ബഫർ സോൺ എന്ന ആശങ്ക

HIGHLIGHTS
  • സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വൈകരുത്
estate
SHARE

വന്യജീവിസങ്കേതങ്ങളോടു ചേർന്നുള്ള ബഫർ സോൺ പ്രഖ്യാപനം കേരളത്തിലെ മലയോര കർഷകരുടെ ആശങ്കകൾ വലിയ തോതിൽ വർധിപ്പിക്കുകയാണ്. സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങളോടു ചേർന്നുള്ള ജനവാസകേന്ദ്രങ്ങളുൾപ്പെടെ പരിസ്ഥിതിലോല മേഖലകളാക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങളിൽ പലതിലും കരടു വിജ്ഞാപനങ്ങൾ ഇറങ്ങിക്കഴിഞ്ഞു. ഇടുക്കിയിലെ മതികെട്ടാൻ ചോലയോടുചേർന്ന് ബഫർ സോൺ പ്രഖ്യാപിച്ച് അന്തിമവിജ്ഞാപനമാണ് ഇറങ്ങിയത്. വന്യമൃഗങ്ങളുടെ കാടിറക്കം, വിലയിടിവ്, വിളനാശം, കാലാവസ്ഥാവ്യതിയാനം, കടക്കെണി തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങളിൽ ഉഴലുന്ന കർഷകർക്കു മറ്റൊരു വെല്ലുവിളിയായിരിക്കുകയാണു ബഫർ സോൺ വിജ്ഞാപനങ്ങൾ. മുൻപേയുള്ള ഇഎഫ്എൽ, കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള പരിസ്ഥിതിലോല പ്രദേശ (ഇഎസ്എ) പ്രഖ്യാപനങ്ങളുടെയൊക്കെ ആശങ്കകൾ താങ്ങുന്നതും മലയോരവാസികളാണ്.

വയനാട് ജില്ലയാണ് കടുത്ത ആശങ്കയിലായിട്ടുള്ളത്. കരടു വിജ്ഞാപനപ്രകാരം ബത്തേരി, മാനന്തവാടി താലൂക്കുകളിലായി 6 വില്ലേജുകൾ വയനാട് വന്യജീവിസങ്കേതത്തിന്റെ പരിസ്ഥിതി ദുർബലമേഖലയിൽ ഉൾപ്പെടുന്നു. നേരത്തേ വൈത്തിരി താലൂക്കിലെ 4 വില്ലേജുകൾ മലബാർ വന്യജീവിസങ്കേതത്തിന്റെ ബഫർ സോണിലും ഇടംപിടിക്കുകയുണ്ടായി. ഇതോടെ, വയനാട്ടിലെ മൂന്നു താലൂക്കുകളിലുമുള്ള ചില വില്ലേജുകൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളാവുകയാണ്. വിജ്ഞാപനങ്ങൾ അതേപടി നടപ്പിലായാൽ, വയനാട്ടിൽ ആകെയുള്ള 49 വില്ലേജുകളിൽ 10 ഇടത്തും പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിരോധനങ്ങളും നിയന്ത്രണങ്ങളും ബാധകമാകും.

വയനാടിനോടൊപ്പം, പാലക്കാട് ജില്ലയിലെ പറമ്പിക്കുളം കടുവാസങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖലയാക്കാനുള്ള കരടു വിജ്‍ഞാപനവുമായി. കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ, കോഴിക്കോട് ജില്ലയിലെ മലബാർ, കൊല്ലം ജില്ലയിലെ ശെന്തുരുണി, എറണാകുളത്തെ മംഗളവനം, ഇടുക്കി ജില്ലയിലെ ഇടുക്കി, പാമ്പാടുംചോല, ചിന്നാർ, ആനമുടി, കുറിഞ്ഞിമല തുടങ്ങി വിവിധ വനമേഖലകളോടു ചേർന്നും വിജ്ഞാപന നടപടികൾ പുരോഗമിക്കുകയാണ്.

ദേശീയോദ്യാനങ്ങളുടെയും വന്യജീവിസങ്കേതങ്ങളുടെയും ബഫർ സോൺ നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ഇവ കൃത്യമായി പാലിക്കാതെയാണ് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം കേരളത്തിൽ ബഫർ സോൺ പ്രഖ്യാപിക്കുന്നതെന്നു കർഷകസംഘടനകൾ ആരോപിക്കുന്നു. കരടു വിജ്ഞാപനത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ, ജീവിതോപാധികളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്കു നിരോധനമോ നിയന്ത്രണങ്ങളോ വരും. കൃഷി, റോഡുനിർമാണം, അടിസ്ഥാനസൗകര്യ വികസനം, മരംമുറി, രാത്രിയാത്രാ നിരോധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് ഏറ്റവുമധികം വിമർശനം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

വിജ്ഞാപനങ്ങൾ അവ്യക്തവും സങ്കീർണവുമായ പ്രയോഗങ്ങളാൽ സമ്പന്നമാണ്. ബഫർ സോണുകളിൽ പ്രഖ്യാപിച്ചിട്ടുള്ള പല നിയന്ത്രണങ്ങളും ഫലത്തിൽ നിരോധനങ്ങളാകുമെന്ന ആശങ്കയ്ക്കു പ്രധാന കാരണങ്ങളിലൊന്ന് ഈ അവ്യക്തത തന്നെ. കടബാധ്യതയിൽപെട്ട് ഉഴലുന്ന കർഷകർക്കു ഭൂമി വിൽക്കാൻ പോലുമാകാത്ത സ്ഥിതിയാവും വരുന്നതെന്നാണ് ആശങ്ക. വരാനിരിക്കുന്ന നിയന്ത്രണങ്ങൾ കർഷകരെ ഒരുതരത്തിലും ദോഷകരമായി ബാധിക്കില്ലെന്നു കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയവും കേരള വനംവകുപ്പും പറയുമ്പോഴും സംഭവിക്കാനിരിക്കുന്നതു മറ്റൊന്നാണെന്നാണ് കർഷകസംഘടനകളുടെ വാദം. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ കേന്ദ്ര വിജ്ഞാപനങ്ങളും വനനിയമങ്ങളും ജനജീവിതം ദുസ്സഹമാക്കിയ അനുഭവമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി മാത്രമേ ബഫർ സോൺ നിർണയിക്കൂ എന്ന് നിയമസഭയിൽ വനംമന്ത്രി ഉറപ്പുനൽകിയ ശേഷവും ജനവാസകേന്ദ്രങ്ങളെ ഇതിൽ ഉൾപ്പെടുത്തി കരടു വിജ്ഞാപനങ്ങൾ ഇറങ്ങുകയാണ്. മതികെട്ടാൻ ചോലയോടുചേർന്ന് ബഫർ സോൺ പ്രഖ്യാപിച്ച് ഇത്രയും തിടുക്കപ്പെട്ട് അന്തിമവിജ്ഞാപനം ഇറക്കിയതെന്തിനെന്ന ചോദ്യവും ഉയരുന്നു. കരടു വിജ്ഞാപനങ്ങളിൽ ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ രണ്ടുമാസം വരെ സമയമുണ്ട്. ബഫർ സോൺ പരിധിയിൽനിന്നു കൃഷിയിടങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണമെന്നാണു കർഷകരുടെ ആവശ്യം. ചില ബഫർ സോൺ വി‍ജ്ഞാപനങ്ങളിൽ തിരുത്തൽ നിർദേശിച്ചു കേരളം നൽകിയ ശുപാർശകൾ കേന്ദ്രത്തിന്റെ പരിഗണനയിലുമാണ്. കേരളത്തിന്റെ ആവശ്യങ്ങളും ശുപാർശകളും കേന്ദ്രസർക്കാർ എത്രയും വേഗം പരിഗണിച്ച് പ്രശ്നത്തിനു ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാണു കർഷകസമൂഹത്തിന്റെ ആവശ്യം.

Content Highlights: Buffer Zone notification Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA