ആശങ്ക കത്തുന്ന വൈദ്യുതി ഭേദഗതി

HIGHLIGHTS
  • ഉപയോക്താക്കളുടെ ആശങ്കകൾ പരിഹരിച്ചുവേണം മുന്നോട്ടുപോകാൻ
SHARE

രാജ്യത്തെ വൈദ്യുതി ഉപയോക്താക്കളുടെ ആശങ്കകൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന ആരോപണത്തിനിടെ, വൈദ്യുതി നിയമഭേദഗതിയുമായി മുന്നോട്ടു പോകുകയാണു കേന്ദ്രസർക്കാർ. ഇതിലൂടെ വൈദ്യുതിവിതരണ മേഖലയിൽ ലൈസൻസ് സംവിധാനം ഇല്ലാതാക്കി കൂടുതൽ മൂലധന നിക്ഷേപത്തിനു വഴിതുറക്കുമെന്നാണു കേന്ദ്ര നിലപാട്. അതേസമയം, വൈദ്യുതിവിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾക്കു നിയന്ത്രണം ഉറപ്പിക്കാനാണു ഭേദഗതിയെന്ന വിമർശനവും ഉയരുന്നു. 

പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാതെ ഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്കു ക്രമാതീതമായി കൂടുമെന്നും പാവപ്പെട്ടവർക്കു വൈദ്യുതി നിഷേധിക്കപ്പെടുമെന്നുമൊക്കെയുള്ള ആശങ്കകളും ഒപ്പമുണ്ട്. കൃഷിനിയമങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്റിന്റെ പരിഗണനയിലേക്കെത്തുന്നത്. ഇതോടെ, ഇതെച്ചൊല്ലിയുയർന്ന ആശങ്കകൾ രാജ്യത്താകെ ഉയരുന്നു. നിലവിലെ വൈദ്യുതി നിയമം 2003ൽ നിലവിൽ വന്നതാണ്. കഴിഞ്ഞ 7 വർഷത്തിനിടെ മൂന്നു കരടു ബില്ലുകൾ പ്രസിദ്ധീകരിച്ചെങ്കിലും മൂന്നും നിയമമായില്ല. നാലാമത്തെ ബിൽ പാസാക്കാനുള്ള നീക്കത്തിലാണിപ്പോൾ കേന്ദ്രം. 

‌വൈദ്യുതിവ്യവസായത്തിലെ പ്രധാന കണ്ണിയാണ് വിതരണമേഖല. പൊതുജനങ്ങളുമായി ഇടപെടുന്നതും വിതരണമേഖലയാണ്. ഉൽപാദന, പ്രസരണ മേഖലയിൽ നടത്തുന്ന മുതൽമുടക്കു തിരികെ ലഭിക്കുന്നതും വിതരണമേഖലയിൽ നിന്നാണ്. നിലവിൽ ഈ രംഗത്തു മത്സരമില്ല. ഒരു സ്ഥലത്ത് ഒരു സേവനദാതാവ് എന്ന നിലയിലാണു പൊതുവേ വിതരണം നടക്കുന്നത്. വിതരണ മേഖലയിൽ മത്സരം കൊണ്ടുവരിക എന്നതാണു നിലവിലെ ഭേദഗതിയുടെ ഒരു ലക്ഷ്യമായി പറയുന്നതെങ്കിലും അതിനു സ്വീകരിക്കുന്ന മാർഗം ഫലപ്രദമാകുമോ എന്നതാണു സംശയം. 

ഏതു സേവനദാതാവിനെ വേണമെന്ന് ഉപയോക്താവിനു തീരുമാനിക്കാമെന്നതു ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്നായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഏതു പ്രദേശത്ത് ആർക്ക് വൈദ്യുതി നൽകണമെന്നു വിതരണക്കാർ തീരുമാനിക്കുന്നതോടെ, വീട്ടാവശ്യത്തിനുള്ള വൈദ്യുതിനിരക്കും ഉയർന്നേക്കാമെന്നാണ് ആശങ്ക. ഉയർന്ന വൈദ്യുതിനിരക്ക് നൽകുന്നവർക്കു മാത്രം വൈദ്യുതിവിതരണം ചെയ്യാൻ ഒരു കമ്പനി തയാറായാൽ അതു നിലവിലുള്ള ക്രോസ് സബ്സിഡിയുടെ അന്ത്യം കുറിക്കുമെന്നും അതോടെ ഗാർഹിക, കാർഷിക നിരക്ക് കുത്തനെ ഉയരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാവർക്കും വൈദ്യുതി ഉറപ്പുനൽകുന്ന സാർവത്രിക വൈദ്യുതീകരണം എന്ന സർക്കാർ ബാധ്യതയും സാവധാനം ഇല്ലാതാകുമെന്നാണ് ആശങ്ക. 

രാജ്യത്തെ വൈദ്യുതിവിതരണം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രനീക്കമുണ്ടായപ്പോൾതന്നെ അതു കേരളത്തെ ബാധിക്കില്ലെന്ന നിലപാടാണു സർക്കാരും വൈദ്യുതി ബോർഡും സ്വീകരിച്ചിരുന്നത്. ഭരണഘടന അനുസരിച്ചു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണു വൈദ്യുതി. ഗ്രാമ, നഗര പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ചെയ്യേണ്ടതു സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തിൽ മാർഗനിർദേശം നൽകുകയെന്ന അധികാരം മാത്രമേ കേന്ദ്രത്തിനുള്ളൂവെന്നുമുള്ള നിലപാടിലാണു കേരളം മുറുകെപ്പിടിക്കുന്നത്. എന്നാൽ, ഇപ്പോൾ തയാറാക്കിയ ബിൽ സംസ്ഥാനത്തിന്റെ അധികാരത്തിൽ കടന്നുകയറുന്നതും സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള വിതരണസംവിധാനം എങ്ങനെ സ്വകാര്യവൽക്കരിക്കണമെന്നു നിർദേശിക്കുന്നതുമാണെന്നാണ് ഇതിനകമുയർന്ന ആശങ്ക. 

രാജ്യത്തെ വൈദ്യുതി വിതരണരംഗം പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടാണെന്ന് ആരോപിച്ചും കരട് വൈദ്യുതി ബില്ലിൽ പ്രതിഷേധിച്ചും നാഷനൽ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസമാദ്യം രാജ്യവ്യാപകമായി പണിമുടക്കിയിരുന്നു. 

എല്ലാവരുടേതുമായി മാറുന്ന വിതരണശൃംഖല ആരുടേതുമല്ലാതെ അനാഥമാകാനുള്ള സാധ്യതയും ഭേദഗതി മൂലം ഉണ്ടാകാമെന്നും ലോകത്ത് ഒരിടത്തും വിജയിക്കാത്ത നടപടികളാണ് ഭേദഗതി വിഭാവനം ചെയ്യുന്നതെന്നും ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, എല്ലാ തലങ്ങളിലുമുള്ള വൈദ്യുതിജീവനക്കാരുടെ അഭിപ്രായം പരിഗണിച്ചും ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ചുമാവണം കേന്ദ്രസർക്കാർ മുന്നോട്ടുനീങ്ങേണ്ടത്. 

English Summary: Electricity regulation - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA