ADVERTISEMENT

തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മാനിഫെസ്റ്റോകൾ ഇന്ത്യയിൽ വളരെ പ്രാധാന്യം നേടിയിരിക്കുന്നു. പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ ഭരണത്തിൽ കയറുന്ന ദിവസം തന്നെ നടപ്പാക്കിയ ചില സംസ്ഥാന സർക്കാരുകളുണ്ട്.

പല സംസ്ഥാനങ്ങളിലും മാനിഫെസ്റ്റോയെ അടിസ്ഥാനമാക്കി വാർഷിക പുരോഗതി റിപ്പോർട്ടുകൾ ജനങ്ങൾക്കു മുൻപിൽ സമർപ്പിക്കാറുമുണ്ട്. കേരളത്തിലും മാനിഫെസ്റ്റോകൾ തയാറാക്കൽ തകൃതിയായി നടക്കുന്നു. അവയെല്ലാം കേരളത്തിന്റെ വികസനത്തിനു നൂതനവും ബൃഹത്തുമായ പല പദ്ധതികളുമായി ജനങ്ങളുടെ മുൻപിൽ ഉടനെയെത്തും.

ഇവിടെയാണു പ്രശ്നം. വികസനത്തിന്റെ ഈ പെരുവെള്ളപ്പാച്ചിലിൽ തകരുന്ന രണ്ടു കാര്യങ്ങളുണ്ട്: നമ്മുടെ പൈതൃകവും പരിസ്ഥിതിയും. ചില സ്മാരകങ്ങൾ നിർമിക്കുക എന്നതിൽ കൂടുതലായൊന്നും പൈതൃകത്തെക്കുറിച്ചു മാനിഫെസ്റ്റോകൾ പറയാറില്ല. അതിനു കാരണം, രാഷ്ട്രീയ പാർട്ടികളുടെ മുൻഗണനാക്രമത്തിൽ അവ ഉൾപ്പെടുന്നില്ല, പരിസ്ഥിതി മനഃപൂർവം ഒഴിവാക്കുന്നതായിരിക്കും; കാരണം അതു വിവാദങ്ങൾ സൃഷ്ടിച്ചേക്കാം.

പൈതൃകത്തിന്റെ കാര്യത്തിൽ മാനിഫെസ്റ്റോകളിൽ പാർട്ടികൾ വ്യക്തമായ നിർദേശങ്ങൾ വയ്ക്കേണ്ടതുണ്ട്. പൈതൃകത്തെ തകർക്കുന്ന പല ദുഃഖകരമായ സംഗതികൾ നമ്മുടെ ചുറ്റുപാടും നടക്കുന്നു. ആവിക്കപ്പലുകളുടെ കാലത്ത് കൽക്കരി സൂക്ഷിച്ചിരുന്ന, 4 നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുണ്ടെന്നു പറയുന്ന ഫോർട്ട് കൊച്ചിയിലെ കരിപ്പുര എന്ന കെട്ടിടം ഈയിടെയാണ് വാട്ടർ മെട്രോയ്ക്കു വേണ്ടി തകർക്കപ്പെട്ടത്. പ്രതിമയെപ്പോലെ തന്നെ അതിനു ചുറ്റുമുള്ള ലാൻഡ്സ്കേപ്പും പ്രധാനമാണെന്നതു മറന്ന് തിരുവനന്തപുരത്ത് കാനായി കുഞ്ഞിരാമന്റെ ‘മത്സ്യകന്യക’ എന്ന ശിൽപത്തിനു സമീപം ഹെലികോപ്റ്റർ സ്ഥാപിച്ച് ആ ചുറ്റുപാടിനെ വികൃതമാക്കി. 

ഇതിനൊക്കെ കാരണം, വികസിക്കുന്ന നഗരങ്ങളെ സംബന്ധിച്ച് കൃത്യമായ പൈതൃകനയം നമുക്കില്ല എന്നതാണ്. വളർച്ചയുടെ പാരമ്യത്തിലെത്തിയ പാശ്ചാത്യ നഗരങ്ങൾ എത്ര കാര്യമായാണ് അവരുടെ പൈതൃകസ്ഥലങ്ങൾ സൂക്ഷിക്കുന്നത്. വികസനത്തെ സൗന്ദര്യവും ചരിത്രവുമായി കൂട്ടിയിണക്കുന്ന പൈതൃകനയം രാഷ്ട്രീയ പാർട്ടികൾ ഇത്തവണ വാഗ്ദാനം ചെയ്യുമെന്നു കരുതുന്നു.

ഇപ്പോൾത്തന്നെ പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച നിയമച്ചട്ടക്കൂട് നമുക്കുണ്ട്. പശ്ചിമഘട്ടം, പരിസ്ഥിതിലോല പ്രദേശങ്ങൾ, മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് എന്നിവയെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾ സംസാരിക്കാൻ വിമുഖരാകുന്നതു പല നിയോജകമണ്ഡലങ്ങളിലും ഫലത്തെ അതു ബാധിക്കുമെന്നതു കൊണ്ടാണ്. ഇത് രണ്ടർഥത്തിൽ ഇടുങ്ങിയ ചിന്താഗതിയാണ്. ആദ്യത്തേത്, പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ അതു വിനാശത്തിലേക്കു വഴിവയ്ക്കും. രണ്ടാമത്തേത് ജനങ്ങൾക്കിടയിൽ പരിസ്ഥിതി രാഷ്ട്രീയത്തിനു സ്വീകാര്യത കൂടിക്കൊണ്ടിരിക്കുന്നു - പ്രത്യേകിച്ച് നവവോട്ടർമാരുടെ ഇടയിൽ. പല യൂറോപ്യൻ രാജ്യങ്ങളിലും പരിസ്ഥിതി പാർട്ടികൾ പ്രബലമാണ്. കേരളത്തിലെ രാഷ്ട്രീയപാർട്ടികളും ‘ഗ്രീൻ’ രാഷ്ട്രീയം പറയേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ടെക് കമ്പനികളും സർക്കാരിന്റെ അധികാരവും 

വലിയ ടെക് കമ്പനികൾ രാജ്യങ്ങളുടെ പരമാധികാരത്തിനും മേലെയാണെന്നു തോന്നിപ്പിച്ച 2 സംഭവങ്ങൾ ഈയിടെ ഉണ്ടായി. ഓസ്ട്രേലിയൻ പാർലമെന്റ് പാസാക്കിയ നിയമമനുസരിച്ച് ഗൂഗിൾ, ഫെയ്സ്ബുക് തുടങ്ങിയ സ്ഥാപനങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ അവരുടെ തട്ടകങ്ങളിൽ പ്രസിദ്ധീകരിച്ചാൽ അതിനു പ്രതിഫലം നൽകണം. ഇതിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിൽ പ്രവർത്തിക്കില്ലെന്നു ഗൂഗിൾ ഭീഷണിപ്പെടുത്തി; ഫെയ്സ്ബുക് കുറച്ചു ദിവസം വാർത്തകൾ നീക്കം ചെയ്തു.

രണ്ടാമതായി, ഇന്ത്യയിൽ കർഷകസമരത്തെ പിന്തുണച്ച 250ൽ അധികം അക്കൗണ്ടുകൾ നിർത്തലാക്കാൻ കേന്ദ്രസർക്കാർ ട്വിറ്ററിനു നിർദേശം നൽകി. ട്വിറ്റർ മിക്ക അക്കൗണ്ടുകളും മരവിപ്പിച്ചെങ്കിലും ചിലരുടെ - പത്രപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ബുദ്ധിജീവികൾ - ഹാൻഡിലുകൾ അവർ തൊട്ടില്ല. ട്വിറ്റർ ജീവനക്കാരെ അറസ്റ്റ് ചെയ്യും എന്നുവരെ സർക്കാർ ഭീഷണിപ്പെടുത്തി. പക്ഷേ, കേന്ദ്രസർക്കാർ ആ രീതിയിൽ മുന്നോട്ടുപോയില്ല.

ട്വിറ്ററുമായുള്ള വഴക്കാണോ പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നറിയില്ല, കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച ‘വിവരസാങ്കേതികവിദ്യ ചട്ടങ്ങൾ, 2021’ (മധ്യവർത്തികൾക്കുള്ള മാർഗനിർദേശങ്ങളും ഡിജിറ്റൽ മാധ്യമങ്ങൾക്കു നൈതികത സംബന്ധിച്ച സംഹിതയും) പുറപ്പെടുവിച്ചു.

യാതൊരു ചർച്ചയും കൂടാതെ, അപ്രതീക്ഷിതമായാണു ചട്ടങ്ങളുടെ നിർമാണം. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ ചട്ടങ്ങളെ ലഘൂകരിച്ചുകൊണ്ട്, മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്: ‘മേൽനോട്ടത്തിനുള്ള മൃദുസ്പർശമുള്ള സംവിധാനം’ എന്നാണ്. വാസ്തവത്തിൽ ഇവയിൽ മൃദുവായി ഒന്നുമില്ല, ഇന്റർനെറ്റിനെ മൊത്തം നിയന്ത്രിക്കുക എന്നതുതന്നെയാണ് ചട്ടങ്ങളുടെ ലക്ഷ്യം.

ഈ ചട്ടങ്ങളുടെ രത്നച്ചുരുക്കമിതാണ്: ഇന്റർനെറ്റിൽ മൂന്നു തരത്തിലാണു പൊതുവിനിമയം നടക്കുന്നത്. ആദ്യത്തേത്, ഒടിടികൾ – സിനിമ, ഡോക്യുമെന്ററി എന്നിവയ്ക്കുള്ള പ്ലാറ്റ്ഫോമുകൾ. രണ്ടാമത്തേത്, ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ് തുടങ്ങി, ചട്ടങ്ങളിൽ മധ്യവർത്തികൾ എന്നു വിളിക്കുന്നവ. മൂന്നാമത്തേത്, വാർത്താ സൈറ്റുകൾ അഥവാ ഡിജിറ്റൽ മീഡിയ.

അങ്ങനെ വ്യത്യസ്ത പ്രകൃതിയിലുള്ള 3 ഇന്റർനെറ്റ് മാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ത്രിതലസംവിധാനമാണു ചട്ടങ്ങൾ വിഭാവനം ചെയ്യുന്നത്. ആദ്യത്തേത്, അതതു സ്ഥാപനങ്ങളുടെ അകത്തുതന്നെ പരാതി കൈകാര്യം ചെയ്യാനുള്ള ഏർപ്പാടു ചെയ്യുക. രണ്ടാമത്തേത്, സമാനസ്വഭാവമുള്ള പ്ലാറ്റ്ഫോമുകൾ സംഘടന രൂപീകരിച്ച് അവിടെ വിരമിച്ച ജ‍ഡ്ജിയുടെ അധ്യക്ഷതയിൽ പരാതിപരിഹാരത്തിനു സമിതി രൂപീകരിക്കുക.

ഇവിടെ തീരുന്നു മൃദുസ്പർശം. മൂന്നാമത്തേതും ഏറ്റവും മുകളിലുള്ളതുമായ സമിതിയിൽ കേന്ദ്രസർക്കാരിലെ വിവിധ ഉദ്യോഗസ്ഥരായിരിക്കും അംഗങ്ങൾ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, സർക്കാർ നേരിട്ട് ഇന്റർനെറ്റ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. പ്രധാനമായും ഈ നിയമങ്ങൾ ലാക്കാക്കുന്നത് സ്വതന്ത്ര അഭിപ്രായങ്ങളുടെ ഉറവിടങ്ങളായ മധ്യവർത്തികളെയും വാർത്താസൈറ്റുകളെയും ആണ്. ചട്ടങ്ങളനുസരിച്ച്, ഒരു സന്ദേശത്തിന്റെ ഉറവിടം ചോദിച്ചാൽ വെളിപ്പെടുത്താൻ ബാധ്യസ്ഥരാണു വാട്സാപ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ. ഉള്ളടക്കം നീക്കാനും അവ പോസ്റ്റ് ചെയ്യുന്ന ആളുകളുടെ അക്കൗണ്ട് നീർവീര്യമാക്കാനും വേണ്ടിവന്നാൽ വാർത്താ സൈറ്റുകൾ പൂട്ടിക്കാനും സർക്കാർ സമിതിക്ക് അധികാരമുണ്ട്. 

അടിയന്തരാവസ്ഥക്കാലത്ത് വാർത്തകൾ സെൻസർ ചെയ്യുക, പത്രസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിഛേദിക്കുക തുടങ്ങിയവ ചെയ്തിരുന്നെങ്കിലും ഒരിക്കലും പത്രങ്ങൾ അടച്ചുപൂട്ടിച്ചിരുന്നില്ല. ഈ ചട്ടങ്ങളിലൂടെ സർക്കാരിന് ഇപ്പോൾ അതും സാധ്യമാകുന്നു.

ഇന്ത്യയിലെ വൻകിട ചാനലുകൾ പലതും സർക്കാരിന്റെ പ്രചാരണയന്ത്രങ്ങളായി മാറിയപ്പോൾ സ്വതന്ത്ര വാർത്താസൈറ്റുകളാണ് പലർക്കും വാർത്തയുടെ മുഖ്യ ഉറവിടം. ഈ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യവും അവ തന്നെയാണ്.

കടലാസിൽ അച്ചടിക്കുന്ന പത്രങ്ങളുടെ ഓൺലൈൻ പതിപ്പുകളെ ഈ ചട്ടങ്ങൾ ബാധിക്കുമോ എന്നതിൽ വ്യക്തതയില്ല. അഭിപ്രായരൂപീകരണത്തിന്റെ സർവതലങ്ങളെയും സ്പർശിക്കുന്ന ഈ ചട്ടങ്ങൾ നിർമിച്ചതു പാർലമെന്റ് അല്ല. ഐടി നിയമത്തിന്റെ 79–ാം വകുപ്പു നൽകുന്ന, ചട്ടങ്ങൾ നിർമിക്കാനുള്ള സർക്കാരിന്റെ അധികാരം ഉപയോഗിച്ചാണ്. ഇത്ര വിപുലമായ അധികാരം ആ വകുപ്പു നൽകുന്നുണ്ടോ? ഇന്ത്യയിലെ പൗരന്മാരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെയും വിവരാവകാശത്തെയും ബാധിക്കുന്ന ഈ ചട്ടങ്ങൾ സുപ്രീംകോടതിയുടെ മുന്നിലെത്തിയേക്കാം.

സ്കോർപ്പിയൺ കിക്ക്: കണക്കു കൂട്ടി നോക്കി, 60 രൂപയ്ക്കു പെട്രോൾ കൊടുക്കാം. അധികാരത്തിൽ വന്നാൽ നടപ്പാക്കും - കുമ്മനം രാജശേഖരൻ.

അളവു പറഞ്ഞിട്ടില്ല എന്നതു ശ്രദ്ധേയം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com