‘കൊഞ്ചില്ലാത്ത’ ബജറ്റുകറി!

azhcha-isaac
SHARE

കവിത, ചിത്രകല തുടങ്ങി മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിൽ സ്പർശിക്കാത്തതായി ഒരു സുകുമാരകലയുമില്ല. ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അതു മനഃപൂർവമല്ല. ആരെങ്കിലും ശ്രദ്ധയിൽപെടുത്തിയാൽ മതി, ബജറ്റിന്റെ മറുപടി പ്രസംഗത്തിൽ അവ കൂടി ഉൾപ്പെടുത്തും.

14 കവികൾ, 7 ചിത്രകാരന്മാർ എന്നിവരാണ് റെക്കോർഡ് പ്രസംഗത്തിൽ ഇടംപിടിച്ചത്. കവിതകളിലെ ബിംബകൽപനയും അവയുടെ സാരസ്യവും വ്യക്തമാക്കാൻ തുനിഞ്ഞിരുന്നെങ്കിൽ പ്രസംഗം 3 മണിക്കൂർ 18 മിനിറ്റ് എന്നതിനു പകരം 30 മണിക്കൂർ കടന്നേനെ. ചിത്രങ്ങളിലെ അമൂർത്ത സങ്കൽപങ്ങൾ, ക്യൂബിസം, സർറിയലിസം, ഇംപ്രഷനിസം തുടങ്ങിയവ വിശകലനം ചെയ്യാൻ മന്ത്രി ശ്രമിച്ചിരുന്നെങ്കിൽ പ്രസംഗം എവിടെച്ചെന്ന് അവസാനിക്കുമായിരുന്നെന്നു ചിന്തിക്കാൻ തന്നെ പറ്റുന്നില്ല. ഭാഗ്യവശാൽ മന്ത്രി അതൊന്നും ചെയ്തില്ല.

ശ്ലോകത്തിൽ കഴിക്കുക എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. അതു കുറെക്കാലമായി ആരും പ്രയോഗിച്ചും കേൾക്കാറില്ല. അതുകൊണ്ടുതന്നെ അതിന്റെ അർഥം പലർക്കും അറിയുകയുമില്ല. സത്യത്തിൽ ഐസക് പ്രസംഗത്തിൽ ചെയ്തത് ശ്ലോകത്തിൽ കഴിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അദ്ദേഹം കാര്യങ്ങൾ ഏറ്റവും ചുരുക്കിയാണു പറഞ്ഞത്. വലിച്ചുനീട്ടി പറയാനാണെങ്കിൽ ഒരു മുഴുദിവസം എടുത്താലും തീരാതെ പ്രസംഗം നീണ്ടുപോയേനെ. പ്രസംഗത്തിന്റെ കാവ്യഭംഗിയെക്കുറിച്ചും ചമത്ക്കാരത്തെക്കുറിച്ചും അതിലെ ഉപമകളെയും ഉൽപ്രേക്ഷകളെക്കുറിച്ചും കാവ്യലോകം ബജറ്റ് ചർച്ചയ്ക്കു മുൻപു തന്നെ ചർച്ച ചെയ്യാൻ തുടങ്ങുമെന്നുറപ്പ്. ചിത്രങ്ങളുടെ കാര്യം കലാനിരൂപകരും ആർട് ക്യുറേറ്റർമാരും ഏറ്റെടുക്കുമെന്നു തീർച്ച.

പ്രസംഗത്തിൽ ഉദ്ധരിച്ച കവികളുടെ കൂട്ടത്തിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ ഒരാളുണ്ട്. താമരക്കുളം നെരൂദ എന്ന പേരിൽ പുകഴ്പെറ്റ മന്ത്രി സുധാകരകവി. സുധാകരമന്ത്രിയുടെ ഏറ്റവും പുതിയ ‘ശിരസ്സിലെ കൊഞ്ചുഹൃദയം’ എന്ന കവിതയിലെ രണ്ടു വരികൾ കൂടി ഉദ്ധരിച്ചിരുന്നെങ്കിൽ എന്തായിരുന്നു നഷ്ടം? പ്രസംഗം പരമാവധി ഒരു മിനിറ്റു കൂടി നീളുമായിരുന്നിരിക്കാം. ‘നീ വറുത്തു കൊറിച്ചുവോ/ എന്റെ മാനസം/ പച്ചമാങ്ങ ചേർത്തു ഭുജിക്കുമോ എന്റെ ഹൃദയം!’ എന്ന മന്ത്രികവിതയിലെ വരികൾ കേട്ടവരെല്ലാം ചോദിച്ചത് ആനന്ദലബ്ധിക്കിനിയെന്തു വേണം എന്നായിരുന്നു.

ഫിഷറീസിനു വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രിക്ക് ആ ഭാഗത്തെങ്കിലും കൊഞ്ചുകവിത രണ്ടുവരി ചേർക്കാമായിരുന്നു. ഈ നിർദേശം ചില സഹായികൾ ഉന്നയിച്ചപ്പോൾ കൊഞ്ച് മത്സ്യത്തിന്റെ ഗണത്തിൽ വരില്ല എന്നാണു മന്ത്രി ന്യായം പറഞ്ഞത്. ശാസ്ത്രീയമായി നോക്കുമ്പോൾ അതു സത്യം തന്നെ. അല്ലെങ്കിലും കവികളും പ്രവാചകന്മാരും സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടാറില്ല. മുറ്റത്തെ മുല്ലയ്ക്കു മണമുണ്ടെന്ന് ആരും ഇതുവരെ സമ്മതിച്ചിട്ടില്ല. സാക്ഷാൽ നെരൂദ തന്നെ ഐസക് മന്ത്രിയുടെ അടുത്തിരുന്നാലും സഖാവ് ഗൗനിക്കണമെന്നില്ല. സാമ്പത്തികശാസ്ത്രത്തിലെന്നപോലെ കാവ്യസിദ്ധാന്തങ്ങളിലും മന്ത്രിക്കു തന്റേതായ പിടിവാശികളുണ്ട്. അതുവിട്ട് വള്ളിപുള്ളി മാറിയ ചരിത്രം അദ്ദേഹത്തിനില്ല.

വലിയുന്ന അവകാശവാദങ്ങൾ

റബറിന്റെ തറവില 20 രൂപ കൂട്ടുമ്പോൾ അതിന്റെ പേരിൽ ഇത്ര വലിയ വഴക്കും വക്കാണവും പാലാപ്പോരും ഉണ്ടാകുമെന്ന് മന്ത്രി ഐസക് പ്രതീക്ഷിച്ചു കാണില്ല. തറവില കൂട്ടിയതിന്റെ പിതൃത്വം ഏറ്റെടുക്കാൻ പാലായിലും പരിസരങ്ങളിലുമുള്ള നേതാക്കൾ നെട്ടോട്ടമാണ്. തറവില കൂട്ടിയതു തങ്ങളുടെ ഇടതുമുന്നണി പ്രവേശത്തിന്റെ ഗുണഫലമെന്നാണ് ജോസ് കെ.മാണി പറയുന്നത്. മാണിസാർ ആവിഷ്കരിച്ച വിലസ്ഥിരതാ പദ്ധതിയിലെ തുക കൂട്ടിയതിനു സർക്കാരിനു ജോമോൻവക അഭിവാദ്യവും വന്നപ്പോഴാണ് എംഎൽഎ മാണി സി.കാപ്പൻ ഒരു മുഴം നീട്ടിയെറിഞ്ഞത്. തുക കൂട്ടുമെന്നു രാവിലെ തന്നെ പോസ്റ്റിട്ടതും ഇക്കാര്യത്തിൽ താൻ നേരത്തേ നൽകിയ നിവേദനവും കാപ്പൻ പരസ്യമാക്കി. പാലാ എംഎൽഎ ഇതൊക്കെ ചെയ്താൽ കടുത്തുരുത്തി എംഎൽഎ വിടുമോ? റബർകാര്യത്തിൽ മോൻസ് ജോസഫ് സഭയിൽ സബ്മിഷൻ അവതരിപ്പിച്ചതും പുറത്തു വന്നു.

എല്ലാമായപ്പോൾ പി.സി.ജോർജിനുണ്ടോ സഹിക്കൂ. കൊമ്പൻ പോയ വഴിയേ തന്നെ വേണമല്ലോ മോഴയും പോകാൻ? സ്ഥാനാർഥിയാകാൻ കച്ചമുറുക്കിയിരിക്കുന്ന ഷോൺ ജോർജിനു മൗനം പാലിക്കാൻ കഴിയുന്നില്ല. റബറിന് 20 രൂപ കൂട്ടാൻ ഒരു സർക്കാർ നാലു വർഷം കാത്തതിനെ പരിഹസിച്ച് ഷോണും കളംപിടിച്ചു. മകനെ ജനപക്ഷം ടിക്കറ്റിൽ മത്സരിപ്പിക്കാൻ വഴിയൊരുക്കുന്നതിന്റെ തിരക്കിലായതുകൊണ്ടാണ് പി.സി.ജോർജ് ഇത്തവണ റബർകാര്യം മകനു വിട്ടുകൊടുത്തത്. മകനു ടിക്കറ്റ് നൽകിയാൽ ജനപക്ഷം പാർട്ടിയുടെ പേര് സ്വജനപക്ഷം എന്നു മാറ്റേണ്ടിവരുമോ എന്ന ആശങ്ക പൂഞ്ഞാർപുലിക്ക് ഇല്ലാതില്ല.

ഒരു കാര്യം തീർച്ച.അവകാശവാദമൊക്കെ റബർകാര്യത്തിലായതു കൊണ്ട് ആവശ്യത്തിനു വലിയും. ഇനിയും നാലഞ്ചുപേർ കൂടി വലിച്ചാലും അതു നീളുകയേ ഉള്ളൂ, പൊട്ടില്ല. തർക്കം തീർക്കാൻ ഒരു വഴിയുണ്ട്. കൂട്ടിയ 20 രൂപയുടെ ക്രെഡിറ്റ് നാലായി പങ്കിട്ടു കൊടുക്കുക. മന്ത്രിക്കും ക്രെഡിറ്റ് വേണമെങ്കിൽ 5 കഷണമാക്കി നടുക്കണ്ടം തന്നെ എടുക്കാം. പിന്നെ, ഓരോരുത്തരും നാലു രൂപയുടെ വീതം ക്രെഡിറ്റ് പേരിൽ എഴുതുക. പാലാ, കടുത്തുരുത്തി, പൂഞ്ഞാർ മണ്ഡലങ്ങൾ ചങ്കും കരളും കുടലുമായവർ വേറെ പലരുമുണ്ടല്ലോ. അവർക്കും നൽകാം, വലിഞ്ഞു പൊട്ടാത്ത ക്രെഡിറ്റ്.

ജാഗ്രതക്കുറവല്ല, അതിജാഗ്രത

സിനിമയിൽ പലതും നടക്കും. അതിന്റെ യുക്തിയൊന്നും ആരും ചോദ്യം ചെയ്യില്ല. ഇക്കാര്യം കംപ്ലീറ്റ് ഫിലിം മേക്കറായ കമലിന് അറിയില്ലെന്നു തോന്നുന്നു. സിനിമയിലെപ്പോലെ സർക്കാരിലും എന്തും നടത്താമെന്ന് അദ്ദേഹം ധരിച്ചുവശായിട്ടുണ്ടെന്നു തോന്നുന്നു. അദ്ദേഹത്തിനു സിനിമ കഴിഞ്ഞാൽ പിന്നെ പരിഗണനയിൽ വരുന്നത് ഇടതുപക്ഷ സ്വഭാവവും പുരോഗമനപരതയും നവോത്ഥാന ചായ്‍വുമാണ്.

ഏതു സ്ഥാപനത്തിനും ഇടതുപക്ഷ പരിവേഷം ചാർത്തണമെന്ന് ആത്മാർഥമായ ആഗ്രഹമേ കമൽ സാറിനുള്ളൂ. അതിന്റെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര അക്കാദമിയിൽ നാലുപേരെ സ്ഥിരപ്പെടുത്താൻ വകുപ്പുമന്ത്രിക്കു കത്തെഴുതിയത്. കൂട്ടത്തിൽ രണ്ടു വരി പുരോഗമനവും അത്രതന്നെ ഇടതുപക്ഷ ആശയങ്ങളും ചേർത്തു. ഇതൊന്നും അത്ര വലിയ അപരാധമല്ല. ഇതിന്റെ പേരിൽ പ്രതിപക്ഷം പുക്കാറും പൊല്ലാപ്പും ഉണ്ടാക്കേണ്ട കാര്യവുമില്ല. 

കമൽ സാറിന്റെ പാത പിന്തുടർന്നാൽ സംസ്ഥാനത്തിനു വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കാൻ കഴിയും. എല്ലാ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇടതുപക്ഷ സ്വഭാവം ഉണ്ടാക്കിയാൽ മതി. നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത ഇടതുപക്ഷത്തിൽ ബിരുദവും പുരോഗമനത്തിൽ ബിരുദാനന്തര ബിരുദവുമാക്കണം. നവോത്ഥാനത്തിൽ ഡിപ്ലോമ ഉണ്ടെങ്കിൽ അത് അധിക യോഗ്യതയായി പരിഗണിക്കണം. അങ്ങനെ ചെയ്താൽ പിഎസ്‌സി പിരിച്ചുവിടാം. പത്തിരുപത്തഞ്ച് മെംബർമാരുടെയും നൂറുകണക്കിനു ജീവനക്കാരുടെയും ശമ്പളവും ടിഎയുമെല്ലാം ലാഭിക്കാം. 

ചെലവുചുരുക്കലിന്റെ പുതിയൊരു മാർഗമാണ് ഫിലിം മേക്കർ കാണിച്ചുകൊടുത്തത്. ഇതിൽ അദ്ദേഹം തെല്ലും പശ്ചാത്തപിക്കേണ്ട കാര്യമില്ല. നാട്ടുകാർ കോലം കത്തിക്കുമെന്നായപ്പോൾ സംവിധായകൻ പറഞ്ഞു, തനിക്ക് ഇതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന്. സത്യത്തിൽ ഇതിനെ ജാഗ്രതക്കുറവെന്നല്ല വിശേഷിപ്പിക്കേണ്ടത്, അതിജാഗ്രതയെന്നാണ്.

സ്റ്റോപ് പ്രസ്: ബജറ്റ് പ്രസംഗം ആരംഭിച്ച കവിത എഴുതിയ കുട്ടി പഠിക്കുന്ന സ്കൂൾ ചോർന്നൊലിക്കുന്ന നിലയിൽ.

ബജറ്റ് ചോർന്നൊലിക്കുന്നുണ്ടോ എന്നു നോക്കിയാൽ പോരേ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA