വട്ടപ്പാറയ്ക്ക് ഇനിയും ചോര കാണാൻ വയ്യ

SHARE

മലപ്പുറം ജില്ലയിലെ ദേശീയപാത 66ൽ, കോട്ടയ്‌ക്കലിനും വളാഞ്ചേരിക്കുമിടയിലെ വട്ടപ്പാറ വളവ് സ്ഥിരം അപകടകേന്ദ്രമായിട്ടു ദശാബ്ദങ്ങളായെങ്കിലും ശാശ്വതപരിഹാരം കാണാൻ ദേശീയപാതാ അതോറിറ്റിക്കോ സംസ്ഥാന സർക്കാരിനോ കഴിയാത്തതു നിർഭാഗ്യകരമാണ്. പുതുവർഷം പിറന്ന് ഇത്രയുമായപ്പോൾതന്നെ ഈ അപകടവളവ് 3 യാത്രക്കാരുടെ ജീവനെടുത്തിരിക്കുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ, ഉരുക്കു കമ്പികളുമായെത്തിയ ലോറി 30 അടി താഴ്ചയിലേക്കു മറിഞ്ഞ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും മരിച്ചതാണ് ഒടുവിലത്തെ അപകടം. പഞ്ചസാര ലോറി മറിഞ്ഞ് കർണാടക സ്വദേശിയായ ഡ്രൈവർ മരിച്ച് 10 ദിവസത്തിനുള്ളിലാണു വട്ടപ്പാറ വീണ്ടും കുരുതിക്കളമായത്. ചെറുതും വലുതുമായ അപകടങ്ങളിൽ ഈ വർഷം ഇതിനകം 13 പേർക്കു പരുക്കേൽക്കുകയും ചെയ്തു. 

അടുത്തടുത്തുള്ള വളവുകളും കുത്തിറക്കവുമാണ് വട്ടപ്പാറയിൽ വാഹനങ്ങളുടെ നിലതെറ്റിക്കുന്നത്. കഞ്ഞിപ്പുര ഇറക്കം കഴിഞ്ഞാൽ വട്ടപ്പാറ അടിവാരം വരെയുള്ള അരക്കിലോമീറ്ററിനിടെ 4 വളവുകളുണ്ട്. ഇതിൽ നാലാമത്തെ ഹെയർപിൻ വളവാണു കൂടുതൽ അപകടകരം. ചരക്കുലോറികളും ടാങ്കർ ലോറികളുമാണ് ഇവിടെ സ്ഥിരം അപകടത്തിൽപെടുന്നത്. കരിങ്കല്ലിൽ തീർത്ത സുരക്ഷാഭിത്തി തകർത്ത്, 30 അടി താഴ്ചയിലേക്കു വാഹനം വീഴുന്നതോടെ രക്ഷാപ്രവർത്തനവും ദുഷ്കരമാകും. മറിയുന്നത് പാചകവാതകം നിറച്ച ടാങ്കറാണെങ്കിൽ പാതിരാത്രിയിൽപോലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവർ വീടൊഴിഞ്ഞുപോകേണ്ട ദുരവസ്ഥയുമുണ്ട്.

ഓരോ അപകടത്തിനുശേഷവും അടിയന്തരയോഗങ്ങളും പ്രശ്നപരിഹാര ചർച്ചകളും മുറപോലെ നടക്കുന്നുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്. വട്ടപ്പാറയിലെ വളവുകളിൽ ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന തരത്തിൽ വളർന്നുനിൽക്കുന്ന പുൽക്കാടും 4 വളവിലും തകർന്ന നിലയിലുള്ള സിഗ്നൽ ലൈറ്റും ഈ അനാസ്ഥയുടെ നേർക്കാഴ്ചയാണ്. വളവു നിവർത്തുന്നതിനും ബദൽ റോഡുകൾ നിർമിക്കുന്നതിനും പല ആശയങ്ങൾ ഉയർന്നുവന്നെങ്കിലും നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കഞ്ഞിപ്പുര - മൂടാൽ ബൈപാസിലാണ് ഇപ്പോഴും ജനങ്ങളുടെ പ്രതീക്ഷ. 

