ADVERTISEMENT

പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതിയെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുൻ ചെയർമാൻ ദെങ് സിയാവോ പിങ് പറഞ്ഞതു കേരളത്തിൽ പ്രാവർത്തികമാക്കുകയാണ് എൽഡിഎഫ് സർക്കാർ. മുൻവാതിലൂടെയായാലും പിൻവാതിലൂടെയായാലും നിയമനം സ്ഥിരമായാൽ മതിയെന്നു കാലാനുസൃ‍തമായ ഒരു ഭേദഗതി ആചാര്യന്റെ ആപ്തവാക്യത്തിനു വരുത്തിയിട്ടുണ്ടെന്നു മാത്രം. ചൈനീസ് ചെയർമാൻ നമ്മുടെ ചെയർമാൻ എന്നൊരു മുദ്രാവാക്യം പണ്ടു കേരളത്തിലും അതിവിപ്ലവകാരികൾ മുഴക്കിയിരുന്ന സ്ഥിതിക്ക് അൽപവിപ്ലവക്കാർക്ക് ചില്ലറ ഭേദഗതിയൊക്കെ അനുവദിക്കാം.

പറഞ്ഞുവന്നതു വമ്പിച്ച സ്ഥിരപ്പെടുത്തൽ മേളയെക്കുറിച്ചു തന്നെയാണ്. 5 വർഷം കഴിയാറാകുമ്പോൾ സർക്കാരുകളെ ബാധിക്കുന്ന ചില രോഗങ്ങളാണു മനുഷ്യത്വവും ജീവകാരുണ്യവും. ഇതിനുള്ള വാക്സീൻ ഇതുവരെ ശാസ്ത്രം കണ്ടെത്തിയിട്ടില്ല. രോഗകാരണം വൈറസാണോ ഫംഗസാണോ ബാക്ടീരിയയാണോ എന്നുപോലും തിരിച്ചറിഞ്ഞിട്ടില്ല. പിഎസ്‌സി റാങ്ക് ഹോൾഡർമാരിൽ നിന്നു പരമാവധി സാമൂഹിക അകലം പാലിക്കുകയാണു രോഗം വരാതിരിക്കാനുള്ള ഏകമാർഗം.

മൂക്കും വായും മാത്രമല്ല, കണ്ണും ചെവിയും കൂടി മറയ്ക്കുന്ന മാസ്ക് ധരിക്കുന്നതും രോഗവ്യാപനം തടയും. മന്ത്രിമാരെല്ലാം അത്തരം മാസ്ക് വച്ചാണു നടപ്പ്. അതുകൊണ്ട് അവർക്കു റാങ്ക് ഹോൾഡർമാരെ കാണാനോ കേൾക്കാനോ പറ്റില്ല. അല്ലാതെ കാണണമെന്നോ കേൾക്കണമെന്നോ ആഗ്രഹമില്ലാഞ്ഞിട്ടല്ല. കാണാനും കേൾക്കാനും പറ്റാത്തതു കൊണ്ടു റാങ്ക് ഹോൾഡർമാരുടെ കാര്യത്തിലും വേണ്ടേ മുനുഷ്യപ്പറ്റ് എന്ന ചോദ്യത്തോട് മന്ത്രിമാർ പ്രതികരിക്കുന്നില്ല. പക്ഷേ മന്ത്രിമാർക്ക് ഒരു കാര്യം ഉറപ്പാണ്. റാങ്കുകാരുടെ ഈ സമരമൊക്കെ വെറും അഭിനയമാണ്. അഭിനയമല്ല ജീവിതമാണെന്നു റാങ്കുകാർ ആണയിടുമ്പോഴും മനുഷ്യപ്പറ്റ് അവരിലേക്ക് എത്തുന്നില്ല.

എൽഡിഫ് സർക്കാരിനെ കാലാവധി പൂർത്തിയാകാൻ നേരത്തു ബാധിച്ചതു മനുഷ്യത്വപ്പനിയാണെന്ന് ആദ്യം ഉറപ്പിച്ചതു ജനറൽ ഫിസിഷ്യനായ പിണറായി സഖാവിന്റെ ഡയഗ്‌നോസിസിലാണ്. വൈദ്യഭൂഷണം ഇ.പി.ജയരാജൻ സഖാവിന്റെ കണ്ടെത്തൽ ജീവകാരുണ്യ വാതമാണെന്നാണ്. പ്രഗല്ഭ ഹോമിയോ ചികിൽസകനായ ഡോ.എ.കെ. ബാലൻ സഖാവാകട്ടെ ജീവശക്തിയുടെ താളംതെറ്റലാണു പ്രശ്നമെന്നു പറയുന്നു. സിദ്ധ,യുനാനി തുടങ്ങിയവയിൽ പ്രാവീണ്യമുള്ള ഡോ.തോമസ് ഐസക്കിന്റെ നിഗമനം  ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

രോഗനിർണയ കാര്യത്തിൽ വ്യത്യസ്താഭിപ്രായക്കാരാണെങ്കിലും ചികിത്സയുടെ കാര്യത്തിൽ എല്ലാ ഭിഷഗ്വരരും ഏകാഭിപ്രായക്കാരാണ്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വരുംമുൻപ് പരമാവധി സ്ഥിരപ്പെടുത്തൽ ഒപ്പിക്കുക. ഏതെടുത്താലും ഒരേ വിലയായിരിക്കണം. വില ആരെ ഏൽപിക്കണമെന്ന് ഉദ്യോഗ‌ാർഥികളെ രഹസ്യമായി അറിയിക്കും.

കടുംവെട്ട്, മൂപ്പിറക്കൽ തുടങ്ങിയ കലാപരിപാടികൾ എല്ലാ സർക്കാരിന്റെ കാലത്തും ഉണ്ടായിരുന്ന‌ുവെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഇതിനെല്ലാം 5–ാം വർഷത്തിന്റെ അവസാന ക്വാർട്ടറിലേക്കു മാറ്റിവയ്ക്കണോ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

ബൂർഷ്വാ ജനാധിപത്യം

ഈ വൈരുധ്യാത്മക ഭൗതികവാദവും കൊണ്ടു നടന്നാൽ ഇന്ത്യയിൽ പച്ചതൊടില്ലെന്നു സഖാവ് എം.വി.ഗോവിന്ദൻ മാഷിനു നല്ലപോലെ അറിയാം. സിദ്ധാന്തത്തിന്റെ കുഴപ്പമല്ല. ഇന്ത്യയിലെ ജനങ്ങളുടെ കുഴപ്പമാണ്. അവരിൽ മഹാഭൂരിപക്ഷത്തിന്റെയും മനസ്സ് ജീർണമാണത്രെ. മാഷ് ഡ്രിൽ മാഷാണെങ്കിലും മഹാസൈദ്ധാന്തികനാണ്. രാവിലെ എഴുന്നേറ്റാൽ മൂലധനം കമ്പോടുകമ്പു വായിക്കുന്നതും രാത്രി കിടക്കുന്നതിനു മുൻപ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആവർത്തിച്ചു വായിക്കുന്നതുമാണു ശീലം.

വൈരുധ്യാത്മക ഭൗതികവാദത്തിൽ അദ്ദേഹത്തിനു കടുത്ത വിശ്വാസമായിരുന്നു. എന്നാൽ ഒരു ദിവസം രാവിലെ കിടക്കപ്പായിൽ നിന്നെഴുന്നേറ്റു കണ്ണുതുറന്ന് പുറത്തേക്കു നോക്കിയപ്പോഴാണ് ഇന്ത്യ ഇപ്പോഴും ഒരു അർധഫ്യൂഡൽ, അർധകൊളോണിയൽ രാജ്യമാണെന്ന് അദ്ദേഹത്തിനു ബോധ്യമായത്. അന്നുമുതൽ വൈരുധ്യാത്മക ഭൗതികവാദത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ അദ്ദേഹത്തിനു വല്ലാത്ത തിക്കുമുട്ടലാണ്.

അതിൽ പിന്നെയാണ് ഇന്ത്യയെ ബൂർഷ്വാ ജനാധിപത്യത്തിലേക്ക് എത്തിക്കാൻ മാഷ് ശ്രമം തുടങ്ങിയത്. ലെഫ്റ്റ്, റൈറ്റ്, ലെഫ്റ്റ് എന്നു പറഞ്ഞ് ഒരുപാടു കാലം കവാത്തു നടത്തി. നോ പ്രയോജനം. ഇന്ത്യക്കാരുടെ മനസ്സു കൂടുതൽ കൂടുതൽ ജീർണിച്ചു. അതെല്ലാം കണ്ടു വല്ലാതെ മനസ്സുരുകിയതോടെയാണ് വൈരുധ്യാത്മകവുമായി നടന്നാൽ ഇന്ത്യയിൽ കച്ചവടം നടക്കില്ലെന്നു തുറന്നുപറഞ്ഞത്. അല്ലാതെ സിദ്ധാന്തത്തെ തള്ളിപ്പറഞ്ഞതല്ല.

മാഷ് മഹാസിദ്ധാന്തിയാണ്. അദ്ദേഹം ഉള്ളതു പറഞ്ഞുപോയി. അതുകേട്ടു നാട്ടിലുള്ള എല്ലാ ഉറികളും ചിരിച്ചുവെന്നതും സത്യം. അതിന്റെ പേരിൽ പാർട്ടി നടപടിയൊന്നും എടുക്കരുത്. വല്ലപ്പോഴുമൊക്കെ സത്യം വിളിച്ചുപറയുന്ന ശീലം ഇല്ലാതാക്കാൻ ഇഎംഎസ് അക്കാദമിയിലെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചാൽ മതി.

തിരുത്ത്, അലങ്കാരം

എ. വിജയരാഘവൻ സഖാവ് അങ്ങനെയാണ്. അദ്ദേഹം തെറ്റുചെയ്യും. പാർട്ടി പറഞ്ഞാൽ തിരുത്തും. വീണ്ടും തെറ്റുചെയ്യും. പാർട്ടി പറഞ്ഞാൽ വീണ്ടും തിരുത്തും. തെറ്റ് ചെയ്യലും തിരുത്തലും അദ്ദേഹത്തിന് അനുസ്യൂത പ്രക്രിയയാണ്. കമ്യൂണിസ്റ്റുകാരന്റെ അടിസ്ഥാന ഗുണമാണല്ലോ ആത്മവിമർശനം നടത്താനുള്ള സന്നദ്ധത.

ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ടു പോയപ്പോൾ അതിൽ സഖാവ് വർഗീയത കണ്ടെത്തിയത് ഇലക്ട്രോൺ മൈക്രോസ്കോപ്പും ദൂരദർശിനിയും ഒരു പോലെ ഉപയോഗിച്ചാണ്. തന്റെ ഗവേഷണ ഫലങ്ങൾ രാജ്യാന്തര ശാസ്ത്ര പ്രസിദ്ധീകരണങ്ങൾക്കു നൽകാതെ പത്രസമ്മേളനം വിളിച്ചു പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹത്തിന്റെ എളിമ. സഖാവിനു പ്രശസ്തിയിലും പുരസ്കാരത്തിലും തെല്ലും താൽപര്യമില്ല. പക്ഷേ, ഗവേഷണ ഫലത്തെ പാർട്ടിയിലെ തന്നെ മറ്റു ചില ശാസ്ത്രഞ്ജർ ചോദ്യം ചെയ്തെന്നാണു കേൾക്കുന്നത്.

ഉമ്മൻ ചാണ്ടിയും രമേശും പാണക്കാട് പോയതു സുലൈമാനി തരാക്കാനാണെന്ന് അവർ ആണയിടുന്നു. ഏതായാലും പാർട്ടി നേതൃത്വത്തിന് അതാണു കൂടുതൽ വിശ്വാസ്യമായി തോന്നിയത്. അതോടെ സഖാവിന് തിരുത്തു വന്നു. തിരുത്താണെങ്കിലും അതു പാർട്ടിയുടേതാണെങ്കിൽ അദ്ദേഹത്തിന് അലങ്കാരമാണ്. അതുകൊണ്ട് അദ്ദേഹം ഇനിയും തെറ്റു ചെയ്യും. പാർട്ടി തിരുത്തിയാൽ അതു തൊപ്പിയിലെ മറ്റൊരു പൊൻതൂവലായി ചാർത്തും. എന്നുവച്ചു സഖാവിനെ വർഗീയ രാഘവനെന്നു ഷാഫി പറമ്പിൽ വിളിച്ചതു കടന്ന കയ്യായിപ്പോയി.

സ്റ്റോപ് പ്രസ്: കേരളത്തിൽ എൻസിപി പിളർന്നു.

പരമാണുവിനെയും പിളർത്താമെന്നു ശാസ്ത്രജ്ഞർ പണ്ടേ തെളിയിച്ചതാണ്.

 

English Summary: Back door appointments of kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com