ADVERTISEMENT

ചെങ്ങന്നൂരിൽ ബിജെപി  സ്ഥാനാർഥിയാകുമെന്നു  പ്രതീക്ഷിച്ചിരുന്നെങ്കിലും  ഒഴിവാക്കപ്പെട്ട  ആർ.ബാലശങ്കർ  സംസാരിക്കുന്നു. ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’  മുൻ പത്രാധിപരും ബിജെപി  ഇന്റലക്ച്വൽ സെൽ മുൻ  കൺവീനറും പരിശീലന വിഭാഗം കോ–കൺവീനറുമാണ് അദ്ദേഹം

ബിജെപി സംസ്ഥാന നേതൃത്വവും സിപിഎമ്മുമായി ഡീൽ ഉ ണ്ടെന്നു പറയാനിടയാക്കിയതെന്താണ്?

ചെങ്ങന്നൂരിൽ എനിക്കു സീറ്റു നിഷേധിക്കാൻ മറ്റൊരു യുക്തിയും ഞാൻ കാണുന്നില്ല. സീറ്റു നിഷേധിച്ചത് ആരെന്നറിയില്ല. കോന്നിയിൽ ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാൻ വേണ്ടിയാകാം, ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളായ ആറന്മുളയിലും ചെങ്ങന്നൂരിലും അപ്രസക്തരായ സ്ഥാനാർഥികളെ നിർത്തിയത്. അവിടെ സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ യുക്തിയില്ല.

വിജയസാധ്യതയുള്ള സ്ഥാനാർഥികളെ മാത്രമേ ഇത്തവണ പരിഗണിക്കൂ എന്നു പാർട്ടി നേതൃത്വം പറയുകയും ഇത്രയും വിജയസാധ്യതയുള്ള എന്നെ ഒഴിവാക്കുകയും ചെയ്തതെന്തിന്? ചെങ്ങന്നൂർ സാഹചര്യങ്ങൾക്കൊത്തു മാറിമറിയുന്ന മണ്ഡലമാണ്.

ചെങ്ങന്നൂരിൽ മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നിൽ?

കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെയും സംസ്ഥാനത്തെ എല്ലാ നേതാക്കളുടെയും അറിവോടെയും അനുഗ്രഹത്തോടെയുമാണ് ഞാൻ ചെങ്ങന്നൂരിൽ മത്സരിക്കാനെത്തിയത്. 50 വർഷം മുൻപ് ചെങ്ങന്നൂർ ആലായിൽ ആദ്യ ആർഎസ്എസ് ശാഖ തുടങ്ങിയതു മുതൽ പ്രസ്ഥാനവുമായുള്ള ബന്ധമാണ്. കേന്ദ്രത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 3 പ്രധാന കമ്മിറ്റികളിൽ ഞാൻ അംഗമായിരുന്നു. നേരത്തേ, ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ, 11 വർഷം ഓർഗനൈസർ പത്രാധിപർ. 

ഇത്രയും പശ്ചാത്തലമുള്ള ഞാൻ ചെങ്ങന്നൂരിലെത്തിയ ശേഷം എന്റെ ബന്ധങ്ങൾ ശക്തമാക്കി. ബിജെപിക്കു വിജയിക്കാൻ അനുകൂലമായ അന്തരീക്ഷമൊരുക്കി. ചേപ്പാട് പള്ളി വിഷയത്തിൽ എന്റെ ഇടപെടൽ അറിയുന്ന ഓർത്തഡോക്സ് സഭാധികൃതർ എനിക്ക് അനുകൂലമായ നിലപാടെടുക്കുമെന്നു പരസ്യമായി പറഞ്ഞിട്ടുണ്ട്. മറ്റു സമുദായങ്ങളും എനിക്ക് അനുകൂലമായ നിലപാടെടുക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.

ചെങ്ങന്നൂരിൽ നടത്തിയ ഒരുക്കങ്ങൾ  പാഴായോ?

ഞാൻ യോഗ്യനല്ലെന്നു സംസ്ഥാന നേതൃത്വം പറയുമെങ്കിൽ എന്നെക്കാൾ യോഗ്യതയുള്ള എത്രപേർ ഇപ്പോൾ പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിലുണ്ട് എന്നു നോക്കണം. ചില സ്ഥാനാർഥികൾ അവരോടു ചോദിച്ചിട്ടല്ല സ്ഥാനാർഥിയാക്കിയതെന്നു പറയുന്നു. ചെങ്ങന്നൂരിൽ മാത്രമാണ് ഞാൻ മത്സരിക്കാൻ ആഗ്രഹിച്ചത്. സ്വന്തം നിലയിൽ അവിടെ ഒരു മാസത്തോളം പ്രവർത്തിച്ചു. അധികം പരസ്യമാക്കാതെ തന്നെ എല്ലാ നേതാക്കളുമായും ചർച്ച നടത്തി. എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത്. അതെല്ലാം പാഴായിപ്പോയി.

കേരള കോൺഗ്രസ് എൻഡിഎയുടെ  ഭാഗമാകാൻ തയാറായിരുന്നോ?

കേരളത്തിലെ എൻഡിഎ ശക്തമാക്കാൻ കഴിവുള്ള പല ബന്ധങ്ങളും രൂപപ്പെടാന‍ുള്ള സാഹചര്യമുണ്ടായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പക്വതക്കുറവാണ് അതെല്ലാം ഇല്ലാതാകാൻ കാരണം. കെ.എം.മാണിയെപ്പോലൊരു നേതാവിനെ കളിയാക്കിയ നേതാക്കളുണ്ട് ബിജെപിയിൽ. അങ്ങനെയുള്ള നേതാക്കൾ ബിജെപിയെ വളർത്തുകയാണോ തളർത്തുകയാണോ? ഞാൻ പഠിച്ച രാഷ്ട്രീയം, മറ്റു പാർട്ടികളിലെ നേതാക്കളുമായും നല്ല ബന്ധം പുലർത്തുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ്.

സംസ്ഥാന പ്രസിഡന്റ് 2 സീറ്റുകളിൽ മത്സരിക്കുന്നതിനു ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെക്കുറിച്ച് വിമർശനങ്ങളുണ്ടല്ലോ?

സംസ്ഥാന പ്രസിഡന്റിന് എല്ലാ സീറ്റുകളും അവകാശപ്പെട്ടതാണ്. മത്സരിക്കാൻ അദ്ദേഹത്തിനു സ്വാതന്ത്ര്യവുമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു വന്ന സ്ഥാനാർഥി അവിടെ വീണ്ടും മത്സരിക്കേണ്ടതുണ്ടോ? മഞ്ചേശ്വരത്തും അദ്ദേഹം മത്സരിക്കുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് രണ്ടിടത്തും പ്രചാരണം നടത്തുന്നതു വിഷമകരമാണ്.

രാഷ്ട്രീയത്തിൽ ആർഭാടമല്ല കാണിക്കേണ്ടത്. ബിജെപിയുടെ മുഖമുദ്രയും ആർഭാടമല്ല. ജീവിതകാലം മുഴുവൻ സന്യാസിമാരെപ്പോലെ പ്രവർത്തിക്കുന്നവരാണ് ബിജെപി നേതാക്കൾ. അവരെയൊക്കെ ജനങ്ങൾ സ്വീകരിക്കുന്നത് സന്യ‍ാസിതുല്യരായാണ്. അതാണ് അവർക്കു വിശ്വാസ്യത നൽകുന്നത്. രാഷ്ട്രീയത്തിൽ സിനിമാതാരങ്ങളുടെ പോലും കാലം പോയി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതോടെ ആളെക്കൂട്ടാൻ സിനിമാതാരങ്ങളെ വിളിക്കുന്ന പതിവ് ഇല്ലാതായി. മോദിയെ കാണാൻ ആളുകൾ ഇടിച്ചുകയറുന്ന അവസ്ഥയുണ്ടായി. തിരഞ്ഞെടുപ്പിൽ ചെലവഴിക്കാനാകുന്ന തുകയുടെ പരിധി തിരഞ്ഞെടുപ്പു കമ്മിഷൻ നിശ്ചയിച്ചിട്ടുണ്ട്. അതൊരു രാഷ്ട്രീയ സദാചാരമാണ്.

സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചും അതൃപ്തി പ്രകടിപ്പിച്ചിരുന്നല്ലോ?

ഒരു സ്ഥാനത്തെത്തി എന്നതിനാൽ അയാൾക്ക് എല്ലാം അറിയാമെന്നോ എല്ല‍ാറ്റിന്റെയും സർവാധിപതിയാണെന്നോ തോന്നാൻ പാടില്ല. ജനാധിപത്യബോധമുള്ള പാർട്ടിയല്ലേ? എന്റെ പ്രതികരണത്തെ അർഹിക്കുന്ന പുച്ഛത്തോടെ തള്ളുന്നു എന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണ്? എന്റെ രാഷ്ട്രീയ വിശ്വാസ്യത ഞാൻ ഇത്രനാൾ കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. ഞാൻ ഇന്നുവരെ പാർട്ടിയിൽനിന്ന് ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടുമില്ല, കിട്ടിയിട്ടുമില്ല.

ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിൽ  ബിജെപിയുടെ വിജയസാധ്യത എന്താണ്?

അതു ഞാനിപ്പോൾ പറയുന്നില്ല. കേന്ദ്രത്തിൽ അധികാരമുണ്ടെന്നതിന്റെ പേരിൽ അപ്രമാദിത്തം കാണിച്ച് ജനങ്ങളെ പേടിപ്പിച്ച് അധികാരത്തിലെത്താമെന്ന വിശ്വാസമൊന്നും എനിക്കില്ല. തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിൽ, പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഒന്നും പറയുന്നില്ല. രണ്ടു മുന്നണികൾക്കും ബദൽ വേണമെന്നു ജനങ്ങൾക്ക് ആഗ്രഹമുണ്ട്.

സംസ്ഥാനത്ത് അവഗണിക്കാനുണ്ടായ  സാഹചര്യം കേന്ദ്രത്തെ അറിയിച്ചോ?

അതിനുള്ള സമയം കിട്ടിയില്ല. ഈ സാഹചര്യം ഞാൻ പ്രതീക്ഷിച്ചതല്ല. തിരികെ ഡൽഹിയിൽ എത്തിയ ശേഷം അനുവാദം വാങ്ങി എല്ലാ നേതാക്കന്മാരെയും കാര്യങ്ങൾ ധരിപ്പിക്കും. ഇവിടെയുള്ള മറ്റു പ്രശ്നങ്ങളെക്കുറിച്ച് ആരോടും ഒന്നും പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിലേക്കുള്ള എന്റെ വരവിന്റെ ലക്ഷ്യം ചെങ്ങന്നൂരിൽ മത്സരിക്കുക മാത്രമായിരുന്നു എന്നതാണു  കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com