ADVERTISEMENT

എൽഡിഎഫിലേക്കു വന്ന പുതിയ കക്ഷിയായ കേരള കോൺഗ്രസിന്റെ (എം) വിഹിതം കണ്ടെത്താനായി മുന്നണിയിലെ മറ്റു പാർട്ടികളിൽ നിന്നെല്ലാം സിപിഎം സീറ്റു വാങ്ങിയെടുക്കുന്ന പ്രക്രിയയാണ് ഇടതു സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു മുഖ്യമായും നടക്കുന്നത്. പി.ജെ.ജോസഫിന്റെ വിലപേശൽ എത്രകണ്ടു കുറയ്ക്കാമോ അതിനുള്ള പരിശ്രമത്തിൽ യുഡിഎഫും ഏർപ്പെട്ടിരിക്കുന്നു. ശേഷം പല സീറ്റുകളിലും ഈ രണ്ടു കേരള കോൺഗ്രസുകളെയും പോരുകോഴികളെപ്പോലെ വിടുകയാണു മുന്നണികൾ. കടുത്തുരുത്തിയിൽ, ഇടുക്കിയിൽ എന്തിന് ‘പിജെ’യുടെ സ്വന്തം തൊടുപുഴയിൽ പോലും രണ്ടു കേരള കോൺഗ്രസുകൾ അങ്കം വെട്ടിയേക്കാം. ഇങ്ങനെ പരസ്പരം കലഹിച്ചും പിളർന്നും ഏറ്റുമുട്ടിയും തളരുകയോ ഛിന്നഭിന്നമാകുകയോ ചെയ്യുകയാണ് കേരളത്തിലെ പല രാഷ്ട്രീയ പാർട്ടികളും. 

മുന്നണിയെ നയിക്കുന്ന ശക്തർക്കും ഈ രണ്ടാംനിര കക്ഷികളിലെ നേതാക്കന്മാർ തമ്മിലെ സൗന്ദര്യപ്പിണക്കങ്ങൾക്കും നാശത്തിലേക്കുള്ള ഈ വഴിയിൽ പങ്കുണ്ട്. കേരള കോൺഗ്രസ് ഒരുമിച്ചു നിന്നിരുന്നുവെങ്കിൽ‍ ഏതു സാഹചര്യത്തിലും 15 സീറ്റ് ലഭിക്കുമായിരുന്നു. ഇരുമുന്നണികളിലാകുമ്പോൾ ഓരോരുത്തർക്കും 10 സീറ്റ് വീതം കിട്ടിയാലായി. 15 നിയമസഭാ സീറ്റ് കിട്ടുന്ന പാർട്ടിയും പത്തോ അതിൽ താഴെയോ ലഭിക്കുന്ന പാർട്ടിയും തമ്മിൽ രാഷ്ട്രീയ മൂല്യനിർണയത്തിൽ വലിയ അന്തരമുണ്ട്. കേരളത്തിലെ ശക്തമായ ഒരു രാഷ്ട്രീയകക്ഷി എന്ന ലേബലിൽനിന്നു പ്രാദേശികമായി സ്വാധീനമുള്ള ഒരു സാധാരണ പാർട്ടി എന്ന വിശേഷണത്തിലേക്ക് അവർ താഴുകയാണ്. എംഎൽഎമാരുടെ എണ്ണവും മത്സരിക്കാൻ കിട്ടുന്ന സീറ്റിന്റെ എണ്ണത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. 2011 ൽ 15 സീറ്റിൽ മത്സരിച്ച കെ.എം.മാണിയുടെ പാർട്ടിക്ക് യുഡിഎഫ് ഭരണത്തിൽ 9 എംഎൽഎമാർ ഉണ്ടായിരുന്നു. 10 –12 സീറ്റിൽ മത്സരിക്കുന്ന ഒരു കക്ഷിക്ക് ഏറിയാൽ 5–6 എംഎൽഎമാരെ കിട്ടിയാലായി. അപ്പോൾ ആര് അധികാരത്തിൽ വന്നാലും ആ നിയമസഭാ കക്ഷിയിലും ഭരണത്തിലും വലിയ സ്വാധീനം ചെലുത്തുന്ന സംഖ്യ ഇത്തവണ കേരള കോൺഗ്രസിനു പ്രതീക്ഷിക്കാനില്ല. 

സിപിഎമ്മിനും കോൺഗ്രസിനും ഒരു സ്വരം 

സിപിഎം, കോൺഗ്രസ്, സിപിഐ, മുസ്‌ലിം ലീഗ്, ബിജെപി എന്നീ 5 പാർട്ടികൾ ഒഴികെ എല്ലാവരും കൂടുതൽ ക്ഷീണിക്കുന്ന കാഴ്ചയാണു സംസ്ഥാന രാഷ്ട്രീയത്തിൽ. പിളർന്ന എൻസിപിയുമായുള്ള സിപിഎം സീറ്റുവിഭജന ചർച്ച പത്തു മിനിറ്റ് മാത്രമാണു നീണ്ടത്. 2016ലെ 4 സീറ്റു വേണമെന്ന് എൻസിപി നേതാക്കൾ നാവു പൊന്തിക്കും മുൻപ് ‘പാലായുടെ കാര്യം ഇനി ചർച്ച ചെയ്തിട്ടു കാര്യമില്ലല്ലോ’ എന്നു കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. ‘അപ്പോൾ മൂന്നു സീറ്റ്, അതിൽ നിർത്താം’ സിപിഎം തീരുമാനം പറഞ്ഞു. ‘മൂന്ന് ഏതാണ്?’ – ടി.പി.പീതാംബരനും എ.കെ.ശശീന്ദ്രനും ചോദിച്ചു. സിപിഎം പറഞ്ഞു, ചർച്ച തീർന്നു. 

ജനതാ ദളുകളുടെ കാര്യത്തിലും ഇതുതന്നെയാണു നടന്നത്. ദളുകൾ ലയിക്കണമെന്ന സിപിഎം നിർദേശം പാലിക്കാത്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരവത്തിലായിരുന്നു. കഴിഞ്ഞതവണ 5 സീറ്റ് കിട്ടിയ ജനതാദളിന് (എസ്) ഇക്കുറി നാലായി കുറഞ്ഞു. യുഡിഎഫിൽ 7 സീറ്റു കിട്ടിയ എൽജെഡിക്കു മൂന്നേ ഉറപ്പായുള്ളൂ. ഒന്നുകൂടി ഒരുപക്ഷേ കിട്ടിയേക്കാം. 2016ൽ 4 സീറ്റ് കിട്ടിയ ജനാധിപത്യ കേരള കോൺഗ്രസിന് ഒന്നിൽ ഒതുങ്ങേണ്ട സ്ഥിതിയാണ്. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസർകോട് എന്നീ മൂന്നു സീറ്റും വീണ്ടും ലഭിച്ച ഐഎൻഎല്ലിനാണു ക്ഷീണം സംഭവിക്കാത്തത്. ഘടകകക്ഷി ആയതിനാൽ 5 മോഹിച്ചാണ് അവർ ആദ്യ റൗണ്ട് ചർച്ചയ്ക്കു വന്നത്. 

ചില കക്ഷികൾ വിട്ടുപോയതിന്റെ സീറ്റ് ധാരാളിത്തം തന്നെ ഉണ്ടെങ്കിലും ചെറുകക്ഷികളോട് ആ ഉദാരത കാട്ടാൻ കോൺഗ്രസ് നേതൃത്വവും തയാറായില്ല. ആർഎസ്പിക്ക് 5 എന്ന ‘തൽസ്ഥിതി’. അനൂപ് ജേക്കബിനു പിറവം മാത്രം. 2016ൽ യുഡിഎഫ് കാടടച്ചു തോറ്റ കൊല്ലം ജില്ലയിലെ ഒരു സീറ്റ് പോലും ഫോർവേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജനു നൽകുന്നതിലേക്കു കോൺഗ്രസ് അയഞ്ഞിട്ടില്ല. ഏതു പ്രധാന രാഷ്ട്രീയദൗത്യത്തിനും യുഡിഎഫിനു വേണ്ട സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണിനോടും സീറ്റിന്റെ കാര്യത്തിൽ അനുകമ്പ തീരെയില്ല. ചീട്ടുകളിയിൽ ചെറിയ ചീട്ട് ഇട്ടും ചിലപ്പോൾ വലിയ പിടി പിടിക്കാൻ കഴിയും എന്നതു കൂടിയാണ് അതുവഴി നേതൃത്വം മറന്നുപോകുന്നത്. വലിയ പാർട്ടികളിലെ പ്രഗല്ഭരാണ് പലപ്പോഴും ചെറിയ കക്ഷികളുടെ സ്ഥാപകർ. ആ കുഞ്ഞൻ പാർട്ടികൾക്കു കിട്ടുന്ന പരിഗണന കൂടി നോക്കിയാണ് അപ്പുറത്തു നിൽക്കുന്നവർ ഇപ്പുറത്തേക്കു വരുന്നത്. ആ വിധത്തിൽ കൂടിയാണു മുന്നണികൾ വളരുന്നതും എതിരാളികളെ തളർത്തുന്നതും. അതിനുള്ള കൗശലമാണോ അതോ അവരെ കശക്കി സ്വയം ചെറുതാകുകയാണോ വേണ്ടത് എന്നുകൂടി ‘വല്യേട്ടൻമാർ’ ചിന്തിക്കേണ്ട സമയമാണ് തിരഞ്ഞെടുപ്പുകാലം. 

English Summary: Kerala politics and small parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com