മാനുഷികത മറക്കരുത് സർക്കാർ

HIGHLIGHTS
  • യുവജനങ്ങളുടെ നെഞ്ചിലെ തീ കാണാതെ പോകരുത്
PSC-rank-holders-strike-7
SHARE

തൊഴിൽ തേടുന്ന നമ്മുടെ യുവതയുടെ നെഞ്ചിലെ വിങ്ങലും വേവലാതിയും തിരിച്ചറിയുന്ന ആർക്കും അവഗണിക്കാൻ കഴിയുന്നതല്ല സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന സമരം. തൊഴിൽ എന്ന അടിസ്ഥാന ആവശ്യത്തിനു വേണ്ടി പൊരിവെയിലിലും സമരം നടത്തുന്ന യുവജനങ്ങളെ കാണാൻപോലും കൂട്ടാക്കാത്ത ഭരണകർത്താക്കൾ അവരെ പരിഹസിക്കുകകൂടി ചെയ്യുന്നു.

ലക്ഷക്കണക്കിനു ചെറുപ്പക്കാരുടെ സുരക്ഷിത ഭാവിയിലേക്കുള്ള കവാടമാണു പിഎസ്‌സി പരീക്ഷകളും അതുവഴിയുള്ള സർക്കാർ ജോലിയും എന്നിരിക്കെ, ആ സ്വപ്നപാതയിൽത്തന്നെ ഇപ്പോൾ പിൻവാതിൽ തുറന്നുവച്ചിരിക്കുകയാണ്. ഡൽഹിയിൽ കർഷകരുടെ സമരം നേരിടാൻ കേന്ദ്രസർക്കാർ പയറ്റുന്നതായി ആരോപിക്കുന്ന തന്ത്രം തന്നെയാണ് പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ സമരം അടിച്ചമർത്താൻ ഇൗ സർക്കാരും പ്രയോഗിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കലാപത്തിനു ശ്രമിക്കുന്നു, നുഴഞ്ഞുകയറി ആക്രമണമുണ്ടാക്കുന്നു, രാഷ്ട്രീയ താൽപര്യത്തോടെ പ്രവർത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചു സമരക്കാരെ തളർത്താനാണു ശ്രമം.

അർഹതപ്പെട്ട തൊഴിൽ വേണമെന്ന് യാചനാസ്വരത്തിൽ പറയേണ്ടിവരുന്നവരുടെ കണ്ണീർ മുതലക്കണ്ണീരായി വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ല. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം പ്രഹസനമാണെന്നും സമരത്തിന്റെ പേരിൽ നടക്കുന്നത് അഭിനയമാണെന്നുംവരെ ചില മന്ത്രിമാർ പറയുകയുണ്ടായി. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ടു സർക്കാരിനെതിരെ പരാതി ഉന്നയിക്കേണ്ട കാര്യമില്ലെന്നും ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ നിയമപരമായും വസ്തുതാപരമായും ശരിയല്ലെന്നും സംസ്ഥാനത്തെ യുവതയുടെ ക്ഷേമത്തിനായി നിലകൊള്ളേണ്ട യുവജന കമ്മിഷനും പറയുന്നു.

ബംഗാൾ സർക്കാരിനെതിരെ ഇടതുപക്ഷ വിദ്യാർഥി, യുവജന സംഘടനകൾ കൊൽക്കത്തയിൽ നടത്തിയ സെക്രട്ടേറിയറ്റ് സമരത്തെ ഇവിടത്തെ അവസ്ഥയോടു ചേർത്തുവയ്ക്കേണ്ടതുണ്ട്. അവിടെ പൊലീസുമായുള്ള സംഘർഷത്തിനിടെ പരുക്കേറ്റ ഡിവൈഎഫ്െഎ പ്രവർത്തകൻ കഴിഞ്ഞ ദിവസം ആശുപത്രിയിൽ മരിച്ചു. തൊഴിൽ ആവശ്യപ്പെട്ടുള്ള ബംഗാളിലെ സമരത്തോടു മമത ബാനർജി സർക്കാർ പുലർത്തുന്ന നിഷേധാത്മക സമീപനത്തെ രൂക്ഷമായി വിമർശിക്കുന്ന സിപിഎം, കേരളത്തിൽ ഭരണക്കസേരയിലിരുന്നു മറ്റൊരു മുഖം കാണിക്കുന്നതെന്തുകൊണ്ടാണ്? ജോലി തേടുന്ന യുവാക്കളുടെ അവസ്ഥ എല്ലായിടത്തും ഒന്നുതന്നെയാണെന്നു മനസ്സിലാക്കാതെ ഇവിടത്തെ സർക്കാർ അവരോടു പുലർത്തുന്ന അവഗണനയും പരിഹാസമനോഭാവവും അങ്ങേയറ്റം അപലപനീയമാണ്.

വോട്ടു ചോദിക്കുന്ന തിരക്കിനിടയിലും അധികാരത്തിന്റെ ആഘോഷത്തിനിടയിലും നമ്മുടെ പല രാഷ്ട്രീയകക്ഷികളും തൊഴിലില്ലായ്മ എന്ന ഗുരുതരപ്രശ്നം കാണാതിരിക്കുന്നത് അനീതിയാണ്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുമ്പോൾ ജോലി കാത്ത്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കരുണ കാത്തിരിക്കുന്നവരുടെ എണ്ണം ഇവിടെ വർഷംതോറും 3 ലക്ഷം വീതമാണു വർധിക്കുന്നത്. ജനത്തോടൊപ്പമെന്നു സദാ ആണയിടുന്ന സർക്കാരിനും രാഷ്ട്രീയ കക്ഷികൾക്കും കേട്ടുമറക്കാവുന്ന കണക്കാണോ ഇത്?

കേരളത്തിലെ ഉയർന്ന തൊഴിലില്ലായ്മ നിരക്കിന്റെ ഫലമാണ് മുൻവാതിലിലൂടെ പിഎസ്‌സി നിയമനത്തിനും പിൻവാതിലിലൂടെ കരാർ നിയമനത്തിനും വേണ്ടിയുള്ള പിടിവലി. സംരംഭകത്വം വളർത്തി പരിപോഷിപ്പിക്കാനും നിക്ഷേപ – തൊഴിൽ കാലാവസ്ഥ മെച്ചപ്പെടുത്താനും കഴിയാതെ പോയതിന്റെ അനന്തരഫലമാണിതെന്ന് ബന്ധപ്പെട്ടവരെല്ലാം ഇനിയെങ്കിലും മനസ്സിലാക്കണം. ഉന്നതവിദ്യാഭ്യാസരംഗത്തെ ഗുണനിലവാരത്തകർച്ചയും ഈ ദുരവസ്ഥയിലേക്കു നമ്മുടെ നാടിനെ കൊണ്ടുപോകുന്നതിൽ പങ്കുവഹിച്ചു. മാറിമാറി കേരളം ഭരിച്ച സർക്കാരുകൾ തന്നെയാണ് നമ്മുടെ യുവതയെ പെരുവഴിയിൽ നിർത്താൻ മുഖ്യകാരണമെന്നതിൽ സംശയമില്ല.

യുവജനതയുടെ വോട്ട് തേടുന്നവർ അവരുടെ തൊഴിൽസ്വപ്നങ്ങൾ ആദ്യം തിരിച്ചറിയണം; അധികാരത്തിലേറിയാൽ ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കൂടെയുണ്ടാവണം; പൊള്ളയായ വാഗ്ദാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന ചുവരെഴുത്തു മനസ്സിലാക്കുകയും വേണം. നമ്മുടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തോടുള്ള സർക്കാരിന്റെ സമീപനം നിർഭാഗ്യവശാൽ അതല്ല. സമരത്തിന്റെ പിന്നിലെ ന്യായാന്യായങ്ങൾക്കപ്പുറത്ത്, സമരം ചെയ്യുന്നവരുടെ ഹൃദയവികാരം മനസ്സിലാക്കി, അവരുമായി മന്ത്രിതലത്തിൽ തുറന്ന ചർച്ച നടത്താൻ സർക്കാർ ഇനിയും വൈകിക്കൂടാ.

Content Highlights: PSC rank holders protest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA