ADVERTISEMENT

സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് 58 ശസ്ത്രക്രിയാ ചികിത്സകൾ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള വിജ്ഞാപനത്തിനു പിന്നാലെ വിവാദവുമെത്തി. സിസിഐഎമ്മിന്റെ (സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ) തീരുമാനത്തിനെതിരെ ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിലാണ്. ഈ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന വ്യത്യസ്ത വാദമുഖങ്ങൾ

ചികിത്സാരംഗം ആരുടെയും കുത്തകയല്ല: ഡോ. സാദത്ത് ദിനകർ

Dr-Sadath-Dinakar
ഡോ. സാദത്ത് ദിനകർ

ആയുർവേദ പിജിയുള്ള സ്പെഷലൈസ്ഡ് ഡോക്ടർമാർക്കാണു ശസ്ത്രക്രിയ നടത്താനുള്ള അനുമതി കേന്ദ്രം നൽകിയിരിക്കുന്നത്. രാജ്യത്താകെയുള്ള ആയുർവേദ സ്ഥാപനങ്ങളിൽ നടക്കുന്ന നിശ്ചിത ശസ്ത്രക്രിയകൾക്കു നിയമസാധുത ലഭിക്കാനാണിത്. ശല്യതന്ത്ര (ജനറൽ സർജറി), ശാലാക്യതന്ത്ര (ഒഫ്താൽമോളജി, ഇഎൻടി ആൻഡ് ഡെന്റൽ) എന്നീ രണ്ടു വിഭാഗത്തിൽ സ്പെഷലൈസേഷൻ കഴിഞ്ഞ ഡോക്ടർമാർക്കു മാത്രമാണ് ഇതു ബാധകം.

പ്രസൂതിതന്ത്ര (ഗൈനക്കോളജി) സ്പെഷലിസ്റ്റുകൾക്കും ശസ്ത്രക്രിയയ്ക്കുള്ള അനുവാദം നൽകണമെന്നാണു ഞങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ ചെയ്യാനുള്ള അനുവാദം നൽകിയിരിക്കുന്നു എന്ന വാദം ശരിയല്ല. ഉത്തരവിൽ പറയുന്നതു പ്രകാരമുള്ള സ്പെഷലൈസേഷൻ കഴിഞ്ഞ ഡോക്ടർമാരുടെ എണ്ണം കേരളത്തിൽ 400ൽ താഴെയാണ്.

എംബിബിഎസ് ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് ഒരേ പ്രവേശന പരീക്ഷയാണുള്ളത്. ബിഎഎംസ് (ബാച്‌ലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി) വിദ്യാർഥികൾ ആധുനിക ശാസ്ത്രവും ആയുർവേദ ശാസ്ത്രവും ഒപ്പം പഠിച്ചാണു കോഴ്സ് പൂർത്തിയാക്കുന്നത്. ബിഎഎംഎസ് വിദ്യാർഥി ഫിസിയോളജി അനാട്ടമി, സർജറി, ഗൈനക്കോളജി ഉൾപ്പെടെയുള്ള വൈദ്യശാസ്ത്ര വിഭാഗങ്ങൾ പഠിക്കുകയും അതിൽ പ്രായോഗിക പരിജ്ഞാനം  നേടുകയും ചെയ്യുന്നുണ്ട്. ഡിസെക്‌ഷൻ, ഓട്ടോപ്സി തുടങ്ങിയവയിലും പരിശീലനം നേടിയാണ് അവർ കോഴ്സ് പൂർത്തിയാക്കുന്നത്.

‘ആയുർവേദത്തിൽ എന്തു ശസ്ത്രക്രിയ’ എന്ന രീതിയിൽ വിമർശിക്കുന്നവരുണ്ട്. ശസ്ത്രക്രിയയെക്കുറിച്ചും പ്രായോഗികമായി ശസ്ത്രക്രിയ ചെയ്യുന്നതിനെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്ന ലോകത്തെ ആദ്യ ഗ്രന്ഥം ‘സുശ്രുതസംഹിത’യാണ്. അതിനാലാണു സുശ്രുത ആചാര്യനെ ‘ശസ്ത്രക്രിയയുടെ പിതാവ്’ എന്നു ലോകമാകെയുള്ള മെഡിക്കൽ സിസ്റ്റം വിശേഷിപ്പിക്കുന്നത്. ശവഛേദനം (ഡിസെക്‌ഷൻ), ശരീരശാസ്ത്രം, ആന്തരികാവയവങ്ങളുടെ രൂപം, എണ്ണം എന്നിവയെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചതും ആയുർവേദ ഗ്രന്ഥങ്ങളിൽ തന്നെ.

ബിപി അപ്പാരറ്റസ്, എക്സ്റേ ലാബ് ഉൾപ്പെടെയുള്ള ആധുനിക രോഗനിർണയ ഉപാധികൾ ഫിസിക്സിന്റെയും കെമിസ്ട്രിയുടെയും സംഭാവനയാണ്. ആരോഗ്യ/ചികിത്സാ മേഖലയിലെ 99% നൊബേൽ പുരസ്കാരങ്ങളും നേടിയിട്ടുള്ളതു മറ്റു ശാസ്ത്രമേഖലകളിലെ ഗവേഷകരാണ്. 30 വർഷം മുൻപ് കേരളത്തിൽ അലോപ്പതി പഠിച്ച വിദ്യാർഥികൾ ലാപ്രോസ്കോപ്പിക് സർജറി കണ്ടിട്ടുണ്ടാവില്ല. ഇപ്പോൾ ഏറ്റവും വിദഗ്ധരായ സർജന്മാരൊക്കെത്തന്നെ അക്കാലത്തു പഠിച്ചവരുമാണ്. പക്ഷേ, അവർ ശാസ്ത്രത്തിന്റെ പുരോഗതിയെ പ്രായോഗിക പരിജ്ഞാനത്തിലൂടെ വിജയകരമായി നടപ്പാക്കുന്നു.

സർജറി, ഗൈനക്കോളജി അടക്കമുള്ള പരിശീലനങ്ങൾ ബിഎഎംഎസ് സിലബസിന്റെ ഭാഗമാണെന്നും ഇതിനുള്ള സംവിധാനങ്ങൾ അതതു കോളജുകളിൽ ഒരുക്കണമെന്നും സിസിഐഎം (സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ) സിലബസിൽ നിഷ്കർഷിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തുള്ള കോളജുകളിൽ ഇത്തരത്തിലുള്ള ശസ്ത്രക്രിയ ചെയ്യാം.

കേരളത്തിൽ സർക്കാർ അലോപ്പതി ആശുപത്രികളിൽ ആയുർവേദ വിഭാഗത്തിനു സർജറി പരിശീലനത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിലും പിന്നീടു പിൻവലിച്ചു. അലോപ്പതി സംഘടനകളായിരുന്നു ഇതിനു പിന്നിൽ. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചപ്പോൾ വിജ്ഞാനം ആരുടെയും കുത്തകയല്ലെന്നു വിധിയുണ്ടായി. ചികിത്സാമേഖലകൾ സാധ്യമായ രീതിയിൽ സഹകരിച്ച് ചെലവു കുറഞ്ഞ ചികിത്സ ഉറപ്പാക്കാനാണു ശ്രമിക്കേണ്ടത്.

(ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

തിരിച്ചടിയാകും സങ്കരവൈദ്യം: ഡോ. പി.ടി.സക്കറിയാസ്

Dr-PT-Zacharias
ഡോ. പി.ടി.സക്കറിയാസ്

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പിരിച്ചുവിട്ട് ഇന്ത്യൻ മെഡിക്കൽ കമ്മിഷൻ സ്ഥാപിച്ചതു തന്നെ സങ്കരവൈദ്യത്തിലേക്കുള്ള പെരുമ്പറയായിരുന്നു. സർക്കാർ നോമിനികളായി കൗൺസിലിൽ എത്തിയവർ ‘മെഡിക്കൽ പ്ലൂറലിസം’ ആണു മുന്നോട്ടുവയ്ക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തെ അപ്രത്യക്ഷമാക്കുന്ന ഇത്തരം സമീപനങ്ങൾ വളർച്ച ആഗ്രഹിക്കുന്ന ഇന്ത്യയ്ക്ക് അംഗീകരിക്കാനാവില്ല.

ഡോക്ടർമാരുടെ ക്ഷാമം തീർക്കാൻ സങ്കരവൈദ്യം പ്രോത്സാഹിപ്പിക്കുന്നതു ഗുണകരമാകുമോ? സാധ്യമല്ലെന്നു നാനാതുറകളിലും അഭിപ്രായം ഉയർന്നുകഴിഞ്ഞു. എന്നിട്ടും ആയുർവേദ പിജിക്കാർക്കു ശസ്ത്രക്രിയ പഠിക്കാൻ അവസരം നൽകണമെന്ന തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ.

ഇന്ത്യയിലെ ഡോക്ടർ ക്ഷാമം പരിഹരിക്കാൻ, പ്രതിവർഷം 400 മെഡിക്കൽ കോളജുകളിൽനിന്നായി പുറത്തിറങ്ങുന്ന 85,000 ഡോക്ടർമാർ മതിയാകും. 1000 പേർക്ക് ഒരു ഡോക്ടർ മതിയെന്നു ലോകാരോഗ്യ സംഘടന പറയുമ്പോൾ കേരളത്തിൽ 200ഉം 300ഉം പേർക്ക് ഒരു ഡോക്ടറുണ്ട്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ ഡോക്ടർമാരുടെ കുറവുണ്ട്. വർഷം 85,000 മെഡിക്കൽ വിദ്യാർഥികൾ പഠിച്ചു പുറത്തുവരുന്ന ഈ സംവിധാനത്തിലൂടെ നമുക്ക് ഏതാനും വർഷം കൊണ്ട് ഡോക്ടർമാരുടെ ക്ഷാമം ഇല്ലാതാക്കാം. അല്ലാതെ, എല്ലാ വൈദ്യവും കൂട്ടിക്കലർത്തി സങ്കരവൈദ്യം സൃഷ്ടിക്കാനുള്ള തീരുമാനം വൻ തിരിച്ചടിയാവുകയേയുള്ളൂ.

ആധുനിക വൈദ്യശാസ്ത്രത്തിനു കൂടുതൽ പ്രചോദനവും പ്രോത്സാഹനവും നൽകുമ്പോൾ മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളിൽ കഴമ്പുള്ളതിനെ മാത്രം പ്രോത്സാഹിപ്പിക്കുന്ന രീതിയാണു ലോകാരോഗ്യ സംഘടന ഉൾപ്പെടെ സ്വീകരിച്ചിട്ടുള്ളത്. 

നിലവിലുള്ള ചികിത്സാ സംവിധാനങ്ങളിൽ ആയുർവേദത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. ആ ചികിത്സാശാഖയുടെ തനിമ നിലനിർത്തുകയും കൂടുതൽ പരീക്ഷണ, നിരീക്ഷണങ്ങളും ഗവേഷണങ്ങളും നടക്കുകയും വേണം. അടിസ്ഥാന തത്വങ്ങളിൽ വിഭിന്നമായ വൈദ്യശാസ്ത്ര ശാഖകൾ ഒരിക്കലും യോജിച്ചു പോവുകയില്ല. രോഗാണു ഇല്ലെന്നു വിഭാവനം ചെയ്യുന്ന ശാസ്ത്രശാഖകൾക്ക് ഒരിക്കലും ആധുനിക വൈദ്യശാസ്ത്രവുമായി ചേർന്നുള്ള ചികിത്സയും ഗവേഷണ–നിരീക്ഷണങ്ങളും നടത്താൻ കഴിയില്ല.

അലോപ്പതിയിൽ ഒരു സർജൻ രൂപപ്പെടാൻ 12 മുതൽ 15 വരെ വർഷം വേണ്ടിവരും. ഈ സർജന്മാർ പോലും എല്ലാ ശസ്ത്രക്രിയകളും ചെയ്യാറില്ല. ശസ്ത്രക്രിയ ചെയ്യുന്നതിനു മുൻപു സ്വന്തം രോഗികളെ തിരഞ്ഞെടുക്കുകയെന്ന മാർഗം അവർക്കു മുന്നിലുണ്ട്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ലഭ്യത, മുൻപരിചയം, മറ്റു ജീവനക്കാരുടെ പിന്തുണ എന്നിവയെല്ലാം ഉറപ്പിച്ചാൽ മാത്രമേ ശസ്ത്രക്രിയയ്ക്കു മുതിരുകയുള്ളൂ. അല്ലെങ്കിൽ അതിനു സൗകര്യങ്ങൾ ലഭ്യമായ സ്ഥലത്തേക്കു രോഗികളെ പറഞ്ഞയയ്ക്കും.

ആയുർവേദത്തിൽ അണ്ടർ ഗ്രാജ്വേറ്റ് ലെവലിൽപോലും സർജറികൾ സംബന്ധിച്ചു പരിശീലനം ലഭിക്കുന്നില്ല. അവരെ പിജി തലത്തിൽ സർജന്മാരായി വളർത്താമെന്ന സ്വപ്നത്തിനു യാഥാർഥ്യവുമായി ബന്ധമില്ല. ശസ്ത്രക്രിയ പഠിക്കുന്ന സമയം കൂടി അവർ ആയുർവേദത്തിൽ ശ്രദ്ധ ചെലുത്തണം.

ഇപ്പോഴത്തെ തീരുമാനത്തിനെതിരെ ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർമാർ മാത്രമല്ല എതിർപ്പുയർത്തേണ്ടത്. ചികിത്സാമേഖലയോടു താൽപര്യമുള്ള എല്ലാവരും ഇതെക്കുറിച്ചു ചിന്തിക്കണം. ഈ ചെറുത്തുനിൽപ്് ആയുർവേദത്തിന്റെ മെച്ചപ്പെട്ട വളർച്ചയ്ക്കു വേണ്ടിയാണെന്നുകൂടി ഓർക്കുക.

(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ) 

English Summary: Permission for 58 surgery treatments for specialized ayurveda doctors - Paksham Marupaksham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com