അകക്കണ്ണു തുറക്കുമ്പോൾ

subhadinam
SHARE

ഗുരുവിന്റെ മന്ത്രങ്ങൾക്കു സവിശേഷ ശക്തിയുണ്ടെന്നു ശിഷ്യർ വിശ്വസിച്ചിരുന്നു. പക്ഷേ അദ്ദേഹം മറ്റുള്ളവരുടെ മുന്നിൽ അധികം പ്രത്യക്ഷപ്പെടാറില്ല. ദിവസങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒരു ശിഷ്യൻ അദ്ദേഹത്തോടു ചോദിച്ചു: അകക്കണ്ണു തുറക്കാനുള്ള മന്ത്രം പറഞ്ഞുതരുമോ.

മറ്റാർക്കും പറഞ്ഞുകൊടുക്കരുത് എന്ന വ്യവസ്ഥയിൽ ഗുരു ആ മന്ത്രം പഠിപ്പിച്ചുകൊടുത്തു. ഓരോ തവണ ചൊല്ലുമ്പോഴും മന്ത്രശക്തി ശിഷ്യനു ബോധ്യമായി. ഇതു മറ്റുള്ളവരും അറിഞ്ഞാൽ അവർക്കും ഉപകാരപ്പെടുമല്ലോ എന്നു കരുതി വഴിയരുകിലിരുന്ന് ആ മന്ത്രം ചൊല്ലാൻ തുടങ്ങി. വാക്കുപാലിക്കാത്തതിൽ കോപാകുലനായി ഗുരു പറഞ്ഞു: മന്ത്രം പരസ്യമായി ചൊല്ലിയതുകൊണ്ടു നീ നരകത്തിൽ പോകും. ശിഷ്യൻ ചോദിച്ചു: അപ്പോൾ രഹസ്യത്തിൽ ചൊല്ലുന്നവരോ. അവർ സ്വർഗത്തിൽ പോകും – ഗുരു പറഞ്ഞു. ശിഷ്യൻ സന്തോഷത്തോടെ പറഞ്ഞു: ഞാൻ മാത്രം നരകത്തിൽ പോയാലും ഇതു കേട്ടവരെല്ലാം സ്വർഗത്തിൽ പോകുമല്ലോ!

വിശുദ്ധനാകാനുള്ള എളുപ്പവഴി വിനീതനാകുക എന്നതാണ്. സ്വന്തം പാതകൾ പുണ്യവഴികളാക്കാനുള്ള ശ്രമവും സഹനവഴികളാക്കാനുള്ള ശ്രമവും രണ്ടു മനോഭാവങ്ങളാണ്. സ്വയം ഉരുവിടുന്ന പ്രാർഥനകളിലൂടെയും മറ്റാർക്കും അറിയാൻ പാടില്ലാത്ത മന്ത്രങ്ങളിലൂടെയും സ്വർഗീയവഴികൾ തേടുന്നതു ലാഭേച്ഛ തന്നെയാണ്. സ്വയമൊരുക്കുന്ന ആത്മീയവഴികളിലൂടെ ആരെങ്കിലും മോക്ഷം നേടുമോ? അന്യരുടെ വഴികൾ വിശുദ്ധമാക്കാൻ സ്വയം നഷ്‌ടപ്പെടുത്തിയതെന്തൊക്കെ എന്നതല്ലേ സ്വർഗകവാടത്തിനു മുന്നിൽ ഉത്തരം നൽകേണ്ട ചോദ്യം. സ്വന്തം ജീവിതത്തിനു മുകളിൽ വിശുദ്ധിയുടെ കൂടാരം വിരിക്കുന്നവരെക്കാൾ സ്വർഗത്തിനർഹത അന്യന്റെ ജീവിതത്തിനു മുകളിൽ തിന്മയുടെ കനൽമഴ വീഴാതെ നോക്കുന്നവർക്കാണ്. സ്വന്തം സുഖവഴികളെ ത്യജിച്ചും അന്യർക്കു വിശുദ്ധവഴികൾ ഒരുക്കുന്നവരാണു വിനീതരും യഥാർഥ വിശുദ്ധരും. പങ്കുവയ്‌ക്കപ്പെടാത്തതെല്ലാം പ്രയോജനരഹിതമാകും. തുടർവിനിമയം ഉറപ്പുവരുത്താത്ത ഒറ്റമൂലികളെല്ലാം ഒരാളിൽ അവസാനിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA