ADVERTISEMENT

എന്താണോ ചെയ്യുന്നത് അതിൽ മുഴുകാൻ കഴിയാത്തതാണ് പ്രവൃത്തികളുടെ കാപട്യം. എവിടെയാണോ വ്യാപരിക്കുന്നത് അവിടെ ആയിരിക്കാൻ കഴിയാത്തതും പ്രശ്നമാണ്. കൂടെയുണ്ട് എന്നു തോന്നിപ്പിച്ച് അകലെയായിരിക്കുന്നവരും കർമനിരതരാണ് എന്നു വരുത്തിത്തീർത്ത് അലസരാകുന്നവരും അടുപ്പത്തെയും ആവേശത്തെയും അവഹേളിക്കുന്നു. ഒരേസമയം രണ്ടു രീതിയിൽ പെരുമാറാനോ രണ്ടു സ്ഥലത്ത് ആയിരിക്കാനോ ആർക്കും കഴിയില്ല; ഒന്നു മൂടുപടം ആയിരിക്കും. ഒന്നുകിൽ ആഗ്രഹിക്കുന്ന സ്ഥലത്ത് ആയിരിക്കാൻ കഴിയണം; ഇഷ്ടപ്പെടുന്ന പ്രവൃത്തികളിൽത്തന്നെ ഏർപ്പെടാൻ കഴിയണം. അല്ലെങ്കിൽ ആയിരിക്കുന്ന സ്ഥലത്ത് ആത്മാർഥതയോടെ നിലകൊള്ളണം; ഏർപ്പെട്ടിരിക്കുന്ന പ്രവൃത്തികൾ നാട്യങ്ങളില്ലാതെ ചെയ്യണം.

അഭിനിവേശം കൊണ്ടു ചെയ്യുന്ന കാര്യങ്ങളും നിർബന്ധം കൊണ്ടു ചെയ്യുന്ന കാര്യങ്ങളും തമ്മിൽ പ്രക്രിയയിലും ഫലത്തിലും വ്യത്യാസമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന കാര്യങ്ങളോടു സ്വയം ഉത്തരവാദിത്തം ഉണ്ടാകും. സാന്നിധ്യവും പങ്കാളിത്തവും സ്വാഭാവികമായിരിക്കും. ഏതു പ്രതിബന്ധവും മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും.

എന്നാൽ, നിവൃത്തികേടു കൊണ്ടു ചെയ്യേണ്ടിവരുന്ന കാര്യങ്ങളിൽ ചെയ്യുന്നവരുടെ ആത്മാവുണ്ടാകില്ല. സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനു വേണ്ടിയോ ചുറ്റുമുള്ളവരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയോ ആയിരിക്കും ഓരോ കർമവും. മറ്റാരുടെയെങ്കിലുമൊക്കെ നിർദേശാനുസരണം ചെയ്യുന്ന കാര്യങ്ങളായതിനാൽ ആത്മസംതൃപ്തി ഉണ്ടാകില്ല. ഒഴിവാകാനുള്ള കാരണങ്ങൾ സ്വയം കണ്ടെത്തും. എത്രയും വേഗം രക്ഷപ്പെടണം എന്ന ചിന്തയുള്ളതിനാൽ എങ്ങനെയെങ്കിലും തീർക്കാനുള്ള ശ്രമമായിരിക്കും. കഷ്ടപ്പെട്ടു ചെയ്യുന്ന ഒരു കാര്യത്തിനും ഇഷ്ടപ്പെട്ടു ചെയ്യുന്നതിന്റെ മാധുര്യം ഉണ്ടാകില്ല.

എപ്പോഴും എല്ലായിടത്തും ഒരേ രീതിയിൽ പെരുമാറുന്നതല്ല, ഓരോ ഇടത്തിനും യോജ്യമായ രീതിയിൽ പെരുമാറ്റത്തെ ക്രമീകരിക്കുന്നതിലാണു വൈശിഷ്ട്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com