ചെറുതായൊരു അറ്റകുറ്റപ്പണി !

sreedharan
SHARE

വാസ്തുദോഷമാണോ ശോഭാ സുരേന്ദ്രന്റെ അപഹാരമാണോയെന്നു വ്യക്തമല്ല, കേരളത്തിലെ ബിജെപിയിൽ കുറച്ചുകാലമായി കാര്യങ്ങൾ അത്ര പന്തിയല്ല. പാർട്ടിയുടെ നിർമാണത്തിൽ അടിസ്ഥാനപരമായിത്തന്നെ ചില കുഴപ്പങ്ങൾ ഉണ്ടെന്നാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ വിദഗ്ധസമിതിയുടെ കണ്ടെത്തൽ.

ഏതാണ്ടു പാലാരിവട്ടം പാലത്തിന്റെ അവസ്ഥയിലാണത്രെ പാർട്ടിയുടെ സ്ഥിതി. ബലപരിശോധന, ഭാരപരിശോധന എന്നിവ നടത്തി നോക്കിയപ്പോൾ പാർട്ടിനിർമാണത്തിന് ഉപയോഗിച്ച സാമഗ്രികൾ അത്ര നിലവാരമില്ലാത്തതാണെന്നു തെളിഞ്ഞു. കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതെ പൊളിച്ചു പണിയാനാണു ശുപാർശ. തിരഞ്ഞെടുപ്പിനു മുൻപ് അതിനു സമയം കിട്ടില്ലെന്നതുകൊണ്ടു തൽക്കാലം എന്തെങ്കിലും സാങ്കേതികവിദ്യ പ്രയോഗിച്ചു നിർമാണം ബലപ്പെടുത്തിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.

അതിനു പറ്റിയ ആളെത്തേടി നടന്നപ്പോഴാണ് മെട്രോമാൻ ശ്രീധരന്റെ പേരു പൊന്തിവന്നത്. വന്നതു പാതി, വരാത്തതു പാതി ഉടൻ ആളെ വിട്ടു. ആ വിളി വരുമെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. അതിനായി രാജ്യസ്നേഹം, മോദിഭക്തി തുടങ്ങിയ നിർമാണസാമഗ്രികൾ അദ്ദേഹം കരുതിവച്ചിരുന്നു. ജീവിതകാലം മുഴുവൻ പാലവും റെയിലുമുണ്ടാക്കി മടുത്തിരിക്കുമ്പോഴാണ് ജനസേവനത്തിനായുള്ള വിളി വന്നത്.

ബിജെപിയിൽ ഒരു റീ എൻജിനീയറിങ് അനിവാര്യമായിട്ട് ഏറെക്കാലമായി. അതിനു മെട്രോമാനെക്കാൾ പറ്റിയ വേറെയാരുമില്ല. പാർട്ടിക്കു രണ്ടക്കം തികയ്ക്കണമെങ്കിൽ പക്ഷേ, വെറും റീ എൻജിനീയറിങ് മതിയാവില്ല. സോഷ്യൽ റീ എൻജിനീയറിങ് തന്നെ വേണ്ടിവരും. ക്രിസ്ത്യൻ സഭകളെ കയ്യിലെടുക്കാനുള്ള പരിപാടികളൊക്കെ ചിലർ നടത്തിനോക്കിയെങ്കിലും വേണ്ടപോലെ വിജയിച്ചില്ല. വിജയിക്കാതിരുന്നതു പറ്റിയ എൻജിനീയറിങ് വിദഗ്ധൻ ഇല്ലാതെപോയതു കൊണ്ടാണ്.

വെറുതേയങ്ങു പാർട്ടിയിൽ ചേരുകയല്ല മെട്രോമാൻ ചെയ്തത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാനും വല്ലാതെ നിർബന്ധിച്ചാൽ മുഖ്യമന്ത്രിയാകാനും തയാറാണെന്നും പ്രഖ്യാപിക്കുക കൂടി ചെയ്തിട്ടുണ്ട്. യഥാർഥ നേതാക്കൾ അങ്ങനെയാണ്. അവർ ഒരിക്കലും അർധരാജ്യം സ്വപ്നം കാണാറില്ല.

∙എന്തുമാത്രം വിധ്വംസകരാ! 

ഈ റാങ്ക് ഹോൾഡർമാരെക്കൊണ്ടു തോറ്റു. കാണുന്നപോലെ ഇവരത്ര നിരുപദ്രവകാരികളൊന്നുമല്ലെന്നു കണ്ടെത്തിയതു മന്ത്രിമാരും മറ്റും തന്നെയാണ്. റാങ്കുകാരുടെ കൂട്ടത്തിൽ കലാപകാരികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അവർക്കു തീർച്ചയാണ്. വെറുതേ പറയുന്നതല്ല. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു പാർട്ടിപത്രം ഇക്കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കു മുൻപു വാർത്ത നൽകിയത്.

റാങ്ക് ഹോൾഡർമാരായി വേഷം മാറിയ ചില വിധ്വംസക ശക്തികൾ സമരക്കാരുടെ കൂട്ടത്തിൽ ഉണ്ടെന്നും അവരിൽ പലരും അവരുടെ പേരു കൂടി ഉൾപ്പെടുത്തിയ പിഎസ്‌സി റാങ്ക് ലിസ്റ്റ് വരെ വ്യാജമായി നിർമിച്ചിട്ടുണ്ടെന്നും ചില കേന്ദ്രങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. സിഐഎ, മൊസാദ്, കെജിബി ഏജന്റുമാരെ സെക്രട്ടേറിയറ്റിനു മുന്നിൽ കറങ്ങിനടക്കുന്ന നിലയിൽ കണ്ടെത്തിയതിന്റെ രഹസ്യം ഇതാണത്രെ.

കെജിബിയെ സഹിക്കാം. പിതൃഭൂമിയായ സോവിയറ്റ് യൂണിയന്റെ തിരുശേഷിപ്പല്ലേ? പക്ഷേ, സിഐഎയും മൊസാദും... അവരെ കാണുന്ന മുറയ്ക്കു തല തല്ലിപ്പൊട്ടിക്കാൻ പൊലീസിനു നിർദേശം കൊടുത്തിട്ടുണ്ട്. ഇതിനൊക്കെ പുറമേയാണു മാവോയിസ്റ്റുകൾ, ഖലിസ്ഥാനികൾ, താലിബാനികൾ തുടങ്ങിയ പലവക ഐറ്റങ്ങൾ.

ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിലും ഇക്കൂട്ടർ നുഴഞ്ഞുകയറിയിരുന്നു. പക്ഷേ, പറഞ്ഞതു ബിജെപിക്കാർ ആയതുകൊണ്ടാണു നമ്മൾ അതു സമ്മതിക്കാതിരുന്നത്. ഇവരെയൊക്കെ കൈകാര്യം ചെയ്യാൻ അറിയാഞ്ഞിട്ടല്ല. എന്തു ചെയ്യാം, നമ്മൾ ഇടതുപക്ഷമായിപ്പോയില്ലേ?

വിധ്വംസക ശക്തികളെയും രാജ്യദ്രോഹികളെയും ഉന്മൂലനം ചെയ്യുക എന്നത് ഏതൊരു സർക്കാരിന്റെയും ക‍ടമയാണ്. ആ ചുമതല ആദ്യം ഡിവൈഎഫ്ഐയെ ഏൽപിക്കും. അവർക്കു ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം മണിയാശാനെയും ജയരാജനണ്ണൈയെയും രംഗത്തിറക്കും. പിന്നെ വിധ്വംസകരും രാജ്യദ്രോഹികളും വാളയാർ അതിർത്തി എപ്പോൾ കടക്കുമെന്നു ചോദിച്ചാൽ മതി.

∙ ആകെ മൊത്തം കോമഡിയാ...

ഇപ്പോൾ വാർത്തകളെല്ലാം സിനിമയിൽ നിന്നാണ്. ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി തുടങ്ങി കൊമീഡിയന്മാരുടെ കുത്തൊഴുക്കാണു കോൺഗ്രസിലേക്ക്. കോൺഗ്രസുകാരനാണെന്നു നേരത്തേ പ്രഖ്യാപിച്ച സലിംകുമാറും ഇവർക്കു കൂട്ടുണ്ട്. സിനിമക്കാരുടെ സംഘടനയുടെ ആജീവനാന്ത സെക്രട്ടറിയായ ഇടവേള ബാബു കൂടി വന്നതോടെ കോൺഗ്രസിന്റെ സംഘടനാ സംവിധാനം പതിന്മടങ്ങു കരുത്താർജിക്കും. യുദ്ധതന്ത്രങ്ങൾ മെനയാൻ മേജർ രവി തന്നെ ധാരാളം. പക്ഷേ, അദ്ദേഹത്തിനു കുറഞ്ഞതു ബ്രിഗേഡിയർ പദവിയെങ്കിലും നൽകണമെന്നു മാത്രം.

എൽഡിഎഫിനു പുതിയ കൊമീഡിയന്മാരുടെ ആവശ്യമില്ല. മുൻപേ തന്നെ ഇന്നസന്റിനെയും മുകേഷിനെയുമൊക്കെ അവർ പാളയത്തിൽ നിരത്തിയിട്ടുണ്ട്. പോരാത്തതിന് പാർട്ടിയിൽത്തന്നെ കറതീർന്ന കൊമീഡിയന്മാർ ആവശ്യത്തിലേറെയുണ്ട്. മണിയാശാന്റെയും മറ്റും മുന്നിൽ ഈ സിനിമാപ്പിള്ളേർ എന്ത്? അടുത്തകാലത്ത് ഹാസ്യസാമ്രാട്ടെന്നു പേരെടുത്ത എ.വിജയരാഘവൻ ഉള്ളപ്പോൾ അവർക്കു മറ്റുള്ളവരുടെ സഹായം തേടേണ്ടതില്ല. ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്നു ചോദിച്ചതുപോലെ മറ്റു കൊമീഡിയന്മാരൊന്നും സഖാവിന്റെ നാലയലത്തു വരില്ല. ആയിരം പിഷാരടിക്ക് അര വിജയരാഘവൻ എന്നാണു പുതിയ സമവാക്യം.

∙ വിവരാവകാശ വിശ്വാസം 

സംസ്ഥാനത്ത് ഇനി വിവരാവകാശത്തിന്റെ വസന്തമാണ് മാർച്ച് മുതൽ വരാൻ പോകുന്നത്. വിവരാവകാശത്തിന്റെ അപ്പോസ്തലനായ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണു മുഖ്യ വിവരാവകാശ കമ്മിഷണറാകാൻ പോകുന്നത്. അദ്ദേഹം ചുമതലയേറ്റാൽ ആവശ്യപ്പെടാതെ തന്നെ ഏതു വിവരവും ആർക്കും കിട്ടും. അപേക്ഷ പോലും കൊടുക്കേണ്ട. അദ്ദേഹത്തിന്റെ ഓഫിസിന്റെ മുന്നിൽകൂടി ഒന്നു പോയാൽ മതി. ഉടനെ മണത്തറിയും നിങ്ങൾക്ക് ഒരു വിവരം അറിയാനുണ്ടെന്ന്. അതുടനെ നിങ്ങൾക്കു കിട്ടുകയും ചെയ്യും. വിവരം തരുന്ന കാര്യത്തിൽ വിശ്വാസ് മേത്തയെ നമുക്കു വിശ്വസിക്കാം. കാരണം, സെക്രട്ടേറിയറ്റിലെ വിവരങ്ങൾ ഈ‌ച്ചയ്ക്കും പൂച്ചയ്ക്കും പോലും കൊടുക്കരുതെന്ന് ഇണ്ടാസ് ഇറക്കിയ മാന്യദേഹമാണു വിശ്വാസ് മേത്ത. അദ്ദേഹം മുഖ്യ വിവരാവകാശ കമ്മിഷണറായാൽ ഇണ്ടാസ് വീണ്ടും പുതുക്കുമോ എന്നു സംശയിക്കണം. വിശ്വാസം വിവരാവകാശത്തെ രക്ഷിക്കട്ടെ എന്നു മുട്ടിപ്പായി പ്രാർഥിക്കാം.

സ്റ്റോപ് പ്രസ്: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പുവച്ചു.

‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന പഴയ മുദ്രാവാക്യത്തിന്റെ പുതിയ അർഥം കൈനനയാതെ ആഴക്കടലിൽ മീൻപിടിക്കുക എന്നതാകുന്നു!

Content Highlights: BJP Kerala politics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA