ADVERTISEMENT

കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും ആശ്വസിക്കാറായിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പുകാലത്തെ ആൾക്കൂട്ടങ്ങൾ വ്യാപന സാധ്യത വർധിപ്പിക്കുന്നു. ഇതര രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിലും സംഭവിച്ചതു പോലെ കോവിഡിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത നമ്മുടെ നാട്ടിലും തള്ളിക്കളയാനാവില്ല. ഈ വെല്ലുവിളികളെ വാക്സിനേഷൻ കൊണ്ടു മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ. പക്ഷേ, അതും സുഗമമായി മുന്നോട്ടുപോകാത്തതിന്റെ ആശങ്കയിലാണ് ഇപ്പോൾ നാം.

ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കുമുള്ള ആദ്യഘട്ട വാക്സിനേഷൻ കൃത്യസമയത്തു തീർക്കാൻ നമുക്കു കഴിഞ്ഞില്ല. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു നിയോഗിക്കപ്പെടാൻ സാധ്യതയുള്ള 3.80 ലക്ഷം പേരുടെ വാക്സിനേഷൻ കൂടി ഇതിനു പുറമേ ആരംഭിക്കേണ്ടിവന്നു. ഈ വെല്ലുവിളികൾക്കിടെയാണ്, 60 വയസ്സു കഴിഞ്ഞവർക്കും 45– 59 പ്രായപരിധിയിലെ ഗുരുതര രോഗബാധിതർക്കുമുള്ള കുത്തിവയ്പ് ഈ മാസം ഒന്നിന് ആരംഭിച്ചിരിക്കുന്നത്.

വാക്സിനേഷന്റെ ഈ രണ്ടാം ഘട്ടം കേരളത്തിന് ഏറെ പ്രധാനമാണ്. ആയുർദൈർഘ്യം കൂടുതലുള്ള സമൂഹമായതിനാൽ മുതിർന്ന തലമുറയിൽപെട്ടവരുടെ എണ്ണം ഇവിടെ താരതമ്യേന കൂടുതലാണ്. ജീവിതശൈലീമാറ്റങ്ങൾ മൂലം ഹൃദ്രോഗബാധിതരുടെയും വൃക്ക, കരൾരോഗബാധിതരുടെയും എണ്ണം മറ്റു പ്രായവിഭാഗങ്ങൾക്കിടയിലും കൂടിവരുന്നു. മുൻപ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയപ്പോൾ സംസ്ഥാന സർക്കാർ പിടിച്ചുനിന്നത് മരണനിരക്കു കുറവാണെന്ന കണക്കു ചൂണ്ടിക്കാട്ടിയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ചു 4241 പേരാണു സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചത്.

എന്നാൽ, ഇവരിൽ 3222 പേരും 60 വയസ്സു കഴിഞ്ഞവരാണെന്നതു നിസ്സാരമായി കാണരുത്. മറ്റ് 858 പേരാകട്ടെ, 41–59 പ്രായപരിധിയിലുള്ളവരുമാണ്.

സംസ്ഥാനത്ത് 60 വയസ്സു കഴിഞ്ഞ 51 ലക്ഷം പേരും 45– 59 പ്രായപരിധിയിൽ ഗുരുതരരോഗങ്ങളുള്ള 32 ലക്ഷം പേരുമുണ്ടെന്നാണു കണക്ക്. ഇവരുടെ വാക്സിനേഷൻ ഫലപ്രദമായാൽ മാത്രമേ, കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടം വിജയിക്കൂ. കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കോവിൻ പോർട്ടൽ വഴിയാണ് വാക്സിനേഷന്റെ റജിസ്ട്രേഷൻ നടപടികൾ. ആദ്യദിനം മുതൽ തന്നെ റജിസ്ട്രേഷനിൽ ജനങ്ങൾ നേരിടുന്ന സാങ്കേതികപ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വിവരങ്ങൾ അപ്‌ലോഡ് ചെയ്ത പലർക്കും വാക്സിനേഷൻ കേന്ദ്രം, തീയതി എന്നിവയെക്കുറിച്ച് അറിയിപ്പു വന്നിട്ടില്ല.

വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടുപോയി റജിസ്റ്റർ ചെയ്യാമെന്നു സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും മണിക്കൂറുകളുടെ കാത്തിരിപ്പു വേണ്ടിവരും. അങ്ങനെ കാത്തിരുന്നാൽ പോലും വാക്സീൻ എടുക്കാനാകുമെന്ന് ഉറപ്പില്ല താനും. കോവിഡിനു പുറമേ ചൂടും ഭീഷണിയാകുന്ന ഈ ദിനങ്ങളിൽ പ്രായം ചെന്നവരെ അത്തരമൊരു പരീക്ഷണത്തിലേക്കു തള്ളിവിടുന്നതു ക്രൂരതയാകും. സ്പോട് റജിസ്ട്രേഷൻ ടോക്കൺ ഉൾപ്പെടെ മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ച നടപടികളുടെ ഫലപ്രാപ്തിയിലാണ് ഇനി പ്രതീക്ഷ. 

വാക്സിനേഷൻ കേന്ദ്രങ്ങളുടെ കാര്യത്തിലും ഗൗരവപൂർണമായ പുനരാലോചന വേണം. സംസ്ഥാനത്തെ ആശുപത്രികളിൽ 40% മാത്രമാണു സർക്കാർ മേഖലയിലുള്ളത്. ബാക്കിവരുന്ന സ്വകാര്യ ആശുപത്രികളുടെ ശേഷി ഇത്തരമൊരു നിർണായക ദൗത്യത്തിൽ വേണ്ടവിധം ഉപയോഗിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. സർക്കാർ ആരോഗ്യ പദ്ധതികളുടെ ഭാഗമായ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കേന്ദ്രസർക്കാർ ആദ്യ ഘട്ടത്തിൽ വാക്സിനേഷന് അനുമതി നൽകിയത്. എന്നാൽ, ഇതിൽ നല്ലൊരു പങ്കിനും വാക്സീൻ സൂക്ഷിക്കാനുള്ള സൗകര്യമില്ല. ഐസ്‌ലൈൻ റഫ്രിജറേറ്ററുകളുള്ള ആശുപത്രികളിൽ മാത്രമേ വാക്സിനേഷൻ നടത്താനാകൂ. കേരളത്തിന്റെ ആവശ്യപ്രകാരം മറ്റു സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ ആരംഭിക്കാൻ കഴിഞ്ഞദിവസം കേന്ദ്രം അനുമതി നൽകിയതോടെ സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കാം.

സ്വകാര്യ ആശുപത്രികളിലെ വാക്സീൻ നിരക്കായി കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന 250 രൂപ അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടി, ചില മാനേജ്മെന്റുകൾ വാക്സിനേഷൻ സൗകര്യങ്ങളൊരുക്കാൻ മുന്നോട്ടുവരുന്നില്ലെന്നും വിലയിരുത്തലുണ്ട്. കോവിഡിനെ കീഴടക്കാനുള്ള സാമൂഹിക ദൗത്യമായിത്തന്നെ കുത്തിവയ്പിനെ കണ്ട് സഹകരിക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്; ഇക്കാര്യം ചൂണ്ടിക്കാട്ടേണ്ട ചുമതല സർക്കാരിനുമുണ്ട്.

കോവിഡിനെതിരായ പോരാട്ടത്തിന്റെ ആദ്യഘട്ടത്തിൽ കേരളം വിദേശത്തുവരെ മാതൃകയായി വാഴ്ത്തപ്പെട്ടിരുന്നു. ജാഗ്രതയിലും നിയന്ത്രണ നടപടികളിലും പിന്നീടു വീഴ്ചയുണ്ടായി. അവ പരിഹരിക്കുന്നതിനൊപ്പം, വാക്സിനേഷന്റെ കാര്യത്തിലും അനുകരണീയമായ കേരള മോഡൽ സൃഷ്ടിക്കാനാകട്ടെ നമ്മുടെ ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com