വേഷവും കർമവും

subhadhinam
SHARE

സബർമതി ആശ്രമത്തിലെത്തിയ സന്യാസിക്ക് അവിടത്തെ അന്തരീക്ഷം ഇഷ്ടപ്പെട്ടു. ശിഷ്ടകാലം അവിടെ ചെലവഴിക്കാനുള്ള അനുവാദം തേടി അദ്ദേഹം ഗാന്ധിജിയെ സമീപിച്ചു. ഗാന്ധിജി പറഞ്ഞു: അങ്ങ് ഇവിടെ താമസിക്കുന്നതു ഞങ്ങളുടെ ഭാഗ്യം. പക്ഷേ, ഈ വേഷം ഉപേക്ഷിക്കണം. 

സന്യാസി ചോദിച്ചു: ഞാനൊരു താപസനല്ലേ, പിന്നെന്തിന് വേഷം ഉപേക്ഷിക്കണം? ഗാന്ധിജി പറഞ്ഞു: ഞാൻ അങ്ങയോട് ഉപേക്ഷിക്കാൻ പറഞ്ഞത് സന്യാസമല്ലല്ലോ, വേഷം മാത്രമല്ലേ? അങ്ങ് ഈ വേഷത്തിൽ നടന്നാൽ ഇവിടെയുള്ള ഒരു ജോലിയും ചെയ്യാൻ ആശ്രമവാസികൾ അങ്ങയെ അനുവദിക്കില്ല. മാത്രമല്ല, അങ്ങയോടുള്ള ബഹുമാനം മൂലം അങ്ങയെ ശുശ്രൂഷിക്കാൻ അവർ തിരക്കുകൂട്ടും. ഞങ്ങളെല്ലാം പരസ്പരം ശുശ്രൂഷിച്ചു കഴിയുന്നവരാണ്. 

വേഷം പറയും, മനോഭാവത്തിന്റെയും കർമങ്ങളുടെയും വിശേഷങ്ങൾ. ഒരാളുടെ ഉടയാടകൾ അയാളുടെ അവസ്ഥയുടെയും പ്രവർത്തനരീതികളുടെയും പ്രത്യക്ഷ ഉദാഹരണമാണ്. രാജാവിന്റെ വേഷമല്ല സേവകന്റേത്. നേതാവിന്റെ ബാഹ്യരൂപമല്ല അനുയായിയുടേത്. വേഷത്തിനു യോജ്യമായ പ്രവൃത്തികളല്ല, പ്രവൃത്തികൾക്കു യോജ്യമായ വേഷമാണ് ആളുകളെ സ്വീകാര്യരാക്കുന്നത്. 

അധികാരപദവിയിലുള്ളവരെല്ലാം കിരീടവും ചെങ്കോലും അണിഞ്ഞ് ഞങ്ങൾ ദാസരാണെന്നു വിളിച്ചുപറയുന്നതിൽ അവിശ്വസനീയതയുണ്ട്. സാധാരണക്കാർക്കു ശുശ്രൂഷ ചെയ്യാൻ സാധാരണവസ്ത്രവും സൗകര്യങ്ങളും പോരേ?  താദാത്മ്യപ്പെടാനും തന്മയീഭവിക്കാനും കഴിയുന്നില്ലെങ്കിൽ പിന്നെ സേവനമാണു ദൗത്യമെന്ന് വിളിച്ചു പറയാതിരിക്കുക. 

അധികാരത്തിലുള്ളവരെ ആദരിച്ചാൽ മതി, അലങ്കരിക്കേണ്ട ആവശ്യമില്ല. പരസ്പരം സ്നേഹിക്കുക, സഹായിക്കുക എന്നതിനെക്കാൾ വലിയ കടപ്പാട് ആർക്കും ആരോടുമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA