സർക്കാരിന്റെ വിറ്റുവരവ് !

budget-2021-nirmala-tab
SHARE

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെയും ബാങ്കുകളുടെയും എണ്ണം 400ൽ നിന്ന് പരമാവധി 50 ആയി ചുരുക്കാൻ ലക്ഷ്യമിടുന്ന സ്വകാര്യവൽക്കരണ നയമാണു ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടുവയ്ക്കുന്നത്.

ബജറ്റിൽ ശുപാർശ ചെയ്ത പ്രകാരം ഇതു നടപ്പാക്കുകയാണെങ്കിൽ 2026 ആകുമ്പോഴേക്കും പൊതുമേഖലയുടെ വിറ്റഴിക്കൽ പൂർത്തിയാകും. മുന്നൂറിലേറെ കമ്പനികൾ വിറ്റഴിക്കുകയോ ലയിപ്പിക്കുകയോ ചെയ്യുന്നതിലൂടെ ലഭിക്കുന്ന പണം എത്രയെന്നു ധനമന്ത്രാലയം കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും 10 ലക്ഷം കോടി രൂപ മുതൽ 20 ലക്ഷം കോടി രൂപ വരെ ലഭിക്കുമെന്നാണു കണക്കുകൂട്ടൽ.

1991ൽ അന്നത്തെ ധനമന്ത്രി മൻമോഹൻ സിങ്ങാണു സർക്കാരിനു പണമുണ്ടാക്കാനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ ആദ്യം പ്രഖ്യാപിച്ചത്. അതുപോലെ വലിയ പ്രതീക്ഷയോടെയാണു നിർമല സീതാരാമനും ധനനയം ഒരുക്കിയിട്ടുള്ളത്. മൻമോഹന്റെ പിൻഗാമിയായി വന്ന പി.ചിദംബരം, 1996ൽ സർക്കാർ കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കുന്നതു സംബന്ധിച്ചു സർക്കാരിന് ഉപദേശം നൽകാൻ വിറ്റഴിക്കൽ കമ്മിഷനു രൂപം നൽകിയിരുന്നു.

കഴിഞ്ഞ മൂന്നു ദശകത്തിനിടെ മാറിമാറി വന്ന ധനമന്ത്രിമാർ പൊതുമേഖലാ കമ്പനികൾ വിറ്റഴിക്കാൻ‌ രൂപം നൽകിയ

വലിയ പദ്ധതികളൊന്നും അതേപടി നടപ്പിലായില്ല. ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ വിൽപന തടഞ്ഞു. 1989 മുതൽ 2014 വരെ കേന്ദ്രം ഭരിച്ചത് കൂട്ടുകക്ഷി സർക്കാരുകളായിരുന്നു; പലതും പുറമേ നിന്നുള്ള പിന്തുണയോടെയും. മൻമോഹൻ സിങ്, പി.ചിദംബരം, യശ്വന്ത് സിൻഹ, ജസ്വന്ത് സിങ്, അരുൺ ജയ്റ്റ്‌ലി എന്നീ ധനമന്ത്രിമാരുടെ ഉദാരവൽക്കരണ പദ്ധതികളെ രാഷ്ട്രീയ ഇടപെടലുകൾ പ്രതികൂലമായി ബാധിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഇപ്പോൾ നിർമല സീതാരാമനും അഭിമുഖീകരിക്കുന്നു.

12 തന്ത്രപ്രധാന മേഖലകളിലെ കുറച്ചു കമ്പനികൾ മാത്രമേ ഇനി സർക്കാർ ഉടമസ്ഥതയിൽ തുടരൂ എന്ന് കാബിനറ്റ് നയം വ്യക്തമാക്കുന്നു. ആണവശക്തി, ബഹിരാകാശം, പ്രതിരോധം. ഗതാഗതം, ടെലികോം, ഊർജം, പെട്രോളിയം, കൽക്കരി, ധാതുക്കൾ, ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സേവനവിഭാഗങ്ങൾ എന്നിവയാണ് ഈ 12 മേഖലകൾ.

വിറ്റഴിക്കൽ പൂർത്തിയാകുമ്പോൾ ഇവയിലോരോന്നിലും പരമാവധി 4 കമ്പനികൾ വീതമേ സർക്കാർ ഉടമസ്ഥതയിൽ ശേഷിക്കൂ എന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിലവിൽ 12 പൊതുമേഖലാ ബാങ്കുകളുണ്ട്. അഞ്ചു വർഷത്തിനകം ഇതിൽ എട്ടെണ്ണം സ്വകാര്യവൽക്കരിക്കുകയോ വലിയ ബാങ്കുകളിൽ ലയിപ്പിക്കുകയോ ചെയ്യും. ധനമന്ത്രി പറഞ്ഞത്, ഈ വർഷം തന്നെ ‌2 ബാങ്കുകളും ഒരു ഇൻഷുറൻസ് കമ്പനിയും വിറ്റഴിക്കുമെന്നാണ്.

ബജറ്റ് ശുപാർശകളോടുള്ള പ്രതികരണം സമ്മിശ്രമായിരുന്നു. ആന്ധ്രയിൽ രാഷ്ട്രീയ ഇസ്പത് നിഗം (വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്) വിറ്റഴിക്കുന്നതിനെതിരെ ശക്തമായ എതിർപ്പുയർന്നു. 73 ലക്ഷം ടൺ ശേഷിയുള്ള സ്റ്റീൽ പ്ലാന്റിൽ 20,000 ജീവനക്കാരുണ്ട്.

ഇതു സ്വകാര്യവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് സ്ഥലം എംപി രാജിക്കൊരുങ്ങി. ലാഭകരമായി പ്രവർത്തിക്കുന്ന കമ്പനി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാക്കാനുള്ള സന്നദ്ധത മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി കേന്ദ്രത്തെ അറിയിച്ചു. എന്നാൽ, ബിജെപിയുടെ രാഷ്ട്രീയ തത്വം ഇത്തരത്തിൽ കേന്ദ്ര–സംസ്ഥാന കൈമാറ്റത്തെ അനുകൂലിക്കുന്നില്ല.

വൻതോതിലുള്ള സ്വകാര്യവൽക്കരണം തൊഴിൽ സംവരണ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നതു സംബന്ധിച്ച് ഒബിസി, ദലിത് എംപിമാർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. പൊതുമേഖലയിലെ തൊഴിൽസംവരണം സ്വകാര്യമേഖലയിൽ ഇല്ലല്ലോ. അതിനാൽ, പൊതുമേഖലാ വ്യവസായങ്ങൾ കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കുമ്പോൾ ആ മേഖലയിൽ പിന്നാക്ക വിഭാഗങ്ങൾക്കു ലഭിച്ചുപോന്നിരുന്ന തൊഴിൽ സംവരണവും നഷ്ടമാകും.

സംവരണം പരിമിതമാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് പിന്നാക്ക വിഭാഗത്തിൽനിന്നുള്ള എംപിമാർക്കിടയിൽ വികാരപരമായ പ്രശ്നമായിട്ടുണ്ട്. സംവരണാനുകൂല്യങ്ങൾ നിലനിർത്തിയാണു സ്വകാര്യവൽക്കരണം നടപ്പാക്കുന്നതെങ്കിൽ അതു നിക്ഷേപകർക്കു താൽപര്യമില്ലാത്ത ഒന്നായി മാറാം. ഉദാഹരണത്തിന്, നിലവിലുള്ള എല്ലാ ജീവനക്കാർക്കും തൊഴിൽ സുരക്ഷ വേണമെന്ന സർക്കാരിന്റെ നിർബന്ധമാണ് എയർ ഇന്ത്യ വിറ്റഴിക്കൽ നടപടിക്കു തടസ്സമാകുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

വ്യാപക സ്വകാര്യവൽക്കരണത്തിന്റെ നേട്ടങ്ങൾ സ്വന്തം എംപിമാരെ ബോധ്യപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു പ്രത്യേക ശ്രമം  വേണ്ടിവരും. വിമർശനങ്ങളെ സ്വന്തം മണ്ഡലങ്ങളിൽ നേരിടേണ്ടത് അവരാണല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA