ADVERTISEMENT

സംസ്ഥാനത്തെ സമുദ്രോൽപന്ന കയറ്റുമതി മേഖല ഇപ്പോൾ നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്; സങ്കീർണവും. കോവിഡ്കാല തളർച്ചയിൽനിന്നു മിക്ക വാണിജ്യ മേഖലകളും കരകയറുകയാണെങ്കിലും സമുദ്രോൽപന്ന കയറ്റുമതി മേഖല ബഹുമുഖ പ്രശ്നങ്ങളിൽപെട്ട് ഉലയുകയാണ്. തൊഴിലാളികളടക്കം ഈ മേഖലയിലുള്ളവരെല്ലാം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്.

ഈ മേഖലയ്ക്ക് കോവിഡിനു ശേഷമുണ്ടായ പ്രധാന പ്രശ്നങ്ങൾ രണ്ടാണ്. കപ്പലിലെ ചരക്കുകൂലി ഇരട്ടിയിലേറെ വർധിച്ചതും ശീതീകൃത കണ്ടെയ്നറുകൾ കിട്ടാനില്ലാത്തതും. അമേരിക്കയിലേക്കും യൂറോപ്പിലേക്കും കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്കും ചരക്കുകൂലി അമിതമായി. അതനുസരിച്ച് ആകെ ചെലവു കൂടിയതോടെ ഇറക്കുമതിക്കാർക്കു ലാഭകരമല്ലാതായി മാറുകയും ചെയ്തു. വില കൂടിയ ഉൽപന്നത്തിന് വിപണിയിൽ ആവശ്യം കുറവാണുതാനും.

ചരക്കു കൂലിയിൽ 100 – 200% വർധനയുണ്ടായിട്ടുണ്ട്. കൊച്ചിയിൽനിന്ന് ഒരു കണ്ടെയ്നർ ചരക്ക് ന്യൂയോർക്കിലേക്ക് 2700 ഡോളറിനാണ് (ഏകദേശം 2 ലക്ഷം രൂപ) അയച്ചിരുന്നതെങ്കിൽ ഇപ്പോഴത് 4700 ഡോളറായി (3.5 ലക്ഷം രൂപ). യുകെയിലെ സതാംപ്ടൻ തുറമുഖത്തേക്കുള്ള ചരക്കുകൂലി നേരത്തേ ഏകദേശം 3000 ഡോളർ ആയിരുന്നത് ഇപ്പോൾ 6000 ഡോളറിനടുത്തായി. മാത്രമല്ല, നേരത്തേ 30–35 ദിവസം കൊണ്ടെത്തിയിരുന്ന ചരക്ക് ഇപ്പോൾ പല തുറമുഖങ്ങളിലെ കാലതാമസം കടന്നെത്താൻ 70–75 ദിവസം വേണ്ടിവരുന്നു. ചരക്ക് അവിടെ എത്തിയ ശേഷമേ ഇറക്കുമതി ഇടപാടുകാർ പണം അക്കൗണ്ടിലിടൂ. അയച്ച ചരക്ക് വിദേശ തുറമുഖത്തെത്തി ഇറക്കുമതിക്കാർ ഏറ്റെടുത്ത് പണം അയയ്ക്കാൻ മുൻപു വേണ്ടിയിരുന്ന ദിവസങ്ങളുടെ ഇരട്ടിയിലേറെ വേണമെന്നായതോടെ കയറ്റുമതിക്കാരുടെ പ്രവർത്തന മൂലധനമാണു കുടുങ്ങുന്നത്.

കണ്ടെയ്നർ ക്ഷാമവും സംസ്ഥാനത്തെ സമുദ്രോൽപന്ന കയറ്റുമതി മേഖലയെ കാര്യമായി ഉലയ്ക്കുന്നുണ്ട്. സാദാ കണ്ടെയ്നറുകളെക്കാൾ ക്ഷാമം ശീതീകൃത കണ്ടെയ്നറുകൾക്കാണ്. കേരളത്തിൽനിന്നു സമുദ്രോൽപന്നങ്ങളും റെഡി ടു കുക്ക് ഭക്ഷ്യവിഭവങ്ങളും കടൽ കടക്കുന്നതിനു ശീതീകൃത കണ്ടെയ്നർ തന്നെ വേണം. കോവിഡ് മൂലം ആവശ്യക്കാർ കുറഞ്ഞതോടെ ചരക്കുമായി അയച്ച കണ്ടെയ്നറുകൾ എടുക്കാൻ ആളില്ലാതെ തുറമുഖ യാഡിലും വഴിവക്കിലുമൊക്കെ കെട്ടിക്കിടക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന കമ്പനികൾ പലതും പൂട്ടിപ്പോവുകയും ചെയ്തു. ഏതാനും കപ്പൽക്കമ്പനികളുടെ കുത്തകയാണ് ഈ വിപണി എന്നതും പ്രശ്നത്തിന്റെ ആഴംകൂട്ടുന്നു. വൈകുന്നതനുസരിച്ച് വൈദ്യുതിച്ചെലവു കൂടുമെന്നതിനാലാണ് ഷിപ്പിങ് ലൈനറുകൾ ശീതീകൃത കണ്ടെയ്നറുകൾ ഏറ്റെടുക്കാൻ മടിക്കുന്നത്.

ചൈനീസ് തുറമുഖങ്ങളിൽ ഇന്ത്യൻ സമുദ്രോൽപന്ന കണ്ടെയ്നറുകളുടെ കസ്റ്റംസ് ക്ലിയറൻസ് വൈകുന്നുവെന്നതു മറ്റൊരു വലിയ പ്രശ്നമാണ്. ഇന്ത്യയിൽനിന്നുള്ള സമുദ്രോൽപന്ന കണ്ടെയ്നറുകൾക്കു ചൈന അതീവ കർശനമായി കോവിഡ് സാംപിൾ പരിശോധന നടത്തുന്നതിനാലാണു ക്ലിയറൻസ് വൈകുന്നത്. ഉൽപന്നങ്ങൾ യഥാസമയം ഇറക്കുമതിക്കാർക്കു ലഭിക്കാത്തതിനാൽ അവർ വില നൽകാതെ പിടിച്ചുവയ്ക്കുകയും ചെയ്യുന്നു. രാജ്യത്തെ കയറ്റുമതി വ്യവസായികൾക്കു ചൈനീസ് ഇറക്കുമതിക്കാരിൽനിന്നു ലഭിക്കാനുള്ളത് 1,000 കോടിയോളം രൂപയുടെ കുടിശികയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര മേഖലയിൽ നിന്നുള്ള കയറ്റുമതി വ്യവസായികളാണു കുടിശിക ലഭിക്കാതെ വലയുന്നവരിലേറെയും. യുഎസ് കഴിഞ്ഞാൽ ഇന്ത്യൻ സമുദ്രോൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണു ചൈന.

ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ 20 ശതമാനത്തോളം വിഹിതമാണു കേരളത്തിനുള്ളത്. ഈസ്റ്ററിനോടനുബന്ധിച്ചു സാധാരണ കയറ്റുമതി കൂടാറുണ്ടെങ്കിലും പല വിദേശരാജ്യങ്ങളും വീണ്ടും അടച്ചിടൽ നടപടികളിലേക്കു നീങ്ങുന്ന സാഹചര്യംകൂടി ഉണ്ടായപ്പോൾ പ്രതീക്ഷകൾക്കു കാര്യമായി മങ്ങലേൽക്കുകയാണ്. പ്രതിസന്ധിയുടെ ഈ ആഴക്കടലിൽനിന്നു കരകയറാൻ, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സമുദ്രോൽപന്ന കയറ്റുമതിക്കാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com