ADVERTISEMENT

തുടർഭരണമോഹവുമായി നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സിപിഎം നേതൃത്വത്തെയും പാർട്ടിയെ ആകെയും ഒരു ഗുരുതര രാഷ്ട്രീയപ്രശ്നം അലട്ടുകയാണ്. അവരതു പുറമേ സമ്മതിക്കാനിടയില്ല. കാരണം, നേതൃത്വത്തെ മഥിക്കുന്ന ആ പ്രശ്നം വിചിത്രമാണ്: പാർട്ടിയുടെ വോട്ട് ബിജെപിയിലേക്കു പോകുന്നു!

തദ്ദേശതിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനിടയിലും സിപിഎമ്മിനു ദുഃസ്വപ്നമാകുന്നത് സംസ്ഥാന കമ്മിറ്റി എത്തിച്ചേർന്ന ഈ നിഗമനമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ വൻ തോൽവിയെത്തുടർന്നുള്ള പരിശോധനയിൽ ഈ ചോർച്ച മനസ്സിലാക്കിയെങ്കിലും അതപ്പോൾ ഒറ്റപ്പെട്ട കാരണമായിരുന്നില്ല.

എൽഡിഎഫിനു വോട്ടു ചെയ്തിരുന്ന വിശ്വാസികൾ ഒരു തിരഞ്ഞെടുപ്പിൽ കൂറുമാറി എന്നതിനപ്പുറം പാർട്ടി അതിനെ കണ്ടിരുന്നുമില്ല.

എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പിലും ആ പ്രവണത ഏറെക്കുറെ ആവർത്തിച്ചുവെന്നാണു നേതൃത്വം തിരിച്ചറിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അവലംബിക്കേണ്ട തന്ത്രത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിലെ മുന്നറിയിപ്പ് ഇങ്ങനെ: ‘ഹിന്ദു ഭൂരിപക്ഷ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ വർധിച്ച ബിജെപി വോട്ട് നൽകുന്ന ആപൽക്കരമായ സൂചന, നമ്മെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ബിജെപിക്കു വോട്ടു ചെയ്തു എന്നതാണ്. നമ്മുടെ സ്വാധീന മേഖലകളിൽ ബിജെപിക്ക് അനുകൂലമായുള്ള വോട്ടുചോർച്ച പ്രത്യേകമായി പരിശോധിക്കണം. ഏതു സാമൂഹിക വിഭാഗങ്ങളാണ് ബിജെപിയിലേക്കു പോകുന്നതെന്ന കാര്യം പരിശോധിക്കണം.’

കോൺഗ്രസോ സിപിഎമ്മോ?

സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും നടത്തിയ പ്രാഥമിക പരിശോധനയിൽ രണ്ടു കാര്യങ്ങളാണു പാർട്ടിക്കു ബോധ്യപ്പെട്ടത്.

1) പരമ്പരാഗതമായി പാർട്ടിക്ക് അടിത്തറയുള്ള പ്രദേശങ്ങളിൽ ബിജെപി കടന്നുകയറുന്നു. 2) കേരളത്തിലെ പാർട്ടിയുടെ സ്വാധീന മേഖലയെ തകർക്കുക എന്ന സംഘപരിവാർ ലക്ഷ്യം ഇതിനു പിന്നിലുണ്ട്.

രണ്ടു നിഗമനങ്ങളും പാർട്ടിയുടെ ഉറക്കം കെടുത്തുന്നതാണ്. ഭൂരിപക്ഷ വോട്ടുബാങ്കാണ് സിപിഎമ്മിന്റെ അടിത്തറ. അവിടെ ബിജെപി കടന്നുകയറുന്നു എന്നുതന്നെയാണ് പാർട്ടി പറയാതെ പറയുന്നത്. സംഘപരിവാറിന്റെ മുഖ്യശത്രു കോൺഗ്രസല്ല, സിപിഎമ്മാകാം എന്നാണു രണ്ടാമത്തെ നിഗമനം വിളിച്ചോതുന്നത്.

ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആരെ അധികാരത്തിൽനിന്നു മാറ്റിനിർത്തണം എന്ന പ്രശ്നത്തിൽ ബിജെപിയിലും സംഘപരിവാർ സംഘടനകളിലും നടക്കുന്ന സംവാദത്തിൽ ആർഎസ്എസ് ഉന്നമിടുന്നതു സിപിഎമ്മിനെയോ എന്ന സന്ദേഹത്തെ ഈ നിഗമനം ബലപ്പെടുത്തുന്നു. സിപിഎമ്മിന്റെ ഹൈന്ദവ അടിത്തറ തകർത്തുകൊണ്ടു മാത്രമേ, കേരളത്തിൽ ബിജെപിക്കു കടന്നുവരാൻ കഴിയൂ എന്നാണ് സംസ്ഥാന ആർഎസ്എസിലെ പ്രബല വിഭാഗം കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടും.

തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുശതമാനം പൊതുവിൽ കൂടിയില്ല എന്നതുകൊണ്ടു സമാശ്വസിക്കാൻ കഴിയില്ലെന്നാണ് ആഴത്തിലുള്ള വിശകലനം സിപിഎമ്മിനെ ബോധ്യപ്പെടുത്തിയത്.

കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം എന്നിവിടങ്ങൾ ഒഴികെ, മറ്റു പത്തു ജില്ലകളിലും ബിജെപിയുടെ വോട്ട് കൂടി. ന്യൂനപക്ഷ വിഭാഗങ്ങൾ ശക്തമായ പരമ്പരാഗത യുഡിഎഫ് കേന്ദ്രങ്ങളാണ് ഈ 4 ജില്ലകൾ. അപ്പോൾ സിപിഎമ്മിന്റെ ശാക്തികാടിത്തറ എന്നു പറയാവുന്ന മറ്റു ജില്ലകളിൽ ബിജെപി വളരുകയാണ്. തൃശൂരും കാസർകോട്ടും 20% വോട്ട് അവർക്കു കിട്ടി.

നഗരമേഖലകളിലെ യുവാക്കളെ ബിജെപി സ്വാധീനിക്കുന്നതായും സിപിഎം വിലയിരുത്തുന്നു. ബിജെപിയിലേക്കു നേരിട്ടും ബിഡിജെഎസ് വഴിയും പോയ വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരികെയെത്തിക്കുക എന്നതാണ് സംഘടനാപരമായ മുഖ്യ ഉത്തരവാദിത്തമായി പാർട്ടി ഏറ്റെടുത്തിരിക്കുന്നത്. എങ്കിൽ മാത്രമേ, തുടർഭരണം ഉറപ്പാക്കാൻ കഴിയൂ എന്നും സിപിഎം കരുതുന്നു.

2016ലെ ‘പാറ്റേൺ’ മാറുമോ?

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ‘പാറ്റേൺ’ ആവർത്തിച്ചാൽ ഇക്കുറിയും എൽഡിഎഫിനു കാര്യങ്ങൾ എളുപ്പമാകും എന്ന സിപിഎമ്മിന്റെ പ്രതീക്ഷയുടെമേൽ നിഴൽ വീഴ്ത്തുന്നതാണ് ഈ സംഭവവികാസങ്ങൾ.

2016ൽ ബിജെപിക്കു കുതിപ്പുണ്ടായ മണ്ഡലങ്ങളിൽ വോട്ടു ചോർന്നതു യുഡിഎഫിനായിരുന്നു. യുഡിഎഫിനു കിട്ടാമായിരുന്ന ആ വോട്ട് ബിജെപിയിലേക്കു പോയ പ്രവണത ഇരുപതോളം മണ്ഡലങ്ങളിൽ പ്രകടമായപ്പോൾ വൻ വിജയത്തിലേക്ക് എൽഡിഎഫ് അനായാസം തുഴഞ്ഞു. എന്നാൽ, സ്വന്തം അടിത്തറയും ബിജെപിയിലേക്കു ചോരുന്നതിലെ ആശങ്കയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ തദ്ദേശതിരഞ്ഞെടുപ്പു ഫലവും സിപിഎമ്മിനു നൽകുന്നത്. 2016നും 2021നും ഇടയിൽ ബിജെപിക്കു ലഭിച്ച ‘സുവർണാവസരം’ ശബരിമലയായിരുന്നു. ആ ശബരിമല എങ്ങനെയെല്ലാമാണ് തിരിഞ്ഞു കൊത്തുന്നത് എന്നതുകൂടി ഇടതു നേതൃത്വം അപ്പോൾ ചിന്തിക്കേണ്ടി വരും! 

English Summary: Communal discourse in run-up to Kerala elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com