ADVERTISEMENT

റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ അനിഷ്ടസംഭവങ്ങൾ കർഷകസമരത്തെ സങ്കീർണസാഹചര്യത്തിൽ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു വിഷമസന്ധി മുൻപ് ഉണ്ടായിട്ടില്ല. കർഷകജനതയും സർക്കാരും പൊതുസമൂഹംതന്നെയും അഭിമുഖീകരിക്കുന്ന ബഹുമുഖ ആശങ്കകൾക്ക് അടിയന്തര പരിഹാരം കാണാൻ ബന്ധപ്പെട്ടവരിൽനിന്നെല്ലാം സംയമനവും അതോടൊപ്പം ജാഗ്രതയും ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ നിർഭാഗ്യ സാഹചര്യം. ഗാസിപ്പുരിലെ സമരസ്ഥലത്തുനിന്ന് ഇന്നലെ രാത്രി കർഷകരെ ബലമായി ഒഴിപ്പിക്കാൻ നടത്തിയ നീക്കം വലിയ ആശങ്കയ്ക്കു കാരണമായി.

കൃഷിനിയമങ്ങൾക്കെതിരെ രണ്ടു മാസം സമാധാനപരമായിത്തന്നെ പിന്നിട്ട സമരത്തിനുമേൽ റിപ്പബ്ലിക് ദിനത്തിലുണ്ടായ അനിഷ്ടസംഭവങ്ങൾ നിഴൽവീഴ്ത്തിയത് അപ്രതീക്ഷിതമായാണ്. കിസാൻ പരേഡിനിടെ രാജ്യതലസ്ഥാനം യുദ്ധക്കളമാക്കിയതിനും ചെങ്കോട്ടയിൽ ഇരച്ചുകയറി രണ്ടിടത്തു സിഖ് പതാക ഉയർത്തിയതിനും ഇരുനൂറോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തിൽ ഒട്ടേറെ കർഷകർക്കും പൊലീസുകാർക്കും  പരുക്കേൽക്കുകയും ചെയ്തു. ചെങ്കോട്ടയിൽ സംഘർഷം ഉണ്ടാക്കിയവർക്കെതിരെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇന്നലെ പൊലീസ് നിലപാട് കടുപ്പിച്ചിട്ടുണ്ട്.

പ്രക്ഷോഭം എങ്ങനെയും അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ ഗൂഢപദ്ധതിയുടെ ഭാഗമായാണു സംഘർഷമുണ്ടായതെന്നും തങ്ങൾക്കതിൽ പങ്കില്ലെന്നും സംയുക്ത കിസാൻ മോർച്ച ആരോപിച്ചിട്ടുണ്ട്. ബിജെപിയുമായി അടുപ്പമുള്ള പഞ്ചാബി നടൻ ദീപ് സിദ്ദുവാണ് ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ മുന്നിട്ടിറങ്ങിയതെന്നും പ്രക്ഷോഭം വഴിതെറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്നും കിസാൻ മോർച്ച പറയുന്നു.

ഇതിനിടെ, സമരസ്ഥലങ്ങളിൽനിന്നു കർഷകരെ ബലമായി നീക്കംചെയ്യാൻ പൊലീസ് നടപടി സ്വീകരിച്ചതാണ് ആശങ്ക വർധിപ്പിച്ചത്. ഡൽഹി – യുപി അതിർത്തിയിലുള്ള ഗാസിപ്പുരിൽ സമരക്കാർക്കുള്ള വെള്ളവും വൈദ്യുതിയും  മുടക്കിയിരുന്നു. ഇതിനുപിന്നാലെ, അവരെ അവിടെനിന്ന് ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിടുകയും ചെയ്തു. സമാധാനപരമായി സമരം ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ, ബലപ്രയോഗങ്ങൾ കാര്യങ്ങൾ വഷളാക്കുമെന്ന കാര്യത്തിൽ സംശയമില്ല.  

അതേസമയം, നഗരത്തിലുണ്ടായ അഴിഞ്ഞാട്ടം കർഷകസംഘടനകളെ പ്രതിരോധത്തിലാക്കിയെന്നതും കാണാതിരിക്കാൻ വയ്യ. ക്രമസമാധാനം തകർക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന കർഷകസംഘടനകളുടെ അവകാശവാദത്തിനേറ്റ തിരിച്ചടിയാണു റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങൾ; അതിന്റെ ഉത്തരവാദികൾ ആരെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെങ്കിലും. അക്രമങ്ങളുടെ ധാർമിക ഉത്തരവാദിത്തം കർഷകരുടെ തലയിൽ വന്നുവീണതു കൃത്യമായൊരു പദ്ധതിയുടെ ഭാഗമാണെന്നു കരുതുന്നവരേറെയാണ്; സമരത്തെ കർശനമായി നേരിടുന്നതിന് അതു സർക്കാരിനു പിടിവള്ളിയാകുമെന്നും.

കിസാൻ മോർച്ചയുടെ ആരോപണങ്ങളിൽ കഴമ്പില്ലെങ്കിൽ അതു തെളിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ രാജ്യതലസ്ഥാനത്തേക്ക് ഇരച്ചെത്താനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കുന്നതിൽ‌ പൊലീസ് ഇന്റലിജൻസിനുണ്ടായ വൻ വീഴ്ചയും ചോദ്യം ചെയ്യപ്പെടുന്നു.

പ്രക്ഷോഭത്തിനു പരിഹാരം കാണാൻ കർഷക സംഘടനകളുമായി ചർച്ചയ്ക്കു കേന്ദ്രസർക്കാർ തയാറാണെന്ന് അറിയിച്ചതുകൊണ്ടു മാത്രമായില്ല. കഴിഞ്ഞ 11 വട്ടവും ചർച്ചകളിൽ പ്രശ്നപരിഹാരത്തിനു വഴിതെളിഞ്ഞില്ലെന്നതു കർഷകർ ഉന്നയിക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾ സർക്കാർ വേണ്ടവിധം മനസ്സിലാക്കിയില്ലെന്നതിന്റെ തെളിവാണെന്നു പറയുന്നവരുണ്ട്. കർഷകർ സമരം അവസാനിപ്പിച്ചാൽ കൃഷിനിയമങ്ങൾ നടപ്പാക്കുന്നത് ഒന്നരവർഷത്തോളം മരവിപ്പിക്കാമെന്ന നിലപാടാണ് സർക്കാർ ഏറ്റവുമൊടുവിൽ സ്വീകരിച്ചത്.

സമരം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരും രംഗത്തുണ്ടെന്നു വ്യക്തമായ സാഹചര്യത്തിൽ, അവർക്കെതിരെയുള്ള ജാഗ്രത പരമപ്രധാനമാണ്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന തിങ്കളാഴ്ച നടത്താനിരുന്ന പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കാൻ കർഷകർ തീരുമാനിച്ചത് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വാഗതാർഹമാണ്. നിലവിലെ ദുർഘടസന്ധിക്ക് അടിയന്തര പരിഹാരമുണ്ടാകണം എന്നുതന്നെയാണ് കർഷകരുടെ ആശങ്കയും ആകുലതയും മനസ്സിലാക്കുന്ന രാഷ്ട്രഹൃദയം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.

കർഷകരെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ചർച്ച സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായേതീരൂ. ഇന്നാരംഭിക്കുന്ന പാർലമെന്റ് സമ്മേളനം, ഈ വിഷയം ആഴത്തിൽ ചർച്ച ചെയ്ത് അടിയന്തരമായി പരിഹാരവഴി കണ്ടെത്തേണ്ടതുണ്ട്. രാഷ്ട്രീയ നിറങ്ങൾക്കപ്പുറത്ത്, രാജ്യത്തെ അന്നമൂട്ടുന്ന കർഷകരോടുള്ള ആദരം ചർച്ചകളിൽ പ്രതിഫലിക്കുകയും വേണം.

Content Highlights: Farmers protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com