വിശപ്പിനെക്കുറിച്ചുള്ള ചിന്ത

bread
SHARE

കോടീശ്വരന് ഒരാഗ്രഹം. ദരിദ്രർ എങ്ങനെയാണ് ഇത്ര തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കുന്നതെന്ന് അറിയണം. കുറേനാൾ ദരിദ്രർ ജീവിക്കുന്നതുപോലെ തന്നെ ജീവിക്കാൻ അയാൾ തീരുമാനിച്ചു. പക്ഷേ ഒരാഴ്ച പൂർത്തിയാക്കാൻ പോലും അയാൾക്കു കഴിഞ്ഞില്ല. ഒരു ദിവസം ഒരു ഡോളർകൊണ്ടു കഴിയാൻ തീരുമാനിച്ച അയാൾക്ക് ആ തുകകൊണ്ട് ഒരു നേരത്തെ വിശപ്പടക്കാൻ പോലും കഴിഞ്ഞില്ല. അയാൾ തന്റെ ഡയറിയിൽ എഴുതി. ആ ദിവസങ്ങളിലെ ഏകചിന്ത അടുത്തനേരം എന്തു ഭക്ഷിക്കും എന്നതു മാത്രമായിരുന്നു. അല്ലെങ്കിലും പട്ടിണി കിടക്കുന്നവൻ മറ്റെന്തിനെക്കുറിച്ചു ചിന്തിക്കാനാണ്..? 

വയറു നിറഞ്ഞാൽ പിന്നെ മറ്റെന്തിനെക്കുറിച്ചും പരാതിയാണ്. വിശപ്പടക്കാൻ മാർഗമില്ലെങ്കിൽ പിന്നെ വേറൊന്നിനെക്കുറിച്ചും പരിഭവമില്ല. ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിർബന്ധിത പട്ടിണി കിടക്കേണ്ടി വന്നാൽ മറ്റ് ആവലാതികളെല്ലാം തനിയെ പടിയിറങ്ങുന്നതു  കാണാം. ആ ദിവസം മറികടക്കാനുള്ള മുന്നൊരുക്കങ്ങളും അന്നത്തെ ക്ഷീണം തീർക്കാനുള്ള പരിഹാരക്രിയകളുമായി മറ്റു ദിവസങ്ങൾ ക്രമപ്പെടും. അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റപ്പെടുന്നില്ലെങ്കിൽ ആഢംബരാവശ്യങ്ങളെല്ലാം തീർത്തും അനാവശ്യമെന്ന് തിരിച്ചറിയും. ഒരു തത്വശാസ്ത്രത്തിനും വിലയില്ലാത്തത് വിശക്കുന്നവന്റെ മുന്നിൽ മാത്രമാണ്. വൈകാരികതയും ഹൃദയവേദനയുമെല്ലാം വിശപ്പില്ലെങ്കിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രതിഭാസങ്ങളാണ്. ഒരു നേരമെങ്കിലും വിശന്നിരിക്കാത്തവന് പട്ടിണിയുടെ അർഥം പോലും മനസ്സിലാകില്ല. ദരിദ്രർക്ക് ലഭിക്കുന്ന സഹായഹസ്തങ്ങളെപ്പോലും അവർ പരിഹസിക്കും. 

സ്വന്തം പരിതസ്ഥിതിയിൽ നിന്ന് അന്യന്റെ ആവാസവ്യവസ്ഥയിലേക്ക് നടത്തുന്ന തീർഥാടനം അപരനോടുള്ള ആദരവിലേക്കും സഹാനുഭൂതിയിലേക്കും നയിക്കും. മറ്റുള്ളവരെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം അവർ അനുഭവിച്ച വേദനകളിലൂടെയും നിരാശകളിലൂടെയും സഞ്ചരിക്കുക എന്നതാണ്. ആഹ്ലാദാരവങ്ങളുടെ സ്വഭാവം പൊതുവായിരിക്കും. ദുരിതാനുഭവങ്ങളുടെ സ്വഭാവം തികച്ചും വ്യക്തിപരവും. ഒരേ കയ്പുനീർ കുടിച്ച രണ്ടുപേരുടെയും അനുഭവവും പ്രതികരണവും രണ്ടായിരിക്കും. 

Content Highlights: Poverty and hunger

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA