ADVERTISEMENT

കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതു വഴി സിപിഎം ലക്ഷ്യമിടുന്നത് ബിജെപി സർക്കാരിനെതിരെ പോർമുഖം ശക്തമാക്കുന്നതിന്റെ തിരഞ്ഞെടുപ്പുകാല രാഷ്ട്രീയലാഭം. അണികളെ ആവേശം കൊള്ളിക്കാനുള്ള രാഷ്ട്രീയ മുദ്രാവാക്യമാണ് മന്ത്രിസഭാ തീരുമാനത്തിൽ അടങ്ങുന്നത്. അതിന്റെ നിയമപരമായ നിലനിൽപ് ഇപ്പോൾ സർക്കാരിനും പാർട്ടിക്കും മുന്നിൽ ഒരു വിഷയമല്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് കസ്റ്റംസിനു നൽകിയ മൊഴികൾ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ നിയമപരമായ പ്രതിരോധ മാർഗങ്ങൾ കൂടി സർക്കാരും പാർട്ടിയും ആരാഞ്ഞിരുന്നു. സ്പീക്കർക്കെതിരെ കൂടുതൽ മൊഴി വന്നതോടെ   കൂടിയാലോചനകൾ ശക്തമായി. മുഖ്യമന്ത്രിയെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ വരെ കേന്ദ്ര ഏജൻസികൾ നീക്കം നടത്താനിടയുണ്ടെന്ന വിവരമാണ് നേതൃത്വത്തിനു ലഭിച്ചത്. പ്രധാനമായും ഈ നിഗമനം ചർച്ച ചെയ്താണ് അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം എന്ന പ്രത്യാക്രമണ തീരുമാനം. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്നതിനു മുൻപു തന്നെ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു; സെക്രട്ടേറിയറ്റിൽ അതു റിപ്പോർട്ട് ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിരക്കിലായിരുന്ന നിയമ മന്ത്രി എ.കെ.ബാലൻ മന്ത്രിസഭാ യോഗത്തിന് ഉണ്ടായിരുന്നില്ല. നിയമവകുപ്പിനോടു ചർച്ച ചെയ്തതായ സൂചനകളുമില്ല. അതേസമയം, പാർട്ടി നേതൃത്വത്തെ മുഖ്യമന്ത്രി വിശ്വാസത്തിലെടുത്തു.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ പ്രചാരണത്തിനു വേണ്ട ഒത്താശയാണു ചെയ്യുന്നതെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നു വ്യക്തമാക്കാനാണു സർക്കാർ ശ്രമം. മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നൽകാൻ സ്വപ്ന സുരേഷിനെ നിർബന്ധിച്ചുവെന്ന പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുത്തത് ആദ്യ ഘട്ടമായിരുന്നു; ഇപ്പോൾ അവരുടെ ഗൂഢാലോചന അന്വേഷിക്കാൻ കമ്മിഷനെ വച്ചിരിക്കുന്നു. രാജ്യത്തെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചു പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസിയുടെ ചെയ്തികൾ കുറ്റകൃത്യമാണെന്ന നിഗമനത്തിൽ സംസ്ഥാന സർക്കാർ എത്തുകയും അതു മുൻ ഹൈക്കോടതി ജഡ്ജിയെ വച്ച് അന്വേഷിക്കുകയും ചെയ്യുന്നത് ഇന്ത്യൻ ഭരണചരിത്രത്തിൽത്തന്നെ വേറിട്ടതാകും. 

തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷണത്തിന് അനുമതി നിഷേധിച്ചേക്കാം എന്നതു പാർട്ടിയും സർക്കാരും കാണാതിരിക്കുന്നില്ല. അപ്പോൾ അതിലും കേന്ദ്രത്തിന്റെ കയ്യുണ്ടെന്നു ചൂണ്ടിക്കാട്ടാനാണു നീക്കം. വിജ്ഞാപന കാലയളവു കഴിഞ്ഞാൽ കമ്മിഷനു തടഞ്ഞു വയ്ക്കാനാവില്ലെന്നും കണക്കുകൂട്ടുന്നു. ചുരുക്കത്തിൽ വീണ്ടും സർക്കാർ വന്നാൽ, ആ ഘട്ടത്തിലേ കമ്മിഷൻ ആശയം പ്രയോഗത്തിൽ വന്നേക്കൂ എന്ന കണക്കുകൂട്ടലിൽ തന്നെയാണ് ഇപ്പോഴത്തെ നീക്കം.

ലൈഫ് മിഷൻ കേസ് സിബിഐ ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ആരംഭിച്ച പ്രതിരോധ മാർഗങ്ങളാണ് ഒടുവിൽ ജുഡീഷ്യൽ കമ്മിഷനിൽ എത്തിനിൽക്കുന്നത്. കസ്റ്റംസും ഇഡിയുമാണ് ഇപ്പോഴത്തെ പ്രധാന ഉന്നം. ഇരു ഏജൻസികളും പ്രഫഷനൽ ധർമം മറന്നു മാധ്യമങ്ങൾക്കു വാർത്തകൾ ചോർത്തിക്കൊടുത്ത് സർക്കാരിനെ താറടിക്കാൻ ശ്രമിക്കുകയാണ് എന്നാണു വിലയിരുത്തൽ. കിഫ്ബിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് കൂടി ആയതോടെ ഇനി അറച്ചുനിൽക്കേണ്ടെന്നു തീരുമാനിച്ചു. 

പ്രതിപക്ഷത്തിന്റെ അതിശക്തമായ സമ്മർദങ്ങളുടെ പേരിൽപോലും ജുഡീഷ്യൽ അന്വേഷണങ്ങളോടു മുഖംതിരിച്ച സർക്കാർ ആരോ നൽകിയ പരാതി മന്ത്രിസഭയിൽ വച്ച് കമ്മിഷനെ നിയോഗിച്ചിരിക്കുന്നു.   

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ മുഖ്യമന്ത്രിക്കോ സ്പീക്കർക്കോ എതിരെ കടുത്ത എന്തെങ്കിലും നീക്കത്തിന് ഏജൻസികൾ മുതിർന്നേക്കാമെന്ന പേടി കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്. കമ്മിഷനെ വച്ചതുകൊണ്ട് അതു തടയാൻ കഴിയില്ലെങ്കിലും  ഗൂഢാലോചനാ നീക്കം മുൻപേ അറിഞ്ഞ് അതിനെതിരെ കമ്മിഷനെ വരെ വച്ചതാണ് എന്നു പ്രചരിപ്പിക്കാൻ സാധിക്കും. അമിത് ഷായ്ക്കു  പിന്നാലെ നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ കേരളത്തിലേക്ക് എത്തുമ്പോൾ കേന്ദ്രത്തിനെതിരെയുള്ള പോർമുഖം ശക്തമാക്കിയ മുന്നണി എന്ന പ്രതീതി രൂപപ്പെടുത്താനും കഴിയും. ബിജെപി സർക്കാർ ഇതു മുഖവിലയ്ക്കെടുക്കില്ലെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രതികരണം സൂചിപ്പിക്കുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലെ അസംബന്ധ നാടകം എന്നതിനപ്പുറം ഗൗരവം കൊടുക്കേണ്ടെന്നാണു പ്രതിപക്ഷ തീരുമാനം. 

കേന്ദ്ര ഏജൻസികൾക്ക് എതിരെയുള്ള സംസ്ഥാന സർക്കാർ നീക്കങ്ങൾ 

∙ വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ് സിബിഐ ഏറ്റെടുത്തതിനെതിരെ ഹൈക്കോടതിയിൽ 

∙ ഏകപക്ഷീയമായി കേസുകൾ സിബിഐ ഏറ്റെടുക്കുന്നതു വിലക്കി സർക്കാർ തീരുമാനം 

∙ കിഫ്ബിക്കെതിരെയുള്ള സിഎജി റിപ്പോർട്ടിനെതിരെ നിയമസഭയിൽ പ്രമേയം 

∙ ഇഡിക്കെതിരെയുള്ള പരാതികൾ നിയമസഭാസമിതിക്ക് 

∙ മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നൽകാൻ സ്വപ്ന സുരേഷിനെ സമ്മർദത്തിലാക്കി എന്നു ചൂണ്ടിക്കാട്ടി ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് 

∙ സ്വപ്നയുടെ മൊഴി പുറത്തുവിട്ടു എന്നാരോപിച്ചു കസ്റ്റംസിനെതിരെ കോടതിയലക്ഷ്യ നീക്കം 

∙ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചന അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷൻ.

Content Highlights: CPM politics against central govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com