ADVERTISEMENT

വെടിക്കെട്ടും ആഘോഷവും കഴിഞ്ഞ് പൊട്ടിത്തീർന്ന ഗുണ്ടും കുഴിമിന്നലുമെല്ലാം വാരിക്കളയുമ്പോൾ ചിലപ്പോൾ ചില ചെറുപടക്കങ്ങൾ പൊട്ടാതെ കിടപ്പുണ്ടാകും.‌ അതിനെ കാര്യമായെടുക്കാറില്ല. ചൂടു കൂടുമ്പോൾ അതു പൊട്ടും. അതു വെടിക്കെട്ടുപോലെ തന്നെ കോലാഹലമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തൃശൂർ ജില്ലയിലെ 13ൽ 12 സീറ്റും തൂത്തുവാരിയപ്പോൾ ബാക്കിയായത് അനിൽ അക്കര എന്ന ചെറിയ പടക്കമായിരുന്നു. പക്ഷേ, ഭരണത്തിന്റെ അഞ്ചാം വർഷം ആ പടക്കം ഗുണ്ടായി പൊട്ടി. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിനു മരുന്നിട്ടതും പൊട്ടിച്ചതും അനിൽ അക്കരയാണ്. മറുപടി പറയാനാകാതെ സിപിഎം കുടുങ്ങിയ വിവാദങ്ങളിലൊന്നായിരുന്നു ഇത്. ജില്ലയിലെ തിരഞ്ഞെടുപ്പിന്റെ പ്രധാന ആണിക്കല്ലും ഇതുതന്നെ.

വടക്കാഞ്ചേരിയിൽ അനിൽ അക്കര വീണ്ടും മത്സരിക്കുമ്പോൾ സിപിഎം ഒരു പ്രായശ്ചിത്തത്തോടെയാണു സ്ഥാനാർഥിയെ നിർത്തിയത്. വിഭാഗീയതയുടെ പേരിൽ 4 വർഷം ക്ലാസിനു പുറത്തു നിർത്തിയ യുവനേതാവ് സേവ്യർ ചിറ്റിലപ്പിള്ളിയാണു സ്ഥാനാർഥി. ഏരിയ സെക്രട്ടറിയടക്കമുള്ളവരെ ശിക്ഷിച്ചു മാറ്റിനിർത്തി സേവ്യറിനെ ഏരിയ സെക്രട്ടറിയാക്കി ഇരുത്തിയ ശേഷമാണു സീറ്റു നൽകിയത്. പിടിച്ച വോട്ടുകൊണ്ട് കഴിഞ്ഞതവണ രണ്ടു മുന്നണികളുടെയും ഹൃദയമിടിപ്പു കൂട്ടിയ, ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ ഉല്ലാസ് ബാബു ഇവിടെ വീണ്ടും മത്സരിക്കുന്നു.

മുഖങ്ങൾ മാറുമ്പോൾ 

എൽഡിഎഫിലെ 2 മന്ത്രിമാർ ഇത്തവണ ജില്ലയിലെ മത്സരരംഗത്തുനിന്നു മാറി – സി.രവീന്ദ്രനാഥും വി.എസ്.സുനിൽകുമാറും. സുനിലിനെ മാറ്റിയതിനെതിരെ സിപിഐക്കുള്ളിൽ ചില്ലറ മുറുമുറുപ്പുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വന്നു കാര്യം പറഞ്ഞതോടെ അതു തീർന്നു. 

പക്ഷേ, അപ്രതീക്ഷിതമായി സിപിഐക്കൊരു തലവേദനയുണ്ടായി. നാട്ടികയിൽ രണ്ടുതവണ വിജയിച്ച ഗീത ഗോപി, പാർട്ടി മാർഗരേഖ പ്രകാരം മാറിക്കൊടുക്കേണ്ട ആളല്ല. എന്നാൽ, 3 വനിതാ നേതാക്കൾ ജില്ലാ കമ്മിറ്റിയിൽ കലാപക്കൊടി ഉയർത്തി. സംസ്ഥാന കമ്മിറ്റി ഇടപെട്ടിട്ടും അവർ വഴങ്ങിയില്ല. ഗീത ഗോപി പുറത്തായി. പകരമൊരു വനിതയുടെ പേര് ജില്ലയിൽനിന്നു നൽകിയിരുന്നെങ്കിലും   കർഷകനേതാവായ   സി.സി.മുകുന്ദനു സംസ്ഥാന നേതൃത്വം സീറ്റു നൽകി.

തൃശൂരിലെ വാശിയും ഗുരുവായൂരിലെ ഞെട്ടലും

മറ്റൊരു ശ്രദ്ധേയ മത്സരം തൃശൂർ മണ്ഡലത്തിലാണ്. പത്മജ വേണുഗോപാൽ കഴിഞ്ഞതവണ തോറ്റപ്പോൾ ആദ്യം ചെയ്തത് എറണാകുളത്തുനിന്നു തൃശൂർ ‘മുരളീമന്ദിര’ത്തിലേക്കു താമസം മാറ്റുകയാണ്. അച്ഛൻ കെ.കരുണാകരന്റെ കാലത്ത് ഒരുപാടു ചാണക്യതന്ത്രങ്ങളുടെ അണിയറ ഇവിടമായിരുന്നു.

ബിജെപിയുടെ താരസ്ഥാനാർഥിയായി സുരേഷ് ഗോപി എത്തിയതോടെ മത്സരം കൊഴുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയതോടെയാണ് ഒന്നു പിടിച്ചുനോക്കാമെന്നു ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചത്. പാർട്ടി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും എഴുത്തുകാരനുമായ പി.ബാലചന്ദ്രനാണു സുനിൽകുമാറിനു പകരം പോരിനിറങ്ങുന്ന സിപിഐ സ്ഥാനാർഥി.

ഗുരുവായൂരിൽ ബിജെപി വെട്ടിലായതു കണ്ട് സകലരും ഞെട്ടി. മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‍മണ്യന്റെ പത്രിക തള്ളി. ഡമ്മി സ്ഥാനാർഥി പത്രിക നൽകിയിരുന്നുമില്ല. അതോടെ ക്ഷേത്രനഗരിയിൽ ബിജെപിക്കു താമരയില്ലാതായി. ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്റ് നൽകിയ കത്തിലൊരിടത്ത് ഒപ്പില്ലാത്തതിനാലാണു പത്രിക തള്ളിയത്. ഇതു നേരത്തേ പരിശോധിക്കാതെ പത്രിക നൽകിയത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു വേണ്ടി ചെത്തിമിനുക്കിയ പാരയായിരുന്നുവെന്നു പാർട്ടിക്കുള്ളിൽ അടക്കംപറച്ചിലുണ്ട്.

ഗുരുവായൂരപ്പനു കാണിക്കയിട്ടാണു യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദർ പ്രചാരണം തുടങ്ങിയത്. ശബരിമല പ്രശ്നത്തിലും ക്ഷേത്രസംരക്ഷണ കാര്യത്തിലും വേദവും ഉപനിഷത്തുമെല്ലാം ഉദ്ധരിച്ചു ഖാദർ നടത്തിയ പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. ചാവക്കാട് മുൻ നഗരസഭാധ്യക്ഷനും സിപിഎം ഏരിയ സെക്രട്ടറിയും ജനകീയ നേതാവുമായ എൻ.കെ.അക്ബറാണു സിപിഎമ്മിനായി പോരിനിറങ്ങുന്നത്.

മന്ത്രി എ.സി.മൊയ്തീൻ കുന്നംകുളത്തു വീണ്ടും മത്സരിക്കുന്നു. കോൺഗ്രസിലെ ജനകീയനായ യുവ നേതാവും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എതിരാളികളെ ഞെട്ടിക്കുകയും ചെയ്ത കെ.ജയശങ്കറാണു യുഡിഎഫ് സ്ഥാനാർഥി. ഇവിടെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ തന്നെ എൻഡിഎക്കായി കളത്തിലിറങ്ങുന്നു. കോൺഗ്രസ് അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്; സിപിഎം തെല്ലും പേടിയില്ലെന്നു പറയുന്ന മണ്ഡലവും.

നാലു തവണ ചേലക്കരയിൽ വിജയിച്ച കെ.രാധാകൃഷ്ണൻ മന്ത്രിയും സ്പീക്കറുമായിരുന്നു. കഴിഞ്ഞതവണ ഇവിടെനിന്നു ജയിച്ച യു.ആർ.പ്രദീപ് കുമാറിനെ മാറ്റിയാണു രാധാകൃഷ്ണനെ സിപിഎം അപ്രതീക്ഷിതമായി തിരിച്ചു വിളിച്ചത്. അതിനു പാർട്ടിക്കു ലക്ഷ്യങ്ങൾ പലതാണ്. അധികാരത്തിലെത്തിയാൽ മിക്കവാറും കൊടിവച്ച കാറുകിട്ടും. കടുത്ത പാർട്ടിക്കാരനെങ്കിലും എല്ലാവർക്കുമായി വാതിൽ തുറന്നിടാറുള്ള രാധാകൃഷ്ണനെതിരെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി.ശ്രീകുമാറിനെയാണു കോൺഗ്രസ് മത്സരിപ്പിക്കുന്നത്. കൃഷിക്കാരൻ കൂടിയായ ശ്രീകുമാർ തൃശൂർ എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥിയാണ്. ചൂണ്ടൽ പഞ്ചായത്ത് അംഗവുമായിരുന്നു.പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടാണു ബിജെപി സ്ഥാനാർഥി.

ഒല്ലൂർ മണ്ഡലത്തിൽ ചീഫ് വിപ് കെ.രാജനെ സിപിഐ വീണ്ടും മത്സരിപ്പിക്കുന്നു. ഏതു വീട്ടിലും ഏതു സമയത്തും കയറാൻ സ്വാതന്ത്ര്യമുള്ള പുതുതലമുറ കമ്യൂണിസ്റ്റുകാരനാണു രാജൻ. വർഷങ്ങളായി എല്ലാ തിരഞ്ഞെടുപ്പിലും നേതാക്കൾക്കു മുൻപേ പോകുന്ന ഇടിവെട്ടു പ്രസംഗകനായ ഡിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂരാണു യുഡിഎഫ് സ്ഥാനാർഥി. ഇവിടെ ബിജെപിയും ഇടിച്ചു നിൽക്കുകയാണ്. സംസ്ഥാന വക്താവെന്ന നിലയിൽ ചാനലുകളിൽ പാർട്ടിയെ പ്രതിരോധിക്കുന്ന ബി.ഗോപാലകൃഷ്ണനെ അവസാനനിമിഷ അദ്ഭുതമായി കൊണ്ടുവരികയായിരുന്നു.

ചാലക്കുടിയിൽ സനീഷ്‌കുമാർ ജോസഫിനെയും പുതുക്കാട്ട് സുനിൽ അന്തിക്കാടിനെയും മണലൂരിൽ വിജയ് ഹരിയെയും കയ്പമംഗലത്തു ശോഭാ സുബിനെയും നാട്ടികയിൽ സുനിൽ ലാലൂരിനെയുമാണു കോൺഗ്രസ് കളത്തിലിറക്കിയത്. എല്ലാം യുവ പുതുമുഖങ്ങൾ. കൊടുങ്ങല്ലൂരിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.പി.ജാക്സനെ മത്സരിപ്പിക്കുന്നു.

