ADVERTISEMENT

∙ പി. ജയചന്ദ്രൻ: ഇപ്പോൾ, ഹിറ്റായ ഒരു പാട്ടിനു പോലും ഒരു മാസത്തിൽ കൂടുതൽ ജീവനില്ല. സ്റ്റേജിലും റിയാലിറ്റി ഷോയിലുമൊക്കെ പാടുന്നതു പഴയ പാട്ടുകളാണ്. മുൻപ് ഇരിങ്ങാലക്കുടയിലെ ഒരു തിയറ്ററിൽ പോയി, ‘താമസമെന്തേ വരുവാൻ’ എന്ന പാട്ടുകേൾക്കാൻ വേണ്ടി മാത്രം 27 തവണ ‘ഭാർഗവീനിലയം’ എന്ന സിനിമ കണ്ട കാലമൊക്കെയുണ്ടായിരുന്നു.

∙ ജയമോഹൻ: ഞാൻ മലയാളത്തിൽ എഴുതുമ്പോൾ അതിലെ സംസ്കൃത വാക്കുകളെല്ലാം എടുത്തു പുറത്തുകളഞ്ഞിട്ട് മലയാള വാക്കുകൾ ഉപയോഗിക്കാറുണ്ട്. എന്നോടു പലരും പറഞ്ഞിട്ടുണ്ട് – ജയമോഹൻ താഴ്ന്ന ജാതിക്കാരുടെ ഭാഷയിൽ എഴുതുന്നുവെന്നും അതു വളരെ നന്നായിട്ടുണ്ടെന്നും ഒക്കെ. കാരണം അതു പച്ചമലയാളമാണ്. സംസ്കാരസമ്പന്നനെന്നു കാണിക്കാൻ സംസ്കൃതം കലർന്ന മലയാളം സംസാരിക്കണമെന്നു മലയാളികൾ കരുതുന്നു. 

∙ എം.ലീലാവതി: രാമചന്ദ്ര അയ്യർ മാസ്റ്റർ സാഹിത്യരസികൻ കൂടിയായിരുന്നു. അദ്ദേഹം മാസിക തുറന്ന് (എന്റെ) ലേഖനം ക്ലാസിൽ വായിച്ചു. അകമഴിഞ്ഞ് അഭിനന്ദിച്ചു. വലിയ എഴുത്തുകാരിയാകുമെന്നു പ്രവചിച്ചു. അന്ന് അനുഭവപ്പെട്ട ആഹ്ലാദത്തിനു തുല്യമായ ഒന്ന് പിൽക്കാലത്തു ലഭിച്ച അംഗീകാരങ്ങളിൽ ഒന്നിൽനിന്നും കിട്ടിയിട്ടില്ല.

∙ ഡോ. വി.ആർ. പ്രബോധചന്ദ്രൻ നായർ: മലയാളികൾ സ്വന്തം വേരിൽകൂടി മറ്റു പോഷകാഹാരങ്ങളും സ്വീകരിക്കാറുണ്ട്. പുറത്തുനിന്നു കിട്ടുന്നതെന്തും ഉൾക്കൊള്ളാൻ മലയാളം തയാറാണ്. അത്ര വിശാലമായ ഭാഷാബോധമാണു നമ്മളുടേത്. പക്ഷേ, തമിഴിൽ അങ്ങനെയല്ല. എല്ലാറ്റിനെയും തനി തമിഴാക്കാൻ അവർ ശ്രമിക്കും.

∙ ശ്രീകുമാരൻ തമ്പി: ഞാനൊരു സ്ട്രക്ചറൽ എൻജിനീയറാണ്. അണക്കെട്ടുകളും പാലങ്ങളും വാട്ടർ ടാങ്കുകളും മറ്റും ഡിസൈൻ ചെയ്യാൻ എനിക്കു വളരെ ഇഷ്ടമാണ്. കവിതയും ഗാനവും എഴുതുമ്പോൾ അനുഭവിക്കുന്ന സംതൃപ്തി ഒരു ഡിസൈൻ ചെയ്ത് അതിന്റെ ഡ്രോയിങ്ങും ബാർ ബൈൻഡിങ് ഷെഡ്യൂളും തയാറാക്കിക്കഴിയുമ്പോഴും ഞാൻ അനുഭവിക്കാറുണ്ട്.

∙ രവിൻ അപ്പൻ: ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷം’ ആണ് അച്ഛനെ (കെ.പി.അപ്പൻ) പ്രസിദ്ധിയിലേക്ക് ഉയർത്തിയ പുസ്തകം. പിൽക്കാലത്ത് ഞാനതു വായിച്ചിട്ട് വളരെ ശാന്തനായിരിക്കുന്ന അച്ഛനെ നോക്കി അദ്ഭുതപ്പെട്ടിട്ടുണ്ട്. എഴുത്തിലെ ക്ഷോഭം അച്ഛന്റെ നിർമലരൂപത്തിൽ ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.

Content Highlight: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com