ADVERTISEMENT

കോൺഗ്രസിൽ ആഴത്തിലുള്ള ആത്മപരിശോധന വേണമെന്ന മുറവിളി വീണ്ടുമുയരുന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും മധ്യപ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും നേരിട്ട ദയനീയ പരാജയങ്ങൾക്കു പിന്നാലെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞ് രംഗത്തെത്തിയത് മുതിർന്ന നേതാവും മുൻകേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ആണ്. ഉത്തരവാദിത്തവും മാറ്റങ്ങളും പാർട്ടിയിൽ വേണമെന്ന ഒരുപറ്റം നേതാക്കളുടെ സ്വരമാണു കപിൽ സിബൽ പ്രകടിപ്പിച്ചത്.

ആശയതലത്തിലും സംഘടനാതലത്തിലും പാർട്ടി നേരിടുന്ന വെല്ലുവിളികൾ പഠിക്കാനും സംഘടനാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിവിധ സമിതികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രശ്നങ്ങൾ അവിടെ തീരുന്നില്ല. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് അടക്കമുള്ള 23 നേതാക്കളുടെ സംഘം എഴുതിയ തുറന്നകത്ത് തയാറാക്കിയവരിൽ മുഖ്യൻ കപിൽ സിബലായിരുന്നു.

അടിയന്തരമായി സംഘടനാ തിരഞ്ഞെടുപ്പു നടത്തണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം. ഗാന്ധി കുടുംബത്തോട് ഏറ്റവുമടുത്തു നിൽക്കുന്ന നേതാക്കൾക്കെതിരെ വിരൽചൂണ്ടാൻ കപിൽ സിബലിനൊപ്പം മൻമോഹൻ സിങ് സർക്കാരുകളിൽ മന്ത്രിയായിരുന്ന ഗുലാംനബി ആസാദും ആനന്ദ് ശർമയും രംഗത്തെത്തി. 1998ൽ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായതു മുതൽ ഗാന്ധികുടുംബത്തോട് അടുത്തുനിന്ന നേതാക്കളിലൊരാൾ ഗുലാംനബി ആസാദായിരുന്നുവെന്നതാണ് ഒരു വൈരുധ്യം. 

വിദേശകാര്യം, ദേശീയസുരക്ഷ, സാമ്പത്തിക നയം എന്നീ വിഷയങ്ങളിൽ തന്റെ ഉപദേശകരായി മൂന്നു പുതിയ സമിതികളെ നിയോഗിക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനം, സംഘടനാമാറ്റങ്ങൾക്കായി വാദിക്കുന്ന നേതാക്കളെ തൃപ്തിപ്പെടുത്തിയിട്ടില്ല.  മുഖ്യവിഷയങ്ങളിൽ നയരൂപീകരണം ചർച്ച ചെയ്യാൻ പാർട്ടിക്കുള്ളിൽ ദശകങ്ങളായി ആഭ്യന്തര സമിതികളുള്ളതാണ്.

പുതിയതായി രൂപം കൊടുത്ത സമിതികളാകട്ടെ അവരുടെ റിപ്പോർട്ടുകൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കുവേണ്ടി മാത്രമാണു സമർപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകത്തിനിടെ ഇത്തരം വിശകലന സമിതികളിൽ ഭൂരിഭാഗവും എ.കെ. ആന്റണിയുടെ നേതൃത്വത്തിലായിരുന്നു. ആന്റണിയുടെ റിപ്പോർട്ടുകളാകട്ടെ പ്രവർത്തക സമിതിക്കുള്ളിൽ മാത്രമേ പങ്കുവച്ചിട്ടുള്ളൂ. 

പ്രധാന പ്രശ്നം, കോൺഗ്രസ് പ്രസിഡന്റിന്റെ ഓഫിസിന്റെ അതീവ രഹസ്യാത്മകതയാണ്. വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടുന്നതിന്റെ കാര്യകാരണങ്ങൾ അഭിമുഖീകരിക്കാനും സ്വയം തിരുത്താനുമുള്ള ആർജവം പാർട്ടിക്കുണ്ടോ എന്ന ചോദ്യമാണു പല നേതാക്കളും ഉയർത്തുന്നത്. സോണിയ ഗാന്ധി തന്നെ മുൻപു മുന്നോട്ടുവച്ച നിലപാടാണു പാർട്ടി അതിന്റെ ആശയപരമായ ദിശാബോധം വീണ്ടെടുക്കണമെന്നത്. ഇതേ ആവശ്യമാണു ഇപ്പോൾ വീണ്ടും ഉയരുന്നത്. സംസ്ഥാന,ദേശീയ തലത്തിലെ തിരഞ്ഞെടുത്ത നേതാക്കളുടെ സംഘം വിവിധ വിഷയങ്ങൾ രണ്ടോ മൂന്നോ ദിവസമിരുന്നു ചർച്ച ചെയ്യുന്ന ചിന്താ ശിബിരങ്ങൾ സംഘടിപ്പിക്കണമെന്നാണ് ആവശ്യം.

സോണിയ ആദ്യം കോൺഗ്രസ് അധ്യക്ഷയായിരുന്ന 1988 മുതൽ 2017 വരെയുള്ള കാലത്ത് ഇത്തരത്തിൽ മൂന്നു ശിബിരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സോണിയ അധ്യക്ഷപദമേറ്റതിനു പിന്നാലെ 1998ൽ മധ്യപ്രദേശിലെ പച്‍മാഡിയിലായിരുന്നു ആദ്യത്തേത്. 1996ൽ പി.വി. നരസിംഹറാവുവും 1998ൽ സീതാറാം കേസരിയും അധ്യക്ഷ പദവിയിലിരിക്കെ രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു അത്.

പച്‍മാഡി സമ്മേളനത്തിൽ സാമ്പത്തിക പരിഷ്കരണവാദികൾ, സോഷ്യലിസ്റ്റുകൾ, പാരമ്പര്യവാദികൾ, മതനിരപേക്ഷവാദികൾ എന്നിവരുടെയെല്ലാം സാന്നിധ്യമുണ്ടായിരുന്നു. പാർട്ടിയുടെ സാമൂഹിക അടിത്തറ നഷ്ടമായോ എന്ന ചോദ്യം ചർച്ച ചെയ്യാനായിരുന്നു സോണിയ ആവശ്യപ്പെട്ടത്. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലെ പുതിയ തലമുറയെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്, നഗര മധ്യവർഗം പാർട്ടിയിൽ നിന്നകന്നോ തുടങ്ങിയ ചോദ്യങ്ങളും ചർച്ച ചെയ്യപ്പെട്ടു.

നെഹ്റുവിന്റെയും ഇന്ദിരയുടെയും കാലത്തെ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളിൽനിന്നു വ്യതിചലിക്കുന്നതിനെതിരെ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിൽ വയലാർ രവി അടക്കമുള്ള നേതാക്കൾ ശക്തമായ വാദങ്ങളുയർത്തി. കോൺഗ്രസ് മൃദു ഹിന്ദുത്വ പാർട്ടിയായി മാറുകയാണോ എന്നതാണ് അർജുൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ചർച്ച ചെയ്തത്. 

2003 ൽ ഷിംലയിലാണു രണ്ടാമത്തെ ശിബിരം നടന്നത്. വാജ്‌പേയി സർക്കാരിന്റെയും ഗുജറാത്ത് കലാപത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു അത്. മൂന്നാമത്തെ ചിന്താ ശിബിരം 2013 ന്റെ തുടക്കത്തിൽ ജയ്പുരിലാണു നടന്നത്. യുപിഎ സർക്കാർ അഴിമതി ആരോപണങ്ങളിലും വിവാദങ്ങളിലും മുങ്ങിനിൽക്കുന്ന സമയമായിരുന്നു അത്. 

കഴിഞ്ഞ ഏഴുവർഷത്തിനിടെ, രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങി, ഒട്ടേറെ സംസ്ഥാനങ്ങളിൽ ഭരണം നഷ്ടമായി, പ്രമുഖ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ പാർട്ടി ഉപേക്ഷിച്ചുപോയി. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തിയെടുക്കാനും കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. സംഘടനാതലത്തിലാകട്ടെ കുറച്ചുകാലം രാഹുൽഗാന്ധി അധ്യക്ഷനായിരുന്നു. പിന്നാലെ സോണിയ ഇടക്കാല അധ്യക്ഷയായി. പ്രിയങ്ക നേതൃസ്ഥാനത്തേക്ക് എത്തി.

അന്തരീഷമലിനീകരണം മൂലം വീർപ്പുമുട്ടുന്ന ഡൽഹിയിൽനിന്നുവിട്ടു ഗോവയിലെ ശുദ്ധവായു ശ്വസിക്കുകയാണു സോണിയ ഗാന്ധി ഇപ്പോൾ. ഒട്ടേറെ വിഷയങ്ങളിൽ അവർ ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്. അതിലൊന്ന്, സംഘടനാ തിരഞ്ഞെടുപ്പുകൾക്കു മുൻപേ ഒരു ചിന്താ ശിബിരം സംഘടിപ്പിക്കണോ എന്നതാണ്.

English Summary: Questions arising within Congress regarding need for change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com