കിടപ്പാടം പോയാൽ തെരുവോരത്തു ജീവിക്കണോ? കരളുരുകി മലയോര കർഷകർ

farmer
കോഴിക്കോട് കക്കയം കോയിക്കക്കുന്നിൽ കൃഷ്ണൻകുട്ടി ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
SHARE

വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും നിശ്ചിത ദൂരം പരിസ്ഥിതിലോല മേഖലയായി (ഇക്കോ സെൻസിറ്റീവ് സോൺ–  ഇഎസ്‌സെഡ്) പ്രഖ്യാപിക്കുന്ന കരടു വിജ്ഞാപനം: ആശങ്കയിൽ മലയോര കർഷകർ.........

ദുരിതങ്ങളിൽനിന്ന് ദുരിതങ്ങളിലേക്ക്

രാജ്യത്തെ കർഷകർ ന്യൂഡൽഹിയിലെ തെരുവുകളിൽ തണുത്തുമരവിച്ചു സമരം ചെയ്യുമ്പോൾ നെഞ്ചിലെരിയുന്ന തീയിൽ ഉരുകുകയാണു കേരളത്തിലെ കർഷകർ. പ്രകൃതിദുരന്തങ്ങളും വിളകളുടെ വിലത്തകർച്ചയും വന്യമൃഗശല്യവും അതിജീവിച്ചു കൃഷിയിറക്കുന്ന ഇവരെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളാണു വലയ്ക്കുന്നത്. ജനിച്ചു കൃഷി ചെയ്തു വളർന്ന മണ്ണിൽനിന്നു കുടിയിറക്കപ്പെടുമെന്ന ഭീതിയിലാണു പലരും.

വനഭൂമി പലയിടത്തും തേക്ക്, അക്കേഷ്യ തോട്ടങ്ങളായി പരിവർത്തനം ചെയ്യപ്പെടുമ്പോഴും കർഷകരുടെ ഭൂമിക്ക് പച്ചപ്പും ജൈവസമൃദ്ധിയുമുണ്ട്. പരിസ്ഥിതിയുണ്ടെങ്കിൽ മാത്രമേ നിലനിൽപുള്ളൂ എന്ന കർഷകരുടെ ബോധ്യം തന്നെയാണ് അതിനു കാരണം.

ഗാഡ്ഗിൽ റിപ്പോർട്ട്, തുടർന്നു വന്ന കസ്തൂരിരംഗൻ റിപ്പോർട്ട്, ഇഎഫ്എൽ നിയമം, ഇപ്പോഴത്തെ പരിസ്ഥിതിലോല മേഖലാ കരടു വിജ്ഞാപനം എല്ലാം കൂടി ആയപ്പോൾ മലയോര മേഖലയോടു ചേർന്ന പ്രദേശങ്ങളിൽ ഭൂമി വാങ്ങാനോ വിൽക്കാനോ കഴിയാത്ത അവസ്ഥയാണ്. ബാങ്കുകൾ പല കാരണങ്ങൾ പറഞ്ഞു വായ്പ നിഷേധിക്കുന്നു. വികസനപ്രവർത്തനങ്ങൾക്കു വനംവകുപ്പിന്റെ തടസ്സവാദവും പലയിടത്തും നേരിടുന്നു. ആശങ്കയുടെ വാൾമുനയിൽ നിൽക്കുന്ന കർഷകർ എങ്ങനെയാണു മനസ്സമാധാനത്തോടെ മണ്ണിലിറങ്ങുക, അവിടെ പൊന്നു വിളയിക്കുക?

ആശങ്കയുടെ 11-ാംവർഷം

പശ്ചിമഘട്ടത്തെക്കുറിച്ചു പഠിച്ചു സംരക്ഷണമാർഗങ്ങൾ നിർദേശിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2010ൽ മാധവ് ഗാഡ്ഗിൽ സമിതിയെ നിയോഗിച്ചതു മുതലാണ് ആശങ്ക ആരംഭിച്ചത്. ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരം ഒട്ടേറെ മേഖലകൾ പരിസ്ഥിതിലോലമായി. ഇവിടെ കടുത്ത നിയന്ത്രണങ്ങളാണു ശുപാർശ ചെയ്തത്. 

ഇതിൽ എതിർപ്പുകളുയർന്നതോടെ, സമഗ്രമായി പഠിച്ചു പ്രായോഗിക റിപ്പോർട്ട് നൽകാൻ ഡോ. കസ്തൂരിരംഗൻ സമിതിയെ നിയോഗിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതിലോല മേഖലകളുടെ എണ്ണം ചുരുങ്ങിയെങ്കിലും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ടു. തുടർന്ന്, ഉമ്മൻ വി.ഉമ്മന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് ആ റിപ്പോർട്ടാണ് കേരളത്തിന്റേതായി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കപ്പെട്ടത്. ഇതിന്റെ വിജ്ഞാപന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വന്യജീവിസങ്കേതങ്ങൾക്കു ചുറ്റും നിശ്ചിതദൂരം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതും സംസ്ഥാനങ്ങളോടു നിർദേശങ്ങൾ ആവശ്യപ്പെട്ടതും.

ഇതിനൊപ്പം തന്നെ ഇഎഫ്എൽ (ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡ്സ്) നിയമത്തിന്റെ പേരിൽ പല കർഷകരുടെയും ഭൂമി ഏറ്റെടുത്തതിന്റെ വേദനക്കഥകൾ മലയോര മേഖലകളിൽനിന്നു കേൾക്കാം. ഏക്കർ കണക്കിനു ഭൂമിയാണ് ഏറ്റെടുത്തത്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ വനംവകുപ്പിന്റെ കടുത്ത നിയന്ത്രണങ്ങൾ ജീവിതം ദുസ്സഹമാക്കുന്നതിനിടെയാണ് ഇഎസ്‌സെഡ് കരടു വിജ്ഞാപനം കൂടി ഇടിത്തീയാകുന്നതെന്നു കർഷകർ പറയുന്നു.

നഷ്ടമാകുമോ, കൃഷിയും ജീവിതവും?

‘‘കിടപ്പാടം പോയാൽപിന്നെ തെരുവോരത്തു ജീവിക്കാൻ പറ്റുമോ? മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിക്കുകയല്ലാതെ ഞങ്ങൾക്കു മറ്റൊരു നിവൃത്തിയുമില്ല.’’ – കോഴിക്കോട് കക്കയം കോയിക്കക്കുന്നിൽ കൃഷ്ണൻകുട്ടിയുടെ സങ്കടവാക്കുകൾ കേരളത്തിലെ മലയോര കർഷകരുടെയെല്ലാം ആശങ്കയുടെ പ്രതീകമാണ്. 

‍വന്യജീവിസങ്കേതങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത ദൂരം പരിസ്ഥിതിലോല മേഖലയായി (ഇക്കോ സെൻസിറ്റീവ് സോൺ – ഇഎസ്‌സെഡ്) നിശ്ചയിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം ഇടിത്തീയായി വീണതു കർഷകരുടെ നെ‍ഞ്ചിലാണ്. ജനവാസമേഖലകളടക്കം വനത്തിനു പുറത്തുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോല പരിധിയിൽനിന്ന് ഒഴിവാക്കണമെന്നുള്ള സംസ്ഥാന വനംവകുപ്പിന്റെ ശുപാർശ കേന്ദ്രം മടക്കുകകൂടി ചെയ്തതോടെ പ്രതീക്ഷയറ്റ അവസ്ഥയിലാണിവർ. കുടിയൊഴിപ്പിക്കലുണ്ടാകില്ല എന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളും നിബന്ധനകളും വിലക്കുകളും എല്ലാം കൂടി ചുറ്റിപ്പിണഞ്ഞു കൃഷിയും ജീവിതവും അസാധ്യമാക്കുന്ന അവസ്ഥയെത്തുമെന്ന് ഇവർ ഭയക്കുന്നു.

കക്കയം ഡാം സൈറ്റ് റോഡരികിലെ അഞ്ചു സെന്റിലാണ് കുടിയേറ്റ കർഷകനായ കൃഷ്ണൻകുട്ടിയുടെ താമസം. ഈ 65–ാം വയസ്സിലും അതിരാവിലെ റബർ ടാപ്പിങ്ങിനു പോകും. തിരികെയെത്തിയാൽ റോഡരികിൽ കെട്ടിയുണ്ടാക്കിയ ചെറിയ ചായക്കടയിൽ ജോലി തുടങ്ങും. കൃഷ്ണൻകുട്ടിയും ഭാര്യ ശൈലജയും ചേർന്നാണു കടയിലെ പാചകവും ഭക്ഷണവിതരണവുമെല്ലാം.

കക്കയം ഡാമിന്റെ നിർമാണത്തിനായാണു കൃഷ്ണൻകുട്ടിയുടെ അച്ഛനമ്മമാർ തിരുവനന്തപുരത്തുനിന്നു കുടിയേറിയത്. അക്കാലത്തു മല‍ഞ്ചെരിവിൽ വെട്ടിത്തെളിച്ചു താമസം തുടങ്ങിയ സ്ഥലം പിന്നീട് വനംവകുപ്പ് ജണ്ട കെട്ടിത്തിരിച്ചതോടെ കാടിനകത്തായി. അവിടെനിന്നു താഴേക്ക് 200 മീറ്ററോളം മാറിയാണു പട്ടയം കിട്ടിയ 5 സെന്റ്. ഇങ്ങനെ പട്ടയം കിട്ടിയ 5 സെന്റ് മുതൽ ഏക്കർകണക്കിനു കൃഷിയിടങ്ങൾ വരെ നഷ്ടമാകുമെന്ന ആശങ്കയിലുള്ള ആയിരക്കണക്കിനു പേരാണു കേരളത്തിലുള്ളത്.

farmer 1
വീട്ടുമുറ്റത്തു നട്ടുവളർത്തിയ പുളിമരം മുറിച്ചതിനെത്തുടർന്നു വനംവകുപ്പിന്റെ നടപടി നേരിടുന്ന തൃശൂർ പീച്ചി കരാത്ത് ഇന്ദിര, വീട്ടുമുറ്റത്തെ മരക്കുറ്റിക്കു സമീപം.

എനിക്കു വയ്യ, ഇനിയും കാക്കി കണ്ട് പേടിക്കാൻ

‘‘മുറ്റത്ത് അമ്മ നട്ടുവളർത്തിയ പുളിയാണ്. ആയിരം രൂപയുടെ പുളി ഞാൻ വർഷത്തിൽ വിറ്റിരുന്നു. ഒരു കമ്പ് വൈദ്യുതലൈനിലേക്ക് ചാഞ്ഞുനിന്നിരുന്നതിനാൽ എപ്പോഴും കറന്റ് പോകും. നാട്ടുകാർക്കു പ്രയാസമാകേണ്ടെന്നു കരുതി പുളി മുറിച്ചു. വെട്ടിയതു വലിയ വേദനയോടെയാണ്. പക്ഷേ, ഇപ്പോൾ കാക്കി കണ്ടാൽ എനിക്കു പേടിയാണ്’’.

തൃശൂർ പീച്ചി തെക്കേക്കുളം കരാത്ത് ഇന്ദിര അതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. അഞ്ചു സെന്റിൽ സർക്കാർ സഹായത്തോടെ നിർമിച്ച ഇനിയും ചുമർ തേയ്ക്കാത്ത ഒറ്റമുറി വീടിന്റെ മുറ്റത്ത് ഒരു ‘ഭീകരരൂപി’യെപ്പോലെ ഒരു കൊച്ചു പുളിമരക്കുറ്റി. ഭീകരരൂപിയാക്കുന്നത് അതിൽ മഞ്ഞ പെയിന്റടിച്ച് എഴുതിയിരിക്കുന്ന നമ്പറാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇട്ട നമ്പർ.

അന്നുമുതൽ ഇന്ദിരയ്ക്കു പേടിയാണ്. രക്തസമ്മർദം കൂടി ആശുപത്രിയിലായി. പലതവണ വനംവകുപ്പുകാർ വന്നു വിവരങ്ങൾ ചോദിച്ചു.കേസെടുക്കുമെന്നു പറഞ്ഞിട്ടുണ്ട്. എന്തു ചെയ്യുമെന്ന് ഒരു രൂപവുമില്ല. കണ്ണീരൊതുക്കി ഇന്ദിര പറയുന്നു.

60 – 70 വർഷം മുൻപു കുടിയേറി പാർപ്പു തുടങ്ങിയ മേഖലകളാണിത്. ഇപ്പോഴുള്ള പ്ലാവും മാവും പുളിയുമൊക്കെ ഈ വീട്ടുകാർ നട്ടുപിടിപ്പിച്ചത്. വനംവകുപ്പു നൽകിയ കൈവശഭൂമിയിൽ മരങ്ങൾ മുറിക്കുന്നതിനു നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മക്കൾക്കൊപ്പം പ്ലാവും മറ്റും വളർത്തി, വലുതാകുമ്പോൾ അതു മുറിച്ചുവിറ്റു പെൺമക്കളുടെ വിവാഹച്ചെലവിനെടുത്തിരുന്ന നാടാണ്. പക്ഷേ, ഇപ്പോൾ പുരയ്ക്കു മീതേ ചാഞ്ഞാലും മുറിക്കാനാവില്ല. നിയമങ്ങൾക്കു മൂർച്ചകൂട്ടി. കേസിൽ പെട്ടത് ഒട്ടേറെപ്പേരാണ്.

നിയന്ത്രണങ്ങളിൽ കുരുങ്ങുമോ ബത്തേരി ?

കാടിനോടു ചേർന്ന കൃഷിസ്ഥലങ്ങളും ജനവാസ മേഖലകളും മാത്രമല്ല, പട്ടണങ്ങൾ പോലും വിജ്ഞാപന പരിധിയിൽ വന്നിട്ടുണ്ട്. വയനാട്ടിലെ ഏറ്റവും വലിയ പട്ടണമാണു ബത്തേരി. ദേശീയപാതയോടു ചേർന്നുകിടക്കുന്ന പ്രമുഖ വ്യാപാരകേന്ദ്രം. രാത്രിയാത്രാ നിരോധനമുണ്ടാക്കിയ പ്രതിസന്ധിയിൽനിന്നു വയനാടിന്റെ സാമ്പത്തികമേഖലയ്ക്ക് ഇതുവരെ കരകയറാനായിട്ടില്ല. അതിനിടെയാണ് ബത്തേരി പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. മിനി സിവിൽ സ്റ്റേഷനും കെഎസ്ആർടിസി ഡിപ്പോയുമെല്ലാം മേഖലയിൽ ഉൾപ്പെടും.

sultan batteri
ബത്തേരി ടൗൺ. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

3 വില്ലേജുകളിലായാണു ബത്തേരി പട്ടണമുള്ളത്. ഇതിൽ കിടങ്ങനാട് ആണ് വയനാട് വന്യജീവിസങ്കേതത്തിന്റെ പരിസ്ഥിതിലോല പ്രദേശമായത്. ബത്തേരി, കുപ്പാടി വില്ലേജുകൾ കരടു വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും അവയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ പരിസ്ഥിതിലോല മേഖലാ ഭൂപടത്തിൽ കാണിച്ചിരിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഈ അതിർത്തി നിർണയം നടപ്പിലായാൽ, ടൗണിലുൾപ്പെടെ വലിയ നിയന്ത്രണങ്ങൾ വന്നേക്കാമെന്ന് ആശങ്കയുണ്ട്.

ദേശീയപാത വരെ നീളുന്ന ആശങ്ക

മലബാറിന്റെ ജീവനാഡിയായ കോഴിക്കോട് – ബെംഗളൂരു ദേശീയപാത 766ൽ വന്യജീവികളുടെ സുരക്ഷയ്ക്കായി രാത്രിയാത്ര നിരോധിക്കുമെന്നു കേട്ടപ്പോൾ പലരും വിശ്വസിച്ചില്ല. ദേശീയപാതയൊക്കെ അങ്ങനെ അടയ്ക്കുമോ എന്നായിരുന്നു ചോദ്യം. എന്നാൽ, 2009ൽ ആരംഭിച്ച രാത്രിയാത്രാ നിരോധനം ഇപ്പോഴും തുടരുന്നു. തർക്കമായി, കേസ് സുപ്രീംകോടതിയിൽ വരെയെത്തി. രാജ്യത്ത് 50 കടുവാസങ്കേതങ്ങളുണ്ടെങ്കിലും അവിടെയൊന്നും ഈ നിരോധനമില്ലെന്നു കേരളം വാദിച്ചു. എന്നിട്ടും രാക്കുരുക്കു തുടരുന്നു.

ഇപ്പോഴത്തെ കരടു വിജ്ഞാപനത്തിൽ വീണ്ടുമൊരു ദേശീയപാതാഭാഗം ഉൾപ്പെട്ടിരിക്കുന്നു. പീച്ചി – വാഴാനി വന്യജീവിസങ്കേതത്തിന്റെ പരിസ്ഥിതിലോല മേഖലയിൽ കൊച്ചി – സേലം ദേശീയപാത 544ന്റെ ഭാഗവുമുണ്ട്. ജനവാസകേന്ദ്രങ്ങളും വീടുകളുമെല്ലാം ഉൾപ്പെടുന്ന പാലക്കാട് ജില്ലയിലെ പന്തലാംപാടത്താണ് ദേശീയപാത പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിനു വാഹനങ്ങളാണു ദിവസവും ഈ വഴി കടന്നുപോകുന്നത്. കരടു വിജ്ഞാപനം അംഗീകരിക്കപ്പെട്ടാൽ സ്വാഭാവികമായും നിയന്ത്രണങ്ങൾ വന്നേക്കാം. അതിൽ ഗതാഗത നിയന്ത്രണവും വരുമോയെന്നു ജനത്തിന് ആശങ്കയുണ്ട്. 

തയാറാക്കിയത്: സന്തോഷ് ജോൺ തൂവൽ, രമേഷ് എഴുത്തച്ഛൻ, എസ്.വി.രാജേഷ്, ജെറിൻ ജോയ്, വി.മിത്രൻ, ഷിന്റോ ജോസഫ്, എസ്.അഖിൽ, ആൽബിൻ രാജ്, സങ്കലനം: ജിജീഷ് കൂട്ടാലിട

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA