ADVERTISEMENT

ലോകം ആശ്വസിക്കുന്നു, യുഎസ് സാധാരണനിലയിലേക്കും മാന്യതയിലേക്കും മടങ്ങുകയാണ്... ഉഭയകക്ഷി ബന്ധങ്ങളിൽ ഇന്ത്യയ്ക്കു കാര്യമായ പുരോഗതി പ്രതീക്ഷിക്കാം

അമേരിക്കയിൽ ജോ ബൈഡനും കമല ഹാരിസും സമാധാനപരമായി അധികാരമേറ്റതിൽ ആ രാജ്യവും ലോകവും ആശ്വാസം കൊള്ളുന്നു. നാലുവർഷത്തെ ട്രംപിന്റെ അതിക്രമങ്ങൾക്കു ശേഷം യുഎസ് സാധാരണനിലയിലേക്കും മാന്യതയിലേക്കും മടങ്ങുകയാണ്. ട്രംപ് അധികാരമേറ്റപ്പോൾ 2017 ജനുവരിയിൽ ഞാനെഴുതിയ ഒരു ലേഖനം ഓർമയിൽ വരുന്നു. ‘പ്രസിഡന്റ് ഡോണൾഡ് ട്രംപ്: ചൈനാക്കടയിലെ കാളക്കൂറ്റൻ’ എന്നായിരുന്നു തലക്കെട്ട്. എന്റെ ആശങ്കകൾ ശരിയാകില്ലെന്നു പ്രതീക്ഷിച്ചെങ്കിലും ആ പ്രതീക്ഷ സഫലമായില്ല. 

‘‘മനുഷ്യർ ചെയ്യുന്ന തിന്മകൾ അവർക്കു ശേഷവും ജീവിക്കുന്നു; എന്നാൽ, നന്മകൾ അവരുടെ അസ്ഥികൾക്കൊപ്പം കുഴിച്ചുമൂടപ്പെടുന്നു,’’ – ഷെയ്ക്സ്പിയറുടെ മാർക് ആന്റണി പറയുന്ന വാക്കുകൾ. ട്രംപ് ചെയ്ത നല്ല കാര്യങ്ങളുടെ പട്ടിക തയാറാക്കുക എളുപ്പമല്ല. എന്നാൽ, ട്രംപ് ചെയ്തുകൂട്ടിയവയിൽ   ചില തിരുത്തലുകൾക്കു ബൈഡൻ തുടക്കമിട്ടത് ഏവർക്കും ആശ്വാസമേകുന്നു. 

2016ലെ ചരിത്രപ്രധാനമായ പാരിസ് ഉടമ്പടിയിൽ യുഎസ് വീണ്ടും ചേരുന്നു. നിയമങ്ങളിൽ അധിഷ്ഠിതമായ ഒരു രാജ്യാന്തര ലോകക്രമത്തോട് ആദരമില്ലാത്ത ട്രംപ് അധികാരമേറ്റയുടനെ ഈ ഉടമ്പടിയിൽനിന്നു പിൻവാങ്ങിയതാണ്. വ്യവസായ വിപ്ലവം മുതൽ മനുഷ്യൻ ഈ ഗ്രഹത്തിന്റെ ജീവദായകമായ പരിസ്ഥിതിയെ നശിപ്പിക്കുകയായിരുന്നു. നാശത്തിന്റെ ആക്കം കുറച്ചില്ലെങ്കിൽ ആപത്താണെന്നു ബോധ്യമായപ്പോഴാണ് പാരിസ് ഉടമ്പടി പോലൊരു ശ്രമമുണ്ടായത്. പാരിസ് ഉടമ്പടിക്കായി ധാരണയിലെത്താൻ മുൻകയ്യെടുത്തത് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആയിരുന്നു. ലോകാരോഗ്യ സംഘടനയിൽ നിന്നും യുഎസ് പിൻവാങ്ങുന്നതായി ട്രംപ് തിടുക്കത്തിൽ പ്രഖ്യാപിച്ചു. ഈ തീരുമാനവും ബൈഡൻ തിരുത്തി. മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടാനുള്ള മണ്ടൻ തീരുമാനമാണ് തിരുത്തിയ മറ്റൊന്ന്. 

ഇറാൻ ആണവക്കരാർ 

ഇറാൻ ആണവക്കരാറിൽനിന്നു പിൻവാങ്ങിയ ട്രംപിന്റെ നടപടിയും ബൈഡൻ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. കരാർ പുനഃസ്ഥാപിക്കുകയും മറ്റ് അഭിപ്രായവ്യത്യാസങ്ങൾ വേറിട്ടുകണ്ട് പരിഹാരം തേടുകയുമാണ് അഭികാമ്യം. ഇന്ത്യയ്ക്ക് ഏറെ താൽപര്യമുള്ള വിഷയമാണിത്. ട്രംപിന്റെ ഉപരോധം മൂലം ഇറാനിലെ ചാബഹാർ തുറമുഖം പുനർനിർമിക്കുന്ന നമ്മുടെ പദ്ധതി മുടങ്ങിക്കിടക്കുന്നു. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള മധ്യേഷ്യൻ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള നമ്മുടെ പദ്ധതിയും വൈകുകയാണ്. ഇറാനിൽ 4000 കോടി ഡോളറിന്റെ പദ്ധതി ചൈന വാഗ്ദാനം ചെയ്തതും ഉപരോധം മൂലം തടസ്സപ്പെട്ടു. 

fabian
കെ.പി.ഫേബിയൻ

ചൈനാ  ബന്ധം, വ്യാപാര സമീപനം 

ചൈനയോടുള്ള ബൈഡന്റെ നിലപാട് നാം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ചൈനയാണ് മുഖ്യ എതിരാളിയെന്നും അവരുടെ കുതിപ്പിനു കടിഞ്ഞാണിടണമെന്നും യുഎസിലെങ്ങും അഭിപ്രായമുണ്ട്. ട്രംപിന്റെ അപക്വമായ ട്വിറ്റർ ശൈലിയിൽനിന്നു മാറ്റം പ്രതീക്ഷിക്കാം. തന്റെ സ്റ്റേറ്റ്, പ്രതിരോധ സെക്രട്ടറിമാരുമായും മറ്റു പ്രമുഖ ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തുക മാത്രമല്ല, സുഹൃത്തുക്കളായ യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ തുടങ്ങിയവയുടെ അഭിപ്രായമറിഞ്ഞു കൂടിയാവും ബൈഡന്റെ നീക്കം. ബൈഡനുമായി ഇടപെടുക ചൈനയ്ക്ക് എളുപ്പമാകില്ലെങ്കിലും പ്രവചനാതീതമായ ട്രംപിന്റെ രീതികളെക്കാൾ ഷി ചിൻപിങ് താൽപര്യപ്പെടുക അതാകും. 

ഉഭയകക്ഷി ബന്ധങ്ങളിൽ ഇന്ത്യയ്ക്കു കാര്യമായ പുരോഗതി പ്രതീക്ഷിക്കാം. സാമ്പത്തികം, പ്രതിരോധം, നയതന്ത്രം എന്നീ മേഖലകളിലാണ് ഇന്ത്യയുടെ താൽപര്യങ്ങൾ. വ്യാപാര, നിക്ഷേപ കരാറുകളിൽ ബൈഡന്റേത് ഗൗരവതരമായ സമീപനമാകും. നരേന്ദ്ര മോദിയുമായുള്ള അടുത്ത സൗഹൃദത്തിലും ട്രംപ് ഇക്കാര്യത്തിൽ കാര്യമായ നീക്കമൊന്നും നടത്തിയിരുന്നില്ല. ദക്ഷിണേഷ്യയിലെ മറ്റു രാജ്യങ്ങളോടുള്ള സവിശേഷ താൽപര്യമൊന്നും നാം പ്രതീക്ഷിക്കേണ്ടതില്ല. യുഎസിന്റെ ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് 0.5% മാത്രമാണെങ്കിലും ഇവിടുത്തെ ജനസംഖ്യയും സമ്പദ്‍വ്യവസ്ഥയുടെ വ്യാപ്തിയും കണക്കിലെടുക്കേണ്ടിവരും. 

പ്രതിരോധ കരാറുകൾ ഗുണകരമാകുമോ? 

ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ പ്രതിരോധ മേഖലയിൽ ചില സുപ്രധാന കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. ഇവയെല്ലാം ഇന്ത്യയ്ക്ക് ഏറെ ഗുണകരമാണെന്ന ചിന്ത വേണ്ട. യുഎസിനു കൂടുതൽ നേട്ടമാകുംവിധമാണ് അവയെല്ലാം. ചൈന അതിർത്തിസംഘർഷം വർധിപ്പിക്കുകയോ യുദ്ധത്തിനു തുനിയുകയോ ചെയ്താൽ യുഎസ് ഇന്ത്യയെ തുണയ്ക്കുമോ എന്ന സുപ്രധാന ചോദ്യം ഉന്നയിക്കപ്പെട്ടിട്ടില്ല. ട്രംപിന്റെ പ്രവചനാതീത സ്വഭാവമാകാം, ഈ ചോദ്യം ഉന്നയിക്കുന്നതിൽനിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ചത്. ദക്ഷിണ ചൈനാ കടലിലും മറ്റും ചൈന രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഇന്ത്യയും യുഎസും നയപരമായി ധാരണയിലെത്തിയിട്ടുള്ള സാഹചര്യത്തിൽ ഇപ്പോൾ ഇത് ഏറെ പ്രസക്തമാണ്. ഈ സാഹചര്യത്തിൽ ചൈനയുടെ ഇന്ത്യയോടുള്ള നിലപാട് എന്താവും? 1971ൽ ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടപ്പോൾ പാക്ക് യുദ്ധത്തിൽ റഷ്യയുടെ പൂർണ പിന്തുണ നമുക്കു ലഭിച്ചത് ഓർക്കുക. 

എന്തുപറഞ്ഞാലും ബൈഡൻ വന്നതോടെ വാഷിങ്ടൻ സാധാരണ നിലയിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. അമേരിക്കയുടെ പക്വമായ നേതൃത്വം ലോകത്തിന് ആവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഉഭയകക്ഷിബന്ധം ശക്തമാക്കാതിരിക്കാനാവില്ല. ബൈഡൻ ഏറെ മാന്യനായതുകൊണ്ട് ട്രംപിനായി നരേന്ദ്ര മോദി പ്രചാരണം നടത്തിയത് കാര്യമായെടുക്കാനിടയില്ല. എങ്കിലും മോദിയുടെ ഇന്ത്യയിലെ ന്യൂനപക്ഷാവകാശ സംരക്ഷണവും സന്നദ്ധസംഘടനകളോടുള്ള സമീപനവുമെല്ലാം ബൈഡൻ സർക്കാർ സൂക്ഷ്മമായി വിലയിരുത്തിയേക്കും. അത് ഇന്ത്യയ്ക്കു ഗുണകരവുമാണ്. അമേരിക്കയിൽ ജനാധിപത്യം വിജയിച്ചതിൽ ഏറെ സന്തോഷമുണ്ട്. ട്രംപ് അസ്തമിക്കുന്ന നക്ഷത്രമായിക്കഴിഞ്ഞു. 

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ) 

Content Highlights: Joe Biden's policies: Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com