ADVERTISEMENT

മേശപ്പുറത്തു വയ്ക്കുന്ന കടലാസുകൾ എന്നൊരു ഐറ്റം നിയമസഭയുടെ അജ‍ൻഡയിൽ കാണാറുണ്ട്. എന്നാൽ, മേശപ്പുറത്തു വയ്ക്കുന്ന അവാർഡുകൾ എന്ന ‘ഇനം’ ആദ്യമായാണു കാണുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ് ഇതിനു തുടക്കം കുറിച്ചത്. ഭാവിയിൽ സർക്കാരിന്റെ അവാർഡുക‍ളെല്ലാം ഇൗ ജനുസ്സിൽപെടുത്തുമെന്നാണു കേൾക്കുന്നത്.

മൂന്നു വർഷം മുൻപ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുമ്പോൾ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, 11 പേർക്കേ നേരിട്ടു കൊ‍ടുത്തുള്ളൂ എന്നതു വലിയ വിവാദ‍മാക്കാൻ മുൻനിരയിൽ നിന്നത് കേരളത്തിലെ ചലച്ചിത്രപ്രവർത്തകരായിരുന്നു. ദേശീയ അവാർഡുകൾ അന്ന് 137 എ‍ണ്ണമായിരുന്നു. മുഴുവൻ രാഷ്ട്രപതി തന്നെ കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഒരു ദിവസത്തെ ‘ത‍ച്ച്’ വേണ്ടി വരുമായിരുന്നു. അല്ലെങ്കിൽ ഓവർടൈം ജോലിക്കു പകരം കോംപൻസേറ്ററി ഓഫും നൽകേണ്ടി വരുമായിരുന്നു. അതുകൊണ്ട് അദ്ദേഹം ബാക്കി വിതരണം കേന്ദ്രമന്ത്രി സ്മൃതി ഇറാനി‍യെ ഏ‍ൽപിച്ചു. 

ക്ഷണിച്ചുവരുത്തി അപമാനിച്ചു, പന്തി‍യിൽ ഇല‍യിട്ട ശേഷം ചോറി‍ല്ലെന്നു പറഞ്ഞു തുടങ്ങി അന്ന് ഉയരാത്ത ആരോപണങ്ങൾ ചുരു‍ക്കമായിരുന്നു. ചില‍രാകട്ടെ, അവാർഡ് വേണ്ടെന്നുതന്നെ വച്ചു. അവരിൽ പലരും തപാലിൽ വന്ന അവാർഡ് ആരുമറിയാതെ സ്വീകരിച്ചുവെന്നതു വേറെ കാര്യം.

തിരുവിതാംകൂറിൽ പണ്ട് പുല‍പ്പേടി, മണ്ണാപ്പേ‍ടി തുടങ്ങിയ അനാചാരങ്ങളുണ്ടായിരുന്നു. നിയമം മൂലം നിരോധിച്ചതോടെ അവയുടെ കാറ്റുപോയി. ഇപ്പോൾ കോവിഡ് പേടി കലശ‍ലായിരിക്കുകയാണ്.

അതിനാലാണ് സംസ്ഥാന അവാർഡുകൾ മേശപ്പുറത്തു വച്ചിട്ട് ആവശ്യക്കാ‍രോടു പെറു‍ക്കിയെടുത്തോളാൻ നിർദേശിച്ചത്. ആദിമനുഷ്യർ ‘പെറുക്കിത്തീനികൾ’ (ഹണ്ടർ ഗാതറേഴ്സ്) ആയിരുന്നല്ലോ? പഴയ കാലത്തേക്കു മടങ്ങിപ്പോകാൻ എല്ലാ മനുഷ്യർക്കും ആഗ്രഹം കാണും. ഇൗ അവാർ‍ഡുകളെ ‘പെറുക്കിയെടുത്ത അവാർഡുകൾ’ എന്നോ കുപ്പയിൽനിന്നു കിട്ടിയ മാണി‍ക്യമെന്നോ കളഞ്ഞുകിട്ടിയ തങ്ക‍മെന്നോ വിശേഷിപ്പിച്ചാൽ അധി‍കപ്പറ്റാകില്ല.

മുഖ്യമന്ത്രിക്കു വേണമെങ്കിൽ അവാർഡ് വിതരണച്ചുമതല മന്ത്രിമാരായ എ.കെ.ബാല‍നെയോ കടകംപള്ളി സുരേന്ദ്രനെയോ ഏൽപിക്കാമായിരുന്നു. എന്നാൽ, മന്ത്രിമാർക്കു കോവിഡ് വന്നാൽ താനും ക്വാറന്റീനിൽ പോകേണ്ടി വരുമെന്ന പേടി കൊണ്ടായിരിക്കാം അതു ചെയ്യാതിരുന്നത്. എന്നാലും, മുഖ്യമന്ത്രിക്ക് ആ ചുമതല ഗൺ‍മാൻമാരെയെങ്കിലും ഏൽ‍പിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ കയ്യിൽനിന്നു സ്വീകരിച്ച അവാർഡ് എന്നു പറയുന്നതിന്റെ ഗമ‍യില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഗൺ‍മാനിൽനിന്നു സ്വീകരിച്ച അവാർഡെ‍ന്നു പറയുമ്പോൾ ഏതാണ്ടു കട്ടയ്ക്കു കട്ട നിൽക്കുമായിരുന്നു.

കേരളത്തിലെ ചലച്ചിത്രപ്രവർത്തകരിൽ ഏറിയ പങ്കും ഇടതുപക്ഷക്കാരും പുരോഗമന, നവോത്ഥാന മൂല്യങ്ങളിൽ അടിയുറ‍ച്ചു വിശ്വസിക്കുന്നവരും ആയതുകൊണ്ടാകാം പ്രതിഷേധമുയരാത്തത്. അതുമല്ലെങ്കിൽ, പ്രതിഷേധി‍ക്കുന്നവർക്കു വല്ല ഉൗരു‍വിലക്കോ മറ്റോ ഏർപ്പെടുത്തുമെന്നു ഭയ‍ന്നാകാം. ചലച്ചിത്രപ്രവർ‍ത്തകരായാൽ അങ്ങനെ തന്നെ വേണം. അവരുടെ മൗനമാണ് ഏറ്റവും വാചാലമായ പ്രതിഷേധം.

ചില ചാലഞ്ചുകൾ 

ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും അവിടെ ചലനങ്ങൾ സൃഷ്ടി‍ക്കുമെന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രനു തർക്കമില്ല. തന്നെ പുതുപ്പള്ളിയിൽനിന്നു നേമത്തേ‍ക്കു കൊണ്ടുപോകാൻ നീക്കമുണ്ടെന്ന പ്രചാരണം ഉമ്മൻ ചാണ്ടി കയ്യോടെ തള്ളിക്കളഞ്ഞെങ്കിലും മുല്ലപ്പള്ളി അതു വിടുന്ന മട്ടില്ല. ആജീവനാന്തം പുതുപ്പള്ളി മാത്രമെന്നു വ്യക്തമാക്കിയാണ് ഉമ്മൻ ചാണ്ടി ‘നേമം പ്രചാരണം’ തള്ളിയത്.

പക്ഷേ, മുല്ലപ്പള്ളി പറയുന്നത് ഏതു ചാലഞ്ചും ഏറ്റെടുക്കാൻ കുഞ്ഞൂഞ്ഞ് തയാറാണെന്നാണ്. ‘ബി’ പ്രിപ്പയേർഡ് (be prepared) എന്നതാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. സ്കൂളിൽ പഠിക്കുമ്പോൾ സ്‍കൗട്ടിൽ ചേർന്നതിന്റെ ബാക്കിപത്ര‍മാണത്. അതുകൊണ്ട് നേ‍മത്തല്ല, തമിഴ്നാട്ടിലെ നാമക്കലിൽ പോയി മത്സരിക്കാൻ ഹൈക്കമാൻഡ് പറഞ്ഞാലും അദ്ദേഹം തയാർ. അവിടെ‍യാകുമ്പോൾ അത്യാവശ്യത്തിനു വല്ല കോഴിഫാമും മുട്ട‍ക്കച്ചവടവും തുടങ്ങുകയും ചെയ്യാം. ബംഗാളിൽ അദ്ദേഹം മത്സരിച്ചാൽ ‘ദീ‍ദി’യും കാവിയും തറപ‍റ്റുമെന്നും തീർച്ച. കേരളത്തിലെ സംവരണ മണ്ഡലങ്ങളിൽ മാത്രമാണ് ഉമ്മൻ ചാണ്ടിക്കു മത്സരിക്കാൻ അയോഗ്യ‍തയുള്ളത്. ചെന്നിത്തലയ്ക്കാണെങ്കിൽ അതുമില്ല. അദ്ദേഹം പട്ടികജാതി/വർഗ കോളനികളിൽ ഇടയ്ക്കിടെ പോയി കുളിച്ചു‍ണ്ട് താമസി‍ക്കുന്നയാളാണ്. 

ഹിന്ദി മാത്രമല്ല, ഗോത്രഭാഷകളായ മുതു‍വാപേച്ച്, ഇരു‍ള, മു‍ഡുഗ, കുറുമ്പ എന്നിവയും നല്ലപോലെ വഴങ്ങും. അതുകൊണ്ട് സംവരണ മണ്ഡലങ്ങളിൽ പത്രിക കൊടുത്താൽപോലും വരണാധികാരി അതു തള്ളുമെ‍ന്നു പേടി‍ക്കേണ്ട. എന്നുവച്ച് അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിക്കാൻ നിർബന്ധിക്കുന്നതു കഷ്ടമാണ്. തുമ്പി കല്ലെടുക്കുമെന്നു കരുതി അതിനോടു കുന്നെടുക്കാൻ കൽപിക്കുന്നതു കഷ്ടമല്ലേ? നിർബന്ധമാണെങ്കിൽ അദ്ദേഹം മഞ്ചേശ്വരത്തു മത്സരിക്കും. നേമത്ത് ഉമ്മൻ ചാണ്ടിയും മഞ്ചേശ്വരത്തു രമേശും മത്സരിച്ചാൽ എൽഡിഎഫിനു വല്ല ഗോകർ‍ണത്തോ കന്യാകുമാ‍രിയിലോ പോയി മത്സരിക്കേണ്ടി വരും.

സ്റ്റോപ് പ്രസ്:  2018ലെ ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങ് മലയാളികൾ ഉൾപ്പെടെയുള്ള ചിലർ ബഹിഷ്കരിച്ചപ്പോൾ നമ്മുടെ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ ഇങ്ങനെ പറഞ്ഞു: ‘‘കേന്ദ്രസർക്കാർ നടപടി അൽപത്തമാണ്. സംസ്ഥാന സർക്കാരിനു കടുത്ത പ്രതിഷേധമുണ്ട്. ചടങ്ങു ബഹിഷ്കരിച്ചവരെ പിന്തുണയ്ക്കുന്നു.’’

കഴിഞ്ഞദിവസത്തെ മേശപ്പുറം അ വാർഡ് ആരും ബഹിഷ്കരിക്കാത്തതു കൊണ്ട് അൽപത്തമായില്ല; മുഖ്യമന്ത്രിയുടെ തൊട്ടടുത്തു നിന്ന ബാലൻ മന്ത്രി പ്രതിഷേധിച്ചതുമില്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com