ADVERTISEMENT

ഇടുക്കിയിലെ അടച്ചിട്ട വാഹന ഷോറൂമിനു മുന്നിൽ രാത്രി ഒരു സിംഹം വന്നുപോകുന്ന വിഡിയോ പലരുടെയും വാട്സാപ്പിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്നുപോയിട്ടുണ്ടാകും. സിസിടിവി ദൃശ്യമായിരുന്നു. പേടിച്ചുവിറച്ചു ക്യാബിനുള്ളിൽ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെയും വിഡിയോയിൽ കാണാം.

കേരളത്തിലെ ഒരു നഗരമധ്യത്തിലുള്ള ഷോറൂമിൽ കൂൾ കൂളായി ഒരു സിംഹം കയറിവരുന്നതു പക്ഷേ, നമ്മുടെ പത്രങ്ങളിലൊന്നും ഇൗ ദിവസങ്ങളിൽ വാർത്തയായില്ല. കാരണമെന്തെന്നോ, കേരളത്തിൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല!

സിംഹം രാത്രി റോഡിലിറങ്ങിയതും സെക്യൂരിറ്റി ജീവനക്കാരൻ പേടിച്ചതുമൊക്കെ സത്യമായിരുന്നു. ആ സിസിടിവി ദൃശ്യങ്ങളും യഥാർഥം തന്നെ. പക്ഷേ, സംഭവിച്ചതു കേരളത്തിലായിരുന്നില്ലെന്നു മാത്രം. ഗുജറാത്തിലെ ജുനഗഡിലെ ഒരു ഹോട്ടലിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദ വിഡിയോ ട്വീറ്റ് ചെയ്തതോടെയാണു സംഗതി പ്രചരിച്ചു തുടങ്ങിയത്. പിന്നാലെ വ്യാജ അടിക്കുറിപ്പോടെ ഇവിടെയുമെത്തി! എന്തായാലും സത്യാവസ്ഥ പെട്ടെന്നു പുറത്തുവന്നതോടെ, കേരളത്തിലെ സിംഹത്തിന്റെ പ്രചാരണം പെട്ടെന്ന് അവസാനിച്ചു.

tweets

മൃഗങ്ങൾക്കു ഭാഷയില്ലാത്തതു കൊണ്ട് ഇത്തരം തെറ്റിദ്ധാരണാജനകമായ അടിക്കുറിപ്പുകളോടെ അവയുടെ വിഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതു പതിവാണ്. കേരളത്തിലെ പ്രളയകാലത്ത് നിലമ്പൂരിലെ കാട്ടിലൂടെ മാനുകൾ കുത്തൊഴുക്കിൽപെട്ട് ഒഴുകിപ്പോകുന്ന ഒരു വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ചില ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും ആ വിഡിയോ പ്രത്യക്ഷപ്പെട്ടു. യഥാർഥത്തിൽ ആ സംഭവം ഒഡീഷയിലേതാണെന്ന വിവരം പുറത്തുവന്നെങ്കിലും ഇപ്പോഴും സംഗതി നിലമ്പൂരിലാണെന്നു വിശ്വസിക്കുന്ന ഒട്ടേറെപ്പേരുണ്ടാകും!

വൈറസും മൃഗങ്ങളും!

ഇന്ത്യയിൽ കോവിഡ് ലോക്ഡൗൺ ആരംഭിച്ചു കുറച്ചുനാൾ കഴിഞ്ഞപ്പോൾ മുംബൈയിൽ കടലിൽ ഡോൾഫിനുകളെ കാണുന്ന വിഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത് നടി ജൂഹി ചൗളയടക്കം ആയിരങ്ങളാണ്. ചരിത്രസംഭവമായി സമൂഹമാധ്യമങ്ങൾ ആഘോഷിച്ചു. ആ വിഡിയോ വ്യാജമായിരുന്നില്ല. പക്ഷേ, അതിൽ പുതുമയില്ലെന്നു മാത്രം. കാരണം, പതിറ്റാണ്ടുകളായി മുംബൈ തീരങ്ങളിൽ കണ്ടുവരുന്നതാണ് ഇവയെ.

ഒഡീഷയിലെ ഒരു കടൽത്തീരത്തു കൂടുകൂട്ടുന്ന ആമകളുടെ ചിത്രവും ലോക്ഡൗൺ കാലത്ത് ഇതുപോലെ പ്രചരിച്ചു. അവിടത്തെ പതിവു ദൃശ്യമാണ് അതെന്നതാണു സത്യം. ഇവിടെയൊക്കെ, ഇത്തരം കാര്യങ്ങളിൽ ധാരണയില്ലാത്തവർ ലോക്ഡൗൺ മൂലം അദ്ഭുതകരമായി എന്തോ സംഭവിച്ചുവെന്ന മട്ടിൽ അവതരിപ്പിക്കുകയായിരുന്നു.

ജപ്പാനിലെ പാർക്കിൽ മാനുകൾ കിടക്കുന്ന ചിത്രം, ലോക്ഡൗണിൽ ആളൊഴിഞ്ഞ ഉൗട്ടിയിലെ പൊതുനിരത്തിലേതാണെന്ന കുറിപ്പോടെ പ്രചരിപ്പിച്ചതു പോലെയുള്ള വ്യാജന്മാരും ഇഷ്ടം പോലെയിറങ്ങി.

എന്നാൽ, പലപ്പോഴും അത്ര നിഷ്കളങ്കമാകില്ല, വ്യാജപ്രചാരണങ്ങളുടെ ഫലം. വവ്വാലുകളാണു കോവിഡ് പരത്തുന്നതെന്നും അവയെ ഒഴിവാക്കാൻ മരങ്ങൾ മുറിക്കണമെന്നുമുള്ള പ്രചാരണം ഒരുഘട്ടത്തിൽ ചില മേഖലകളിലുണ്ടായി. ഇതിനെതിരെ ഇന്ത്യൻ സയന്റിസ്റ്റ് റെസ്പോൺസ് ടു കോവിഡ് 19 (ഐഎസ്ആർസി) ബോധവൽക്കരണം നടത്തിയിരുന്നു.

കോവിഡും ലോക്ഡൗണും വന്നതിനു ശേഷം ലോകമെങ്ങും മൃഗങ്ങളെച്ചൊല്ലിയുള്ള വ്യാജവാർത്തകളും പ്രചാരണവും പലമടങ്ങു വർധിച്ചുവെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു. കൊറോണ വൈറസ് വ്യാപനം തുടങ്ങിയ 2020 ജനുവരി മുതൽ തന്നെ പക്ഷിമൃഗാദികളുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങളുടെ വ്യാപനം വൻതോതിൽ കൂടിയിരുന്നുവെന്നാണ് യുഎസിലെ പോയ്ന്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള ‘കൊറോണ വൈറസ് ഫാക്ട് അലയൻസിന്റെ’ വിലയിരുത്തൽ. ഇത്തരം വിവരങ്ങളുടെ സത്യാവസ്ഥ അറിയിക്കാൻ ലോകമെങ്ങും ഫാക്ട് ചെക്കേഴ്സ് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഫാക്ട് അലയൻസിന്റെ പഠനത്തിൽ കണ്ടെത്തിയ ഒരു കാര്യം – കോവിഡ് വന്നതിനു ശേഷം മൃഗങ്ങളെക്കുറിച്ചുള്ള വ്യാജവിവരങ്ങൾ ഏറ്റവും കൂടുതൽ ഫാക്ട് ചെക്ക് (വസ്തുതാന്വേഷണം) ചെയ്യേണ്ടി വന്ന രാജ്യം ഇന്ത്യയാണ്! 

അതായത്, മൃഗങ്ങളെക്കുറിച്ചും പക്ഷികളെക്കുറിച്ചുമൊക്കെ വാട്സാപ്പിൽ കിട്ടുന്ന വിഡിയോകളും വിവരങ്ങളും കണ്ണടച്ചു വിശ്വസിക്കരുതെന്നർഥം! മിണ്ടാപ്രാണികളാണ്, അവയെ അവയുടെ പാട്ടിനു വിടാം.

English Summary: Vireal - reality behind the videos photos and messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com