ADVERTISEMENT

∙ മോഹൻലാൽ: ദൈവമേ, ഇതൊരു തൊഴിലാണല്ലോ എന്നു തോന്നുന്നത് എപ്പോഴാണോ, ആ നിമിഷം അഭിനയം ഞാൻ അവസാനിപ്പിക്കും. ബോക്സ് ഓഫിസ് വിജയങ്ങളെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല. അതൊക്കെ സംവിധായകന്റെയും നിർമാതാവിന്റെയും കഴിവാണ്. അതു വിധിപോലെ സംഭവിക്കുകയാണ്. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. 

∙ ഗ്രേസി: മുറിഞ്ഞു മുറിഞ്ഞ് ഇഴയുന്ന എന്റെ എഴുത്തുജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഒരു ചോദ്യം മുരൾച്ചയോടെ വന്നു നെഞ്ചിൽ തറയ്ക്കാറുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകൾക്കു മാത്രം സ്വന്തം സർഗാത്മക ജീവിതം ഇങ്ങനെ കുരുതി കൊടുക്കേണ്ടി വരുന്നത്? ഞാൻ നിശ്ശബ്ദയായിരുന്നപ്പോൾ ചില വായനക്കാരെങ്കിലും ഗ്രേസി എന്ന എഴുത്തുകാരി എവിടെയാണു മാഞ്ഞുപോയതെന്നു ഖേദിച്ചിട്ടുണ്ട്. 

∙ ടി. പത്മനാഭൻ: ഞാൻ എഴുതാതെ തന്നെ നമ്മുടെ ചുറ്റിലും വേണ്ടതിലധികം ദുഷ്ടകഥാപാത്രങ്ങളുണ്ട്. അവയുടെ എണ്ണത്തിലേക്ക് ഞാനെന്തിനാണ് എന്റെയും ദുഷ്ടപാത്രസന്തതികളെ പടച്ചുവിടുന്നത്? ഈയൊരു ചിന്ത ഉള്ളതുകൊണ്ടാണ് ദുഷ്ടകഥാപാത്രങ്ങളെ എന്റെ കൃതികളിൽ കാണാത്തത്. ഒരിക്കലൊരു പ്രശസ്ത സാഹിത്യകാരൻ പറയുകയുണ്ടായി, പത്മനാഭന്റെ കഴിവുകേടാണ് ഇതെന്ന്. ആ അർഥത്തിൽ ഞാൻ കഴിവുകെട്ടവനാണ്.

∙ സക്കറിയ: ആത്മകഥയിലെ തുറന്നെഴുത്തുകൾ പോലും സോഷ്യൽ മീഡിയയിലെ തുറന്നെഴുത്തുകളുടെ അത്രയും വരുമോ എന്ന് സംശയമാണ്. വളരെ ഔപചാരികമായിട്ടുള്ള ഒന്നാണ് ആത്മകഥകൾ. സമൂഹമാധ്യമങ്ങളിൽ യുവജനങ്ങൾ എഴുതുന്ന പോലുള്ള തുറന്നെഴുത്തുകൾ അന്നും ഇന്നും സാഹിത്യത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.

∙ ബെന്യാമിൻ: അരാഷ്ട്രീയവാദിയായ എഴുത്തുകാരനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കു കൃത്യമായ രാഷ്ട്രീയമുണ്ട്. ഏതൊരു പൗരനും അഭിപ്രായം പറയുന്നതുപോലെ ഞാനും ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നു എന്നുമാത്രം. അതിനർഥം നാളെ ഞാൻ പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങുന്നു എന്നല്ല. ഒരു പൊതുപ്രവർത്തകന് അവശ്യംവേണ്ട ആശയവിനിമയ രീതികളും എപ്പോഴും ആൾക്കൂട്ടത്തിൽ ആയിരിക്കാനുള്ള ക്ഷമയുമൊന്നും ഉള്ളയാളല്ല ഞാൻ.

∙ പി.എഫ്.മാത്യൂസ്: ഇപ്പോൾ ആഘോഷിക്കപ്പെടുന്ന പല ചെറുകഥകളും റിയലിസ്റ്റിക് വിവരണത്തിൽനിന്നു കടുകിട മാറുകയില്ലെന്നു മാത്രമല്ല, അവ നാടകീയത നിറഞ്ഞ രാഷ്ട്രീയ ശരികളുമായിരിക്കും. വിവരണ കലയെക്കാളുപരി പ്ലോട്ടുകളിലായിരിക്കും അവയുടെ ഊന്നൽ. ഇത്തരം കഥകൾ എക്കാലത്തും ആഘോഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാലം അവയെ കാത്തുവയ്ക്കില്ല.

∙ ജി.ശങ്കർ: ചെറിയ വീടുകളാണ് അഭികാമ്യം എന്ന തിരിച്ചറിവിലേക്ക് മലയാളി മടങ്ങുന്നതിന്റെ സൂചനകൾ കിട്ടിക്കഴിഞ്ഞു. സമ്പാദ്യം മുഴുവൻ വീടുകളിൽ നിക്ഷേപിച്ചാൽ ആപത്തിലേക്കായിരിക്കും എടുത്തുചാടുന്നതെന്ന അവബോധമുണ്ടായി. ചെറിയതെങ്കിലും ഭംഗിയുള്ളതും കാറ്റും വെളിച്ചവും കിട്ടുന്നതുമായ വീടാണു വേണ്ടതെന്ന് നമ്മുടെ നാട്ടുകാർ പഠിച്ചു കഴിഞ്ഞു.

∙ ടി.പി.രാജീവൻ: പാവപ്പെട്ട മുൻ - പിൻ - നടപ്പു വിപ്ലവ യുവ എംപി/എംഎൽഎമാരുടെ പാവപ്പെട്ട പണ്ഡിതകളായ ഭാര്യമാർ പാവപ്പെട്ട സർവകലാശാലകളിൽ പാവപ്പെട്ട അസിസ്റ്റന്റ് പ്രഫസർമാർ ആകേണ്ട എന്നാണോ? വിപ്ലവത്തിന്റെ അഗ്നി യൂണിവേഴ്സിറ്റി അടുക്കളകളിൽ പിന്നെ ആരാണ് കെടാതെ സൂക്ഷിക്കുക!

∙ ശ്രീകുമാരൻ തമ്പി: നമ്മുടെ പൂ ർവികർ ദീർഘദർശികളായിരുന്നു. അതുകൊണ്ടാണ് അവർ ദൈവത്തെയും സമൂഹത്തെയും രോഗങ്ങളെയും ചൂണ്ടിക്കാണിച്ച് പിൻതലമുറയെ ഭയപ്പെടുത്തിയത്. പക്ഷേ, ഭൗതികശാസ്ത്രത്തിന്റെ വളർച്ചയും ഗ്ലോബലൈസേഷനും ഈ അസ്തിവാരം തകർത്തുകളഞ്ഞു. സദാചാരം എന്ന സൗധം എങ്ങനെ തക‍ർന്നുവീഴാതിരിക്കും? 

Content Highlight: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com