എതിരില്ലാത്തതെല്ലാം പതിരാകാനുള്ള സാധ്യത കൂടും. പ്രതിരോധിച്ചു വളരുന്നവയ്ക്കു പ്രവർത്തനമികവും ഊർജസ്വലതയും കൂടും. ഒന്നിനോടും എതിരിടാൻ ഇല്ലെങ്കിൽപിന്നെ ഉള്ളതുകൊണ്ടു ജീവിച്ചാൽ മതി. തോൽപിക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെ ആരെയും ജയിക്കേണ്ട ആവശ്യമില്ല. പോരാട്ടവീര്യം നിലനിർത്താനുള്ള ഏകമാർഗം എതിരാളികൾ ഉണ്ടാകുക എന്നതാണ്. മത്സരമോ പന്തയമോ ഇല്ലാതെ നിൽക്കുന്ന കുതിരയ്ക്ക് എത്രനാൾ മത്സരക്ഷമത നിലനിർത്താനാകും?
എതിരാളികളാണു മുന്നറിയിപ്പുകൾ നൽകുന്നത്; ചുവടുകൾ ശ്രദ്ധാപൂർവമാക്കുന്നത്; എങ്ങനെയും പിടിച്ചുനിൽക്കണമെന്ന വാശി രൂപപ്പെടുത്തുന്നത്; തോറ്റുകൊടുക്കില്ല എന്ന് ആവർത്തിച്ചു പറയിക്കുന്നത്; ഇതുവരെ ഇല്ലെന്നു കരുതിയിരുന്ന ശൗര്യവും ധൈര്യവും പുറത്തു കൊണ്ടുവരുന്നത്... നിലവാരമുള്ള ഒരു പ്രതിയോഗിയുണ്ടെങ്കിൽ ആ നിലവാരത്തിനൊപ്പം നിലനിന്നേ പറ്റൂ. ഒരുകാലത്തും ഒന്നിനോടും മത്സരിക്കാത്തവരിൽ സ്വയം സമ്മാനിക്കുന്ന അലസത മാത്രമാകും ബാക്കിയാവുക.
കേടുകൂടാതെ ഇരിക്കുന്നതിലല്ല, കരുത്തോടെ വ്യാപരിക്കുന്നതിലാണു കാര്യം. പ്രസരിപ്പു നിലനിർത്തണമെങ്കിൽ നിരന്തര പരീക്ഷണങ്ങളും നിലയ്ക്കാത്ത പ്രതിവിധികളും നിർബന്ധം. ആലസ്യത്തിന്റെ തടാകത്തിൽ നീന്തിക്കളിച്ചു നടന്നാൽ ആഴിയുടെ തരംഗങ്ങളെ ചെറുക്കാനാകില്ല. എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചാൽ മതി എന്ന ചിന്തയാണ് കിരീടധാരണത്തിനു യോഗ്യതയുണ്ടായിരുന്ന പലരെയും ദാസ്യവൃത്തിയിലേക്കു നയിച്ചത്. വില്ലനാകണമെന്നില്ല, വെല്ലുവിളിയൊന്ന് ഏറ്റെടുത്താൽ മതി, ജീവിതവും അനുഭവവും മാറുന്നതു കാണാം.