ADVERTISEMENT

മൊബൈൽ ആപ്പുകളിലൂടെയുള്ള വായ്പത്തട്ടിപ്പിന്റെ കഥകൾ നമ്മുടെ നാട്ടിലും പതിവായി കേൾക്കുന്നു. ചിലന്തിവല പോലെ കെണിയൊരുക്കി കാത്തിരുന്ന് സാധാരണക്കാരെ കുരുക്കുന്നത് ആരാണ് ? ഇതിനു പിന്നിലെ ചൈനീസ് ബന്ധമെന്ത് ? മനോരമ നടത്തിയ അന്വേഷണത്തിൽനിന്ന്......

നിന്നനിൽപിൽ ലഭിക്കുന്ന ഓൺലൈൻ വായ്പകൾ ജീവിതം തകർക്കുന്ന സംഭവങ്ങൾ കേരളത്തിലും തുടർക്കഥയായതോടെയാണ് ‘തട്ടിക്കൂട്ട് ആപ്പു’കളുടെ പിന്നാമ്പുറം തേടി യാത്ര തുടങ്ങിയത്.

അനധികൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടികയുണ്ടാക്കി അവ തമ്മിൽ എന്തെങ്കിലും സമാനതകളുണ്ടോ എന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കൊച്ചിയിലെ സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ ടെക്നിസാങ്റ്റ് സിഇഒ നന്ദകിഷോർ ഹരികുമാറിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.

ഡൽഹിയിലെ ഓഖ്‌ല ഇൻഡസ്ട്രിയൽ ഏരിയയിൽ റജിസ്റ്റർ െചയ്തിരിക്കുന്ന ഒരു ആപ് കമ്പനിയുടെ വിലാസത്തിൽനിന്നു തുടങ്ങിയ തിരച്ചിൽ എത്തിനിന്നത് ചൈനയിലെ ഷാങ്ഹായ് കേന്ദ്രമായ ഹുയ് യുങ് ഫിനാൻഷ്യൽ ഹോൾഡിങ് കോർപറേഷൻ എന്ന വൻകിട ഓൺലൈൻ വായ്പാ സ്ഥാപനത്തിലാണ്. പരിശോധനയ്ക്കു വിധേയമാക്കിയ മിക്ക ആപ്ലിക്കേഷനുകളുടെയും മാതൃകമ്പനികളുടെ ഡയറക്ടർ ബോർഡിൽ ഒരു ചൈനീസ് പൗരനെങ്കിലും ഉറപ്പ്.

മിക്ക കമ്പനികളിലുമുള്ളത് ഒരേ ഡയറക്ടർമാർ. പലതിലും ഇന്ത്യൻ ഡയറക്ടർമാർ വെറും ഡമ്മികൾ! ഇത്തരം കമ്പനികളിൽ ഭൂരിഭാഗവും റജിസ്റ്റർ ചെയ്തിരിക്കുന്നത് കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ്.

ഏതാനും വ്യക്തികൾ ചേർന്നു നടത്തുന്ന തട്ടിപ്പ് എന്നതിനപ്പുറം വൻകിട ചൈനീസ് കമ്പനികൾ ആസൂത്രിതമായി നിയന്ത്രിക്കുന്ന സമാന്തര സാമ്പത്തിക ശൃംഖലയുടെ ഉള്ളറകളിലേക്കാണ് അന്വേഷണം ഞങ്ങളെ എത്തിച്ചത്.

ചൈനീസ് നിർമിത ഇന്ത്യൻ കമ്പനി!

ആരോപണവിധേയമായ ഒരു ആപ്പിന്റെ മാതൃകമ്പനിയായ എഫ്ടെക് കൺസൽറ്റൻസി സർവീസസിന്റെ ഡയറക്ടർമാരുടെ പ ട്ടികയിൽ തുടങ്ങിയ അന്വേഷണം എത്തിച്ചേർന്നത് ബെനിഫാക്ടം അലയൻസ് ഇന്ത്യ എന്ന മറ്റൊരു കമ്പനിയിൽ. അഭിഷേക് കുമാർ, ദീപക് കുമാർ ഝാ എന്നിവർക്കു പുറമേ, ദു ഷുവെസെൻ എന്ന ചൈനീസ് പൗരനും ഈ കമ്പനിയുടെ ഭാഗമാണ്.

റജിസ്ട്രാർ ഓഫ് കമ്പനീസിൽ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലെ ഡൊമെയ്ൻ പരിശോധിച്ചപ്പോൾ തനി ചൈനീസ്. ഇമെയിൽ ഡൊമെയ്ൻ ഹെബ്രോൻ ടെക്നോളജി എന്ന ചൈനീസ് സ്ഥാപനവുമായി ബന്ധപ്പെട്ടതാണെന്ന് അടുത്തഘട്ട അന്വേഷണത്തിൽ ബോധ്യമായി.

‌ഇനിയാണു ട്വിസ്റ്റ്. ഹെബ്രോൻ ടെക്നോളജി എന്ന കമ്പനിയിലെ മുഖ്യ നിക്ഷേപകർ ചൈനയിലെ ഹുയ് യുങ് ഫിനാൻഷ്യൽ ഹോൾഡിങ്സാണ്. ഹുയ് യുങ്ങിന്റെ ഉപകമ്പനികളുടെ പട്ടികയൊന്നു പരിശോധിച്ചു. അപ്പോഴാണ് ബെനിഫാക്ടം അലയൻസ് എന്ന പേരിൽ ബെയ്ജിങ്ങിൽ ഇവർക്കു കമ്പനിയുണ്ടെന്നറിഞ്ഞത്. ഹുയ് യുങ് ഫിനാൻഷ്യൽ ഹോൾഡിങ്സിനു കീഴിലുള്ള ജൂപ്പിറ്റർ ട്രേഡിങ് എന്ന കമ്പനിയുടെ ഡയറക്ടറും ദു ഷുവെസെൻ ആണെന്നറിഞ്ഞതോടെ തിരക്കഥ ഏറെക്കുറെ വ്യക്തമായി.

ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഹുയ് യുങ് ഹോൾഡിങ്സിനു കീഴിൽ ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെനിഫാക്ടത്തിന്റെ ഇന്ത്യൻ പതിപ്പാണ് നമ്മൾ ആദ്യം കണ്ട ‘ബെനിഫാക്ടം അലയൻസ് ഇന്ത്യ’. ഈ കമ്പനി നിയന്ത്രിക്കുന്നതാകട്ടെ, ഹുയ് യുങ് കമ്പനി ഡയറക്ടറുടെ അടുപ്പക്കാരനായ ഷുവെസെനും.

യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചായ നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഹുയ് യുങ് ഹോൾഡിങ്സ്, അവരുടെ തന്നെ ഉപകമ്പനികളുമായി ബിസിനസ് നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്ന ആരോപണം നേരിട്ടിരുന്നു. ഈ ഉപകമ്പനികളിലൊന്നിന്റെ ഡയറക്ടർ ഷുവെസെൻ ആയിരുന്നുവെന്നു കൂടി അറിയുമ്പോഴാണ് പിന്നിലെ കളികൾ പൂർണമായും വ്യക്തമാകുക. ഇയാൾ ഡിസംബർ ആദ്യം ബെനിഫാക്ടം ഇന്ത്യയിൽനിന്നു രാജിവച്ചതായാണു വിവരം. പിടിവീഴുമെന്ന് ഉറപ്പായപ്പോൾ നാടുവിട്ടതാകാനും സാധ്യതയുണ്ട്.

എളുപ്പത്തിൽ കടത്തിലാകാം!  

തിരിച്ചറിയൽരേഖ മാത്രം നൽകി ഓൺലൈനായി അപേക്ഷിച്ചാൽ മറ്റു നൂലാമാലകളില്ലാതെ മണിക്കൂറുകൾക്കുള്ളിൽ വായ്പ റെഡി – തട്ടിപ്പ് ആപ്പുകളുടെ ചൂണ്ടയിതാണ്. ഈ ചൂണ്ടയിൽ കൊത്തിയ ഒട്ടേറെ മലയാളികൾക്കുണ്ടായത് ലക്ഷങ്ങളുടെ ബാധ്യതയും മാനനഷ്ടവും. വായ്പയ്ക്കു മറ്റു സങ്കീർണതകളില്ലാത്തതിനാൽ പലിശ പ്രശ്നമല്ലെന്ന മട്ടിലാണ് പലരും ഇത്തരം ആപ്പുകളുടെ അടിമയാകുന്നത്. 

ആകെ വേണ്ടത് അവരുടെ ആപ് ഇൻസ്റ്റാൾ ചെയ്യുകയെന്നതാണ്. ഇൻസ്റ്റാൾ ചെയ്യുമ്പോൾത്തന്നെ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള സകലരുടെയും നമ്പറുകൾ അവർ സ്വന്തമാക്കും. ഇതു പിന്നീട് ബ്ലാക്മെയിൽ ചെയ്യാനാണ്. 

5,000 രൂപ വായ്പ ചോദിച്ചാൽ ജിഎസ്ടി, പ്രോസസിങ് ചാർജ് എന്നിങ്ങനെ പല മുട്ടാപ്പോക്കു ന്യായം പറഞ്ഞ് 3,800 രൂപയാകും 6 ദിവസത്തെ കാലാവധിക്കു നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകുക. എന്നാൽ, നിങ്ങൾ കൊള്ളപ്പലിശ നൽകേണ്ടത് 5,000 രൂപയ്ക്കാണുതാനും. 6 ദിവസം കഴിഞ്ഞാൽ ലേറ്റ് ഫീ എന്ന പേരിൽ ദിവസവും അതിഭീകരമായ പിഴ ചുമത്തിക്കൊണ്ടിരിക്കും. ഓർക്കുക, ഈ ചാർജുകളോ പലിശയോ നിയമപരമേയല്ല.

തിരിച്ചടവു വൈകുന്തോറും ഫോണിൽ ഭീഷണി സന്ദേശം എത്തിക്കൊണ്ടിരിക്കും. പിന്നീട് നിങ്ങൾ ഫ്രോഡാണെന്നു പറഞ്ഞ് പരിചയക്കാരുടെ നമ്പറുകളിലേക്കു മോശം സന്ദേശം അയച്ച് തളർത്തും. അടയ്ക്കാൻ ഒരു ഗതിയുമില്ലാതെ വരുമ്പോൾ അവർ തന്നെ മറ്റൊരു ആപ് നിർദേശിക്കും. തൽക്കാലം അതുവഴി മറ്റൊരു വായ്പ എടുത്ത് ഇതടയ്ക്കാനാകും നിർദേശം. അങ്ങനെ നിങ്ങൾ ലക്ഷങ്ങളുടെ കടക്കാരാകും.

പണമിറക്കി കളിച്ചോളൂ, കാശ് ഞങ്ങൾ തരാം

തിരുവനന്തപുരം കുറ്റിച്ചലിൽ ഓൺലൈൻ റമ്മി കളിച്ചു കടക്കെണിയിലായി ആത്മഹത്യ ചെയ്ത വിനീതിന്റെ വീട്ടിൽ ഓൺലൈൻ വായ്പാ ആപ്പുകളുടെ ആൾക്കാർ ഭീഷണിയുമായി എത്തിയിരുന്നുവെന്നു വെളിപ്പെടുത്തിയത് സഹോദരൻ വിനീഷാണ്. മരിക്കുമ്പോൾ 21 ലക്ഷം കടമുണ്ടായിരുന്ന വിനീത് ഇത്തരം ആപ്പുകളിലൂടെയാണു പണം കടമെടുത്തിരുന്നതെന്ന് വളരെ വൈകിയാണു കുടുംബം അറിഞ്ഞത്. ‘‘ആപ് കമ്പനിക്കാർ അയച്ച മെസേജ് കണ്ട് പലരും എന്നോടു ചോദിക്കാൻ തുടങ്ങി. അങ്ങനെയാണ് വിനീത് ഇതുപോലെ കടമെടുത്തിട്ടുണ്ടെന്ന് അറിഞ്ഞത്’’ – വിനീഷ് പറയുന്നു.

വർക് ഫ്രം ഹോമിന്റെ മറവിൽ ലക്ഷക്കണക്കിനാളുകളെ ചൂതുകളിയിലേക്കു നയിക്കുന്ന ചൈനീസ് കുതന്ത്രത്തിന്റെ തുടർച്ചയാണ് ഓൺലൈൻ വായ്പാ ആപ്പുകളെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത കടലാസുകമ്പനികളുടെ മറവിൽ ബെയ്‌ജിങ് ആസ്ഥാനമായ ഇന്റർനെറ്റ് കമ്പനികൾ ചുരുങ്ങിയ മാസം കൊണ്ട് സമ്പാദിച്ചത് 1200 കോടിയിലേറെ രൂപയാണ്. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നു.

വെബ് പ്ലാറ്റ്ഫോമിൽ നിശ്ചിതസമയത്തു പ്രത്യക്ഷമാകുന്ന നിറവും സംഖ്യകളും പ്രവചിച്ച് പണം നൽകി പന്തയം വയ്ക്കുന്ന കളർ–നമ്പർ പ്രെഡിക്‌ഷൻ ഗെയിമുകളിലൂടെയാണ് ചൈനീസ് കമ്പനികൾ ചൂതുകളി പുതുരൂപത്തിൽ വ്യാപകമാക്കിയത്. കളിച്ചുകളിച്ച് പണം തീരുന്നവർക്കു മുന്നിലെ ഏക വഴി വായ്പാ ആപ്പുകളാണ്! 

ജാഗ്രത വേണം

ഓൺലൈൻ വായ്പകളെല്ലാം കുഴപ്പമാണെന്ന ധാരണ വേണ്ട. സർക്കാർ ചട്ടങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വായ്പകൾ സുരക്ഷിതമാണ്. വായ്പ വാഗ്ദാനം ചെയ്യുന്ന ആപ്പുകളും പോർട്ടലുകളും ഏതു സ്ഥാപനത്തിൽനിന്നാണു വായ്പ ലഭ്യമാക്കുന്നതെന്നു വെളിപ്പെടുത്തണമെന്ന് ജൂണിൽ ഇറക്കിയ സർക്കുലറിൽ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.പലിശ കണക്കാക്കുന്ന രീതികൾ മാനദണ്ഡങ്ങൾക്ക് എതിരാണെങ്കിൽ പരാതിപ്പെടാം.

സിബിൽ (ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്) സ്കോർ കുറയും എന്നൊക്കെയുള്ള ഭീഷണികളിൽ വീഴരുത്. സിബിലുമായി ഇത്തരം വായ്പകൾക്ക് ഒരു ബന്ധവുമില്ല. ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ എല്ലാ വിവരങ്ങളുടെയും ആക്സസ് നൽകരുത്. സ്ഥാപനം ഏതെന്നു കൃത്യമായി മനസ്സിലാക്കുക. അവയ്ക്കെതിരെ പരാതികൾ ഉണ്ടായിട്ടുണ്ടോയെന്ന് ഗൂഗിളിൽ നന്നായൊന്നു തിരഞ്ഞാൽ മനസ്സിലാകും.

വാങ് മെങ്ങും രജിനിയും തമ്മിൽ

വാങ് മെങ്ങിന്റെ സാന്നിധ്യം ഛദ്ദയിൽ അവസാനിച്ചില്ല. പാൻയുൻ ടെക്നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെയും ഭാഗമാണ് വാങ്. ഇനിയാണ് അടുത്ത ട്വിസ്റ്റ്. കഴിഞ്ഞ ഓഗസ്റ്റിൽ ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നടത്തിയതിനു ഹൈദരാബാദിൽ അറസ്റ്റിലായവർ പാൻയുൻ ടെക്നോളജീസിന്റെ ഭാഗമായിരുന്നു. അതായത്, ഓൺലൈൻ ചൂതാട്ട സൈറ്റുകളും ഓൺലൈൻ വായ്പാ ആപ്പുകളും അടങ്ങിയ വമ്പൻ തട്ടിപ്പുശൃംഖലയാണ് നമുക്കു ചുറ്റുമുള്ളത്.

പാൻയുൻ ഉൾപ്പെടെ 8 കമ്പനികളാണ് അന്നു പൊലീസ് റഡാറിൽ വന്നത്. ഇതിൽ ചില കമ്പനികളിലെ ഡയറക്ടറായിരുന്ന നീരജ് ടൂലി ഡൽഹിയിലെ ചെറിയൊരു പലചരക്കു വ്യാപാരിയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് പല പേപ്പറിലും ഒപ്പിടീച്ചെന്നും തനിക്കൊന്നുമറിയില്ലെന്നുമാണ് നീരജ് അന്നു പൊലീസിനോടു പറഞ്ഞത്.

പാൻയുനിൽ വാങ്ങിനെക്കൂടാതെ ജിയാങ് ഹൈജി എന്ന മറ്റൊരു ചൈനീസ് പൗരൻ കൂടിയുണ്ടെന്നതും ശ്രദ്ധേയം. കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം ഈ കമ്പനിയുടെ ഭാഗമായ നിതിൻ കുമാർ പാണ്ഡെ, പാൻക്സിങ് മണിലോൺ എന്ന മറ്റൊരു ഓൺലൈൻ ആപ് കമ്പനിയുടെ അഡീഷനൽ ഡയറക്ടറാണ്. പാൻക്സിങ്ങിലുമുണ്ടൊരു ചൈനീസ് പൗരൻ.

പാൻയുൻ കമ്പനിയുടെ മുൻ ഡയറക്ടറുടെ പട്ടിക നോക്കുമ്പോഴാണ് ട്വിസ്റ്റ് ഇരട്ടിയാകുന്നത്. പാൻയുനിന്റെ മുൻ ഡയറക്ടറായിരുന്ന രജിനിയാണ് ആദ്യം പറഞ്ഞ ബെനിഫാക്ടം അലയൻസ് ഇന്ത്യയുടെയും മുൻ ഡയറക്ടർമാരിലൊരാൾ. പാൻയുനിന്റെ പഴയ ഡയറക്ടർ അഭിഷേക് കുമാറാകട്ടെ, ഇപ്പോൾ ബെനിഫാക്ടത്തിന്റെ 3 ഡയറക്ടർമാരിലൊരാളും! എല്ലാം ചിലന്തിവല പോലെ ഇഴചേർന്നു കിടക്കുകയാണ്.

‘‘രണ്ടു വർഷമായി ചൈനീസ് കേന്ദ്രങ്ങൾ ഒരുക്കിയ തന്ത്രമാണിത്. കോവിഡ് അതിനു വളമായെന്നു മാത്രം. കോവിഡ് കാലത്തു പണമില്ലാത്ത പലരും വായ്പയെടുത്തു തുടങ്ങിയതോടെയാണ് ഒരാൾ തന്നെ ആറും ഏഴും കമ്പനികൾ തുടങ്ങുന്ന സ്ഥിതിയുണ്ടായത്’’ -അന്വേഷണത്തിൽ സഹായിച്ച നന്ദകിഷോർ ഹരികുമാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com