ഇരിങ്ങാലക്കുടയിൽ യുഡിഎഫ് കേരള കോൺഗ്രസിനു നൽകിയ സീറ്റിൽ തോമസ് ഉണ്ണിയാടനാണു സ്ഥാനാർഥി. ആറാം തവണയാണ് ഉണ്ണിയാടൻ ഇവിടെ മത്സരിക്കുന്നത്. എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവന്റെ ഭാര്യ മുൻ മേയർ ആർ.ബിന്ദു എൽഡിഎഫിനായി കളത്തിലിറങ്ങുന്നു. കുടുംബവാഴ്ചയെക്കുറിച്ചു ചോദിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞത് ‘ബയോഡേറ്റ’ കൈവശമുണ്ടെന്നാണ്. കുടുംബബന്ധം മാത്രമല്ല യോഗ്യത എന്നർഥം. എസ്എഫ്ഐയുടെ കൊടിപിടിച്ചാണ് ബിന്ദു രാഷ്ട്രീയത്തിലെത്തിയത്. അച്ഛൻ ഇരിങ്ങാലക്കുട നഗരസഭയിലെ സിപിഎം അംഗമായിരുന്നു.

ചാലക്കുടി സീറ്റു കേരള കോൺഗ്രസിനാണ് (എം) എൽഡിഎഫ് കൊടുത്തത്. ഈയിടെ കോൺഗ്രസ് വിട്ട ഡെന്നീസ് കെ. ആന്റണിയാണ് സ്ഥാനാർഥി. കൊടുങ്ങല്ലൂരിൽ വി.ആർ.സുനിൽകുമാറും കയ്പമംഗലത്ത് ഇ.ടി.ടൈസണും (ഇരുവരും സിപിഐ) പുതുക്കാട് കെ.കെ.രാമചന്ദ്രനും മണലൂരിൽ മുരളി പെരുനെല്ലിയും (രണ്ടുപേരും സിപിഎം) മത്സരിക്കുന്നു.

ബിജെപിയുടെ പട്ടികയിൽ പ്രമുഖർ ഏറെയാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ മണലൂരിൽ 5 വർഷമായി താമസിച്ചു നാട്ടുകാരെ കാണുകയാണ്. പുതുക്കാട് സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ഇരിങ്ങാലക്കുടയിൽ മുൻ ഡിജിപി ജേക്കബ് തോമസ്, കൊടുങ്ങല്ലൂരിൽ സന്തോഷ് ചെറാക്കുളം, നാട്ടികയിൽ ലോചനൻ അമ്പാട്ട് എന്നിവരാണു ബിജെപി സ്ഥാനാർഥികൾ. ബിഡിജെഎസിൽനിന്ന് കെ.എ.ഉണ്ണിക്കൃഷ്ണൻ ചാലക്കുടിയിലും സി.ഡി.ശ്രീലാൽ കയ്പമംഗലത്തും മത്സരിക്കുന്നു.

പിടി തരാതെ

ഇത്തവണ ആർക്കും തൃശൂർ തൂത്തുവാരാനാകുമെന്നു മുന്നണികൾ കരുതുന്നില്ല. തൃശൂരിന്റെ രാഷ്ട്രീയം കുടമാറ്റം പോലെയാണ്. ഒരുതവണ നീല പൊക്കിയാൽ അടുത്ത തവണ ചുവപ്പുയർത്തും. 13ൽ 12 സീറ്റും ഇടത്തേക്കു നീക്കിയിട്ട കാലമുണ്ട്. പത്തു കസേരകളും വലത്തോട്ടു നീക്കിയിട്ട കാലവുമുണ്ട്. അതിനാൽ കൃത്യമായ കണക്കുകൂട്ടൽ പ്രയാസം. സുരേഷ് ഗോപി പറഞ്ഞ് തൃശൂർ ഇത്തവണ ‘അതുക്കും മേലെയാണ്’ എന്നാണ്. എതുക്കും മേലെ എന്നു കണ്ടറിയാം.

Content Highlights: Thrissur assembly election 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com