ADVERTISEMENT

പകരത്തിനു പകരം എന്നതു നീതിയല്ല, പകയാണ്. ദുർവ്യാഖ്യാനം നടത്തി നീതിക്കും ന്യായത്തിനും രൂപമാറ്റം പോലും സംഭവിച്ചിട്ടുണ്ട്. തനിക്കു സംഭവിച്ച അതേ ദുരന്തം അയൽക്കാരനും സംഭവിക്കുമ്പോൾ ദുഃഖം പാതിയാകുന്നതും തനിക്കു ലഭിച്ച അതേ സൗഭാഗ്യം ശത്രുവിനും ലഭിക്കുമ്പോൾ സന്തോഷം നിലയ്ക്കുന്നതും മനോഭാവത്തിന്റെ പ്രശ്നമാണ്.

തുല്യവിപത്ത് വരുന്നതു നീതിയും തുല്യഭാഗ്യം വരുന്നത് അനീതിയുമാകുന്നത് എങ്ങനെയാണ്? ദുരന്തം നൽകിയവർക്ക് അതേ ദുരന്തം മടക്കിനൽകാൻ പദ്ധതിയിടുന്നവർക്കുള്ളത് നീതിബോധമല്ല, സ്വാർഥമോഹമാണ്. തനിക്കുണ്ടായ നഷ്ടം, ആ നഷ്ടം വരുത്തിയവർക്കു തിരിച്ചുനൽകുന്ന നഷ്ടങ്ങളിലൂടെ നികത്തപ്പെടില്ല എന്ന സാമാന്യബോധം ഉണ്ടായിരുന്നെങ്കിൽ പ്രതികാരം ഉണ്ടാകില്ലായിരുന്നു. പകരംവീട്ടലിനു വേണ്ടി ചെലവഴിക്കുന്ന സമയവും സമ്പത്തും പരസ്പരം മനസ്സിലാക്കുന്നതിനു വേണ്ടി മാറ്റിവച്ചിരുന്നെങ്കിൽ പക ഒരു പകർച്ചവ്യാധിയാകില്ലായിരുന്നു.

പ്രതിക്രിയകളുടെ പണിപ്പുരയിലെ ആയുധങ്ങൾ എന്തൊക്കെയായിരിക്കും? മുറിവേൽപിക്കാനും തച്ചുടയ്ക്കാനും വിരൂപമാക്കാനുമുള്ള യന്ത്രവിദ്യകളെല്ലാം അവിടുണ്ടാകും. എന്നാൽ, ക്ഷമയുടെ പണിശാലയിൽ കൂട്ടിവിളക്കാനുള്ള ലോഹങ്ങളും മുറിവുണക്കാനുള്ള ലേപനങ്ങളുമാകും ഉണ്ടാകുക. ആയുധപ്പുരകൾ നിർമിക്കുന്നതിനു പകരം ക്ഷമാകേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നെങ്കിൽ ഹൃദയപൂർവം കണ്ടുമുട്ടാൻ ഒരിടമായേനെ.

ദ്രോഹിക്കാനുള്ള കാരണം തലച്ചോറിന്റെയും ക്ഷമിക്കാനുള്ള കാരണം ഹൃദയത്തിന്റേതുമാണ്. പ്രതികാരം ചെയ്യുന്നതിനു പകരം ഒന്നു പുഞ്ചിരിച്ചു കാണിച്ചാൽ അതിനെക്കാൾ വലിയ എന്തു ശിക്ഷയാണ് തെറ്റു ചെയ്തവനു കിട്ടാനുള്ളത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com