യാത്ര തുടങ്ങും മുൻപ്...

subhadinam-23
SHARE

പ്രഭാഷകൻ പ്രസംഗത്തിനു ശേഷം കുതിരവണ്ടിയിൽ അടുത്ത നഗരത്തിലേക്കു പോകുകയാണ്. ഒരു മണിക്കൂർ യാത്രാദൈർഘ്യം ഉള്ളതുകൊണ്ടും ക്ഷീണിതനായതുകൊണ്ടും അദ്ദേഹം ഉറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞ് ഉണർന്നപ്പോൾ അദ്ദേഹം ഞെട്ടി. കുതിരവണ്ടി തനിക്കു പോകേണ്ട നഗരത്തിന്റെ എതിർദിശയിലേക്കാണു സഞ്ചരിക്കുന്നത്. അദ്ദേഹം കുതിരക്കാരനോടു ചോദിച്ചു – വണ്ടി എങ്ങോട്ടാണു പോകുന്നതെന്ന് താങ്കൾക്കറിയാമോ? അയാൾ പറഞ്ഞു – എനിക്കറിയില്ല സർ. എങ്കിലും പരമാവധി വേഗത്തിൽ ഞാൻ ഓടിക്കുന്നുണ്ട്!

എവിടേക്കാണു പോകുന്നതെന്ന് അറിയില്ലെങ്കിൽപിന്നെ എവിടെ എത്തിയാലെന്ത്, എപ്പോഴെത്തിയാലെന്ത്? എവിടെത്തണമെന്നു തീരുമാനിച്ചുറപ്പിച്ചാണ് ഇറങ്ങുന്നതെങ്കിൽ പിന്നെ അവിടെത്തന്നെ എത്തണം, എത്രയും വേഗമെത്തണം. അവനവനാഗ്രഹിക്കുന്ന സ്ഥലത്ത് എത്തിച്ചേരാൻ കഴിയുന്നില്ല എന്നതല്ല, അവിടേക്കു യാത്ര ചെയ്യാൻ പോലുമാകുന്നില്ല എന്നതാണ് പലരുടെയും സ്വകാര്യ ദുഃഖം. ആരൊക്കെയോ നിയന്ത്രിക്കുന്ന കടിഞ്ഞാണിനു പിന്നിൽ ഒന്നുമറിയാതെയോ നിശ്ശബ്ദമായോ സഞ്ചരിക്കേണ്ടി വരുന്നവർക്ക് തങ്ങളാഗ്രഹിക്കുന്ന സ്ഥലത്ത് ഒരിക്കലും എത്തിച്ചേരാൻ കഴിയില്ല.

ഏതു യാത്രയും ആരംഭിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ ആലോചിക്കണം. യാത്ര എങ്ങോട്ട്, എത്ര ദൂരം സഞ്ചരിക്കണം, എപ്പോൾ എത്തിച്ചേരും, ആരുടെ ഒപ്പമാണു യാത്ര, സഹയാത്രികനു വഴിയറിയുമോ, വഴിതെറ്റിയാൽ പിന്നെന്തു വഴി, പകരം വഴികൾ ഉദ്ദേശിച്ച സ്ഥലത്ത് എത്തിക്കുമോ...? തുടങ്ങിയ ചോദ്യങ്ങളാണ് ഓരോ യാത്രയുടെയും ഗുണമേന്മ ഉറപ്പുവരുത്തുന്നത്.

വളരെ നേരത്തെ എത്തുന്നതു മികവല്ല; വളരെ താമസിച്ചെത്തുന്നതിനു ന്യായീകരണവുമില്ല. ഓരോ പ്രയാണത്തിനും അതർഹിക്കുന്ന വേഗവും സമയവുമുണ്ട്. ആ വേഗത്തിലും സമയത്തിലും സഞ്ചരിക്കുമ്പോൾ മാത്രമേ, യാത്രകൾ പാഠങ്ങളും അനുഭവങ്ങളും സമ്മാനിക്കൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA