ADVERTISEMENT

കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കൃഷിനിയമങ്ങൾക്കെതിരെ ഡൽഹിയുടെ അതിർത്തിമേഖലകളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം നാളെ നൂറാം ദിനത്തിലേക്കു കടക്കുന്നു. പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളിയും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവുമായ രാകേഷ് ടികായത് സംസാരിക്കുന്നു: 

∙ പ്രക്ഷോഭം നൂറാം ദിനത്തിലേക്കെത്തുന്നു. എന്താണു കർഷകസംഘടനകളുടെ ഭാവി പരിപാടി? 

മൂന്നു കൃഷിനിയമങ്ങൾ പിൻവലിക്കുക, കൃഷിവിളകൾക്കു താങ്ങുവില ഉറപ്പാക്കുന്ന നിയമം പാസാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആദ്യം മുതൽ ഞങ്ങൾ ഉന്നയിച്ചിരുന്നത്. അതിൽ മാറ്റമില്ല. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കും വരെ കർഷകർ പ്രക്ഷോഭം തുടരും. എത്രനാൾ വേണമെങ്കിലും ഡൽഹിയുടെ അതിർത്തിമേഖലകളിൽ തുടരാൻ ഞങ്ങൾ സജ്ജരാണ്. ഉത്തരേന്ത്യയിൽ വിളവെടുപ്പിന്റെ സമയമാണിത്. പ്രക്ഷോഭവും വിളവെടുപ്പും ഒരുപോലെ നടത്താൻ ഞങ്ങൾക്കറിയാം. വെടിയുണ്ടയും ലാത്തിയും ഉപയോഗിച്ച് ഈ പ്രക്ഷോഭം അവസാനിപ്പിക്കാൻ സാധിക്കില്ല. 

∙ ആദ്യം ഉണ്ടായിരുന്ന ഊർജം പ്രക്ഷോഭത്തിന് ഇപ്പോഴുണ്ടോ? 

പ്രക്ഷോഭത്തിന്റെ ഊർജം കുറഞ്ഞുവെന്ന രീതിയിൽ നടക്കുന്ന പ്രചാരണം ശരിയല്ല. യഥാർഥത്തിൽ ഞങ്ങളുടെ ഊർജം വർധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കിസാൻ മഹാപഞ്ചായത്തുകളിലെ ജനപങ്കാളിത്തം കണ്ടില്ലേ? കർഷകർ കൂട്ടമായി അവിടേക്കൊഴുകുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തിനു ഞങ്ങൾ ഒരുങ്ങുകയാണ്. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും മഹാപഞ്ചായത്തുകൾ നടത്താനുള്ള തയാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. 

∙ കർഷകർ അനാവശ്യ പിടിവാശി കാണിക്കുകയാണെന്നാണു കേന്ദ്രസർക്കാരിന്റെ ആരോപണം... 

പ്രശ്നപരിഹാരത്തിനു കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ പത്തിൽ കൂടുതൽ തവണ ചർച്ചകൾ നടന്നു. ചർച്ചകളിലുടനീളം ഞങ്ങൾ ഒരേ ആവശ്യമാണ് ഉന്നയിച്ചത്. എന്നാൽ, നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം ഒരു ഘട്ടത്തിലും തയാറായില്ല. പിടിവാശി കാണിച്ചതു കേന്ദ്രമാണ്. ഇനിയും അവരുമായി ചർച്ചയ്ക്കു ഞങ്ങൾ തയാറാണ്. എന്നാൽ, ആവശ്യങ്ങളിൽനിന്നു പിന്നോട്ടു പോകുമെന്നു കരുതിയെങ്കിൽ തെറ്റി. കർഷകരുമായി കൂടിയാലോചിക്കാതെ തയാറാക്കിയ നിയമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ല. 

∙ താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പുനൽകാമെന്നു കേന്ദ്രം വാഗ്ദാനം ചെയ്തു; നിയമങ്ങൾ ഒന്നര വർഷം വരെ മരവിപ്പിക്കാമെന്ന് അറിയിച്ചു... 

രേഖാമൂലമുള്ള ഉറപ്പിൽ ഞങ്ങൾക്കു വിശ്വാസമില്ല. നിയമം വഴി അതു നടപ്പാക്കണം. കൃഷിനിയമങ്ങൾ ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെങ്കിൽ അതു റദ്ദാക്കിക്കൂടേ? കേന്ദ്രസർക്കാർ നിരന്തരം കള്ളം പറയുകയാണ്. ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും കർഷകർ തയാറല്ല. 

∙ പ്രശ്നപരിഹാരത്തിനായി ഒരു ഫോൺ വിളിക്കപ്പുറം താനുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു... 

അതെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വാചകക്കസർത്തു മാത്രമാണ്. 

∙ ഗാസിപ്പുരിലെ പ്രക്ഷോഭവേദി പൊളിക്കാനെത്തിയ പൊലീസിനെ വെല്ലുവിളിച്ച് താങ്കൾ നടത്തിയ വികാരപരമായ പ്രസംഗമാണ് പ്രക്ഷോഭത്തിനു പുതുജീവനേകിയത്. കരച്ചിൽ താങ്കളുടെ നാടകമായിരുന്നുവെന്നു ബിജെപി ആരോപിക്കുന്നു. 

നാടകമാണെന്നാണ് ആരോപണമെങ്കിൽ അത് അങ്ങനെ തന്നെയിരിക്കട്ടെ. ഞാൻ തർക്കിക്കുന്നില്ല. കർഷകരുടെ പ്രക്ഷോഭത്തെ വിലകുറച്ചു കാണരുത്. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കൂ. സമരം അവസാനിപ്പിച്ച് ഞങ്ങൾ പൊയ്ക്കൊള്ളാം. 

∙ അടുത്ത വർഷം യുപിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താങ്കൾ മത്സരിക്കുമെന്നു കേൾക്കുന്നു. 

എനിക്കു രാഷ്ട്രീയ താൽപര്യങ്ങളില്ല. ഇതു കർഷകരുടെ പോരാട്ടമാണ്. 

∙ പ്രക്ഷോഭത്തിനു പ്രതിപക്ഷ കക്ഷികളുടെ പിന്തുണയുണ്ടോ? 

രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമില്ല. പിന്തുണ തേടി ഏതെങ്കിലും കക്ഷിയെ ഞങ്ങൾ സമീപിച്ചിട്ടുമില്ല. പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷ കക്ഷികൾ സ്വമേധയാ വന്നതാണ്. 

∙ യുപിയെ പ്രതിനിധീകരിക്കുന്ന താങ്കളുടെ സംഘടനയും പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകൾക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

അത് അടിസ്ഥാനരഹിതമാണ്. കർഷക സംഘടനകൾ ഒറ്റക്കെട്ടായാണു കേന്ദ്രസർക്കാരിനെതിരെ പോരാടുന്നത്. ഒന്നിച്ചുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുന്ന മഹാപഞ്ചായത്തുകൾ ഞങ്ങളുടെ ഐക്യത്തിനു തെളിവാണ്. 

തുടരുന്ന പോരാട്ടം

വിവാദ കൃഷിനിയമങ്ങൾക്കെതിരായ പ്രക്ഷോഭം നാളെ നൂറാം ദിനത്തിലേക്കു കടക്കുമ്പോൾ, പോരാട്ടം തുടരാനുറച്ച് കർഷകർ. കർഷകർക്കു മുന്നിൽ മുട്ടുമടക്കില്ലെന്നു കേന്ദ്രസർക്കാരും വ്യക്തമാക്കിയതോടെ, പ്രശ്നപരിഹാരം ദുഷ്കരമായി. ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടമായി വരും ദിവസങ്ങളിൽ പ്രക്ഷോഭത്തിന്റെ രൂപം മാറും. കേരളമടക്കം, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണവുമായി സംയുക്ത കിസാൻ മോർച്ച നേതാക്കൾ രംഗത്തിറങ്ങും. 

∙ ഡൽഹിയിൽ ചൂട് പിടിമുറുക്കാനിരിക്കെ, അതിനെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകൾ കർഷകർ ആരംഭിച്ചു. പഞ്ചാബിൽ നിന്നെത്തിച്ച കൂളറുകൾ പ്രക്ഷോഭ വേദികളിലെ ടെന്റുകളിൽ സ്ഥാപിച്ചു തുടങ്ങി. 

∙ നൂറാം ദിനവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സമരപരിപാടികൾ ശനിയാഴ്ച. അന്ന് 11 മുതൽ 4 വരെ ഡൽഹിയുടെ അതിർത്തി മേഖലയിലുള്ള കെഎംപി അതിവേഗപ്പാത കർഷകർ തടയും; ടോൾ പ്ലാസകൾ ഉപരോധിക്കും. 

∙ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി രാജ്യത്തുടനീളം കർഷകരുടെ വീടുകളിൽ കറുത്ത പതാക സ്ഥാപിക്കാൻ സംഘടനകൾ നിർദേശിച്ചു. 

English Summary: Interview with Rakesh Tikait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com