ADVERTISEMENT

മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേടുന്ന ജില്ലയെന്ന പ്രത്യേകതയുള്ള കണ്ണൂരിൽ  മൂന്നു മുന്നണികൾക്കും  അവരുടെ വോട്ട് ബാങ്കുണ്ട്.  അതാകട്ടെ ഫിക്സഡ് ഡിപ്പോസിറ്റ് പോലെ സുരക്ഷിതവുമാണ്. ഈ സുരക്ഷാവലയത്തിന്  പുറത്തുള്ള മണ്ഡലങ്ങൾ  എങ്ങോട്ടു ചായുമെന്നതിലാണ് ആകാംക്ഷ. 

തരംപോലെ ഇടത്തോട്ടും വലത്തോട്ടും മാറിമാറി വീശുന്ന കാറ്റാണു കണ്ണൂരിലേത്. അതിനെ അതിജീവിക്കാൻ ആർക്കു ശേഷിയുണ്ട് എന്നിടത്താണു തിരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഇരിപ്പ്. കനത്ത അടിത്തറയോടു കൂടിയ മണ്ഡലങ്ങൾ എൽഡിഎഫ്–യുഡിഎഫ് മുന്നണികളുടെ പട്ടികയിലുണ്ട്. ചെറിയൊരു കാറ്റിൽപോലും ഇളക്കം തട്ടാൻ പാകത്തിലുള്ള, അടിത്തറ ദുർബലമായ മണ്ഡലങ്ങളുമുണ്ട്. അത്തരം മണ്ഡലങ്ങൾ ഇത്തവണ എങ്ങോട്ടു ചായുമെന്നാണ് അറിയാനുള്ളത്.

തറികളുടെ നാട്ടിൽ, ഊടുംപാവും നെയ്യുമ്പോഴുള്ള ഇഴയടുപ്പത്തിന്റെ സൂക്ഷ്മത അണികളെ ചേർത്തുനിർത്തുന്നതിലും രാഷ്ട്രീയ നേതൃത്വങ്ങൾ പുലർത്തിവരുന്നു. 3 മുന്നണികൾക്കും അവരുടെ വോട്ട് ബാങ്കുണ്ട്. പക്ഷേ, അതുകൊണ്ടു മാത്രം എല്ലായിടത്തും ജയിക്കാനാവില്ല. തിരഞ്ഞെടുപ്പുകാലത്തെ സാഹചര്യം നോക്കി വോട്ടു ചെയ്യുന്നവരാണു പ്രധാനം. അവരെ കയ്യിലെടുക്കാനുള്ള നീക്കമാണു മുന്നണികൾ നടത്തുന്നത്. 

മുഖ്യമന്ത്രിയും 2 മന്ത്രിമാരും ജനവിധി തേടുന്ന ജില്ലയെന്ന പ്രത്യേകതയും കണ്ണൂരിനുണ്ട്. അതുകൊണ്ടു തന്നെ വലിയൊരു ചുഴലിക്കാറ്റിനെ കാത്തുകഴിയുന്നവരുടെ വേവലാതികളുണ്ട്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ധർമടം മണ്ഡലത്തിൽ സ്വാധീനമുള്ള നേതാവിനെത്തന്നെ അവസാനം കോൺഗ്രസ് കണ്ടെത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.സുധാകരൻ മത്സരിച്ചപ്പോൾ ധർമടം നിയമസഭാ മണ്ഡലത്തിൽ ഇടതിന്റെ ഭൂരിപക്ഷം 4099 ൽ എത്തിക്കാൻ കഴിഞ്ഞിരുന്നു. പിണറായി വിജയന്റെ 2016 ലെ ഭൂരിപക്ഷം 36,905. വാളയാറിലെ പെൺകുട്ടികളുടെ അമ്മകൂടി മുഖ്യമന്ത്രിക്കെതിരെ മത്സരത്തിനുണ്ടെന്നതും ശ്രദ്ധേയം. തലശ്ശേരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക അവസാന നിമിഷം തള്ളിപ്പോയത് പുതിയ ആരോപണങ്ങൾക്കു വഴിതുറന്നു.

കൂട്ടിയും കിഴിച്ചും

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ 11. എട്ടിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണു നിലവിൽ. അഴീക്കോട്, ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങൾ യുഡിഎഫിനൊപ്പവും പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, കണ്ണൂർ എന്നിവ എൽഡിഎഫിന്റെ കൂടെയും. എൽഡിഎഫ് 6, യുഡിഎഫ് 5 എന്ന നിലയിൽ വിജയം കൊയ്ത 2011 ലെ തിരഞ്ഞെടുപ്പാണ് യുഡിഎഫിന് ആവേശം പകരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ, അഴീക്കോട്, ഇരിക്കൂർ, കൂത്തുപറമ്പ്, പേരാവൂർ നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷം നേടി. എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് തളിപ്പറമ്പിലും നേരിയ മുൻതൂക്കം നേടി.

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ആവേശമാണ് എൽഡിഎഫിന്. ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും വോട്ടിലുണ്ടാകുന്ന വർധന ബിജെപിയെ ആവേശത്തിലാക്കുന്നു. എൽഡിഎഫിൽ 8 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഓരോ സീറ്റിൽ കേരള കോൺഗ്രസ് (എം), എൽജെഡി, കോൺഗ്രസ് എസ് കക്ഷികളും. ഇത്തവണ സിപിഐയ്ക്ക് ജില്ലയിൽ സീറ്റില്ല. യുഡിഎഫിൽ കോൺഗ്രസ് 8 സീറ്റിൽ ജനവിധി തേടുന്നു. 2 സീറ്റിൽ മുസ്‍ലിം ലീഗും ഒരിടത്ത് ആർഎസ്പിയും.

പടയടക്കി പാളയത്തിൽ

പാളയത്തിലെ പടയാണു തുടക്കത്തിൽ യുഡിഎഫിനു മുന്നിലുണ്ടായ വെല്ലുവിളി. അതു വോട്ടെടുപ്പിൽ നിഴലിക്കാതിരിക്കാനുള്ള കരുതലെടുക്കുന്നുണ്ട് നേതാക്കൾ. ഉറച്ച വിജയം പ്രതീക്ഷിക്കുന്നുണ്ട് ഇരിക്കൂർ, പേരാവൂർ, അഴീക്കോട് മണ്ഡലങ്ങളിൽ. അതിനൊപ്പം കണ്ണൂർ തിരിച്ചുപിടിക്കുകയും കൂത്തുപറമ്പിൽ ജയിക്കുകയും ചെയ്താൽ 5 സീറ്റെന്ന ലക്ഷ്യത്തിലെത്താമെന്നാണു കണക്കുകൂട്ടൽ.

നോട്ടമുണ്ട് ബിജെപിക്കും

എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ടെങ്കിലും 3 മണ്ഡലങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് – തലശ്ശേരി, കൂത്തുപറമ്പ്, ധർമടം. ഇതിൽ തലശ്ശേരി മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് നൽകിയ പത്രികയാണു തള്ളിപ്പോയത്. ഇവിടത്തെ ബിജെപി വോട്ടുകൾ ആർക്കുപോകും എന്നതിനെച്ചൊല്ലി ആരോപണങ്ങൾ ഉയർന്നുതുടങ്ങി. സ്ഥാനാർഥിയില്ലെങ്കിൽ തലശ്ശേരിയിൽ ഇത്തവണ ബിജെപി ആർക്ക് വോട്ടു ചെയ്യുമെന്നതു പ്രധാന ചോദ്യം തന്നെയാണ്.

ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മുതിർന്ന നേതാവ് സി.കെ. പത്മനാഭനെയും കൂത്തുപറമ്പിൽ സി.സദാനന്ദനെയുമാണു മത്സരിപ്പിക്കുന്നത്. കൂത്തുപറമ്പിലും തലശ്ശേരിയിലും ബിജെപിക്ക് ഇരുപതിനായിരത്തിനു മുകളിൽ വോട്ടുകളുണ്ട്. ധർമടത്ത് 12,763. അഴീക്കോട്ടും കണ്ണൂരിലും ചെറുതല്ലാത്ത സ്വാധീനമുണ്ട്. എൻഡിഎയിലെ ഘടകകക്ഷികൾക്ക് ജില്ലയിൽ സീറ്റില്ല.

തീപാറും മണ്ഡലങ്ങൾ

കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളാണു മറ്റു ശ്രദ്ധാകേന്ദ്രങ്ങൾ. കോൺഗ്രസ് ജയിച്ചു വന്നിരുന്ന കണ്ണൂർ മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി (കോൺ–എസ്) പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണയും കടന്നപ്പള്ളി തന്നെയാണ് ഇടതു സ്ഥാനാർഥി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയാണ് ഇത്തവണയും എതിരാളി. 1196 വോട്ടിനാണ് കടന്നപ്പള്ളി കഴിഞ്ഞതവണ ജയിച്ചത്.

മുസ്‌ലിം ലീഗിലെ കെ.എം. ഷാജി കഴിഞ്ഞ തവണ ജയിച്ച അഴീക്കോട് മണ്ഡലം പിടിക്കാൻ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് കെ.വി. സുമേഷിനെയാണു സിപിഎം നിയോഗിച്ചത്. കഴിഞ്ഞ തവണ 2287 വോട്ടിനാണു ഷാജി ജയിച്ചത്. മുസ്‌ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ലയ്ക്ക് കൂത്തുപറമ്പിലുള്ള സ്വാധീനം തുണയാകുമെന്നാണു യുഡിഎഫിന്റെ പ്രതീക്ഷ. എൽജെഡിയിലെ കെ.പി. മോഹനനാണ് എൽഡിഎഫ് സ്ഥാനാർഥി.

ഇരിക്കൂറും പേരാവൂരും

യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളാണ് ഇരിക്കൂറും പേരാവൂരും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ അലയൊലികൾ പടരാതിരിക്കാനുള്ള തയാറെടുപ്പ് യുഡിഎഫ് നടത്തിക്കഴിഞ്ഞു. 9647 വോട്ടിനായിരുന്നു ഇരിക്കൂറിൽ കഴിഞ്ഞ തവണ യുഡിഎഫ് ജയം. 7989 വോട്ടിനായിരുന്നു പേരാവൂരിൽ ജയം. കേരള കോൺഗ്രസ് എമ്മിന് നൽകിയ ഇരിക്കൂർ സീറ്റിൽ സജി കുറ്റ്യാനിമറ്റമാണ് യുഡിഎഫിലെ സജീവ് ജോസഫിനെ നേരിടുന്നത്. പേരാവൂരിൽ സിറ്റിങ് എംഎൽഎ സണ്ണി ജോസഫിനെതിരെ സിപിഎമ്മിലെ പുതുമുഖം കെ.വി. സക്കീർ ഹുസൈൻ ജനവിധി തേടുന്നു.

പേടിതട്ടാതെ ആറിടം

ജില്ലയിൽ 6 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ വൻ ഭൂരിപക്ഷമുണ്ട് എൽഡിഎഫിന്. കല്യാശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ 40,000നു മുകളിലാണു ഭൂരിപക്ഷം. ധർമടത്തും തലശ്ശേരിയിലും 34000–37000. സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ മന്ത്രി കെ.കെ. ശൈലജ (മട്ടന്നൂർ), എം.വി.ഗോവിന്ദൻ (തളിപ്പറമ്പ്) എന്നിവർക്ക് സുരക്ഷിത മണ്ഡലങ്ങളാണ് നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com