ നൽകിയത്. പണം ഇതുവരെ നൽകിയിട്ടില്ല.

ഇതേ പാക്കേജിനായി മറ്റൊരു കൺസൽറ്റൻസിയെയും സർക്കാർ വച്ചിട്ടുണ്ട്. അവരുമായുള്ള കരാർ 47 ലക്ഷം രൂപ. അതിൽ 28 ലക്ഷം കൊടുത്തുതീർത്തു. ഇൗ സർക്കാരിന്റെ ഭരണകാലയളവ് അവസാനിക്കും മുൻപ് പദ്ധതിരേഖയും മറ്റും പൂർത്തിയാക്കി നൽകി തുകയും വാങ്ങി കൺസൽറ്റൻസി കമ്പനി പോകും. അടുത്ത സർക്കാർ ഇൗ പദ്ധതി കണക്കിലെടുക്കണമെന്നു പോലുമില്ല. ഫലത്തിൽ, നടപ്പാകുമെന്ന് ഉറപ്പില്ലാത്ത പദ്ധതികളുടെ പേരിൽപോലും പണം വാങ്ങി കൊഴുക്കുകയാണ് കൺസൽറ്റൻസി കമ്പനികൾ. 

ഇതാ മറ്റൊരു ഉദാഹരണം. വേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ നടപ്പാക്കാൻ ഇതുവരെ കൺസൽറ്റൻസി കമ്പനിക്കു നൽകിയത് 12.68 കോടി രൂപ. പദ്ധതിക്കു വേണ്ടി ഇതുവരെ ആകെ ചെലവായ 16.69 കോടി രൂപയിൽ മുക്കാൽ പങ്കും കൺസൽറ്റന്റിനു നൽകി. സർവേക്ക് 1.83  കോടി ചെലവായി. മണ്ണു പരിശോധനയ്ക്കായി 64.33 ലക്ഷം രൂപ ചെലവിട്ടു. ഭൂവിവര ശേഖരണത്തിന് 5.29 ലക്ഷം രൂപയും പ്രഫഷനൽ ഫീസായി 2 ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ടെന്നും കൊച്ചി സ്വദേശി എസ്.ധൻരാജ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ വ്യക്തമാക്കി. പദ്ധതിയുടെ അംഗീകാരത്തിലും നടത്തിപ്പിലും പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ എം.ശിവശങ്കർ ഇടപെട്ടിരുന്നു. ശിവശങ്കർ മുഖ്യമന്ത്രിക്കൊപ്പം ജപ്പാൻ സന്ദർശിക്കുകയും പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട് ജൈക്കയ്ക്ക്  (ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസി) സമർപ്പിക്കുകയും ചെയ്തു. 

15 കോടി ലാഭിച്ച കഥ

ചില വലിയ പദ്ധതികൾക്കു കൺസൽറ്റൻസി വേണ്ടിവരും. എന്നാൽ, വലിയ എല്ലാ പദ്ധതികളും നടപ്പാക്കാൻ കൺസൽറ്റൻസികൾ തന്നെ വേണമെന്നും സർക്കാർ വകുപ്പുകളിൽ പ്രാപ്തരായ ഉദ്യോഗസ്ഥരില്ലെന്നും വാദിക്കുന്ന ഒട്ടേറെപ്പേരുണ്ട്. സർക്കാരിന്റെ ന്യായവും ഇതുതന്നെ. 13 വർഷം മുൻപത്തെ ഒരു സംഭവം പറയാം. തിരുവനന്തപുരം കോർപറേഷൻ സമർപ്പിച്ച ഖരമാലിന്യ സംസ്കരണ പദ്ധതിക്കും ശുദ്ധജല വിതരണ പദ്ധതിക്കുമായി 302 കോടി രൂപ കേന്ദ്രസർക്കാർ അംഗീകരിച്ചു. 15 കോടി രൂപ കൺസൽറ്റൻസിക്കു നൽകാനും അനുവദിച്ചു. എന്നാൽ, അത്രയും തുക വെറുതേ കൺസൽറ്റൻസിക്കു കൊടുക്കേണ്ടെന്നു കോർപറേഷനും സർക്കാരും തീരുമാനിച്ചു.

ജല അതോറിറ്റിയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരെ വച്ച് ഒരു കൺസൽറ്റൻസി കമ്പനി ഉണ്ടാക്കി. പദ്ധതിരേഖ തയാറാക്കാൻ അവരെ ചുമതലപ്പെടുത്തി. അവർ തയാറാക്കിയ പദ്ധതിയാണു കേന്ദ്രം അംഗീകരിച്ചത്. എന്നാൽ, സ്ഥലമേറ്റെടുപ്പിലെ പ്രശ്നം കാരണം പദ്ധതി പിന്നീടു നടന്നില്ല. ആ കൺസൽറ്റൻസി കരാർ സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചിരുന്നെങ്കിൽ ഒരിക്കലും നടക്കാത്ത പദ്ധതിക്കായി 15 കോടി രൂപ ചെലവാക്കേണ്ടി വരുമായിരുന്നു. ഇന്നു കഥ മാറി. ആ ജല അതോറിറ്റി പോലും ഇന്നു പദ്ധതികൾ നടപ്പാക്കാൻ കൺസൽറ്റൻസി കമ്പനികളെ ഏൽപിക്കുന്നു.

സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളെയും ഒറ്റ ശൃംഖലയിലേക്കു കൊണ്ടുവന്ന് കോർബാങ്കിങ് നടപ്പാക്കിയത് ഒരു കൺസൽറ്റൻസികളുടെയും സഹായമില്ലാതെയാണ്. എൻഐസിയുടെയും സ്വന്തം ജീവനക്കാരുടെയും പിന്തുണ കൊണ്ട് ട്രഷറി വലിയ കുതിച്ചുചാട്ടം നടത്തി. എന്നാൽ, ആ പരിഷ്കാരത്തിലൂടെ ഐഎഒ സർട്ടിഫിക്കേഷൻ നേടിയെടുക്കാൻ ട്രഷറിക്കും കൺസൽറ്റൻസിയെ സമീപിക്കേണ്ടി വന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA