ജനാധിപത്യം തോറ്റുകൂടാ

SHARE

ഒരു രാജ്യത്തിന്റെ ദുർബലമായ അധികാരഘടനയിൽ പട്ടാളത്തിനു നിർണായക പ്രാധാന്യമുണ്ടാകുമ്പോൾ സംഭവിക്കുന്നതു ജനാധിപത്യധ്വംസനമാണെന്നു മ്യാൻമർ ലോകത്തോട് ഒരിക്കൽക്കൂടി വിളിച്ചുപറയുന്നു. അവിടത്തെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിൽ ആശങ്കാഭരിതമാണു രാജ്യാന്തര സമൂഹം.

പുതിയ സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപേ, തിങ്കളാഴ്ച പുലർച്ചെയാണ് അട്ടിമറിയുണ്ടായത്. ഭരണാധികാരിയും നൊബേൽ സമ്മാനജേതാവുമായ ഓങ് സാൻ സൂ ചിയെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം, ഒരു വർഷത്തേക്കു സൈനികഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

സൂ ചിയുടെ കക്ഷിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻവിജയം നേടിയ കഴിഞ്ഞ നവംബറിലെ പൊതുതിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപിച്ചാണു പട്ടാളം ഭരണം പിടിച്ചത്. 5 വർഷംകൂടി സൂ ചിക്കു ഭരണത്തുടർച്ച ലഭിച്ച പൊതു തിരഞ്ഞെടുപ്പായിരുന്നു അത്. പട്ടാള അട്ടിമറിയെ അപലപിച്ച് യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

അര നൂറ്റാണ്ടുകാലം പട്ടാളഭരണത്തിന്റെ നഖമുനയ്ക്കുള്ളിൽ പിടഞ്ഞ രാജ്യമാണ് മ്യാൻമർ. 1990ൽ ഓങ് സാൻ സൂ ചിയുടെ പാർട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിരുന്നെങ്കിലും പട്ടാള ഭരണാധികാരികൾ അധികാരം കൈമാറിയിരുന്നില്ല. ദീർഘകാലത്തെ രാഷ്ട്രീയവിലക്കിനും വീട്ടുതടങ്കലിനും ശേഷം 2010 നവംബറിലായിരുന്നു സൂ ചിയുടെ മോചനം. ഇതിനിടെ, 1991ൽ നൊബേൽ സമാധാന സമ്മാനം നേരിട്ടു സ്വീകരിക്കാനോ 1999ൽ ഭർത്താവ് അന്തരിച്ചപ്പോൾ അവസാനമായി ഒരുനോക്കു കാണാനോ അവർക്കു സാധിച്ചില്ല. 2010ലെ തിരഞ്ഞെടുപ്പ് സൂ ചിയുടെ എൻഎൽഡി ബഹിഷ്കരിച്ചതിനാൽ സൈനികനിയന്ത്രണത്തിലുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി (യുഎസ്ഡിപി) അധികാരത്തിലെത്തുകയും ഫലത്തിൽ സൈന്യത്തിന്റെ ഭരണസ്വാധീനം തുടരുകയും ചെയ്തു. അതുകൊണ്ടുതന്നെ, 2015ൽ യുഎസ്ഡിപിയെ പരാജയപ്പെടുത്തി സൂ ചിയുടെ പാർട്ടി തകർപ്പൻ വിജയം കൈവരിച്ചത് ലോക ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലായ പോരാട്ടവിജയവും തിരഞ്ഞെടുപ്പു വിജയവുമായി വാഴ്ത്തപ്പെട്ടു.

പട്ടാളത്തിനു മ്യാൻമർ അധികാരഘടനയിലുള്ള സ്വാധീനം നിർണായകമാണ്. അതുകൊണ്ടാണ് യുഎസ്ഡിപി തോറ്റപ്പോഴും ഭരണസംവിധാനത്തിലുള്ള സൈന്യത്തിന്റെ നിയന്ത്രണം അവസാനിക്കാതിരുന്നത്. പാർലമെന്റിൽ പട്ടാളത്തിന് 25% സംവരണംതന്നെയുണ്ട്. സുപ്രധാന വകുപ്പുകളായ ആഭ്യന്തരം, പ്രതിരോധം, അതിർത്തികാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ പട്ടാളം തിരഞ്ഞെടുക്കണമെന്നും ഭരണഘടന വ്യവസ്ഥ ചെയ്യുന്നു.

പട്ടാളഭരണത്തിൽ ജനങ്ങളുടെമേൽ അടിച്ചേൽപിക്കപ്പെട്ട ഈ ഭരണഘടനയനുസരിച്ചാണ്, ഭരണാധികാരിയായിട്ടും സൂ ചിക്ക് ഒരിക്കലും പ്രസിഡന്റാകാൻ കഴിയാതെപോയത്. വിദേശികളായ ഭർത്താവോ ഭാര്യയോ വിദേശപൗരത്വമുള്ള മക്കളോ ഉള്ളവർ പ്രസിഡന്റാകാൻ അർഹരല്ലെന്നാണു ഭരണഘടനാ വ്യവസ്ഥ. സൂ ചിയുടെ ഭർത്താവ് ബ്രിട്ടിഷുകാരനായിരുന്നു. രണ്ടു മക്കൾക്കും ബ്രിട്ടിഷ് പൗരത്വമാണുള്ളത്. തങ്ങളുടെ ഏറ്റവും വലിയ പ്രതിയോഗിക്കു രാജ്യത്തെ അത്യുന്നതപദവി നിഷേധിക്കണമെന്ന ഉദ്ദേശ്യത്തോടെതന്നെയാണു പട്ടാളം ഈ വ്യവസ്ഥ കൊണ്ടുവന്നതും.

സമീപകാലത്തു മ്യാൻമറിൽനിന്നുള്ള രോഹിൻഗ്യകളുടെ കൂട്ടപ്പലായനം ലോകത്തിന്റെയാകെ ആശങ്കയും ആകുലതയുമായി മാറുകയുണ്ടായി. അക്കാലത്ത് ഭരണത്തിലുണ്ടായിരുന്ന സൂ ചിക്കുമേൽ രാജ്യാന്തര സമ്മർദമേറാൻ അതു കാരണമാവുകയും ചെയ്തു. ഇപ്പോൾ അട്ടിമറിയിലൂടെ ഭരണം പിടിച്ച കരസേനാ മേധാവി കൂടിയായ മിൻ ഓങ് ലെയ്ങ്ങിനെതിരെ 2019 ഡിസംബർ മുതൽ യുഎസ് ഉപരോധമുണ്ട്. രോഹിൻഗ്യൻ മുസ്‌ലിംകൾക്കു നേരെ 2017ൽ സൈന്യം നടത്തിയ അതിക്രമങ്ങളുടെ പേരിൽ ഗുരുതരമായ മനുഷ്യാവകാശലംഘന കുറ്റങ്ങളാണു ലെയ്ങ്ങിനെതിരെയുള്ളത്.

ജനാധിപത്യ ഭരണകൂടവുമായും പട്ടാളവുമായും നല്ല ബന്ധം നിലനിർത്താനാണ് ഇന്ത്യ എന്നും ശ്രമിക്കുന്നതെന്നിരിക്കെ, മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ രാജ്യം ആശങ്ക പ്രകടിപ്പിച്ചെങ്കിലും ശക്തമായി അപലപിക്കാൻ മുതിർന്നിട്ടില്ല. എങ്കിലും, അയൽരാജ്യത്തു ജനാധിപത്യം കശാപ്പു ചെയ്യപ്പെടുമ്പോൾ അത് ഇന്ത്യക്കും കണ്ടിരിക്കാനുള്ള കാഴ്ചയല്ല. ഒരു രാജ്യത്തും, ഒരു സാഹചര്യത്തിലും ജനാധിപത്യം എന്ന മഹനീയത തോറ്റുകൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA