ADVERTISEMENT

അധികാരസ്ഥാനങ്ങൾ സ്വീകരിച്ചില്ലെങ്കിലും ഒരുപാടു മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ‘സൃഷ്ടിച്ച’  സൂപ്പർ മന്ത്രിയായിരുന്നു അഹമ്മദ് പട്ടേൽ..

തനിക്കു കിട്ടുന്ന നൂറുകണക്കിനു കത്തുകൾക്കും നിവേദനങ്ങൾക്കും രഹസ്യ റിപ്പോർട്ടുകൾക്കും മുകളിൽ ‘A’ അല്ലെങ്കിൽ ‘AP’ എന്നു കുറിച്ചു കൈമാറാൻ സോണിയ ഗാന്ധിക്ക് ഇനിയാവില്ല. എപി എന്ന അഹമ്മദ് പട്ടേൽ വിടവാങ്ങിയിരിക്കുന്നു.

രാഹുലിനും പ്രിയങ്കയ്ക്കും മറ്റു ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പഴ്സനൽ സ്റ്റാഫിനുമൊക്കെ സോണിയ അക്ഷരങ്ങളിൽ പേരെഴുതി കുറിപ്പുകൾ കൈമാറിയിട്ടുണ്ടെങ്കിലും, അവ ഏറ്റവും കൂടുതൽ കിട്ടിയിട്ടുള്ളത് അഹമ്മദ് പട്ടേലിനാണ്. കുടുംബത്തിനു പുറത്ത് സോണിയയുടെ ഏറ്റവും വിശ്വസ്തനായ വ്യക്തിയായിരുന്നു അഹമ്മദ് പട്ടേൽ.

പട്ടേലിന്റെ ഓർമശക്തി അതിശയകരമായിരുന്നു. സോണിയ കൈമാറുന്ന ഓരോ കുറിപ്പിന്റെയും വിശദാംശങ്ങൾ അദ്ദേഹത്തിനു മനഃപാഠമായിരുന്നുവെന്നു മാത്രമല്ല, കോൺഗ്രസിന്റെയും യുപിഎയുടെയും കേന്ദ്ര സർക്കാരിന്റെ ഉപദേശക സമിതിയുടെയും അധ്യക്ഷസ്ഥാനം വഹിച്ച സോണിയയ്ക്കു പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്നും അദ്ദേഹം കൃത്യമായി ഓർമയിൽവച്ചു.

കൂടിക്കാഴ്ചയ്ക്ക് എത്തിയവരുമായി സോണിയ നടത്തിയ സംഭാഷണങ്ങൾ പോലും അദ്ദേഹത്തിന്റെ ഓർമയിലുണ്ടാകുമായിരുന്നു; അവരോടു പറയാനുള്ള മറുപടികളും. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‍വിജയ് സിങ് ഒരിക്കൽ പറഞ്ഞു, ‘ഏറ്റവും വിഷമിപ്പിക്കുന്ന മറുപടികളും മധുരം പുരട്ടി പറയുമായിരുന്നു അഹമ്മദ് പട്ടേൽ.’

എന്നും, അധികാരത്തിന്റെ അണിയറയിൽ

ലോക്സഭയിലും രാജ്യസഭയിലുമായി 40 വർഷം നീണ്ട പാർലമെന്ററി ജീവിതകാലത്ത് – ഇതിൽ 24 വർഷം കോൺഗ്രസ് അധികാരത്തിലായിരുന്നു – ഒരിക്കൽപോലും മന്ത്രിയായില്ല അഹമ്മദ് പട്ടേൽ. 2004 – 2014 യുപിഎ ഭരണകാലത്ത് രണ്ടുതവണ പ്രധാനമന്ത്രി മൻമോഹൻ സിങ് മന്ത്രിസഭയിലേക്കു ക്ഷണിച്ചെങ്കിലും പട്ടേൽ നിരസിച്ചു. അധികാരസ്ഥാനങ്ങൾ സ്വീകരിച്ചില്ലെങ്കിലും ഒരുപാടു മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ‘സൃഷ്ടിച്ച’ സൂപ്പർ മന്ത്രിയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ 3 പാർലമെന്ററി സെക്രട്ടറിമാരിലൊരാൾ എന്ന നിലയിൽ സഹമന്ത്രി പദവിയുണ്ടായതു മാത്രമാണ് അദ്ദേഹത്തിന്റെ അധികാരരാഷ്ട്രീയ കാലം. ഓസ്കർ ഫെർണാണ്ടസും രാജീവിന്റെ സ്കൂൾ സഹപാഠി അരുൺ സിങ്ങുമായിരുന്നു മറ്റു രണ്ടുപേർ. അമിതാഭ് ബച്ചനും വിനോദ് ഖന്നയും ഋഷി കപൂറും അഭിനയിച്ച പ്രശസ്തമായ ഹിന്ദി സിനിമയുടെ പേരിൽ, രാജീവിന്റെ ‘അമർ അക്ബർ ആന്റണി’ ത്രയം എന്നവർ അറിയപ്പെട്ടു.

ഇവരിൽ അരുൺ സിങ് പിന്നീട് രാജീവുമായി തെറ്റിപ്പിരിഞ്ഞു പോയി. പട്ടേലും ഓസ്കറും കോൺഗ്രസിന്റെ ഉറച്ച തൂണുകളായി നിലകൊണ്ടു; രാജീവിനു ശേഷം സോണിയയ്ക്കൊപ്പവും.

എല്ലാവരുടെയും കൂട്ടുകാരൻ

ഒരു ഡസനോളം പ്രാദേശിക പാർട്ടികൾക്കും കോൺഗ്രസ് അധ്യക്ഷയ്ക്കുമിടയിലെ പാലമായി നിലകൊണ്ടപ്പോഴും യുപിഎയുടെ കൺവീനർ എന്ന ഔപചാരിക വിളിപ്പേരിൽ അറിയപ്പെടാൻ അഹമ്മദ് പട്ടേൽ ആഗ്രഹിച്ചില്ല. കരുണാനിധി, ലാലുപ്രസാദ് യാദവ്, പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി, എ.ബി.ബർദൻ തുടങ്ങി അത്യന്തം വ്യതിരിക്തമായ ആശയഗതികളുള്ള ഒരു ഡസനോളം നേതാക്കളുമായി ശക്തമായ രാഷ്ട്രീയ – വ്യക്തിബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. യുപിഎ ഭരണകാലത്ത്, ബില്ലുകളും മറ്റും പാസാക്കിയെടുക്കാൻ പ്രതിപക്ഷത്ത് ബിജെപിയുടെയും അകാലിദളിന്റെയുമൊക്കെ നേതാക്കളുമായി ബന്ധപ്പെടാൻ അദ്ദേഹത്തിന് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.

അത്രമേൽ വിപുലവും ദൃഢവുമായ സൗഹൃദശൃംഖലകൾ, രാഷ്ട്രീയാതീതമായും അദ്ദേഹം സൃഷ്ടിച്ചിരുന്നു.

ശരദ് പവാർ, മമത ബാനർജി, ജി.കെ.മൂപ്പനാർ, വൈ.എസ്. ജഗൻമോഹൻ റെഡ്ഡി തുടങ്ങി ഓരോ കാലത്തും കോൺഗ്രസ് നേതൃത്വവുമായി പിണങ്ങിപ്പിരിഞ്ഞുപോയ നേതാക്കൾപോലും അഹമ്മദ് പട്ടേലുമായി നല്ല ബന്ധം കാത്തു.

പേരുകേട്ട മേൽവിലാസം

മൂന്നുതവണ കോൺഗ്രസ് ട്രഷററായിരുന്ന പട്ടേലിന് നിശ്ശബ്ദം പാർട്ടി ഫണ്ടുണ്ടാക്കാനും അതു തിരഞ്ഞെടുപ്പുകൾക്കും മറ്റു പ്രവർത്തനങ്ങൾക്കും കൃത്യമായി ചെലവഴിക്കാനും പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു. യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ വസതിയെക്കാളും മന്ത്രിമന്ദിരങ്ങളെക്കാളുമധികം സന്ദർശക ബാഹുല്യമുണ്ടായിരുന്നു, ഡൽഹിയിലെ മദർ തെരേസ ക്രസന്റിലുള്ള പട്ടേലിന്റെ വീട്ടിൽ. സാധാരണ കോൺഗ്രസ് പ്രവർത്തകർ മുതൽ കോ‍ർപറേറ്റ് അധിപന്മാർ വരെ അവിടെയാണ് എത്തിയത്.

രാത്രി വൈകുവോളം, പലപ്പോഴും പുലരുംവരെ, ജോലി ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. അതുകൊണ്ടു തന്നെ വൈകിയാണ് അദ്ദേഹത്തിന്റെ ദിനം ആരംഭിച്ചിരുന്നത്. ഏറ്റവും പ്രധാനപ്പെട്ട ആളുകൾ വിളിച്ചാലല്ലാതെ രാവിലെ 10നു മുൻപ് തന്നെ ഉണർത്തരുതെന്ന് പലപ്പോഴും വീട്ടിൽ നിർദേശം കൊടുക്കുമായിരുന്നു അദ്ദേഹം.

പലപ്പോഴും അർധരാത്രിയോടടുത്താണ് സന്ദർശകർക്കു സമയം അനുവദിച്ചിരുന്നത്. അവർ എത്തുമ്പോൾ വീട്ടി‍ൽ ആൾക്കൂട്ടം തന്നെയുണ്ടാകും.

വിമർശനങ്ങളോടും പുഞ്ചിരിച്ചു

മതനിരപേക്ഷത, മിശ്രസമ്പദ്‍വ്യവസ്ഥ തുടങ്ങിയ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു വിശ്വസിച്ച പട്ടേൽ, യുപിഎ സർക്കാരിന്റെ തെറ്റായ ചില നയങ്ങളുടെയും തീരുമാനങ്ങളുടെയും പേരിൽ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. ഉദാഹരണത്തിന്, കൽക്കരി പോലുള്ള ചില വകുപ്പുകളിലെ മന്ത്രിമാരെ നിശ്ചയിച്ചതിലും മറ്റും. യുപിഎ സർക്കാരിനുമേൽ വലിയ കളങ്കം വീഴ്ത്തിയ അഴിമതിയാരോപണങ്ങൾക്കു കാരണമായി ആ വകുപ്പ്. എങ്കിലും, പ്രണബ് മുഖർജി, ശരദ് പവാർ, എ.കെ.ആന്റണി, കമൽനാഥ്, ലാലുപ്രസാദ് യാദവ്, മമത ബാനർജി, പി.ചിദംബരം, ശിവരാജ് പാട്ടീൽ തുടങ്ങിയ വൻതോക്കുകളെ വച്ചുകൊണ്ടും യുപിഎ സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകാൻ സോണിയ ഗാന്ധിക്കു കരുത്തായതു പട്ടേലിന്റെ സാന്നിധ്യമാണ്.

പാർട്ടിക്കുള്ളിലെ സോഷ്യലിസ്റ്റുകളോടും നവീകരണവാദികളോടും ഒരുപോലെ അടുപ്പമുണ്ടായിരുന്നു അഹമ്മദ് പട്ടേലിന്. പാർട്ടി സംസ്ഥാനഘടകങ്ങളിലെ മാത്രമല്ല, വൻകിട നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങളും പറഞ്ഞുതീർക്കാൻ പട്ടേലിനായി. യുപിഎ സർക്കാരിൽ ധനകാര്യം കൈകാര്യം ചെയ്ത പി.ചിദംബരവും വാണിജ്യമന്ത്രിയായിരുന്ന കമൽനാഥും തമ്മിലുള്ള ഈഗോ പ്രശ്നങ്ങളിൽ ക്ഷമയോടെ ഇടപെട്ടു പരിഹാരം കണ്ടു അദ്ദേഹം. പ്രധാനമന്ത്രിമോഹമുപേക്ഷിച്ച് രാഷ്ട്രപതി പദവി സ്വീകരിക്കാൻ പ്രണബ് മുഖർജിയെ സമ്മതിപ്പിച്ചതും പട്ടേലായിരുന്നു.

കോൺഗ്രസ് അണിയറയിലെ ഏറ്റവും കരുത്തനായി വിലയിരുത്തപ്പെടുമ്പോഴും അഹമ്മദ് പട്ടേലിൽ കേന്ദ്രീകരിച്ച അധികാരമാണ് പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ തകർച്ചയ്ക്കു കാരണമായതെന്നു കരുതുന്നവരുണ്ട്. പാർട്ടിയിൽ ‘നോമിനേഷൻ സംസ്കാരം’ ഊട്ടിയുറപ്പിച്ചതു പട്ടേലാണെന്നാണ് ഒരു വിമർശനം. എല്ലാം സോണിയ ഗാന്ധിയിൽ നിക്ഷിപ്തമായിരിക്കുന്ന അവസ്ഥ ഇതു സൃഷ്ടിച്ചു. നിർണായകമായ പല സന്ധികളിലും വ്യക്തമായ തീരുമാനമെടുക്കാതെ ‘കാത്തിരുന്നു കാണാം’ നയത്തിലേക്കു സോണിയ ഗാന്ധിയെ നയിച്ചതു പട്ടേലാണെന്നതാണ് മറ്റൊരു വിമർശനം. ഇതെല്ലാം പാർട്ടിയെ ദുർബലമാക്കി.

രാഹു‍ൽ ഗാന്ധിയുമായും അദ്ദേഹത്തിന്റെ ടീമുമായും പൂർണ ഊഷ്മള ബന്ധം പട്ടേലിനു സാധ്യമായിരുന്നില്ല. പട്ടേലിന്റെ ശൈലി പഴഞ്ചനും ഒത്തുതീർപ്പു കേന്ദ്രിതവുമാണെന്ന് രാഹുൽ ബ്രിഗേഡ് കരുതി. വിമർശകർക്കു മുൻപിലും അഹമ്മദ് പട്ടേൽ പുഞ്ചിരിച്ചുകൊണ്ടു നിന്നതേയുള്ളൂ, അവരുടെ രോഷം ക്ഷമയോടെ കേട്ടുകൊണ്ട്. കോൺഗ്രസിൽ എല്ലാവരും ‘അഹമ്മദ് ഭായ്’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കോൺഗ്രസ് ഏറ്റവും പ്രശ്നഭരിതമായ നാളുകളിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ അഹമ്മദ് ഭായിയുടേത് വലിയ അസാന്നിധ്യം തന്നെയാകും.

സോണിയയുടെ വലംകൈ

കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെയും എഐസിസി അംഗങ്ങളുടെയും മാത്രമല്ല, ഗവർണർമാരുടെയും ഭരണഘടനാസ്ഥാപന മേധാവികളുടെയും നിയമനകാര്യങ്ങളിൽ സോണിയ ഉപദേശം തേടിയിരുന്നതു  പട്ടേലിനോടായിരുന്നു.

1999 – 2004 കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അധികസമയം ചെലവഴിക്കുന്നതിൽ സോണിയ ഗാന്ധി തൽപരയായിരുന്നില്ല. ലോക്സഭാ ചേംബറിനു പുറത്തു സംഭവിച്ചതും മറ്റു പ്രതിപക്ഷ നേതാക്കൾ പറഞ്ഞതുമെല്ലാം സോണിയയ്ക്കു പട്ടേൽ വിശദീകരിച്ചു കൊടുക്കും.

രാജീവ് ഗാന്ധിയുമായുള്ള ബന്ധവും രാജീവിന്റെ പിൻഗാമികളായ പി.വി.നരസിംഹ റാവുവിന്റെയും സീതാറാം കേസരിയുടെയും സോണിയ ഗാന്ധിയോടുള്ള നിലപാടും അഹമ്മദ് പട്ടേലിനു വലിയ ഉൾക്കാഴ്ചകൾ നൽകിയിരുന്നു. പട്ടേലും മാധവറാവു സിന്ധ്യയുമായിരുന്നു അക്കാലത്ത് സോണിയയുടെ ഏറ്റവും അടുപ്പക്കാരായ ഉപദേശകർ.

അഹമ്മദ് പട്ടേൽ

ജനനം: 1949 ഓഗസ്റ്റ് 21

പിതാവ്: മുഹമ്മദ് പട്ടേൽ

മാതാവ്: ഹവാബെൻ പട്ടേൽ

∙വിദ്യാഭ്യാസം: ബിഎസ്‌സി

തിര‍ഞ്ഞെടുപ്പ് വിജയങ്ങൾ

∙1972–76 പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് 

അങ്കലേശ്വർ താലൂക്ക്

∙1977–79 ലോക്സഭാംഗം

∙1980–84 പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്  (ഗുജറാത്ത്)

∙1980–84 ലോക്സഭാംഗം

∙1983–84 ജോ.സെക്രട്ടറി എഐസിസി

∙1984–89 ലോക്സഭാംഗം

∙1985–86 പാർലമെന്ററി സെക്രട്ടറി  (പ്രധാനമന്ത്രി രാജീവ് ഗാന്ധി)

∙1993– 99 രാജ്യസഭാംഗം

∙1998–17 കോൺഗ്രസ് പ്രസിഡന്റിന്റെ പൊളിറ്റിക്കൽ സെക്രട്ടറി 

∙1999– 05 രാജ്യസഭാംഗം

∙2005– 11 രാജ്യസഭാംഗം

∙2011– 17 രാജ്യസഭാംഗം

∙2017– രാജ്യസഭാംഗം

∙2018– ട്രഷറർ, എഐസിസി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com