ADVERTISEMENT

താൽക്കാലിക ജീവനക്കാരെ നിയമിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന കാര്യത്തിൽ മാറിവരുന്ന സർക്കാരുകളെല്ലാം ഒരുപോലെയാണ്. നിയമനങ്ങൾ പിഎസ്‌സിക്കു വിടാതെയും സ്പെഷൽ റൂൾസ് ഉണ്ടാക്കാതെയും ഒളിച്ചുകളിക്കുന്നതിൽ സ്വീകരിക്കുന്ന വഴികൾ മാത്രമേ മാറുന്നുള്ളൂ. സർക്കാർ വളഞ്ഞ വഴികളിലൂടെ പോകുമ്പോൾ സർവകലാശാലകൾ പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളും അറിയാതെ വളഞ്ഞുപോകും. ജീവകാരുണ്യം എന്നു വിശേഷിപ്പിച്ച് സർക്കാർ ജോലിയുടെ സുരക്ഷിതത്വത്തിലേക്കു കയറ്റിവിടുന്നവരുടെ കൂട്ടത്തിൽ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുമുണ്ടാകും.

ബാക്കി എന്തെങ്കിലും വേണ്ടേ?

നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടുകഴിഞ്ഞാൽ വലിയതോതിൽ അട്ടിമറിയൊന്നും നടത്താൻ കഴിയില്ല എന്നതാണ് പല സ്ഥാപനങ്ങളിലും സ്പെഷൽ റൂൾ നടപ്പാക്കുന്നതിൽനിന്നു സർക്കാരിനെ പിന്നോട്ടു വലിക്കുന്നത്. ഞങ്ങൾക്കും നിയമനം നടത്താൻ കുറച്ചെന്തെങ്കിലും ബാക്കി വേണ്ടേ എന്ന മട്ട്. പാർട്ടി അനുഭാവികൾക്കും പ്രവർത്തകർക്കുമെല്ലാം നിയമനം കൊടുക്കുന്ന കൂട്ടത്തിൽ മിക്ക സ്ഥാപനങ്ങളിലെയും പ്രധാന തസ്തികകളിലേക്കു നേതാക്കന്മാരുടെ ബന്ധുക്കളും എത്തുന്നു. 

കിൻഫ്രയിലെ ബന്ധുനിയമനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ ഇതുവരെ നിഷേധിച്ചിട്ടില്ല. എംഎൽഎയുടെ മകൻ, കണ്ണൂരിലെ സിപിഎം കൗൺസിലറുടെ മകനായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ പഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മരുമകൻ, സിപിഎം അധ്യാപക സംഘടനയുടെ മുൻ സംസ്ഥാന നേതാവിന്റെ മകൾ എന്നിവരെ പ്രധാന തസ്തികകളിൽ നിയമിച്ചതു സംബന്ധിച്ചാണ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചത്.

കോടതിവിധിക്കും വിലയില്ല

കേരള ലൈബ്രറി കൗൺസിലിൽ സിപിഎം നേതാക്കളുടെ സ്വന്തക്കാരടക്കം 60 പേരെയാണു സ്ഥിരപ്പെടുത്തിയത്. ഇതു ഹൈക്കോടതി സ്റ്റേ ചെയ്തതോടെ വീണ്ടും ഇവർ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തുടങ്ങി. എന്നാൽ, പിഎസ്‌സിക്കു വിട്ട ഈ തസ്തികകളിലെ താൽക്കാലികക്കാരെ പിരിച്ചുവിടാനോ എൽഡി ക്ലാർക്ക് പട്ടികയിൽനിന്നു നിയമനം നടത്താനോ സർക്കാർ ഇതുവരെ തയാറായിട്ടില്ല. ‘സമഗ്രശിക്ഷാ’ കേരളത്തിൽ നടത്തിയ പിൻവാതിൽ നിയമനങ്ങളിലേറെയും ബന്ധുക്കൾക്കായിരുന്നു. സിപിഎം ജില്ലാ ഓഫിസ് സെക്രട്ടറി, പാർട്ടി ചാനൽ ക്യാമറമാൻ, ലോക്കൽ കമ്മിറ്റി അംഗം തുടങ്ങിയവരുടെ ഭാര്യമാർക്ക് ഇങ്ങനെ എളുപ്പത്തിൽ ജോലിക്കു കയറാൻ കഴിഞ്ഞു.

ജോലി മന്ത്രിക്കായി; ശമ്പളം സർക്കാർവക

വ്യവസായ മന്ത്രിയുടെ ഓഫിസിൽ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നതിനായി നിയമിച്ച മൂന്നു പേർക്കുള്ള ശമ്പളം ആരാണു കൊടുക്കേണ്ടത്? വകുപ്പിന്റെയും മന്ത്രിയുടെയും ഭരണനേട്ടങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാക്കുകയാണു ജോലി. കണ്ണൂർ, പാലക്കാട് സ്വദേശികൾ, മുൻ ചാനൽപ്രവർത്തക തുടങ്ങിയവരുടെ നിയമനം പക്ഷേ കിൻഫ്ര, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിപ്) തുടങ്ങിയ സ്ഥാപനങ്ങളിലാണ്. ഓരോരുത്തർക്കും 40,000 മുതൽ 50,000 രൂപ വരെ ശമ്പളം അതതു സ്ഥാപനങ്ങളിൽനിന്ന്; ഓഫിസിൽ മീഡിയ റൂം സജ്ജമാക്കാനായി 7 ലക്ഷത്തിലേറെ രൂപയ്ക്കു ക്യാമറകളും ലാപ്ടോപ്പും വാങ്ങിയത് ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡും. മീഡിയ റൂം ഇതുവരെ സജ്ജീകരിച്ചിട്ടില്ലെന്ന് വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി തന്നെ സ്ഥിരീകരിക്കുന്നു. ക്യാമറകളും ലാപ്ടോപ്പുകളും ഉപയോഗിക്കുന്നതാകട്ടെ, സമൂഹമാധ്യമ ഓപ്പറേഷൻ ടീം!

വളച്ചൊടിച്ച്  തിരിച്ചെടുക്കാം

കോഴിക്കോട്, കണ്ണൂർ, കാലടി സർവകലാശാലകളിൽ അടുത്തകാലത്തായി നടന്ന നിയമനങ്ങളെല്ലാം രാഷ്ട്രീയ കാരണങ്ങളാൽ വിവാദമായിരുന്നു. ഏറ്റവും ഒടുവിൽ കാലടി സർവകലാശാലയിൽ മുൻ എംപി എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തോടെയാണു വിവാദം രൂക്ഷമായത്. രാഷ്ട്രീയ സ്വാധീനങ്ങൾക്കനുസരിച്ച് സർവകലാശാലകൾ നിയമങ്ങൾ വളച്ചൊടിക്കുന്നതായാണ് പ്രധാന ആരോപണം.

2018ലെ യുജിസി മാനദണ്ഡമനുസരിച്ച് അസി.പ്രഫസർ നിയമനത്തിന് പ്രധാനമായും രണ്ടു ഘട്ടങ്ങളുണ്ട്. അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ അഥവാ എപിഐ സ്കോർ, മറ്റൊന്ന് കൂടിക്കാഴ്ച. പിഎച്ച്ഡി – 30 പോയിന്റ്, ജെആർഎഫോടു കൂടിയ നെറ്റ് ആണെങ്കിൽ 7, നെറ്റ് മാത്രമാണെങ്കിൽ 5, റിസർച് ജേണലുകളിലെ 5 ഗവേഷണ പ്രബന്ധങ്ങൾ – 10 പോയിന്റ്, ബിരുദാനന്തരബിരുദത്തിലെ മാർക്ക് 80 ശതമാനത്തിനു മുകളിലാണെങ്കിൽ – 28 പോയിന്റ്, ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപന പരിചയം – 10 എന്നിങ്ങനെയാണ് എപിഐ സ്കോർ നിശ്ചയിക്കുന്നത്.

ഉദ്യോഗാർഥിയെ ഷോർട് ലിസ്റ്റ് ചെയ്യാനുള്ള എപിഐ സ്കോർ എത്ര വേണമെന്നു സർവകലാശാലകൾക്കു തീരുമാനിക്കാം. ഉന്നതയോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന അസി.പ്രഫസർ തസ്തികയ്ക്കു കാലടി സർവകലാശാല നിശ്ചയിച്ച കട്ട് ഓഫ് മാർക്ക് 60 ആയിരുന്നു .

നിനിത കണിച്ചേരിയുടെ നിയമനത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന പ്രധാന ആരോപണങ്ങളിലൊന്ന് ഈ കുറഞ്ഞ കട്ട് ഓഫ് മാർക്കാണ്. ഉയർന്ന കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചാൽ അധ്യാപന പരിചയമില്ലാത്ത ഉദ്യോഗാർഥി കൂടിക്കാഴ്ചയ്ക്കു പോലും ഷോർട് ലിസ്റ്റ് ചെയ്യപ്പെടില്ല. സ്കൂൾ അധ്യാപികയായ നിനിതയ്ക്ക് യുജിസി നിഷ്കർഷിക്കുന്ന അധ്യാപന പരിചയമില്ല. സ്വാഭാവികമായും 10 മാർക്ക് ലഭിക്കില്ല. എന്നാൽ, 60 മാർക്ക് മാത്രം മതി എന്നതിനാൽ നിനിതയുടെ അധ്യാപന പരിചയം പരിഗണിക്കേണ്ട ആവശ്യം വന്നില്ലെന്നാണു സർവകലാശാലയുടെ വിശദീകരണം.

ഭാര്യയ്ക്കും  ഭർത്താവിനും ജോലി

കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷന്റെ (കേപ്) തലശ്ശേരി എൻജിനീയറിങ് കോളജിൽ പുതിയതായി ആരംഭിച്ച എംബിഎ കോഴ്സിൽ താൽക്കാലികാടിസ്ഥാനത്തിലുള്ള 3 അസി.പ്രഫസർ തസ്തികകളിലേക്കുള്ള അഭിമുഖത്തിനെത്തിയത് നാൽപതിലേറെപ്പേർ. കോളജ് പ്രിൻസിപ്പലും സിപിഎം സഹകരണ സ്ഥാപനത്തിലെ എംഡിയും ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡിന്റെ അഭിമുഖത്തിൽ ഒന്നാം റാങ്ക് തലശ്ശേരിയിൽ താമസിക്കുന്ന ശ്രീകണ്ഠപുരം സ്വദേശിക്ക്. ഇദ്ദേഹത്തിന് മാനേജ്മെന്റിൽ പിഎച്ച്ഡിയുണ്ടായിരുന്നു. എന്നാൽ, രണ്ടാം റാങ്ക് ലഭിച്ചത് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക്. ഇവർക്കാകട്ടെ പിഎച്ച്ഡിയില്ല. ഇന്റർവ്യൂവിൽ പങ്കെടുത്ത പിഎച്ച്ഡിക്കാരനായ മറ്റൊരാൾ നാലാം റാങ്കുകാരനായി. ഒരേ ഇന്റർവ്യൂവിൽ ഭാര്യയും ഭർത്താവും ഒന്നും രണ്ടും റാങ്കുകാരായി നിയമനം നേടിയതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും പിന്നിൽ ജനപ്രതിനിധിയായ സിപിഎം നേതാവുണ്ടെന്നും മറ്റ് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. വസ്തുത എന്താണെന്നറിയാൻ ഇന്റർവ്യൂ ബോർഡിലെ അംഗം കൂടിയായിരുന്ന കോളജ് പ്രിൻസിപ്പലിനെ വിളിച്ചു. മറുപടി ഇങ്ങനെ - വിവാദമായിട്ടുള്ള കാര്യങ്ങളായിരിക്കുമല്ലോ ചോദിക്കുക. ഇതിനൊന്നും ഫോണിൽ ഉത്തരം പറയാൻ കഴിയില്ല. എങ്കിൽ നേരിട്ടു വരട്ടെ എന്നു ചോദിച്ചപ്പോഴേക്കും ഫോൺ കട്ടായി. പിന്നീടു വിളിച്ചിട്ട് എടുത്തതുമില്ല.

 

ഭൂരിപക്ഷം താൽക്കാലികം

suja
പി.ടി. സുജ

സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ കണക്കുകൾ പറഞ്ഞാണല്ലോ തെറ്റിദ്ധരിപ്പിക്കാറുള്ളത്. എന്നാൽ, താൽക്കാലിക, ബന്ധുനിയമനങ്ങൾക്കു മുൻപിൽ പിഎസ്‌സി എങ്ങനെയാണു നോക്കുകുത്തിയാകുന്നതെന്ന് ഇതേ കണക്കുകൾ പറയും. സർക്കാർ ജീവനക്കാരുടെ ആകെ നിയമനത്തിന്റെ 63 ശതമാനവും നടന്നിരിക്കുന്നത് പിഎസ്‌സിക്കു പുറത്താണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

കാത്തിരിക്കുന്നു, കാരുണ്യത്തിനായി

ബന്ധുക്കളുടെയും പരിചയക്കാരുടെയും സ്ഥിരജോലിക്ക് ന്യായീകരണത്തിന്റെ ‘ജീവകാരുണ്യ’ മറ തേടുന്നവരോട്, പാലക്കാട് മണ്ണാർക്കാട് സ്വദേശി പി.ടി.സുജയ്ക്കു പറയാനുള്ളത് 21 വർഷമായി തുടരുന്ന പോരാട്ടത്തിന്റെ കഥയാണ്. മുണ്ടേക്കാരാട് എംഎഎൽപി സ്കൂളിലെ മുൻ പിഡി ടീച്ചറായിരുന്നു സുജ. 

സംസ്ഥാനത്തു പഞ്ചായത്ത് മാനേജ്മെന്റുകളുടെ മേൽനോട്ടത്തിലായിരുന്ന സ്കൂളുകൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തപ്പോഴാണു 2000 ഏപ്രിൽ 29നു സുജയെ പിരിച്ചുവിട്ടത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 89 അധ്യാപകർക്കു പുനർനിയമനം നൽകാൻ സർക്കാർ തയാറായെങ്കിലും സുജയെ പരിഗണിച്ചില്ല. തുടർന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആദ്യം 12 പേരെയും പിന്നീട് 6 പേരെയും നിയമിച്ചപ്പോഴും സുജയെ സർക്കാർ കണ്ടില്ല. തുടർന്ന്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അനുകൂലവിധി വാങ്ങിയിട്ടും ഫലമുണ്ടായില്ല. അന്നു ജോലി നഷ്ടപ്പെട്ടവരിൽ പുനർനിയമനം ലഭിക്കാൻ ബാക്കിയുള്ള ഒരേയൊരാളാണു താനെന്നാണു സുജ പറയുന്നത്. 

ജോലിക്കായുള്ള പോരാട്ടത്തിനൊപ്പം, കുടുംബ പ്രാരബ്ധവും സുജയ്ക്കു മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. സുജ കാത്തിരിപ്പു തുടരുകയാണ്; സർക്കാർ കണ്ണു തുറക്കുന്നതിനായി.

ജോലിസ്ഥിരത എന്ന വാഗ്ദാനത്തോടെ രാഷ്ട്രീയലാഭത്തിനും പിരിവിനുമായി താൽക്കാലിക ജീവനക്കാരെ പിഴിയുന്ന ഒരു വിഭാഗവുമുണ്ട്. ചില ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളാകുന്നു. ആ ചതിയുടെ കഥ നാളെ.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, ജയൻ മേനോൻ, ജയചന്ദ്രൻ ഇലങ്കത്ത്, എം.ആർ.ഹരികുമാർ, വി.ആർ.പ്രതാപ്, ജോജി സൈമൺ, കെ.പി.സഫീന. 

സങ്കലനം: നിധീഷ് ചന്ദ്രൻ  

Content Highlights: PSC backdoor appointments Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com