ADVERTISEMENT

ബിജെപി ദേശീയ നിർവാഹകസമിതി അംഗവും മുതിർന്ന നേതാവുമായ ശോഭ സുരേന്ദ്രൻ, ഒരു വർഷത്തോളം നീണ്ട സ്വയംപ്രഖ്യാപിത രാഷ്ട്രീയ വനവാസത്തിനു ശേഷം മൗനം ഭഞ്ജിക്കുന്നു. കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റായ ശേഷം പാർട്ടി പ്രവർത്തനങ്ങളുമായി സഹകരിക്കാതെ മാറിനിൽക്കുകയായിരുന്ന ശോഭ, മനസ്സിനെ ഉലച്ച കാര്യങ്ങൾ തുറന്നു പറയുന്നു. 

∙ ഏതാണ്ട് ഒരു വർഷത്തിനു ശേഷം, കഴിഞ്ഞ ദിവസം ബിജെപി വേദിയിൽ ശോഭ സുരേന്ദ്രൻ പ്രത്യക്ഷപ്പെട്ടു. ജെ.പി.നഡ്ഡയുടെ യോഗത്തിൽ പങ്കെടുത്തതു കേന്ദ്ര നിർദേശപ്രകാരമാണോ? 

ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന പരിപാടിക്ക് എത്തുകയെന്നത് ബിജെപി അംഗത്തിൽ നിക്ഷിപ്തമായ കർത്തവ്യമാണ്. അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിക്കാൻ അവിടെ പോയി. 

∙ ജെപി.നഡ്ഡയോ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനോ നേരത്തേ സംസാരിച്ചിരുന്നോ? 

സംസ്ഥാന പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് അത്തരത്തിലൊന്നും ഉണ്ടായില്ല. തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ നഡ്ഡാജി ഞാനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകിയിരുന്നു. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിനെ കാണാൻ നിർദേശിച്ചതായും അവർ ഉന്നയിച്ച കാര്യങ്ങൾ പരിഗണനയിലാണെന്നും പറഞ്ഞിരുന്നു. 

∙ കെ.സുരേന്ദ്രൻ നേതൃത്വം ഏറ്റെടുത്ത ശേഷം എന്തുകൊണ്ടാണ് പാർട്ടിയോടു സഹകരിക്കാതെ മാറിനിന്നത്? 

ആ വിഷയം തുറന്ന ചർച്ചയ്ക്കു വയ്ക്കാൻ ഇനി സാധ്യമല്ല. കാരണം, ദേശീയ അധ്യക്ഷൻ പറഞ്ഞതിനപ്പുറം ഒന്നും പ്രസക്തമല്ല. 

∙ പക്ഷേ, ദേശീയ നിർവാഹകസമിതി അംഗമായ താങ്കളെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചത് കീഴ്‌വഴക്കം ലംഘിച്ചാണെന്ന് നേരത്തേ പ്രതികരിച്ചുവല്ലോ? 

13–ാം വയസ്സിൽ ബാലഗോകുലത്തിന്റെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയതാണ്. പദവിക്കോ അധികാരത്തിനോ വേണ്ടിയല്ല എന്റെ രാഷ്ട്രീയപ്രവർത്തനം. പൊതുപ്രവർത്തനം നടത്തുന്ന ആരെയും, പ്രത്യേകിച്ചു സ്ത്രീകളെ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യാൻ പാടില്ല എന്നതാണ് എക്കാലത്തെയും എന്റെ നിലപാട്. പറയേണ്ട കാര്യങ്ങൾ പറയേണ്ട വേദികളിൽ പറഞ്ഞിട്ടുണ്ട്. 

∙ ഏക വനിതാ ജനറൽ സെക്രട്ടറി കൂടിയായിരുന്ന താങ്കളെ വൈസ് പ്രസിഡന്റാക്കിയതു തരംതാഴ്ത്തൽ ആയിരുന്നില്ലേ? 

അതു സംഘടനയുടെ ആഭ്യന്തര പ്രശ്നമാണ്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. കേരളത്തിലെ സംഘനേതൃത്വത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയും അക്കാര്യം അറിയിച്ചു. ദേശീയ നിർവാഹകസമിതി അംഗമായി പ്രവർത്തിച്ചിരുന്ന ഒരാളുടെ പുതിയ ചുമതല തീരുമാനിക്കുമ്പോൾ ഫോണിൽ വിളിച്ചെങ്കിലും ഒന്നു പറയാമായിരുന്നു. ഒരു അറിയിപ്പും ലഭിക്കാതിരിക്കുകയും 16 കൊല്ലം മുൻപ് കിട്ടിയ വൈസ് പ്രസിഡന്റ് പദവിയിലേക്കു വീണ്ടും വരേണ്ടിവരികയും ചെയ്തുവെന്ന എന്റെ പ്രശ്നം മാത്രമല്ല സംഘടനയ്ക്കുള്ളിൽ ഉന്നയിച്ചത്. എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന രീതി സംഘടനയ്ക്കു കൂടിയേ തീരൂ. 

∙ താങ്കളെക്കുറിച്ചു മാധ്യമങ്ങൾ ആദ്യമുയർത്തിയ ചോദ്യങ്ങൾ കെ.സുരേന്ദ്രൻ അവഗണിച്ചപ്പോൾ എന്തു തോന്നി? 

അടുക്കളയിലും രാഷ്ട്രീയം സംസാരിക്കുന്ന നാടാണിത്. അതിൽ കൂടുതലൊന്നും അക്കാര്യത്തിൽ പറയേണ്ട കാര്യമില്ല. ഒരു പ്രശ്നവുമില്ല എന്ന അവരുടെ ഉത്തരവും ദേശീയ അധ്യക്ഷന്റെ പ്രതികരണവുമെല്ലാം സംഘടനയുടെ നന്മയ്ക്കുവേണ്ടി ആയിരിക്കും. 

∙ താങ്കൾ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിന്നതും തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോലും ഇറങ്ങാതിരുന്നതും അച്ചടക്കലംഘനമല്ലേ? 

കുറച്ചുനാൾ ഒരാൾ പ്രവർത്തിച്ചില്ല എന്നതുകൊണ്ട് സംഘടനയുടെ മുന്നേറ്റത്തിന് അതൊരു ഘടകമല്ല. തദ്ദേശതിരഞ്ഞെടുപ്പിൽ നേരത്തേ 1300 സീറ്റ് ആയിരുന്നത് 1600 സീറ്റിലേക്കു വളർന്നു. വോട്ട് 13.2% ആയിരുന്നത് 14.5% ആയി ഉയർന്നു. ശക്തരായ മുന്നണികൾക്കിടയിൽ ഇത്തരമൊരു മുന്നേറ്റം സാധിച്ചുവെന്നതിൽനിന്നു മനസ്സിലാക്കേണ്ടത് ബിജെപി ഒരു വ്യക്തികേന്ദ്രീകൃത പ്രസ്ഥാനമല്ല എന്നാണല്ലോ. 

∙ പക്ഷേ, വ്യക്തിക്കു സംഘടനയോട് ഉത്തരവാദിത്തമുണ്ടല്ലോ? 

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ പാർട്ടി ആഹ്വാനപ്രകാരം തടഞ്ഞതും അറസ്റ്റിലായതും ഞാൻ ആറുമാസം ഗർഭിണി ആയിരിക്കുമ്പോഴാണ്. സ്ത്രീയെന്ന നിലയിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ആ സമയത്തുപോലും സ്വന്തം കാര്യം നോക്കി വീട്ടിലിരുന്നിട്ടില്ല. പ്രസവത്തിനു ശേഷം ശുശ്രൂഷ വേണ്ട സമയത്ത് ഒരു സർക്കാർ ജീവനക്കാരി എടുക്കുന്ന അവധി പോലും പാർട്ടിയിൽനിന്ന് എടുത്തില്ല. അതുകൊണ്ട് ഞാൻ ഇടവേള ആസ്വദിക്കുകയായിരുന്നില്ല. 

∙ മിക്ക തിരഞ്ഞെടുപ്പുകളിലും അവസരം നൽകി, പാർട്ടി പദവികൾ ലഭിച്ചു. എന്നിട്ടും പാർട്ടിയെ കയ്യൊഴിഞ്ഞുവെന്നു വിമർശിക്കുന്നവരുണ്ടല്ലോ? 

അംഗീകാരം ആ വ്യക്തിയുടെ പ്രവർത്തനം കൂടി മാനിച്ചിട്ടാകുമല്ലോ. പരിഗണിക്കണമെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല. ഒരു മണ്ഡലം കമ്മിറ്റി പോലും പൂർണമായി ഇല്ലാത്ത വടക്കാഞ്ചേരിയിൽ കെ.മുരളീധരനെതിരെയാണ് ആദ്യം മത്സരിച്ചത്. കഠിനാധ്വാനത്തിന്റെ ഫലമായാണ് അവസരങ്ങൾ തേടിവന്നത്. കഴിഞ്ഞ 33 വർഷവും പാർട്ടി ആവശ്യപ്പെട്ടയിടത്തു പോയാണു ഞാൻ പ്രവർത്തിച്ചത്. എറണാകുളത്തും പൊന്നാനിയിലും അടക്കം മത്സരിച്ചിട്ടുണ്ട്. 7 തിരഞ്ഞെടുപ്പിൽ മത്സരിച്ചത് അഞ്ചു ജില്ലകളിലായാണ്. എ പ്ലസ് മണ്ഡലങ്ങളിൽ പെടാത്ത 90000 വോട്ടു മാത്രം കിട്ടിയിരുന്ന ആറ്റിങ്ങലിലാണ് ഒടുവിൽ ലോക്സഭയിലേക്കു മത്സരിച്ചത്. അധികാരമോഹിയായിരുന്നുവെങ്കിൽ ഇതാകുമായിരുന്നോ സമീപനം? 

∙ ശ്രീധരൻപിള്ളയ്ക്കു പകരം പ്രസിഡന്റിനെ നിശ്ചയിക്കുമ്പോൾ ഇവിടെനിന്നു ദേശീയ നിർവാഹക സമിതിയിലുള്ള, സംസ്ഥാന പ്രസിഡന്റാകാത്ത ഏക നേതാവ് താങ്കളായിരുന്നു. എന്നിട്ടും തഴയപ്പെട്ടതല്ലേ, മാറിനിൽക്കാനുള്ള യഥാർഥ കാരണം? 

സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതു കൊണ്ട് ‍‍ഞങ്ങൾക്കിടയിൽ ഒരു തർക്കവുമില്ല. അത് ഒരേയൊരു കസേരയാണ്. അർഹതപ്പെട്ട ആൾ അതിലിരിക്കട്ടെ. അതിലിരുന്ന് എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകണം. സംഘടനാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ പല പേരുകളും ഉയരുന്നതുപോലെ എന്റെ പേരും ഉയർന്നിട്ടുണ്ടാകാം. പക്ഷേ, സംസ്ഥാന അധ്യക്ഷനായി ഒരാൾ വന്നാൽ പിന്നെ കൂട്ടായ നേതൃത്വമായി മുന്നോട്ടുപോവുകയാണു വേണ്ടത്. 

∙ അങ്ങനെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിൽ കെ.സുരേന്ദ്രനു വീഴ്ചയുണ്ടായോ? 

അതെക്കുറിച്ചു ഞാൻ വിലയിരുത്തുന്നില്ല. ഓരോരുത്തർക്കും ഓരോ ശൈലിയുണ്ട്. സുരേന്ദ്രന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടാകും. പക്ഷേ, പ്രസ്ഥാനത്തിനു വേണ്ടി എല്ലാവരെയും യോജിപ്പിച്ചു നീങ്ങുന്നത് സംഘടനയെ ശക്തിപ്പെടുത്തും. ബിജെപിക്കു വേണ്ടി കഷ്ടപ്പെട്ടവരും വേദന അനുഭവിച്ചവരുമായ ഒരുപാടു നേതാക്കളുണ്ട്. അങ്ങനെയുള്ള പി.എം.വേലായുധൻ തന്റെ പ്രയാസം തുറന്നുപറഞ്ഞു. അവർക്കെല്ലാം കൂടി പ്രവർത്തിക്കാൻ സാഹചര്യം ഒരുങ്ങുമെന്നു തന്നെയാണു വിശ്വസിക്കുന്നത്. 

∙ മാറിനിന്ന ഇക്കാലയളവിൽ സംസ്ഥാന പ്രസിഡന്റ് താങ്കളെ വിളിച്ച് പ്രശ്നപരിഹാരത്തിനു തയാറായിട്ടുണ്ടോ? 

എന്തിനാണ് അതു കൂടുതൽ ചർച്ചയ്ക്കു വിധേയമാക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയാൻ സാധിക്കാത്ത ഒരു ഘട്ടത്തിലാണ് നമ്മൾ സംസാരിക്കുന്നത്. ദേശീയ അധ്യക്ഷൻ തന്നെ നയം വ്യക്തമാക്കി. സംഘപരിവാർ തന്നെ ധാർമികമായ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി. വീണ്ടും ആ ചോദ്യങ്ങളിലേക്കു പോകേണ്ട കാര്യമില്ല. 

∙ ചർച്ചകളുടെ അടിസ്ഥാനത്തിൽ താങ്കളെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പു ലഭിച്ചോ? 

സംഘടനയെ ദൃഢപ്പെടുത്തുക എന്നതാണ് എന്റെ മുന്നിലെ വിഷയം. വ്യക്തിപരമായി എന്തെങ്കിലും കിട്ടണം എന്ന നിലയിൽ ഒരു കാര്യവും ഉയർത്തിയിട്ടില്ല. സംഘടന പകർന്ന ആദർശബോധത്തിൽ നിന്നു പ്രവർത്തനം തുടരും. 

∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? 

പാർട്ടിയുടെ മുന്നോട്ടുപോക്കിനായി കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അതെല്ലാം തീരുമാനിക്കുന്നത്. കേരളത്തിൽ വളരുന്നതു ബിജെപി മാത്രമാണ്. 

∙വിശ്രമമില്ലാതെ പ്രവർത്തിച്ച ശേഷം സ്വയം രാഷ്ട്രീയ വനവാസത്തിലായത് എങ്ങനെയാണു തരണം ചെയ്തത്? 

എഴുത്തിലേക്കു തിരിഞ്ഞു. മൂന്നു പുസ്തകങ്ങൾ. ‘ജനപക്ഷത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാട്’ എന്നതു മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം പൂർത്തിയായി. അമിത് ഷായെയും യോഗി ആദിത്യനാഥിനെയും കുറിച്ചുള്ളതാണ് ഇനി. വീടിനകത്ത് ഇരുന്നപ്പോഴും ബിജെപിയുടെ ആശയങ്ങൾ ജനങ്ങളിലേക്കു കൂടുതലായി എത്തിക്കാനുള്ള മാർഗമാണു ഞാൻ അവലംബിച്ചത്. സമൂഹമാധ്യമങ്ങളിൽനിന്ന് ഒരു ഘട്ടത്തിലും വിട്ടുനിന്നില്ല. 

∙ ശോഭ സുരേന്ദ്രൻ മൂക്കാതെ പഴുത്ത പഴമാണെന്നു മുതിർന്ന നേതാവ് പി.പി.മുകുന്ദൻ പറഞ്ഞതു കേട്ടപ്പോൾ വേദന തോന്നിയോ? 

ശോഭ ഉയർത്തിയ വിഷയങ്ങൾ മൂക്കാതെ പഴുത്തുപോയി എന്നാണു പറഞ്ഞതെന്നാണു മുകുന്ദേട്ടൻ എന്നെ അറിയിച്ചത്. ഇനി അഥവാ, മറ്റെന്തെങ്കിലും ഉദ്ദേശിച്ചു പറഞ്ഞാലും സാരമില്ല. മുകുന്ദേട്ടനു മുന്നിൽ ഞാനൊരു കുട്ടി മാത്രമാണ്. 

∙ മുഖ്യമന്ത്രിയും മന്ത്രി എ.കെ.ബാലനുമായി ചർച്ച നടത്തി, സിപിഎമ്മിലേക്കു ക്ഷണിച്ചു എന്ന വാർത്ത വന്നല്ലോ? 

ഞാൻ ഒരാളുമായും ചർച്ച നടത്തിയിട്ടില്ല. എന്നെച്ചേർത്ത് രണ്ടു മുന്നണികളും പുറത്തു ചില ചർച്ചകൾ നടത്തുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. തത്വത്തിൽ ഞാനൊരു ആർഎസ്എസ് പ്രവർത്തകയാണ്; ഇന്നും എന്നും ബിജെപിക്കാരിയും. 

English Summary: Shobha Surendran interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com