ക്ഷേമരാഷ്ട്രീയത്തിന്റെ പിച്ചിൽ കേരളം ട്വന്റി 20 കളിക്കുമ്പോൾ

pinarayi-vijayan-secretariat
മുഖ്യമന്ത്രി പിണറായി വിജയൻ, സെക്രട്ടേറിയറ്റ്
SHARE

കൊറോണക്കാലത്തെ കിറ്റ് വിതരണം സൂപ്പർ ഹിറ്റായെന്ന വിലയിരുത്തലിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭരണ-പ്രതിപക്ഷ മുന്നണികൾ ഒരു പോലെ സൗജന്യരാഷ്ട്രീയത്തിന്റെ വക്താക്കളാവുമ്പോൾ കേരളം ഒരിക്കൽ കൂടി ക്ഷേമരാഷ്ട്രം (welfare state) എന്ന രാഷ്ട്രീയ സങ്കൽപനം ചർച്ചയ്ക്കെടുക്കുകയാണ്. ഔദാര്യമല്ല, അവകാശമാണ് എന്ന് ഇടതുപക്ഷം പോലും 'സൗജന്യ രാഷ്ട്രീയ'ത്തെ ആദർശവൽക്കരിക്കാൻ ശ്രമിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെയുണ്ടായ സംസ്ഥാന ബജറ്റിലെ കൗതുകക്കാഴ്ച. പ്രളയകാല-കോവിഡ് കാല മാതൃകയിൽ സൗജന്യ കിറ്റ് വിതരണം അനന്തകാലം (അതായത്, ചുരുങ്ങിയത് നിയമസഭാ തിരഞ്ഞെടുപ്പു വരെ. ഡോ. തോമസ് ഐസക് 2021 ജനുവരി 15ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ സാങ്കേതികമായി നാലു മാസം മാത്രം ആയുസ്സുള്ളതും, ഒരു താൽക്കാലിക വോട്ട് ഒാൺ അക്കൗണ്ടിന്റെ മാത്രം പദവിയുള്ളതുമായ രേഖയാണല്ലോ) തുടരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.

ഭാവികേരളത്തി്‌ന്റെ ഇടതു ബദൽ മാതൃകയെന്നു ഭരണപക്ഷത്തിനു നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർട്ടി തന്നെ വിശേഷിപ്പിച്ചതോടെ ഇടതിടങ്ങളിലെ ഇത്തിരി സന്ദേഹങ്ങൾ കൂടി ഇല്ലാതായിട്ടുണ്ടാവണം.

വികസന, ജനക്ഷേമ പരിപാടികളിൽനിന്നു സർക്കാരുകൾ പൂർണമായി പിന്മാറുകയും അവ സ്വകാര്യ മേഖലയ്ക്കു വിട്ടുകൊടുക്കുകയും ചെയ്യുകയെന്ന പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ വലതു നയം തൽക്കാലം കയ്യൊഴിയുകയാണെന്ന് കേരളത്തിലെ യുഡിഎഫും വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ മാസം ആറായിരം രൂപ വീതമെത്തുന്ന മധുരമനോജ്ഞ കാലമാണ് യുഡിഎഫിന്റെ വാഗ്ദാനം. ബിജെപി മുന്നണിയാകട്ടെ, അവരുടെ 'ദേശീയ' രാഷ്ട്രീയ അജൻഡകൾ കേരളത്തിലെ പൊതുതിരഞ്ഞെടുപ്പുകളിൽ തൽക്കാലം ഏശുന്നില്ലെന്നു തിരിച്ചറിഞ്ഞതു കൊണ്ടുമാവാം, കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കഴിയുന്നത്ര പ്രചരിപ്പിക്കുകയായിരിക്കും തിരഞ്ഞെടുപ്പു പ്രചാരണത്തിലും നിർവഹിക്കുകയെന്നും വ്യക്തം. ചുരുക്കത്തിൽ, ''സൗജന്യങ്ങളിലൂടെ സംതൃപ്തരാക്കുക'' എന്ന ക്ഷേമരാഷ്ട്രീയം  ട്വന്റി-20യുടെ ഗ്രൗണ്ട് വിട്ട് ഗെയിമിന്റെ വലിയ ഫോർമാറ്റുകളിലേക്ക് ഔദ്യോഗികമായിത്തന്നെ കടക്കുകയാണ്.

സൗജന്യത്തിന്റെ രാഷ്ട്രീയം

പ്രളയകാലമോ കോവിഡ് കാലമോ പോലുള്ള പ്രതിസന്ധികാലങ്ങളിൽ, ദുരിതമനുഭവിക്കുന്ന സാമാന്യജനത്തിനു ഭക്ഷണമുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ സൗജന്യമായി എത്തിക്കുന്നതിലെ സദുദ്ദേശ്യവും, രാഷ്ട്രീയതാൽപര്യത്തിനതീതമായ ജനക്ഷേമ തൽപരതയും അഭിനന്ദിക്കപ്പെടേണ്ടതു തന്നെയെന്നതിൽ ആർക്കും സംശയം കാണില്ല. മറ്റൊരു സംസ്ഥാനത്തും സമാനതകൾ കാണാൻ കഴിയാത്ത സമൂഹഅടുക്കളകളും അക്കാലങ്ങളിൽ കേരളത്തിന്റെ സോഷ്യലിസ്റ്റ് സാമൂഹികബോധത്തെ ഉയർത്തിപ്പിടിക്കുകയുണ്ടായി. ഭരണകൂടങ്ങളുടെ ബാധ്യതയായ സാമൂഹികസുരക്ഷാ- ക്ഷേമ പെൻഷനുകൾ അഞ്ചു വർഷം മുൻപത്തെ 600 രൂപയിൽ നിന്ന് അഞ്ചു വർഷം കൊണ്ട് 1600 രൂപയിലെത്തിച്ചതും മുൻകാല കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ (അപ്പോൾ മാത്രം) ചെറുതല്ലാത്ത നേട്ടമാണ്. (സാമൂഹിക പെൻഷനുകളെ ഭരണകൂട സൗജന്യങ്ങളായി ആരും കാണേണ്ടതില്ല. വാർധക്യം മൂലമുള്ളതോ, വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നതു കൊണ്ടുണ്ടാവുന്നതോ ആയ തൊഴിലില്ലായ്മ, വൈധവ്യം, അംഗവൈകല്യം തുടങ്ങി പലവിധ കാരണങ്ങളാൽ നിരന്തരവും തുടരുന്നതുമായ അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെ അവകാശമാണത്). 

അത്തരം ജനക്ഷേമ പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടാനും അവയെ ജനസമ്മതിയായി പരിവർത്തിപ്പിക്കാനും കേരളത്തിലെ ഇടതു സർക്കാരിന്, പ്രത്യേകിച്ച് പാർലിമെന്ററി ജനാധിപത്യ വ്യവസ്ഥിതിയിൽ ഇടയ്ക്കിടെ തിരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരുന്നൊരു മുന്നണിക്ക് രാഷ്ട്രീയമായും ധാർമികമായും അവകാശമുണ്ട് എന്നതും തർക്കം ആവശ്യമില്ലാത്ത വസ്തുത തന്നെ. പക്ഷേ, ഒരു ഭരണകൂടത്തിന്റെ ഭരണനയം തന്നെയായി അതു മാറുമ്പോൾ ചില പ്രശ്നങ്ങൾ ഉയർന്നു വരുന്നതും കാണാതിരിക്കാനാവില്ല. അതൊരു ഇടത്, കമ്യൂണിസ്റ്റ് ഭരണകൂടമായിരിക്കെ പ്രത്യേകിച്ചും. ('ഇടതുപക്ഷത്തിന്റെ കേരള ബദൽ' ഇതാണ് എന്ന് ബജറ്റ് പ്രസംഗത്തിന്റെ ഉപസംഹാരത്തിൽ ഡോ. തോമസ് ഐസക് വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ബജറ്റുകളും 'സാമൂഹിക ക്ഷേമത്തിലും ഉപജീവന തൊഴിലുകളിലും ഊന്നിയുള്ളതായിരുന്നു' എന്നും, 'വിജ്ഞാന സാന്ദ്രമായ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കലാണ് അടുത്ത കടമ' എന്നും അദ്ദേഹം തുടർന്നു പറയുന്നു. 'ഭാവികേരളത്തിന്റെ  രൂപരേഖ' എന്നു ബജറ്റിന്റെ ആമുഖത്തിൽ അവകാശപ്പെടുന്നുമുണ്ട്. അതായത്, തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ഇന്നിനെക്കുറിച്ചും നാളെയെക്കുറിച്ചും മാത്രം ചിന്തിക്കുകയും തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു മാത്രം ഭാവിയെക്കുറിച്ചുള്ള ചിന്ത-അതിനെയാണല്ലോ നാം സ്വപ്‌നം എന്നു വിളിക്കുക-പങ്കുവയ്ക്കുകയും ചെയ്യുക!).

കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനെ ലാഭ-നഷ്ട മൂലധനാധിഷ്ഠിത രാഷ്ട്രീയത്തിൽ നിന്ന് പേടിപ്പിച്ചുണർത്താൻ പിണറായി വിജയൻ സർക്കാരിനും ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനും കഴിഞ്ഞു എന്നതും കാണാതിരുന്നു കൂടാ. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ആജീവനാന്തം സൗജന്യ കിറ്റ് വിതരണം ചെയ്യുമെന്ന വാഗ്ദാനം വരെ ഇനി യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഇടംപിടിച്ചാലും അദ്ഭുതപ്പെടാനില്ലെന്നതാണു സത്യം. അക്കൗണ്ടിൽ മാസം ആറായിരം രൂപയെത്തിക്കുന്ന 'ന്യായ്' എന്ന 'അന്യായ' ഓഫറിനെ മറികടക്കാൻ ബിജെപി എന്താണു കരുതി വച്ചിട്ടുള്ളത് എന്നത് കാണാനിരിക്കുന്നതേയുള്ളൂ (പഴയ 15 ലക്ഷത്തിന്റെ കണക്ക്, പറഞ്ഞവരും കേട്ടവരും മറന്നു കാണണം).

ഒരു ഭരണകൂടം അതിന്റെ പൗരന്മാർക്ക് നിരന്തരമായി നൽകിക്കൊണ്ടിരിക്കുന്ന ഏതൊരു സഹായവും കേവല വേദനസംഹാരി എന്നതിനപ്പുറം അവരുടെ സാമൂഹിക പദവി ഉയർത്താൻ സഹായകമായിരിക്കണം എന്നത് പുരോഗമന രാഷ്ട്രീയ തത്വചിന്തകർ മുതലാളിത്തത്തിന്റെ ആവിർഭാവകാലം മുതൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടനാ നിർമാണസഭ കുറെയേറെ ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷം സംവരണത്തെ ഭരണഘടനാരേഖയിൽ എഴുതിച്ചേർത്തതും അതേ ലക്ഷ്യത്തോടെ തന്നെ. ജാതിസംവരണമെന്നത് കേവലം ദാരിദ്ര്യനിർമാർജന പദ്ധതിയല്ലെന്നും, അത് കാലാകാലങ്ങളായി അധികാരത്താൽ അടിച്ചമർത്തപ്പെടുന്നവരുടെ സാമൂഹികപദവി ഉയർത്താനുള്ള മാർഗനിർദേശമാണെന്നും, കടുത്ത വരേണ്യവാദം കൈമുതലാക്കിയവരൊഴികെ എല്ലാവരും സമ്മതിക്കുന്നുണ്ട്. സംവരണത്തിന്റെ യുക്തി തന്നെയാണ് സൗജന്യങ്ങൾക്കും ബാധകമാവേണ്ടത് എന്നു ചിന്തിക്കുന്നവരിൽ പക്ഷേ, 'ക്ഷേമരാഷ്ട്രീയ'ത്തിന്റെ സദുദ്ദേശ്യത്തിലടങ്ങിയ ഗൂഢലക്ഷ്യങ്ങൾ സംശയം ഉളവാക്കുന്നു. അതു കൊണ്ടു തന്നെയാണ്,   ഇടതുവലതു മുന്നണികൾ ഒരുപോലെ ക്ഷേമരാഷ്ട്രീയത്തിന്റെ വക്താക്കളാകുമ്പോൾ അതിലടങ്ങിയ  രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചയാവുന്നത്.

ഹിറ്റ്‌ലർ സ്വപ്‌നം കണ്ടതും വെൽഫെയർ സ്റ്റേറ്റ്; മാർക്‌സ് നൽകിയ മുന്നറിയിപ്പ്

തുല്യഅവസരങ്ങൾ അല്ലെങ്കിൽ തുല്യനീതി അല്ലെങ്കിൽ തുല്യസാമൂഹിക പദവി തുടങ്ങിയവയൊന്നും തങ്ങളുടെ അജൻഡയിലില്ലാത്ത മുതലാളിത്ത-ഏകാധിപത്യ ഭരണകൂടങ്ങളുടെ കാലത്താണ് ലോകത്ത് ഇത്തരം ക്ഷേമരാഷ്ട്രീയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വ്യാവസായിക വിപ്ലവവും രണ്ടു ലോക മഹായുദ്ധങ്ങളും ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെടുന്ന 1930ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുമാണ് യൂറോപ്പിൽ, പിന്നീട് അമേരിക്കയിലും, ക്ഷേമരാഷ്ട്ര സങ്കൽപത്തിനു പല കാലങ്ങളിലായി ശക്തികൂട്ടിയത്. സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണം ചോദ്യം ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ്, അങ്ങനെ ചോദ്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുള്ളവരെ അവർക്ക് അവശ്യം വേണ്ടതെന്തോ അവ സൗജന്യമായി നൽകി തൃപ്തിപ്പെടുത്താൻ അക്കാലങ്ങളിലെ ഭരണകൂടങ്ങൾ തയാറായത് എന്നു ചരിത്രം ചൂണ്ടിക്കാണിക്കുന്നു. 

മുതലാളിത്തത്തിന്റെയും ജനാധിപത്യത്തിന്റെയും മിശ്രണമാണ് ക്ഷേമരാഷ്ട്ര സങ്കൽപം എന്ന് അക്കാലത്തു തന്നെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്. തൊഴിലാളികൾ സംഘം ചേരുന്നത് തടയാനും ഭരണകൂടങ്ങൾ സൗജന്യങ്ങൾ വിതരണം ചെയ്തിരുന്നതായി ചരിത്രത്തിൽ കാണാം. സത്യത്തിൽ, ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ പല ഏകാധിപതികളും ഇത്തരം സൗജന്യങ്ങളുടെ വിതരണത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. പല രാജ്യങ്ങളിലും യാഥാസ്ഥിതിക മതപൗരോഹിത്യം  അധികാരം പങ്കാളിയിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ സൗജന്യങ്ങളും സമ്മാനങ്ങളും സർവസാധാരണമായിരുന്നു. 'കാരുണ്യവും നന്മയു'മായാണ് അവ അറിയപ്പെട്ടിരുന്നതെന്നു മാത്രം. ആലോചിച്ചു നോക്കൂ, ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതികളിലൊരാളായി അറിയപ്പെടുന്ന അഡോൾഫ് ഹിറ്റ്ലർ പോലും 'ക്ഷേമരാഷ്ട്ര'വാദിയായിരുന്നു! (ആ 'രാഷ്ട്ര'ത്തിൽ 'ശുദ്ധജർമൻ' ജനതയ്ക്കു മാത്രമേ ക്ഷേമത്തിന് അവകാശമുണ്ടായിരുന്നുള്ളൂ എന്നു മാത്രം). ഹിറ്റ്ലറുടെ നാഷനൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി എന്ന 'നാസി' പാർട്ടിയുടെ അടിസ്ഥാന പ്രകടനപത്രികയായ ഇരുപത്തഞ്ചിന പരിപാടിയിൽ ഹിറ്റ്ലർ തന്റെ 'ക്ഷേമരാഷ്ട്ര' സങ്കൽപങ്ങൾ വ്യക്തമായി പറയുന്നുണ്ട്. എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും ആഹാരം, എല്ലാവർക്കും വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ അതിലുണ്ട്! (മറക്കണ്ട, ' എല്ലാവരും' എന്നാൽ എല്ലാ ശുദ്ധജർമൻവംശജരും. ആ 'എല്ലാവർക്കും' ക്ഷേമം ഉറപ്പു വരുത്താൻ ഹിറ്റ്ലർ ആദ്യം ചെയ്തത്, 'എല്ലാവ'രിലും പെടാത്ത 'മറ്റുള്ളവ'രെ കൂട്ടക്കൊല ചെയ്യുകയായിരുന്നു). 

സത്യത്തിൽ, 1917ലെ റഷ്യൻ വിപ്ലവത്തിനു ശേഷം, കമ്യൂണിസത്തെ പേടിച്ചാണ് യൂറോപ്പ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ക്ഷേമം അവരുടെ അജൻഡയാക്കിയത്. അമേരിക്കയിലാകട്ടെ 1940കളിൽ ട്രേഡ് യൂണിയനുകൾ ശക്തിപ്പെടുന്നതു തടയാൻ ക്ഷേമരാഷ്ട്രീയം പ്രയോഗിക്കപ്പെട്ടു. വെൽഫെയർ മെഷേഴ്സിനെ  സംശയത്തോടെ കാണേണ്ടതുണ്ടെന്നും, അവ തൊഴിലാളി വർഗത്തിന്റെ വിപ്ലവ വീര്യം ചോർത്തിക്കളയുമെന്നും 1850ൽ തന്നെ കാൾ മാർക്സ് മുന്നറിയിപ്പു നൽകുന്നുണ്ട് (Address of the Central Committee to the Communist League, by Karl Marx and Frederick Engels).

ഇന്ത്യയിലാവട്ടെ, ജവാഹർ ലാൽ നെഹ്റുവിന്റെ സോഷ്യലിസ്റ്റ്-ക്യാപിറ്റലിസ്റ്റ് മിശ്രിത രാഷ്ട്രീയബോധമാണ് വെൽഫെയർ പൊളിറ്റിക്സിനു തുടക്കമിട്ടത്. കോവിഡ് കാല ഭക്ഷണക്കിറ്റിനെപ്പോലെ തന്നെ സോഷ്യലിസ്റ്റ് സദുദ്ദേശത്തോടെ തുടങ്ങി വച്ച ഒന്ന്. നെഹ്റുവിന്റെ  ക്ഷേമരാഷ്ട്ര സങ്കൽപം എങ്ങനെയാണു പാശ്ചാത്യ ക്ഷേമരാഷ്ട്രവാദത്തിൽ നിന്നു വ്യത്യസ്തമാകുന്നത് എന്നതിൽ വിപുലമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. വ്യക്തിഗത സഹായങ്ങൾക്കപ്പുറം, സാമൂഹികമായ ഭരണകൂട പിന്തുണയായിരുന്നു നെഹ്റുവിയൻ ക്ഷേമരാഷ്ട്ര സങ്കൽപത്തിന്റെ കാതൽ. കൃത്യമായ ആസൂത്രണത്തോടെയുള്ള വികസന സങ്കൽപവും അതിലുണ്ടായിരുന്നു. പൗരന്മാരോടു വെറുതെ വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് വീട്ടുപടിക്കൽ സൗജന്യമെത്തിക്കുന്ന രീതിയായിരുന്നില്ല അത്. 

രാഷ്ട്രത്തിന്റെ ആദ്യകാല സാമ്പത്തിക വളർച്ചയ്ക്കു തന്നെ അടിത്തറ പാകിയ വിപുലമായ വ്യവസായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും പൗരന്മാരെ അവയിൽ പങ്കാളികളാക്കുകയും ചെയ്തു. സൗജന്യമായി ഭക്ഷണം വിളമ്പുകയല്ല, അധ്വാനിച്ച് വരുമാനമുണ്ടാക്കി ആഹാരം വാങ്ങാൻ പൗരന് അവസരവും പ്രാപ്തിയും നൽകുന്ന രീതി. (Nehru and the Welfare State: Examining the idea of Welfare State  in the Nehruvian context-by Francis Kuriakose, Erasmus University Rotterdam and Deepa Kailasam Iyer, University of  Cambridge).

നാസി ജർമനിയുടെ ക്ഷേമവാദത്തെയും കേരള പരിസരത്തെ ഭരണകൂടങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളെയും തുല്യപ്പെടുത്തുകയാണെന്ന അതിവായനയ്ക്കു കളമൊരുക്കാനല്ല അൽപം ചരിത്രം ഓർമിപ്പിച്ചത്. വിപ്ലവത്തിന്റെ വരാവസന്തം കാത്തിരിക്കാൻ ആഹ്വാനം ചെയ്ത് പൗരന്മാരെയും പൗരികളെയും പട്ടിണിക്കിടുകയാണ് ഉദാത്ത ഭരണകൂടങ്ങളുടെ ലക്ഷണം എന്നു സ്ഥാപിക്കാനുമല്ല. ഇടതുപക്ഷമോ വലതുപക്ഷമോ അരാഷ്ട്രീയ പക്ഷമോ ഏതു തന്നെയാകിലും, സൗജന്യങ്ങളുടെ രാഷ്ടീയത്തിൽ ഒരേ ഭരണകൂടയുക്തിയുടെ അംശങ്ങളുണ്ട് എന്ന് ഓർമിപ്പിക്കാനാണ്.

ചരിത്രം അവിടെ നിൽക്കട്ടെ. ഇനി കേരള വർത്തമാനത്തിലേക്കു തിരിച്ചു വരാം.

മധ്യവർഗം സിന്ദാബാദ്

ഒരു രൂപയ്ക്ക് അരിയും ഓരോ വീട്ടിലും സൗജന്യമായി കളർ ടിവിയും പോലുള്ള തമിഴ്നാട് മോഡൽ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ പുച്ഛത്തോടെ കണ്ടിരുന്ന 'പ്രബുദ്ധ' ജനതയാകുന്നു കേരളം. നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കൃത്യമായ രാഷ്ട്രീയ വോട്ടിങ് പിന്തുടർന്നു വരുന്നുവെന്നു പറയപ്പെടുന്ന സംസ്ഥാനം കൂടിയാണിത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊടുന്നനെ കേവലരാഷ്ട്രീയം അപ്രത്യക്ഷമാവുകയും ക്ഷേമരാഷ്ട്രീയം മേൽക്കൈ നേടുകയും ചെയ്യുന്നത് എന്തു കൊണ്ടാണ്? എത്രയോ രാഷ്ട്രീയ വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പുകളിൽ ഏതു മുന്നണിക്കും ഉന്നയിക്കാനുണ്ട്. എന്നിട്ടും 'പ്രജകളുടെ ക്ഷേമം' മാത്രം രാഷ്ട്രീയ രാജസൂയത്തിന്റെ മുഖ്യപ്രചാരണ വിഷയമാകുന്നത് എന്തു കൊണ്ട്?  കൊറോണക്കാലത്തെ ആ സൗജന്യകിറ്റിൽ മധ്യവർഗ മലയാളി അത്രയും ആകർഷിക്കപ്പെട്ടതു തന്നെയാണ് കാരണം. ആ കിറ്റ് ഏറ്റുവാങ്ങിയവരിൽ എത്രയോ ലക്ഷം പേർ സത്യത്തിൽ അതിന് അർഹരല്ലെന്നു സർക്കാരിനുമറിയാം. 

കോടീശ്വരന്മാരായ ചില മാതൃകാപുരുഷന്മാർ വരെ മാധ്യമസമേതരായി റേഷൻ കടയിലേക്കു നടന്നു പോയി കിറ്റ് വാങ്ങുന്നതും എന്നിട്ടു കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ വാഴ്ത്തുന്നതും നമ്മൾ കണ്ടതാണ്. കൊറോണയാൽ കേരളം അടച്ചിടപ്പെട്ട് ഒരു കൊല്ലം ഒരു പണിയുമില്ലാതെ വീട്ടിലിരുന്നാലും ഒരു ചുക്കും സംഭവിക്കാനില്ലാത്ത എത്രയോ പേർ ഇന്നും ആ കിറ്റ് കാത്തിരിക്കുന്നുണ്ട്. സത്യത്തിൽ കോവിഡ് കിറ്റ് വിതരണത്തിന്റെ 'തിരഞ്ഞെടുപ്പുവിപണിവിജയം' കേരളത്തിലെ രാഷ്ട്രീയക്കാരെ വലിയ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ആരെയാണ്, ഏതു വർഗത്തെയാണ് ഇനി അഭിസംബോധന ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പം. ഡോ. തോമസ് ഐസക്കിന്റെ ബജറ്റിൽ സാമൂഹികക്ഷേമ പെൻഷനിലെ വർധന 100 രൂപ മാത്രമായതും, മാധ്യമപ്രവർത്തക പെൻഷനിലെ വർധന 1000 രൂപയായതും ആ ആശയക്കുഴപ്പം പ്രതിഫലിപ്പിക്കുന്നുണ്ട്. എല്ലാവർക്കും ഭൂമി എന്ന മുദ്രാവാക്യത്തിൽ നിന്ന്, എല്ലാ വീട്ടിലും ലാപ്ടോപ്, എല്ലാവർക്കും ഇന്റർനെറ്റ് എന്ന മുദ്രാവാക്യത്തിലേക്കുള്ള വർഗക്കയറ്റത്തിനു പിന്നിലും അതു തന്നെയാവണം. അതു കൊണ്ടു തന്നെയാണ്, എല്ലാവരുടെയും അക്കൗണ്ടിൽ പണമെത്തിക്കും എന്നും മറ്റുമുള്ള, ഛത്തീസ്ഗഡിലോ മറ്റോ വിജയിച്ചതായി പറയുന്ന 'ന്യായ്' പദ്ധതി കേരളത്തിലും കോൺഗ്രസിന്റെ പ്രകടന പത്രികയിൽ മുഖ്യഅജൻഡയാകുന്നത്. പാവപ്പെട്ട കർഷകർക്ക് അക്കൗണ്ടിൽ വർഷത്തിൽ 6000 രൂപ എത്തിക്കുന്ന (കണക്കു നോക്കുമ്പോൾ മാസം 500 രൂപ) പിഎം കിസാൻ നിധി എന്ന കേന്ദ്ര പദ്ധതിയിൽ നിന്നു പണം പറ്റിയവരിൽ, ആദായനികുതിയടയ്ക്കുന്ന പതിനയ്യായിരത്തിലേറെ മലയാളികളുണ്ടെന്നാണു പുറത്തു വന്ന കണക്കുകൾ. അതിൽ ഏറെപ്പേരും ഈ കോവിഡ് കാലത്താണ് പണം കൈപ്പറ്റിയതു പോലും.

താത്വികമായ അവലോകനമാണ് ഉദ്ദേശിക്കുന്നത്...

അതേ സമയം, ക്ഷേമരാഷ്ട്രമെന്ന സങ്കൽപത്തെക്കുറിച്ച് രാഷ്ട്രീയകക്ഷികൾക്കെല്ലാം 'താത്വികമായി' ഒരേ നിലപാട് തന്നെയാണുള്ളത്. 2020ലെ ജനക്ഷേമ–ജനപ്രിയ നടപടികൾക്കു ലഭിച്ച സ്വീകാര്യത കേരളം തുടർന്നും ആഗ്രഹിക്കുന്നുണ്ടെന്നാണു സിപിഎം വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിലെ വൻവിജയം അതിനു തെളിവായി ബജറ്റ് പ്രസംഗത്തിൽ മന്ത്രി എടുത്തു പറയുന്നുണ്ട്. ‘വിപ്ലവാനന്തര വർഗരഹിത സോഷ്യലിസ്റ്റ്’ സമൂഹമല്ല, തൽക്കാലം 2020 മോഡൽ വെൽഫയർ സ്റ്റേറ്റ് തന്നെയാണു പാർട്ടി ലക്ഷ്യമെന്നു ബജറ്റിലും ബജറ്റ് പ്രസംഗത്തിലും, ബജറ്റിനെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പത്രക്കുറിപ്പിലും വ്യക്തമാണ്. കോൺഗ്രസിന്റെ നിലപാടും താത്വികമായി വ്യത്യസ്തമല്ല. പോപ്പുലിസ്റ്റ് രാഷ്ട്രീയത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ പാർട്ടി ഔദ്യോഗിക നിലപാടു വ്യക്തമാക്കിയിട്ടില്ലെങ്കിലും ക്ഷേമരാഷ്ട്രീയത്തോട് എതിർപ്പുള്ളവരും എതിർപ്പില്ലാത്തവരും പാർട്ടി നേതൃത്വത്തിലുണ്ട്. 

സൗജന്യങ്ങളുടെ രാഷ്ട്രീയത്തിൽ പതിയിരിക്കുന്ന അപകടങ്ങൾ കോൺഗ്രസ് മനസ്സിലാക്കിയിട്ടുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ ഡോ.  മാത്യു കുഴൽനാടൻ പറയുന്നു. കോവിഡും പ്രളയവും പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങൾക്കു സഹായമെത്തിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. അത്തരം ഘട്ടങ്ങളിൽ സർക്കാരിൽനിന്നു സാമ്പത്തികവും സാമൂഹികവുമായ പിന്തുണ ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശവുമാണ്. അതിനെ ആരുടെയും സൗജന്യമോ ഔദാര്യമോ ആയി കാണേണ്ടതില്ല. സൗജന്യമെന്നല്ല, പിന്തുണ എന്നാണ് അതിനെ വിളിക്കേണ്ടത്. ആവശ്യമെങ്കിൽ അത്തരം പിന്തുണകൾ തുടരേണ്ടതുണ്ട് എന്നതിലും സംശയമില്ല. അതിനെ രാഷ്ടീയ ലക്ഷ്യങ്ങളോടെ സ്വന്തം നേട്ടങ്ങൾക്കുള്ള പ്രചാരണ വിഷയമാക്കുന്നതും രാഷ്ടീയ മുദ്രാവാക്യമാക്കുന്നതും അനീതിയാണ്. പ്രതിസന്ധികാലങ്ങളിൽ മാത്രം സ്വീകരിക്കേണ്ട അത്തരം നടപടികൾ ദീർഘകാലത്തേക്ക് വാഗ്ദാനം ചെയ്ത് ജനങ്ങളെ ആകർഷിക്കുന്നത് അവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാകാനുള്ള ശ്രമങ്ങളിൽ നിന്നു തടയുകയും ചെയ്യും-ഡോ. കുഴൽനാടൻ ചൂണ്ടിക്കാട്ടുന്നു.

വെൽഫെയർ സ്റ്റേറ്റ് തന്നെയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രസങ്കൽപം. പക്ഷേ അത് എല്ലാവർക്കും എല്ലാക്കാലത്തും സൗജന്യങ്ങൾ നൽകിക്കൊണ്ടുള്ളതല്ല. കമ്പോളമുതലാളിത്തത്തിനും സോഷ്യലിസ്റ്റ് ജനാധിപത്യത്തിനും ഇടയിൽ, ആഗോളവൽക്കരണാനന്തര ലോകവുമായി മത്സരിക്കാനാവാതെ പിന്മാറേണ്ടി വരുകയോ മത്സരത്തിൽ പരാജയപ്പെടുകയോ ചെയ്യുന്നവരെ ചേർത്തു നിർത്തിക്കൊണ്ടുള്ളൊരു സമ്പദ് ഘടനയിൽ അധിഷ്ഠിതമായിരിക്കണം ആ ക്ഷേമരാഷ്ട്രം. ജനങ്ങളുടെ കയ്യിൽ പണമെത്തിക്കുന്നതിലല്ല, അവരുടെ economic ability ഉറപ്പുവരുത്തുന്നതിലാണ് ജനാധിപത്യ ക്ഷേമരാഷ്ട്രത്തിന്റെ സാമ്പത്തികവിജയം. മാത്രമല്ല, അത് സാമ്പത്തിക ഘടകങ്ങളെ മാത്രം പരിഗണിക്കുന്ന ക്ഷേമരാഷ്ട്രീയമാകരുതെന്നും കോൺഗ്രസ് വിശ്വസിക്കുന്നു. മതേതരത്വവും സാമൂഹികനീതിയും അധികാരവികേന്ദ്രീകരണവും സംരക്ഷിച്ചുകൊണ്ട്, ജനങ്ങളുടെ സാമൂഹികജീവിതത്തിനു quality ഉറപ്പു വരുത്തുന്ന ഭരണക്രമമാണു കോൺഗ്രസ് വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്ര സങ്കൽപം. 

അടിസ്ഥാന മേഖലകൾക്ക് സബ്‌സിഡികൾ വർധിപ്പിച്ചും തൊഴിലുറപ്പു പദ്ധതിയും വിവരാവകാശ നിയമവും പഞ്ചായത്തീരാജും നടപ്പാക്കിയും കോൺഗ്രസ് സർക്കാരുകൾ അതു തെളിയിച്ചിട്ടുമുണ്ട്. എല്ലാവർക്കും ബാങ്ക് അക്കൗണ്ടിൽ എല്ലാ മാസവും പണമെത്തിക്കുന്ന പാക്കേജല്ല രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 'ന്യായ്' പദ്ധതി. കർഷകരും അസംഘടിത തൊഴിലാളികളും തൊഴിൽരഹിതരുമടങ്ങുന്ന അടിസ്ഥാന വിഭാഗങ്ങളിലെ അർഹരായവർക്ക് അവകാശപ്പെട്ട സാമ്പത്തിക പിന്തുണ നൽകുമെന്നത് 'ന്യായ്' പദ്ധതിയുടെ വിശാലമായ ലക്ഷ്യങ്ങളിൽ ഒന്നു മാത്രമാണ്-മാത്യു കുഴൽനാടൻ വിശദീകരിക്കുന്നു.

മാനദണ്ഡങ്ങളില്ലാത്ത  സഹായങ്ങൾ സർക്കാരുകൾ നിർത്തലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിയുടെ കാഴ്ചപ്പാട്. നിയന്ത്രണങ്ങളില്ലാതെ സർക്കാരിൽനിന്നു സഹായങ്ങൾ കിട്ടുന്നത് ജനങ്ങളെ അലസരാക്കുകയാണു ചെയ്യുക. മാത്രമല്ല, അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ അട്ടിമറിക്കുകയും ചെയ്യും. സാമ്പത്തികശേഷിയുള്ളവർ പാചകവാതക സബ്‌സിഡി വേണ്ടെന്നു വയ്ക്കാൻ തയാറാകണമെന്നു മുൻ നരേന്ദ്രമോദി സർക്കാർ ആഹ്വാനം ചെയ്തപ്പോൾ, അന്നു കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന ഞാനായിരുന്നു കേരളത്തിൽ നിന്ന് ആ നിർദേശം സ്വീകരിച്ച ആദ്യ വ്യക്തികളിലൊരാൾ. 'മോദിയുടെ ആഹ്വാനം നെഞ്ചിലേറ്റു വാങ്ങി അബ്ദുല്ലക്കുട്ടി' എന്നാണ് അന്നു മാധ്യമങ്ങൾ എന്നെപ്പറ്റി എഴുതിയത്.

വലിയ സാമ്പത്തകശേഷിയുണ്ടായിട്ടല്ല ഞാൻ ആ സബ്‌സിഡി വേണ്ടെന്നു വച്ചത്. അർഹതയുള്ള മറ്റൊരാൾക്ക് അത് കിട്ടട്ടെ എന്ന സാമൂഹികപ്രതിബദ്ധതയായിരുന്നു അതിനു പിന്നിൽ.  ഒരുപക്ഷേ, ആ സബ്‌സിഡി വേണ്ടെന്നു വച്ച കേരളത്തിലെ ആദ്യജനപ്രതിനിധി ഞാനായിരിക്കും-അബ്ദുല്ലക്കുട്ടി പറയുന്നു. അർഹതപ്പെട്ടവർക്കു വിതരണം ചെയ്യാൻ നരേന്ദ്ര മോദി സർക്കാർ നൽകുന്ന കേന്ദ്രപദ്ധതികളുടെ ഫണ്ട് ഉപയോഗിച്ചാണു കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനപ്രിയ നടപടികളുടെ പേരിൽ മേനി നടിക്കുന്നത്. എന്നാൽ ആ പണം പോലും സ്വർണക്കള്ളക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും കയ്യിലെത്തുന്ന കാഴ്ചയാണ് ഇന്നു കേരളം കാണുന്നത്-അബ്ദുല്ലക്കുട്ടി ആരോപിക്കുന്നു. 

കിറ്റ് കാത്തിരിക്കുന്ന കേരളം

കോവിഡ് കാലം  വരുത്തി വച്ച നഷ്ടങ്ങളിൽ നിന്നു കേരളം മെല്ലെ കര കയറുന്നുണ്ട്. അതിജീവനം സാധ്യമായിട്ടുണ്ട്. ഉപജീവനവും സാധ്യമായിത്തുടങ്ങുന്നുണ്ട്. പാഠഭാഗങ്ങൾ പകുതി പോലും തീർന്നില്ലെങ്കിലും എസ്എസ്എൽസി പരീക്ഷ വരെ പതിവു സമയത്ത് നടക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. കോവിഡ് രോഗികളുടെ കണക്കുകൾ തുടരുന്നുണ്ടെങ്കിലും കോവിഡ് പൂർവ സാമൂഹികതയിലേക്കു കേരളം വൈകാതെ തിരിച്ചെത്തിയേക്കും. പക്ഷേ, അന്നും കേരളം സൗജന്യ കിറ്റിനു കാത്തിരിക്കുക തന്നെ ചെയ്യും. 

‘ഒരു ജനതയെ ഒന്നടങ്കം ഔദാര്യങ്ങളുടെ കാത്തിരിപ്പുകാരാക്കിയ മഹാമാരി!’– ഒരുപക്ഷേ അങ്ങനെയുമാവും കൊറോണാ വൈറസ് കേരള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക.

Content Highlights: Welfare state politics, Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA