ചൂഷണോപാധിയാകരുത് സമുദ്രസമ്പത്ത്

HIGHLIGHTS
  • ബ്ലൂ ഇക്കോണമി നയത്തിലെ ആശങ്കകൾ പരിഹരിക്കണം
trivandrum-boat
SHARE

വളർച്ചയുടെ പുതിയ ആകാശമായി സമുദ്രസമ്പത്തിനെ പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ രാജ്യത്ത് ബ്ലൂ ഇക്കോണമി നയം നടപ്പാക്കാൻ ഒരുങ്ങുന്നത്. എന്നാൽ, കടലിലും തീരത്തും ഖനനവും ടൂറിസവും ഉൾപ്പെടെയുള്ള വൻ നിർമാണ–വികസന പ്രവർത്തനങ്ങൾക്കുള്ള നീക്കം തീരത്ത് ആശങ്കയുടെ നിഴൽ വീഴ്ത്തുന്നു.

പ്രകൃതിസമ്പത്ത് വരുംതലമുറകൾക്കു കൂടി കാത്തുവയ്ക്കേണ്ടതാണ് എന്ന ബോധ്യത്തോടെ, ഇന്നിന്റെ ആവശ്യങ്ങളെ നിറവേറ്റുന്ന തരത്തിൽ, പരിസ്ഥിതിയെ നോവിക്കാതെ വികസനം സാധ്യമാക്കുകയെന്നതാണ് സുസ്ഥിര വികസനം എന്ന ആശയത്തിന്റെ കാതൽ. സമുദ്രമേഖലയിൽ സുസ്ഥിര വികസനമെന്ന ലക്ഷ്യത്തോടെ 2004ൽ ‘ബ്ലൂ ഇക്കോണമി’ എന്ന സങ്കൽപം മുന്നോട്ടുവച്ചത് യുഎൻ സർവകലാശാലയുടെ സീറോ എമിഷൻ ഗവേഷക സ്ഥാപനത്തിലെ ഗുന്തർ പോളിയാണ്. ഒട്ടേറെ രാജ്യങ്ങൾ ഇതിനോടകം തങ്ങളുടെ ബ്ലൂ ഇക്കോണമി നയം രൂപപ്പെടുത്തിയിട്ടുണ്ട്. വർധിച്ചുവരുന്ന ജനസംഖ്യയ്ക്കായി പുതിയ വരുമാനവിഭവങ്ങൾ കണ്ടെത്തേണ്ട സാഹചര്യത്തിൽ, ബ്ലൂ ഇക്കോണമി പ്രതീക്ഷ നൽകുന്ന ആശയമാണെങ്കിലും പ്രായോഗിക തലത്തിലെത്തുമ്പോൾ സമുദ്രത്തിന്റെ അനിയന്ത്രിത ചൂഷണമായി അതു മാറാനുള്ള സാധ്യതകൂടി മുൻകൂട്ടി കാണേണ്ടിയിരിക്കുന്നു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ തയാറാക്കിയ ബ്ലൂ ഇക്കണോമി കരടു നയരേഖയിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഫെബ്രുവരി 17 മുതൽ 27 വരെയായിരുന്നു സമയം. അതീവ നിർണായകമായ ഇത്തരമൊരു നയരേഖയിൽ അഭിപ്രായം സ്വരൂപിക്കാൻ 10 ദിവസംമാത്രം അനുവദിച്ചതും തീരസംസ്ഥാനങ്ങളെ അറിയിക്കാതെ നയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതും പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കാതിരുന്നതും വ്യാപക പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്.

കേന്ദ്രസർക്കാർ 2019ൽ വിഭാവനം ചെയ്ത ‘വിഷൻ 2030’ൽ വികസനത്തിന്റെ 10 പ്രധാന സാധ്യതാമേഖലകളിലൊന്നായി കണക്കാക്കുന്നത് ബ്ലൂ ഇക്കോണമിയെയാണ്. വരുന്ന 5 വർഷത്തിനുള്ളിൽ തന്നെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു നിർണായക സംഭാവന നൽകുന്ന മേഖലയായി സമുദ്രമേഖലയെ വളർത്താൻ പുതിയ നയരേഖ ലക്ഷ്യമിടുന്നു. കടലിൽനിന്ന് ഉൗർജോൽപാദനം, സമുദ്ര വിനോദസഞ്ചാര മേഖലയുടെ വികസനം, പുതിയ തുറമുഖങ്ങൾ, ഖനനം തുടങ്ങിയവ പുതിയ നയത്തിന്റെ ഭാഗമാണ്. 7517 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഇന്ത്യയുടെ കടലോരം. ഇവിടെ 20 ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ വരുന്ന പ്രത്യേക സാമ്പത്തികമേഖലയിൽ (ഇഇസെഡ്) ഉൽപാദന, വികസന പ്രക്രിയയാകെ പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാകും.

സാങ്കേതികവിദ്യാ സാധ്യതകൾ ഉപയോഗിച്ചുള്ള സമുദ്രവിഭവ വിനിയോഗമാണ് ബ്ലൂ ഇക്കോണമിയുടെ പ്രധാന ആശയങ്ങളിലൊന്ന്. ആഴക്കടൽ ഖനനം ഉൾപ്പെടെയുള്ള മേഖലകളിൽ രാജ്യത്തു തന്നെ അത്തരം മികച്ച സാങ്കേതികവിദ്യ ലഭ്യമാണോ എന്നതിൽ വ്യക്തതയില്ല. കോർപറേറ്റുകൾക്കു മാത്രം സാധ്യമാകുന്നതാണ് ബ്ലൂ ഇക്കോണമി മുന്നോട്ടുവയ്ക്കുന്ന വികസന സങ്കൽപങ്ങളിൽ പലതും. സാധാരണക്കാരിൽ സാധാരണക്കാരായ തീരജനത നൂറ്റാണ്ടുകളായി തങ്ങളുടെ ഉപജീവനത്തിന് ആശ്രയിക്കുന്ന സമുദ്രമേഖലയിലേക്ക് കോർപറേറ്റുകൾ കടന്നുവരികയാണോ എന്ന ആശങ്കയ്ക്ക് ഇതാണു പ്രധാന കാരണം.

മത്സ്യമേഖലയെ ആശ്രയിച്ചാണ് രാജ്യത്തെ 1.5 കോടി തൊഴിലാളികളുടെ ഉപജീവനം. ആവശ്യമുള്ളതിന്റെ ഇരട്ടിയോളം യന്ത്രവൽകൃത ബോട്ടുകൾ ഇപ്പോൾ തന്നെ മീൻപിടിക്കാൻ പോകുന്നുണ്ട്. ഈ മേഖലയിൽ പുതു സാങ്കേതികവിദ്യകളുമായി വൻകിടക്കാർ കടന്നുവരുമ്പോൾ, അവരോടു മത്സരിക്കാൻ സാധാരണ തൊഴിലാളികൾക്കു കഴിയാതെ വരും. തൊഴിലെടുത്തു ജീവിക്കുക എന്ന അടിസ്ഥാന അവകാശം പോലും നഷ്ടമാകുമോ എന്ന ആശങ്ക തീരവാസികൾക്കുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ കേന്ദ്രസർക്കാർ തയാറാകണം.

പുതിയ തുറമുഖങ്ങളുടെ വികസനവും തീരത്തെ അശാസ്ത്രീയ നിർമാണങ്ങളും ഖനനവും കടലാക്രമണ സാധ്യത വർധിപ്പിക്കും. തീരത്തിനൊപ്പം ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ വീടും ഭൂമിയും ഇല്ലാതാകും. പരിസ്ഥിതിലോല പ്രദേശങ്ങൾ പലതും നശിക്കും. ‌സുസ്ഥിര വികസനം എന്ന പൊയ്മുഖത്തിന്റെ മറവിൽ അനിയന്ത്രിത ചൂഷണത്തിനു സാധ്യതയേറെയാണ്. 10 ദിവസം കൊണ്ടു ചർച്ച ചെയ്തു തീർപ്പു കൽപിക്കാവുന്നതല്ല, രാജ്യത്തിന്റെ സമുദ്രസമ്പദ്നയം.

പുതിയ കൃഷിനിയമങ്ങൾ സംബന്ധിച്ച തങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നില്ലെന്നും വേണ്ടത്ര ചർച്ച കൂടാതെയാണു നയംമാറ്റമെന്നുമാണ് കർഷകപ്രക്ഷോഭത്തിന്റെ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സമാനമായ ആശങ്കകളുടെ കാർമേഘങ്ങൾ തീരമേഖലയിലും ഉരുണ്ടുകൂടുന്നത് ഒട്ടും അഭിലഷണീയമല്ല.

Content Highlights: Concerns on deep sea trolling deal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA