ADVERTISEMENT

കേന്ദ്രസർക്കാർ അടുത്തകാലത്തായി കേരളത്തിൽ നടത്തുന്ന ചില ‘അന്വേഷണങ്ങൾ’ക്കെതിരെ വലിയ തോതിൽ വിമർശനങ്ങളുയരുന്നുണ്ട്. എന്നാൽ, അന്വേഷിക്കാനുള്ള അവകാശം കേന്ദ്ര ഏജൻസികൾക്കുണ്ടെന്നു ചിന്തിക്കുന്നവരും കുറവല്ല. അതെന്തായാലും ഈ വിഷയത്തിൽ ഒരു അന്വേഷണ കമ്മിഷനെ വയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നു. 1952ലെ അന്വേഷണ കമ്മിഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇതിനായി ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാനാണു മന്ത്രിസഭാ തീരുമാനം. ഹൈക്കോടതിയിൽനിന്നു വിരമിച്ച ന്യായാധിപനെ ഇതിനായി നിശ്ചയിക്കുകയും ചെയ്തു.  

സമീപകാലത്തായി രാജ്യത്തിന്റെ പലഭാഗത്തും കേന്ദ്ര ഏജൻസികൾ കേന്ദ്രസർക്കാരിന്റെ കയ്യിലെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഏറെയുണ്ട്. 2019നു ശേഷം ഈ പ്രവണത ഭീകരമായ വിധത്തിൽ വർധിച്ചിട്ടുണ്ടെന്നതും യാഥാർഥ്യമാണ്. സിബിഐ മുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരെ, ഡൽഹി പൊലീസ് മുതൽ ദേശീയ കുറ്റാന്വേഷണ ഏജൻസി വരെ പക്ഷപാതപരമായും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയും പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്. ആദായനികുതി വകുപ്പിനു നേരെയുമുണ്ട് സമാന വിമർശനങ്ങൾ.

raj
അഡ്വ.കാളീശ്വരം രാജ്

കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്ന് ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടായാൽ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കാനുള്ള അവകാശം ബന്ധപ്പെട്ട എല്ലാവർക്കുമുണ്ട്. എന്നാൽ, ഒരു അന്വേഷണ കമ്മിഷനെ നിയമിച്ചുകൊണ്ട് ഇക്കാര്യത്തിൽ വിചിത്രവും അസുഖകരവുമായ കീഴ്‌വഴക്കം സംസ്ഥാന സർക്കാർ സൃഷ്ടിച്ചിരിക്കുന്നു. അന്വേഷണ കമ്മിഷൻ നിയമത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങൾക്കും ഉദ്ദേശ്യലക്ഷ്യങ്ങൾക്കും നിരക്കാത്ത തീരുമാനമാണിത്. 

അന്വേഷണ കമ്മിഷൻ നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ച് ‘പൊതുപ്രാധാന്യ’മുള്ള നിയതമായ വിഷയം അന്വേഷിക്കാൻ കമ്മിഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ട്. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, അവ്യക്തമായ കാര്യങ്ങളിൽ പൊതുസമൂഹത്തിനു പ്രത്യേകിച്ചു ഗുണമൊന്നും ലഭിക്കാനിടയില്ലാത്ത വിധത്തിൽ അന്വേഷണ കമ്മിഷനുകളെ നിയമിക്കുന്നതു നിയമത്തിന് എതിരാണെന്നു മാത്രമല്ല, അതിന്റെ ദുരുപയോഗം കൂടിയാണ്. വിരമിച്ച ന്യായാധിപന്മാരെ നിക്ഷിപ്ത താൽപര്യങ്ങളുടെ പേരിൽ ‘പുനരധിവസിപ്പിക്കുന്ന’തിനെതിരെ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മുൻപ് ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.  

അമൂർത്തവും അവ്യക്തവുമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി പൊതുഖജനാവിൽ നിന്നു ലക്ഷക്കണക്കിനു തുക ദുർവ്യയം ചെയ്യുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. 1952ലെ നിയമത്തിൽ പറഞ്ഞ പൊതുതാൽപര്യം യഥാർഥത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ അന്വേഷണ കമ്മിഷൻ വെറും രാഷ്ട്രീയ കസർത്തായി ചുരുങ്ങും. സർക്കാർ തന്നെ നിയമത്തിന്റെ ദുരുപയോഗം നടത്തുന്നതിനെതിരെ ശക്തമായ നിലപാടാണു സുപ്രീംകോടതി രാംകൃഷ്ണ ഡാൽമിയ കേസിൽ (1958) സ്വീകരിച്ചത്.

കേന്ദ്ര സർക്കാരിനും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനുമെതിരെയുള്ള ചെറുത്തുനിൽപ് ഈ രീതിയിലാകരുത്. സർക്കാർ ഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ശക്തമായ ജനവികാരം കാണാതെ പോകരുത്. 

(സുപ്രീംകോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനാണ് ലേഖകൻ)

Content Highlights: Probe against central agencies in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com