യഥാർഥ വിജയി

subhadhinam-real-winner
SHARE

സ്കൂൾ വിട്ടുവന്ന നാലാം ക്ലാസുകാരൻ വിഷമിച്ചിരിക്കുന്നതു കണ്ട് അമ്മ കാരണമന്വേഷിച്ചു. അവൻ ഉടനെ പരീക്ഷ പേപ്പർ അമ്മയുടെ അടുത്തു കൊണ്ടുവന്നു പറഞ്ഞു. ‘അമ്മേ എനിക്ക് ആദ്യം കിട്ടിയത് 48 മാർക്ക് ആയിരുന്നു. ടീച്ചർ വെരിഗുഡ് എന്നും എഴുതിയിരുന്നു. പക്ഷേ ഞാൻ കൂട്ടി നോക്കിയപ്പോൾ 45 മാർക്കേ ഉണ്ടായിരുന്നുള്ളൂ. അക്കാര്യം ടീച്ചറോടു പറഞ്ഞു. മാർക്ക് കൂട്ടി നോക്കിയ ടീച്ചർ വെട്ടിത്തിരുത്തി 45 മാർക്ക് എഴുതി നൽകി. എനിക്ക് നൽകിയ വെരിഗുഡും വെട്ടിക്കളഞ്ഞു. ഞാൻ നല്ല കുട്ടി അല്ലാത്തതുകൊണ്ടല്ലേ ടീച്ചർ വെരിഗുഡ് വെട്ടിയത്..?’

വിജയത്തിന്റെ അതിർവരമ്പുകൾ ഏതു മാനദണ്ഡങ്ങൾ കൊണ്ടാണു നിർണയിക്കേണ്ടത്. മാർക്ക് കൊണ്ടു വിജയിക്കുന്നവരാണോ മനഃസാക്ഷി കൊണ്ടു വിജയിക്കുന്നവരാണോ യഥാർഥ വിജയികൾ? ജീവിതവിജയത്തെ സമ്പാദ്യങ്ങൾകൊണ്ടും നേട്ടങ്ങൾകൊണ്ടും മാത്രം അളന്നെടുക്കാൻ നോക്കുമ്പോഴാണ് അവയ്ക്കിടയിലൂടെ മൂല്യങ്ങൾ ചോർന്നുപോകുന്നത്. ഒരാൾ വാരിക്കൂട്ടുന്നതെല്ലാം ചേർത്തുവച്ചു മാത്രമാണു നാം മിടുക്കിന്റെ പട്ടിക തയാറാക്കുന്നത്, അത് മിഠായി പെറുക്കലായാലും മാർക്കായാലും. അതിനിടയിൽ സത്യസന്ധതകൊണ്ടു മാത്രം അംഗീകാരങ്ങൾ നഷ്ടപ്പെട്ടവരും കുടിലതകൊണ്ടു മാത്രം ഉന്നതിയിൽ എത്തിയവരും ഉണ്ടാകും. അവരെ തമ്മിൽ തിരിച്ചറിയാനുള്ള മാർഗമെങ്കിലും ഉണ്ടാകേണ്ടതല്ലേ. അനർഹർ സ്ഥാനത്ത് എത്തുന്നതും അർഹതയുള്ളവർക്ക് അതു നിഷേധിക്കപ്പെടുന്നതും ഒരുപോലെ കുറ്റകരമാണ്.

ഉത്തരക്കടലാസ് അടിസ്ഥാനമാക്കിയല്ലാതെയുള്ള ചില മൂല്യനിർണയങ്ങൾ നടത്തപ്പെടേണ്ടേ, മെഡലുകൾ നേടാൻ പറ്റാത്തവരുടെ മികവും ഒന്ന് ഉരച്ചുനോക്കേണ്ടേ, എനിക്ക് ഒന്നുകൂടി വേണം എന്നു മുറവിളി കൂട്ടുന്നവരുടെയിടയിൽ എനിക്കതിന് അർഹതയില്ല എന്നു പറയുന്നവരുടെ യഥാർഥ അർഹതകൂടി നാം തിരിച്ചറിയേണ്ടേ. മാർക്ക് വാങ്ങുന്നവർക്കു മാത്രമേ സ്ഥാനമുള്ളൂ എങ്കിൽ അവിടെ പിന്നെ മൂല്യവും മനുഷ്യത്വവും വളരില്ല. മറ്റെന്തൊക്കെ പഠിച്ചാലും അർഹതയില്ലാത്തതെല്ലാം തിരിച്ചുനൽകണം എന്ന പാഠംകൂടി പഠിച്ചില്ലെങ്കിൽ അത്യാഗ്രഹത്തിന്റെ മൊത്തവിൽപനക്കാരായി എല്ലാവരും മാറും. പിടിച്ചുവാങ്ങാൻ വരുന്നവനെക്കാൾ തിരിച്ചുനൽകാൻ വരുന്നവൻ ഒരൽപം കൂടുതൽ അർഹിക്കുന്നു.

English Summary: Subhadhinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA