ബിരുദദാന വസ്ത്രാക്ഷേപങ്ങൾ

dress
SHARE

വേരുകളിലേക്കു മടങ്ങിപ്പോകുന്നതിനെക്കുറിച്ചുള്ള ഏതു ചിന്തയ്ക്കും നല്ല മാർക്കറ്റുള്ള കാലമാണ്. യുഎസ് വീസ കിട്ടിയാൽ പുരാണപ്രസിദ്ധമായ പുഷ്പക വിമാനത്തിൽത്തന്നെ കലിഫോർണിയയിലേക്കു പറക്കണം എന്നു വിചാരിക്കുന്നവരുണ്ട്. 

വിദ്യാഭ്യാസം വഴി സമ്പാദിച്ച സകലമാന അറിവും തൊപ്പിവച്ചും കറുത്ത ഗൗണിട്ടും മറച്ച് ബിരുദം വാങ്ങുന്നതിന്റെ ഭംഗികേടിനെപ്പറ്റി നമ്മുടെ സർവകലാശാലകൾക്കു ബോധോദയമുണ്ടായിവരികയാണ്. 

സായ്പ് ഏർപ്പെടുത്തിയ ആലങ്കാരിക കോൺവക്കേഷനുവേണ്ടി വിയർപ്പുഗന്ധത്തിന്റെ ശതാബ്ദി പിന്നിട്ട ഗൗണും തൊപ്പിയും കുട്ടികൾ വാടകയ്ക്കെടുക്കേണ്ടി വരുന്ന അവസ്ഥ തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണ് സർവകലാശാലകൾ. 

ഒരു നൂറ്റാണ്ടിന്റെ ചരിത്രമുള്ള മൈസൂർ സർവകലാശാല ഒരു കമ്മിറ്റിയെ നിയോഗിച്ചുകഴിഞ്ഞു; ബിരുദദാന സമ്മേളനത്തിൽ പടിഞ്ഞാറൻ വേഷം മാറ്റി പകരം എന്തു വേഷം ഏർപ്പെടുത്തണമെന്നു ശുപാർശ ചെയ്യാൻ. 

കൈത്തറി വസ്ത്രങ്ങൾ, അതിൽത്തന്നെ ഖാദി, ബിരുദദാനത്തിന്റെ ഔദ്യോഗിക വേഷമാക്കണമെന്നാണ് ഒരു നിർദേശം. 

നമ്മുടെ ആദ്യകാല സർവകലാശാലയായിരുന്ന നളന്ദയിലും മറ്റും ഖാദിയുണ്ടായിരുന്നില്ലെന്നും ഇന്നത്തെ രീതിയിൽ ശരീരം മറയ്ക്കുന്ന ഏർപ്പാടുതന്നെ പിന്നീടുണ്ടായതാണെന്നുമാണ് മറുവാദം. 

ഉന്നതവിദ്യാഭ്യാസം കൊണ്ട് എല്ലാ പുറംപൂച്ചുകളും അപ്രത്യക്ഷമാകണം എന്നാണു ലക്ഷ്യമെങ്കിൽ ആണുങ്ങളുടെ കാര്യത്തിൽ ലങ്കോട്ടി എന്ന നാനോ വസ്ത്രം പോരേ എന്നൊരു ചോദ്യം പ്രിയ സുഹൃത്ത് കഷ്ടകാൽജി കമ്മിറ്റിക്കാരുടെയും അപ്പുക്കുട്ടന്റെയും മുൻപാകെ വയ്ക്കുകയാണ്. 

ഓൺലൈൻ വ്യാപാരത്തിൽ ലങ്കോട്ടി ഇപ്പോൾ വൻ ഹിറ്റാണെന്നാണ് വസ്ത്രത്തിൽ ചെറുതല്ലോ ചേതോഹരം എന്നു വിശ്വസിക്കുന്നവർ പറയുന്നത്. മൈസൂർ സർവകലാശാലയുടെ ശ്രദ്ധ ലങ്കോട്ടി വഴിയെങ്ങാൻ സഞ്ചരിക്കുന്നുണ്ടോ എന്നറിയില്ല. 

ഭാരതസ്ത്രീകൾതൻ ഭാവശുദ്ധിയിൽ വിശ്വസിക്കുന്ന പെൺകുട്ടികൾക്കു ബിരുദദാനത്തിന് പഴയ ഒന്നരയായാലോ എന്ന ചിന്ത വരേണ്ടത് സ്ത്രീപക്ഷത്തുനിന്നാണ്. 

ഒന്നര പോരെന്നു തോന്നുന്നവർ ഒന്നരയും ഒന്നരയും ചേർത്തു മൂന്ന് എന്നു തീരുമാനിച്ചാലും ഉന്നതവിദ്യാഭ്യാസത്തിന് ഒന്നും സംഭവിക്കാനില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA