ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് എന്നിങ്ങനെ താരതമ്യേന ചെറിയ വേതനമുള്ള തസ്തികകളിൽ സ്ഥിരനിയമനം ലഭിക്കാനായി അഭ്യസ്തവിദ്യരായ മലയാളികൾ മുട്ടിലിഴയൽ, ശയനപ്രദക്ഷിണം എന്നിവ നടത്തുന്ന കാഴ്ച ദുഃഖകരമാണ്; ജനതയെന്ന നിലയിൽ നമ്മുടെ അഭിമാനത്തെയും ക്ഷേമസംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ അംഗീകൃത സ്ഥാനത്തെയും വെല്ലുവിളിക്കുന്നതുമാണ്.

ഒരർഥത്തിൽ, സർക്കാരിലെ ഏറ്റവും താഴ്ന്ന ഈ തസ്തികകളിൽ നിയമിക്കപ്പെടാനുള്ള ഇത്രയേറെ അഭ്യസ്തവിദ്യരുടെ മുറവിളി സൂചിപ്പിക്കുന്നത് ഇതാണ് – നമ്മുടെ നാട്ടിലെ സ്വകാര്യ സംരംഭകത്വവും നിക്ഷേപവും വേണ്ടതിലും വളരെ കുറവാണ്. കോവിഡ് സമസ്ത തൊഴിൽ മേഖലകളിലും ആഘാതമേൽപിച്ചപ്പോൾ, സർക്കാർ ജോലിയാണു സുരക്ഷിതം എന്ന ചിന്ത ബലപ്പെട്ടതും ഒരു കാരണമാകാം.

കേരളത്തിലെ നിക്ഷേപ – തൊഴിൽ കാലാവസ്ഥ അടുത്ത കാലത്തു വളരെ മെച്ചപ്പെട്ടെന്നു കണക്കുകൾ പറയുന്നുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും മലയാളിയുവത്വം ഇതര സംസ്ഥാനങ്ങളെയാണു കൂടുതൽ ആശ്രയിക്കുന്നത്.

തൊഴിലും ദർശനവും വളർത്താൻ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തീരെ പര്യാപ്തമല്ല. മാറുന്ന തൊഴിലന്തരീക്ഷം അനുസരിച്ച് ഉന്നതവിദ്യാഭ്യാസ - പ്രഫഷനൽ രംഗം വേണ്ടത്ര നവീകരിക്കപ്പെട്ടില്ല. നിർവഹണ പ്രതിസന്ധികളുടെ രാവണൻകോട്ടകൾ ഭേദിച്ച് തൊഴിലിൽ ഇടപെടാൻ സർവകലാശാലകൾ തയാറാകുന്നില്ല. ഉന്നതവിദ്യാഭ്യാസ രംഗം അടിമുടി പരിഷ്കരിക്കാനുള്ള നടപ്പുശ്രമം വിജയിച്ചാൽ ഒരു പരിധി വരെ ഇതു പരിഹരിക്കാം.

പബ്ലിക് സർവീസ് പരീക്ഷയുടെ അലകും പിടിയും ചട്ടങ്ങളും അപ്പാടെ മാറ്റണം. റാങ്ക് ലിസ്റ്റുകളിൽ നാലും അഞ്ചും വർഷം പിന്നിട്ട് തൊഴിൽരഹിതരായിരുന്നവർ നിരാശരായി കളം വിടുമ്പോൾ കുറഞ്ഞ യോഗ്യതയും മത്സരമികവുള്ളവർ താൽക്കാലിക തസ്തികകളിൽ സ്ഥിരപ്പെടുത്തപ്പെടുന്നു. ഇത് സ്ഥിരം തസ്തിക, താൽക്കാലിക തസ്തിക എന്നിങ്ങനെ നിയമപരമായി അടയാളപ്പെടുത്തിയാലും അവസരം നഷ്ടമാകുന്ന ഉദ്യോഗാർഥികൾക്ക് അതു മനസ്സിലാകണമെന്നില്ല.

പിഎസ്‌സിയുടെ വാതിൽ ഉദ്യോഗാർഥിക്ക് ജയിൽകവാടം (ഒരിക്കലും തുറക്കാത്ത വലിയ വാതിലും കൂനിപ്പിടിച്ചു കടക്കാൻ പറ്റുന്ന ചെറിയ നടവാതിലും) പോലെ ആയിക്കൂടാ. ഇന്നു പിഎസ്‌സി നടത്തുന്ന ശരാശരി 20,000 - 30,000 വാർഷിക നിയമനങ്ങളുടെ രീതിയാകെ പൊളിച്ചുപണിയാൻ ചട്ടങ്ങൾ നവീകരിക്കണം. 5 വർഷത്തിൽ നാലായിരത്തിൽപരം പ്രത്യേക റാങ്ക് ലിസ്റ്റുകൾ പിഎസ്‌സി വിജ്ഞാപനം ചെയ്യുന്നുണ്ട്. എന്തിനാണു പൊതുസ്വഭാവമുള്ള തൊഴിലുകൾക്കെല്ലാം പ്രത്യേക എഴുത്തുപരീക്ഷ?

പത്താം ക്ലാസും അതിനു താഴെയും, പന്ത്രണ്ടാം ക്ലാസ്, ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെ 4 തലത്തിലായി റീസണിങ്, അടിസ്ഥാന ഗണിതം, പൊതുവിജ്ഞാനം, പൊതുഭരണം, അടിസ്ഥാന ഭരണഘടന, പരിസ്ഥിതി, ഓഫിസ് നിർവഹണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി, ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങളുള്ള സിവിൽ സർവീസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഓൺലൈൻ വഴി നടത്താവുന്നതാണ്.

ഓരോ വർഷവും ഇത്തരത്തിലുള്ള നാലു ടെസ്റ്റുകളും ഒരു ഉദ്യോഗാർഥിക്കു കുറഞ്ഞത് 3 അവസരവും നൽകാം. ഓരോ ഉദ്യോഗാർഥിയും നേടിയ സ്കോർ അടുത്ത 4 വർഷത്തെ തൊഴിലവസരങ്ങൾക്കു കണക്കിലെടുക്കാം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വളരെ പ്രഫഷനലായി ‘നീറ്റ് ’ മാതൃകയിൽ നടത്തണമെന്നു മാത്രം. മികച്ച ഐടി കമ്പനിയെ ഇതിന് ആശ്രയിക്കാം. പാസ്പോർട്ട്, ഐടി സംവിധാനമാകെ സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രം നവീകരിച്ചതു നാം ശ്രദ്ധിക്കണം. 

പ്രഫഷനൽ സാങ്കേതിക ബിരുദങ്ങൾ വേണ്ട തൊഴിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രഫഷനൽ ബിരുദത്തിൽ നേടിയ മാർക്കിന് 20% പ്രത്യേക വെയ്റ്റേജ് നൽകണം. അഭിമുഖം ഓൺലൈനായി നടത്താനുള്ള സൗകര്യവും ഒരുക്കി ‘പ്രോസസ് റീ എൻജിനീയർ’ ചെയ്താൽ പിഎസ്‌സിക്ക് അതിവേഗം കാര്യങ്ങൾ മുന്നോട്ടു നീക്കാം. ഓരോ പട്ടികയിലും അഞ്ചിരട്ടി പേർ നിയമനം കാത്തു നരകിക്കുന്ന സംവിധാനം പാടേ മാറും. യുപിഎസ്‌സി മാതൃകയിൽ എല്ലാ കാറ്റഗറിയിലും 5-10% വെയ്റ്റിങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ മതി.

പുതിയ കോമൺ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CAT) പിഎസ്‌സിയുടെ ക്ലറിക്കൽ ജോലി ഭാരം നന്നേ കുറയ്ക്കും. ഒപ്പം റാങ്ക് ലിസ്റ്റിൽ ഉള്ളവരെ അതേ കാലയളവിൽ സർക്കാർ ഏജൻസികളിൽ ഉണ്ടാകുന്ന താൽക്കാലിക തസ്തികകളിലേക്കും, അവർക്കു താൽപര്യമുള്ള പക്ഷം, പരിഗണിക്കാവുന്നതാണ്. ഇതിന് എംപ്ലോയ്മെന്റ് ചട്ടത്തിലും നിയമനചട്ടത്തിലും ഭേദഗതി വരുത്തണം – റാങ്ക് ഹോൾഡർമാരിൽ യോഗ്യതയും താൽപര്യവും ഉള്ളവർ ഇല്ലെങ്കിൽ മാത്രമേ താൽക്കാലിക / ദിവസവേതനക്കാരെ സർക്കാർ ഏജൻസികൾക്കു നിയമിക്കാനാവൂ എന്നു വ്യവസ്ഥ ചെയ്യണം. ചെറിയ ജോലികൾ കാത്ത് കഷ്ടപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഈ താൽക്കാലിക അവസരങ്ങൾ വലിയ കൈത്താങ്ങാകും. പല രാജ്യങ്ങളിലും ഇന്നു മാസ് തസ്തികകളിൽ ഉയർന്ന പ്രായപരിധി ഇല്ല. 10 വർഷം സർവീസ് കിട്ടുന്ന എല്ലാവരെയും മാസ് തസ്തികകളിൽ പരിഗണിക്കുന്നതിലും തെറ്റില്ല.

കേരള സ്റ്റേറ്റ് സർവീസ് ആൻഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളും പിഎസ്‌സി ചട്ടങ്ങളും സമഗ്രമായി ഭേദഗതി ചെയ്ത് ഉദ്യോഗാർഥികളുടെ കഷ്ടത്തിനു പരിഹാരം കാണുകയാണു വേണ്ടത്. പിഎസ്‌സിയോട് ആലോചിക്കണമെങ്കിലും സർക്കാരാണ് ഇത് അന്തിമമായി ചെയ്യേണ്ടത്. എന്നു തൊഴിൽ ലഭിക്കും എന്നത് ഉദ്യോഗാർഥിക്ക് അറിയാൻ കഴിയുന്ന സ്ഥിതി ഉണ്ടാക്കുകയും സമാന്തരമായി സ്വകാര്യ തൊഴിൽ - നിക്ഷേപ നയങ്ങൾക്കു വലിയ ഊന്നൽ നൽകുകയും ചെയ്താൽ ഇപ്പോഴുള്ള ദുരിതം ഒഴിവാകും. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതു പരിഹരിക്കാനാകും. 

സങ്കീർണ നിയമഭേദഗതികളും നിയമനവും പരിശീലനവുമടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാൻ കേന്ദ്രമാതൃകയിൽ പ്രത്യേക പഴ്സനേൽ - ട്രെയിനിങ് വകുപ്പ് രൂപീകരിക്കുന്നതും ചിന്തനീയമാണ്. നയനിർമാതാക്കൾ മുൻകയ്യെടുത്താൽ ഇത് അസാധ്യമല്ല.

(വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസലറാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com