കഞ്ഞിപ്പുരയിൽനിന്ന് അമ്പലപ്പറമ്പ്, കാർത്തലചുങ്കം വഴി മൂടാലിൽ ചേരുന്ന ബൈപാസാണു നവീകരിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾക്കു വട്ടപ്പാറ വളവ് ഒഴിവാക്കി ഈ വഴി ഉപയോഗിക്കാനാകും. തൃശൂർ - കോഴിക്കോട് പാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. 7 കിലോമീറ്റർ ദൂരക്കുറവുമുണ്ട്. എന്നാൽ, 2013ൽ നിർമാണോദ്ഘാടനം നടത്തിയ ബൈപാസ് വട്ടപ്പാറയെക്കാൾ വലിയ ചോദ്യചിഹ്നമായി തുടരുകയാണ്. പണി തുടങ്ങി മാസങ്ങൾക്കകം കരാറുകാരൻ പിന്മാറിയതോടെ മുടങ്ങിയ നിർമാണം, പിന്നീട് രണ്ടുതവണ കൂടി ഉദ്ഘാടനം നടത്തി ആഘോഷമായി ആരംഭിച്ചു. എങ്കിലും പണി പൂർത്തിയാക്കി ബൈപാസ് എന്നു തുറന്നുകൊടുക്കുമെന്ന് അധികൃതർക്ക് ഇപ്പോഴും പറയാനാകുന്നില്ല.

അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വളാഞ്ചേരിയിൽ ഒരു ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ഒരു കിലോമീറ്റർ അരികിലുള്ള കഞ്ഞിപ്പുരയിൽ ഫയർസ്റ്റേഷൻ പരിഗണനയിലായിട്ടു വർഷങ്ങളായെങ്കിലും ഫയലുകൾ നീങ്ങുന്നത് ഒച്ചിഴയും വേഗത്തിലാണ്. സ്ഥലം കണ്ടെത്തിയെങ്കിലും ടെൻഡർ നടപടികൾ ആയിട്ടില്ല. 3 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതിൽ 20% തുകയാണ് ബജറ്റിൽ അനുവദിച്ചത്. നിലവിൽ തിരൂരിൽനിന്നോ പൊന്നാനിയിൽനിന്നോ വേണം വട്ടപ്പാറയിലേക്കു ഫയർഫോഴ്സ് സംഘമെത്താൻ. വട്ടപ്പാറ മേൽഭാഗത്തു പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കണമെന്നും ആവശ്യമുണ്ട്.

അപകടം തുടർക്കഥയായതോടെ വട്ടപ്പാറയിലെ താമസക്കാർ പലരും വീടും പുരയിടവും ഇട്ടെറിഞ്ഞുപോയി. 100 മീറ്റർ ചുറ്റളവിൽ ഒട്ടേറെ വീടുകൾ ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്നുണ്ട്. പ്രധാന വളവിലെ ഒരു വീട്ടിൽ മാത്രമാണ് ഇപ്പോൾ താമസക്കാരുള്ളത്. എത്രയുംവേഗം വട്ടപ്പാറയുടെ ദുരവസ്ഥ മാറ്റാനും സുരക്ഷിതയാത്ര ഒരുക്കാനും അധികൃതർ വിചാരിച്ചാൽ സാധിക്കും. ബൈപാസ് പൂർത്തീകരണത്തിനും ഫയർസ്റ്റേഷൻ നിർമാണത്തിനുമുള്ള നടപടികൾ വേഗത്തിലാക്കാൻ ഇനിയൊരപകടം വരെ കാത്തിരിക്കരുത്.

English Summary: Vattapara accidents - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA